അക്ഷരമധുരം വിളമ്പാൻ നാരായണി ടീച്ചർ നടത്തം തുടങ്ങിയിട്ട് അമ്പത് വർഷമായി. നഗ്നപാദയായി നടന്ന് നാട്ടിലെ കുരുന്നുകൾക്ക് അറിവനുഭവങ്ങൾ പകരുന്ന ഈ മുത്തശ്ശി ടീച്ചറെ കുട്ടികൾക്കും ഏറെ ഇഷ്ടമാണ്. കാസർകോട് ജില്ലയിലെ ചെറുവത്തൂരിനടുത്ത് കണ്ണാടിപ്പാറയിൽ താമസിക്കുന്ന നാരായണി ടീച്ചർ ദിവസവും 25 കി.മീ. ദൂരമെങ്കിലും നടക്കും. വീടുകളിൽനിന്ന് വീടുകളിലേക്ക് കുട്ടികൾക്ക് അക്ഷരമധുരം പകരാനാണീ യാത്ര.
അതിരാവിലെ വീട്ടിൽനിന്ന് പുറപ്പെട്ട് ദേശീയപാത വഴി മാണിയാട്ട് എത്തുന്ന നാരായണി ടീച്ചർ അവിടെയുള്ള മൂന്നു വീടുകളിലെ കുട്ടികൾക്ക് ട്യൂഷനെടുക്കും. എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുമെങ്കിലും ഇംഗ്ലീഷിനും ഹിന്ദിക്കുമാണ് കുട്ടികൾ കൂടുതൽ. മടങ്ങിവരുമ്പോൾ വഴിയിലെ ഹോട്ടലിൽനിന്ന് തനിക്കും രോഗിയായ ഭർത്താവിനുംകൂടി ഭക്ഷണം പാഴ്സൽ വാങ്ങി ഉച്ചയോടെ വീട്ടിലെത്തും. പിന്നീട് വൈകീട്ട് മൂന്നിന് വീട്ടിൽനിന്ന് ചെറുവത്തൂർ കൊവ്വൽ ഭാഗത്തേക്ക് പുറപ്പെടും. അവിടെ സന്ധ്യമയങ്ങും വരെ കുട്ടികളെ പഠിപ്പിക്കും. പതിനഞ്ചാം വയസ്സിൽ ആരംഭിച്ച ട്യൂഷൻ ക്ലാസ് പഴയ ആവേശത്തോടെ അറുപത്തഞ്ചിലും കൊണ്ടുനടക്കാൻ കഴിയുന്നുവെന്നതാണ് ടീച്ചറുടെ പ്രത്യേകത.
നൂറുകണക്കിന് ശിഷ്യസമ്പത്തിന് ഉടമയാണ് നാരായണി ടീച്ചർ. ചലച്ചിത്ര താരം കാവ്യ മാധവൻ ഉൾപ്പെടെ നീലേശ്വരത്തിനും തൃക്കരിപ്പൂരിനും ഇടയിൽ വലിയൊരു ശിഷ്യഗണമുണ്ടിവർക്ക്.നീലേശ്വരമാണ് സ്വന്തം നാട്. നീലേശ്വരം രാജാസ് ഹൈസ്കൂളിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷ നല്ല മാർക്കിൽ പാസായിട്ടും കഷ്ടപ്പാടും രോഗവും മൂലം പഠനം തുടരാൻ സാധിച്ചില്ല. വീട്ടിലെ പട്ടിണിമൂലം പരിസരത്തെ കുട്ടികൾക്കാണ് ആദ്യം അക്ഷരങ്ങൾ പകർന്നുനൽകാൻ തുടങ്ങിയത്. മനോഹരമായി പാഠഭാഗങ്ങൾ പഠിപ്പിക്കുന്ന ടീച്ചർക്കുവേണ്ടി പല ഭാഗങ്ങളിൽനിന്നും ആവശ്യക്കാർ എത്തിത്തുടങ്ങി. നാലു വിഷയങ്ങളിൽ പ്രാവീണ്യമുള്ള നാരായണി ടീച്ചർക്ക് പിന്നീട് നിന്നുതിരിയാൻ സമയമില്ലാത്തവിധം തിരക്കായി.
കുഞ്ഞുങ്ങൾ വിദ്യാലയത്തിലെത്തുന്നതിന് മുമ്പും വിദ്യാലയത്തിൽനിന്ന് തിരിച്ചുവന്നതിനു ശേഷവുമാണ് നാരായണി ടീച്ചർ ട്യൂഷനെടുക്കുക. അതിനാൽ നേരം വെളുക്കുന്നതിന് മുമ്പും ഇരുട്ടിയതിന് ശേഷവും ടീച്ചർക്ക് യാത്ര ചെയ്യേണ്ടത് അത്യാവശ്യമാണ്. നാലുമാസം മുമ്പ് ഇങ്ങനെയുള്ള യാത്രക്കിടെ ക്രൂരമായ ആക്രമണത്തിനും ടീച്ചർ ഇരയായി. ചെറുവത്തൂരിനടുത്ത് ഞാണംകൈവളവിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ മറഞ്ഞുനിന്നൊരാൾ ടീച്ചറെ പിടിച്ചുവലിച്ചു. ഇതോടെ കൈയിൽ കരുതിയ ടോർച്ചും കണ്ണടയും കുടയും പുസ്തകങ്ങളും തെറിച്ചുപോയി. ബാഗിലുണ്ടായിരുന്ന പണവും കാതിലണിഞ്ഞ വെള്ളിയാഭരണവും ഇവർ തട്ടിയെടുത്തു. മറ്റു വാഹനങ്ങൾ നിർത്തുന്നത് കണ്ടപ്പോൾ ലോറിയിൽ കയറി ആക്രമികൾ സ്ഥലം വിടുകയായിരുന്നു. ട്യൂഷൻ എടുക്കുന്ന വീട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടും ആക്രമികളെ കണ്ടെത്താൻ സാധിച്ചില്ല. ആക്രമണം നേരിട്ട ദിവസവും നാരായണി ടീച്ചർ ട്യൂഷൻ മുടക്കിയില്ല. പരാതിയും പരിഭവങ്ങളുമില്ലാത്ത ഈ അക്ഷരയാത്രയാണ് അഞ്ച് പതിറ്റാണ്ട് തികഞ്ഞത്.
അന്നന്നത്തെ അന്നത്തിനായുള്ള ജീവിതയാത്രയാണ് നാരായണി ടീച്ചർക്ക് തന്റെ നടത്തമെന്നത്. സ്വന്തമായി ഭൂമിയോ വീടോ ഇല്ല. കണ്ണാടിപ്പാറയിലെ വാടക വീട്ടിലാണ് ഇപ്പോൾ താമസം. വാടക ഒരു നല്ല മനുഷ്യൻ കൊടുക്കും. രണ്ടുപേർക്കുള്ള ഭക്ഷണച്ചെലവും ചികിത്സ ചെലവും കണ്ടെത്താനാണ് ഈ യാത്ര. പക്ഷേ, ടീച്ചർക്ക് ഒരിക്കൽപോലും നടത്തം മടുപ്പുളവാക്കിയിട്ടില്ല. കാരണം, അക്ഷരങ്ങളുമായി കുഞ്ഞുമനസ്സുകളോട് ചങ്ങാത്തം കൂടാലോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.