ചിറ്റാർ: തുടക്കം 13 പേർ, ഇപ്പോൾ നാലുപേർ മാത്രം. വന്യ ജീവികളുടെ ശല്യത്താൽ വലയുമ്പോഴും പത്തനംതിട്ടയുടെ കിഴക്കൻ മേഖലയായ സീതത്തോട് പഞ്ചായത്തിലെ ആങ്ങമൂഴി നാലാം വാർഡ് ഗവി റൂട്ടിൽ കൊച്ചാണ്ടിയിലെ ശ്രീശബരി കുടുംബശ്രീ വനിതാകര കൗശല യൂനിറ്റ് അംഗങ്ങൾക്ക് വഴിതെളിയിച്ചത് ഇച്ഛാശക്തി ഒന്നുമാത്രമാണ്. സംരംഭത്തിൽ ആദ്യമുണ്ടായിരുന്ന ചിലർ ജോലി കിട്ടിയും മറ്റും പോയെങ്കിലും മറ്റുള്ളവരെ ഇതൊന്നും തളർത്തിയില്ല. പോയവർ മാനസിക പിന്തുണയുമായി ഒപ്പമുണ്ട്. യൂനിറ്റ് പ്രസിഡന്റ് ഉഷ വിനോദ്, കെ.കെ. ഓമന, ഫെബി അന്നരാജൻ, വനജകുമാരി എന്നിവരാണ് അംഗങ്ങൾ. 19 വർഷമായി കുടുംബശ്രീയിൽ പ്രവർത്തിക്കുന്ന ഉഷയുടെ നേതൃത്വത്തിൽ അംഗങ്ങളെ ചേർത്ത് 2018ലാണ് കരകൗശല സംരംഭം രജിസ്റ്റർ ചെയ്തത്.
വലിച്ചെറിയുന്ന ചിരട്ടകൾ ശേഖരിച്ചാണ് കരകൗശല സംരംഭം തുടങ്ങിയത്. ചിരട്ടയിലും ചൂരൽ, മുള, ഈറ്റ എന്നിവയിലും തീർക്കുന്ന പൂക്കൾ, പക്ഷികൾ, പേന ബോക്സുകൾ, അലങ്കാര ബൾബ് ബോക്സുകൾ, കപ്പുകൾ, തവി, പുട്ട്കുറ്റി, ചട്ടുകങ്ങൾ, പപ്പടം കുത്തി എന്നിവയാണ് സാധാരണയായി നിർമിക്കുന്നത്. ചൂരൽ, മുള, ഈറ്റ എന്നിവയിലും കരകൗശല വസ്തുക്കൾ പുറത്തിറക്കിയിരുന്നു. എന്നാൽ, വനംവകുപ്പ് പാസ് തരാത്തതിനാൽ ചൂരൽ, മുള, ഈറ്റ എന്നിവ ഇപ്പോൾ ലഭ്യമല്ല. വനംവകുപ്പിനെ സമീപിച്ചെങ്കിലും തടസ്സങ്ങളുണ്ടെന്നാണ് പറയുന്നത്. വനവിഭവങ്ങൾക്ക് ക്ഷാമം നേരിട്ടപ്പോൾ തടിയിലും പന, തെങ്ങ് എന്നിവയിൽ അലങ്കാര വസ്തുക്കളും മറ്റും നിർമിക്കാൻ പഠിച്ചു. അതേസമയം നാട്ടുകാരുടെ സഹായത്താൽ ചിരട്ടക്ക് ഒരിക്കലും ക്ഷാമം നേരിട്ടിട്ടില്ലെന്ന് ഇവർ പറയുന്നു. വീടുകളിൽ അലങ്കാരമായി തൂക്കാൻ നെറ്റിപ്പട്ടവും പുറത്തിറക്കുന്നു. റെക്സിൻ ഒഴിവാക്കി തുണി ബാഗുകളുടെ നിർമാണത്തിലും ഇവർ മുൻപന്തിയിലാണ്. കുടകളും വിപണിയിൽ എത്തിക്കുന്നുണ്ട്.
ആങ്ങമുഴി കൊട്ടവഞ്ചി സവാരി കേന്ദ്രത്തിന് സമീപം കടമുറി വാടകക്ക് എടുത്താണ് വിൽപന കേന്ദ്രം നടത്തുന്നത്. ഇവിടെ എത്തുന്ന സന്ദർശകരാണ് പ്രധാന ഉപഭോക്താക്കളെങ്കിലും കൊട്ടവഞ്ചി സവാരി കേന്ദ്രം താൽക്കാലികമായി അടച്ചതിനാൽ വിപണനത്തെ ബാധിക്കുന്നുണ്ട്. കുടുംബശ്രീയും മറ്റും സംഘടിപ്പിക്കുന്ന മിക്കവാറും എല്ലാ മേളകളിലും പങ്കെടുക്കാറുണ്ട്. മോശമല്ലാത്ത വിറ്റുവരവ് സാധാരണ നടന്നാൽ മാസം 50,000 രൂപ ലാഭം കിട്ടും. കൊറോണ സമയത്ത് വിറ്റുവരവ് മോശമായതോടെ സംരംഭത്തിന് ഇടിവ് സംഭവിച്ചിരുന്നതായും ഉഷ വിനോദ് പറയുന്നു.
ബാംബൂ കോർപറേഷനും സംസ്ഥാന വ്യവസായ വകുപ്പും ചേർന്ന് കൊച്ചാണ്ടിയിൽ 15 ദിവസത്തെ കരകൗശല നിർമാണ പരിശീലനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.