‘നിനക്കൊന്ന് അഡ്ജസ്റ്റ് ചെയ്യാമായിരുന്നില്ലേ?’ എന്ന ചോദ്യത്തിൽ എല്ലാ പഴിയും സ്ത്രീക്കുമേൽ വെച്ചുകെട്ടുന്ന മനോഹരമായ ആചാരമാണ് നമ്മുടെ നാട്ടിൽ ഡിവോർസ്. വിവാഹശേഷം ഭർത്താവിനോടൊപ്പം എത്രതന്നെ നരകതുല്ല്യമായ ജീവിതമാണുള്ളതെങ്കിലും, വിവാഹമോചനം ഒരു കുറ്റകൃത്യമായി കാണുന്ന ഒരു സമൂഹമാണ് നമ്മുടേത്. ആ പദം ഉച്ചരിക്കാൻ വരെ പാടില്ലത്രെ..! എന്തിന് എപ്പോഴും കൂടെ നിന്നിരുന്ന കൂടപ്പിറപ്പുകളും മാതാപിതാക്കളും അപ്പൊ അതേ മെൻറാലിറ്റിയിലായിലായിരിക്കും ചിന്തിക്കുക. മോശം ബന്ധങ്ങളിൽ നിന്നുള്ള വിവാഹമോചനമൊരിക്കലും ജീവിതത്തിലെ പരാജയമല്ലെന്നും മറിച്ച് ജീവിതത്തെ പൊരുതി തോൽപ്പിക്കാനുള്ള വിജയത്തിന്റെ ആദ്യ പടിയായിരിക്കാം ചില വിവാഹമോചനങ്ങളെന്നും സമൂഹത്തിന് മുന്നിൽ വിളിച്ച് പറയുകയാണ് നിഷ രത്നമ്മ.
ഡിവോർസായവർ ചിരിക്കാൻ പാടില്ലത്രെ..! എന്തിന് തന്റെ ഇഷ്ടത്തിനൊത്ത് ജീവിച്ചാൽ പിന്നെ പല പേരുകളും ചാർത്തിത്തരും നമ്മുടെ സമൂഹം. ഫെമിനിസ്റ്റെന്നും, വഴക്കാളിയെന്നുമൊക്കെ പറഞ്ഞ് പരിഹസിക്കുന്നവർ വേറെയും. വിവാഹമോചിതരായി സന്തോഷത്തോടെ ജീവിക്കുന്ന മൂന്ന് സ്ത്രീകളുടെ കഥപറയുകയാണ് നിഷ ഹാപ്പിലി ഡിവോർസ്ഡിലൂടെ. ഒരർത്ഥത്തിൽ പറഞ്ഞാൽ തന്റെ തന്നെ കഥ! തന്നെ പോലെ മാനസ്സികസമ്മർദ്ദമനുഭവിച്ച കേരളം, യു.എ.ഇ, ന്യൂസിലാന്‍ഡ് എന്നീ മൂന്നിടങ്ങളിൽ ജീവിക്കുന്ന മൂന്ന് മലയാളി സ്ത്രീകളുടെ വിവാഹമോചനത്തിന് ശേഷമുള്ള കഥയാണ് ഹാപ്പിലി ഡിവോർസ്ഡ് എന്ന നിഷ സംവിധാനം ചെയ്ത ഡോക്യുമെൻററി.
ചിനാർ എന്നൊരു സ്പോക്കൺ ഇംഗ്ലിഷ് അക്കാദമിയുടെ സ്ഥാപക കൂടിയാണ് നിഷ. ഫിനാൻഷ്യലി ഇൻഡിപെൻഡൻഡ് ആവാൻ സാധിക്കാറില്ല പല സ്ത്രീകൾക്കും. പലപ്പോഴും ചെറിയ ചെറിയ ആവശ്യങ്ങൾക്ക് പോലും ഭർത്താവിനെ ആശ്രയിക്കേണ്ടി വരും. വീടും കുട്ടികളും പ്രാരാബ്ദവും ഒക്കെ ആയി പോകുന്നതിനിടയിൽ അവരുടെ കരിയർ പലപ്പോഴും ഒരു ചോദ്യചിഹ്നമായി നിൽക്കാറുണ്ട്. ഇങ്ങനെ കരിയറിൽ വലിയ ഒരു ഗ്യാപ്പ് വന്നിട്ടുള്ള സ്ത്രീകളെ മാത്രം തിരഞ്ഞു പിടിച്ചാണ് ചിനാറിൽ നിഷ ഒരു ടീമുണ്ടാക്കിയെടുത്തത്.
ജനിച്ചതും വളര്‍ന്നതുമെല്ലാം വയനാടാണ്. ഡിഗ്രിയും പിജിയും കോഴിക്കോട് ഗുരുവായൂരപ്പന് കോളജിലായിരുന്നു. ശേഷം കോയമ്പത്തൂരില്‍ നിന്ന് എം.ഫില്ലും പൂർത്തിയാക്കി. ജേർണലിസം പഠിക്കാൻ താത്പര്യമുണ്ടായിരുന്നെങ്കിലും അന്ന് അച്ഛൻ സമ്മതിച്ചില്ല. പക്ഷെ ജേർണലിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. അതും ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസത്തിൽ പേരുക്കേട്ട തെഹൽക്കയിലും ഡെക്കാന്‍ ക്രോണിക്കലിലും. അതിനുശേഷമാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവായ ഡിവോഴ്സ് നിഷ നേടിയെടുക്കുന്നത്. അന്ന് സമൂഹവും, വീട്ടുകാരുമൊക്കെ തനിക്ക് വിവാഹമോചനം വേണമെന്ന് പറഞ്ഞപ്പോൾ ഒരുപാടെതിർത്തിരുന്നു. ഈ കുറ്റപ്പെടുത്തലുകളെ പേടിച്ച് താൻ അന്നങ്ങനെയൊരു തീരുമാനമെടുത്തില്ല എങ്കിൽ ഇന്നിത്ര സന്തുഷ്ടയായിരിക്കില്ലായിരുന്നു എന്ന് നിഷ പറയുന്നു.
2018 ലാണ് ഡിവോഴ്സ് ആകുന്നത്. ആരും അന്ന് തന്റെ കൂടെ നിന്നിരുന്നില്ല. എല്ലാം താൻ അഡ്ജസ്റ്റ് ചെയ്യാത്തതുകൊണ്ടാണത്രെ. അങ്ങനെയാണ് യു.എ.ഇയിലേക്ക് കയറുന്നത്. ഒരർത്ഥത്തിൽ പറഞ്ഞാൽ ഒരു ഒളിച്ചോട്ടം. എന്നോ നാടുവിടൽ എന്നൊക്കെ വിളിക്കാം. യു.എ.ഇയിൽ എത്തിയ നിഷയെ ഇരുകയ്യും നീട്ടിയാണ് ഈ നാട് സ്വീകരിച്ചത്. ഇവിടെയെത്തി അടുത്ത ദിവസം തന്നെ നാല് ഇൻറർവ്യൂവും അറ്റൻഡ് ചെയ്തു. അതിൽ നാലിലും സെലക്ട് ആവുകയും ചെയ്തു. അധ്യാപികയായാണ് യു.എ.ഇയിൽ ജോലിയിൽ പ്രവേശിച്ചത്. ശരിക്കുമൊരു മിറക്കിൾ പോലെയാണ് അന്ന് നിഷക്കനുഭവപ്പെട്ടത്. താൻ വിവാഹത്തിനെതിരാണോ എന്ന് പലരും തന്നോട് ചോദിക്കാറുണ്ട്.
ശരിക്കും താൻ വിവാഹത്തിനെതിരല്ല പക്ഷേ മോശം വിവാഹബന്ധങ്ങൾക്കെതിരാണ്. ടോക്സിക് റിലേഷനുകളിൽ സമൂഹത്തിന് വേണ്ടി ജീവിതം മാറ്റി വെക്കരുതെന്നും നിഷ പറയുന്നു. ആദ്യം ജോലി പിന്നെ കല്യാണം.. ഇനി കല്യാണം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല.. നമ്മൾ സ്വയം സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണം. കല്യാണം എന്നത് നിർബന്ധമായ ഒരു കാര്യമേ അല്ല എന്നതാണ് നിഷക്ക് പറയാനുള്ളത്. താനിപ്പോൾ റിലേഷനിലാണ്, എന്നാൽ സന്തുഷ്ടയുമാണ്. ഷാർജയിലാണ് താമസം. വെൻ സൈലൻസ് സ്പീക്ക് എന്ന ഒരു ഡോക്യുമെന്ററി കൂടി നിഷ സംവിധാനം ചെയ്തിട്ടുണ്ട്.
2015ൽ ജനശ്രദ്ധ നേടിയിരുന്ന നിർഭയ കേസിനെ ആസ്പദമാക്കിയാണ് ഈ ഡോക്യുമെന്ററി നിർമിച്ചിട്ടുള്ളത്. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളും അനീതിയും ഒക്കെയാണ് വെൻ സൈലൻസ് സ്പീക്ക് എന്ന ഡോക്യുമെൻററിയിലൂടെ പറയുന്നത്. യുഎഇയിൽ പലയിടത്തും നിഷയുടെ ഡോക്യുമെൻററികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. പല ഫെസ്റ്റിവലിലേക്കും സിനിമ നോമിനേറ്റ് ചെയ്തിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.