നൃത്ത ചുവടിന്റെ കാൽപെരുമാറ്റത്തെ സാക്ഷി നിർത്തി വെല്ലുവിളികളെ അതിജീവിച്ചു വാശിയോടെ പ്രയത്നിച്ച് മുന്നേറുകയാണ് എറണാകുളം വരാപ്പുഴ സ്വദേശി കവിത സുരേഷ്. അൽഐൻ ഇന്ത്യൻ സ്കൂളിലെ ഹിന്ദി അധ്യാപികയാണെങ്കിലും പേരിനെ അർഥവത്താക്കി കവിത എഴുത്തിലും കവിതലാപനത്തിലും ഗാനാലാപനത്തിലും നൃത്തത്തിലുമെല്ലാം നിറഞ്ഞു നിൽക്കുകയാണ് കവിത ടീച്ചർ. കലാ കുടുംബത്തിൽ ജനിച്ച കവിത വളരെ ചെറുപ്പം മുതലേ കലാകായികരംഗത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്. സ്കൂൾ, കോളജ് പഠന കാലത്ത് നൃത്ത രംഗത്ത് സജീവമായിരുന്നു. മാർഗംകളി, പരിചമുട്ട് കളി, നാടോടി നൃത്തം, തിരുവാതിര, കഥകളി, സംഗ ഗാനം, പ്രസംഗം, കവിത ചൊല്ലൽ എന്നീ മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ബി.എഡിന് പഠിക്കുമ്പോൾ കലാതിലകമായിരുന്നു. മലയാളം, ഹിന്ദി ഭാഷകളിൽ പ്രസംഗിക്കാനും കവിതകൾ ചൊല്ലാനും നന്നായി അഭിനയിക്കുകയും ഗസലുകൾ പാടാനും കഴിവുണ്ട്.
നാട്ടിൽ ഉപജില്ല, ജില്ലാ തലത്തിലുള്ള പരിപാടികളുടെ വിധികർത്താവായും കോഡിനേറ്ററായും പ്രവർത്തിച്ചിരുന്നു. എൻ.സി.സി കേഡറ്റ് ആയിരിക്കെ ശില്ലോങ്ങിൽ നടന്ന ഷൂട്ടിങ്ങിൽ പങ്കെടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. നാട്ടിലായിരിക്കുമ്പോൾ കുടുംബ ശ്രീയിൽ അംഗമായിരുന്നു. കുടുബശ്രീ അംഗങ്ങൾക്ക് തീരുവാതിരയും മാർഗം കളിയും പഠിപ്പിക്കുന്നതിൽ നേതൃതവം നൽകി. 2016ൽ ആണ് അൽഐൻ ഇന്ത്യൻ സ്കൂളിൽ ജോലിക്കെത്തുന്നത്. കലാരംഗത്തെ താല്പര്യമുള്ള കുട്ടികളെ വിവിധ പരിപാടികൾക്കായി പരിശീലനം നൽകുകയും കുവൈതാത്ത് ലുലു ഹൈപ്പർ മാർക്കറ്റ്, അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ, ഇൻകാസ് എന്നിവരുടെ സ്റ്റേജ് പരിപാടികളിൽ വിദ്യാർഥികൾക്ക് അവസരം സമ്മാനിക്കാനും സാധിച്ചു. ലുലു സെന്ററിൽ നടക്കുന്ന പല പരിപാടികളും ഏകോപിപ്പിക്കുന്നത് ഇവരാണ്.
ഒഴിവ് ദിവസങ്ങളിൽ പോലും വിദ്യാർഥികളെ സൗജന്യമായി പരിശീലിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയാണ് കവിത. വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവുമാണ് ഈ രംഗത്ത് സജീവമായി തുടരാൻ കവിതക്ക് പ്രചോദനം. സ്വന്തമായി വാഹനമില്ലാത്ത ഇവർ ഈ രക്ഷിതാക്കളുടെ സഹായത്തോടെയാണ് അൽഐന്റെ വിവിധ ഭാഗങ്ങളിലെത്തി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നത്.
ഫുട്ബാൾ ടീം അംഗവും വിവിധ ഫുട്ബാൾ മത്സരങ്ങളിൽ റഫറിയായും പ്രവർത്തിക്കുന്നു. കഴിഞ്ഞ എട്ടുവർഷമായി ബ്ലു സ്റ്റാർ അൽഐന്റെ അംഗവും വിവിധ കായിക മത്സരങ്ങളുടെ വിധികർത്താവുമാണ്. കായിക മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുമുണ്ട്. വടം വലി ടീമിൽ അംഗമായ ഇവർ ദുബൈയിലും അൽഐനിലും നടന്ന മത്സരങ്ങളിൽ പങ്കെടുത്ത് വിജയ കിരീടം ചൂടിയിരുന്നു. സേവന പ്രവർത്തനങ്ങളിൽ തല്പരരായ കവിത ഇന്ത്യൻ സോഷ്യൽ സെന്ററിലെ അംഗമാണ്. കലാകാരമാരുടെ കൂട്ടായ്മയായ ദുബൈയിലെ എൻ.ടി.ടി.ഡിയുടെ വനിതാ വിഭാഗം കോർഡിനേറ്റർ ആണ്.
മലയാളം മിഷൻ ഇന്ത്യൻ സോഷ്യൽ സെൻറിൽ നടത്തുന്ന മലയാളം ക്ലാസിൽ അദ്ധ്യാപികമാരിൽ ഒരാളാണ് ഇവർ. വിവിധയിനം ഡാൻസ് കൊറിയോഗ്രഫി ചെയ്യുന്നതിന് പുറമേ സ്വന്തമായി നൃത്ത ചുവടുകൾ ചെയ്യുന്നതും ഡാൻസ് മേക്കപ്പുമെല്ലാം ചെയ്യുന്നത് ഇവരുടെ താല്പര്യമുള്ള മേഖലകളാണ്. നല്ല ഒരു ഡബ്ബിങ് ആർട്ടിസ്റ്റ്കൂടിയായ ഇവർ സിനിമയിലും സീരിയലിലും ശബ്ദം നൽകിയിട്ടുണ്ട്. കലാരംഗത്ത് നിറഞ്ഞു നിൽക്കുന്ന മകൾ കൃഷ്ണപ്രിയ അൽഐൻ ഇന്ത്യൻ സ്കൂളിൽ പത്താംതരത്തിൽ പഠിക്കുന്നു. വിമുക്ത ഭടനായ ഭർത്താവ് സുരേഷ് ഇപ്പോൾ കായിക അധ്യാപകനാണ്. അമ്മ ജയലക്ഷ്മി അച്ഛൻ സെൽവരാജ്. മാതാപിതാകളുടെ പിന്തുണയും സഹകരണവുമാണ് ഈ മേഖലയിലേക്ക് കടന്നു വരാൻ പ്രചോദനം. സിനിമ പ്രവർത്തകരായ രതീഷ്, സെന്തിൽകുമാർ എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.