ജീവിത വഴിയിലെ പ്രതിസന്ധികൾക്ക് മുന്നിൽ തളരാതെ അതിജീവനത്തിന്റെ വിജയഗാഥ രചിച്ച് 'പഞ്ചമി ഇച്ചായി'. ചൂനാട് തെക്കേജങ്ഷനിലെ ഇടുങ്ങിയ കടമുറിയിൽ അരനൂറ്റാണ്ടായി ചായക്കച്ചവടം നടത്തുന്ന ഇലിപ്പക്കുളം ചൂനാട് കണ്ടത്തിൽ പുത്തൻവീട്ടിൽ പരേതനായ ജനാർദനന്റെ ഭാര്യ പഞ്ചമിയുടെ (75) ജീവിതം സമൂഹത്തിന് മാതൃകയാണ്.
തണലാകേണ്ട ഭർത്താവും മകനും നഷ്ടമായപ്പോഴും നിരാശയാകാതെ ജീവിതത്തോട് പടവെട്ടിയ കരുത്താണ് ഇവരുടെ മികവ്. പൊലീസുകാർ കൊല്ലപ്പെട്ട ശൂരനാട് സംഭവത്തിൽ തലക്ക് വിലയിട്ട ഭർത്താവ് സി.കെ. കുഞ്ഞുരാമനൊപ്പം ആറ് കുഞ്ഞുങ്ങളുമായി ഒളിവിൽ പോയ നാട്ടുകാരിയായ കുഞ്ഞിപ്പെണ്ണ് സഖാവിനെ കണ്ടും കേട്ടും വളർന്ന പഞ്ചമിക്ക് പ്രതിസന്ധികൾക്ക് മുന്നിൽ തളരാനാകുമായിരുന്നില്ല.
വാർധക്യത്തിൽ തണലാകേണ്ടിയിരുന്ന മകന്റെ വിയോഗമാണ് ഇവർ നേരിട്ട ആദ്യ പ്രതിസന്ധി. 15 വർഷം മുമ്പ് 37ാമത്തെ വയസ്സിലാണ് മകൻ ഉണ്ണി മരിക്കുന്നത്. ഇതിന് പിന്നാലെ തളർന്നുവീണ ഭർത്താവ് ജനാർദനൻ 15 വർഷത്തോളം കിടക്കയിൽ തന്നെയായിരുന്നു. ഒന്നര വർഷം മുമ്പ് അദ്ദേഹവും വിട്ടുപോയി. കുടുംബത്തിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്ത പഞ്ചമിക്ക് ചെറിയ വരുമാനത്തിലൂടെ കുടുംബത്തെ കരകയറ്റിയ അനുഭവങ്ങളാണ് പങ്കുവെക്കാനുള്ളത്.
പുള്ളിക്കണക്ക് സ്വദേശി ജനാർദനന്റെ ജീവിതസഖിയായതോടെയാണ് ചൂനാട് തെക്കേ ജങ്ഷനിൽ ഇവർ കച്ചവടം തുടങ്ങുന്നത്. ആദ്യം സ്റ്റേഷനറിയായിരുന്നു. 30 വർഷം മുമ്പാണ് ചായക്കച്ചവടത്തിലേക്ക് തിരിയുന്നത്. തുടക്കത്തിൽ ചൂനാട് ഇത്രയും വികസിച്ചിട്ടുണ്ടായിരുന്നില്ല.
ചായക്കടകളും ഇല്ലായിരുന്നു. അതിനാൽ നല്ല കച്ചവടവുമുണ്ടായിരുന്നു. പതിവുകാരുടെ ശീലത്തിനനുസരിച്ച ചായയായിരുന്നു ഇവിടത്തെ പ്രത്യേകത. സൗമ്യമായ പെരുമാറ്റത്തിലൂടെ നാട്ടുകാരുടെ ഇച്ചായിയായും മാറി. ഇതിനിടയിൽ പെൺമക്കളായ സാവിത്രിയെയും ശാന്തമ്മയെയും വിവാഹം കഴിച്ചയച്ചു. അമ്മക്ക് സഹായിയായി എപ്പോഴും ഒപ്പമുണ്ടായിരുന്ന മകൻ ഉണ്ണിയും വിവാഹിതനായി.
സന്തോഷകരമായി കാര്യങ്ങൾ പോകുന്നതിനിടെയാണ് ഒരുദിവസം കടയിൽനിന്ന് വീട്ടിലേക്ക് പോയ ഉണ്ണി കുഴഞ്ഞുവീണതായി ആരോ വന്നറിയിക്കുന്നത്. ഓടി വീട്ടിലെത്തിയപ്പോൾ നിശ്ചലനായി കിടക്കുന്ന മകനെയാണ് കണ്ടത്. ഇതിന്റെ ദുഃഖം പേറിക്കഴിഞ്ഞ ഭർത്താവും പിന്നീട് തളർന്നുവീണു.
ജീവിതത്തിൽ നിരാശ ബാധിച്ച ദിനങ്ങളായിരുന്നു അത്. കച്ചവടം നിർത്തിയാലോയെന്ന് വരെ ചിന്തിച്ചു. മകന്റെ ഭാര്യയും കുഞ്ഞും അടക്കമുള്ളവരുടെ കാര്യം ഓർത്തപ്പോഴാണ് കച്ചവടം തുടരാൻ തീരുമാനിച്ചത്. നാട് വികസിച്ചതോടെ കച്ചവട സ്ഥാപനങ്ങളും വർധിച്ചു.
ഹോട്ടലുകളും ചായക്കടകളും പെരുകി. കച്ചവടം കുറഞ്ഞെങ്കിലും മരിക്കുവോളം ഇതുമായി തുടരാനാണ് താൽപര്യം. ഇന്നും പതിവുകാരായ 15 ഓളം പേർക്ക് പ്രഭാത ഭക്ഷണവും ഒരുക്കുന്നുണ്ട്. ദോശയും പപ്പടവും ചമ്മന്തിയുമാണ് വിഭവം. കൊച്ചുമകന് സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിച്ചതോടെ വീട് സുരക്ഷിതമായെന്ന സംതൃപ്തിയാണ് ആകെയുള്ള ജീവിത സമ്പാദ്യമായി ഇവർ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.