തേഞ്ഞിപ്പലം: ജീവിതത്തിന്റെ ഓട്ടം എവിടെയും മുടങ്ങിനിൽക്കരുതെന്ന് രാജിക്ക് നിർബന്ധമാണ്. അതുകൊണ്ടാണ് ഒരു മടിയുമില്ലാതെ ഓട്ടോ ഡ്രൈവറായത്. ദൃഢനിശ്ചയവും ആത്മവിശ്വാസവും കൈമോശം വരാതെ രാത്രിയും പകലുമായി ആയിരക്കണക്കിന് കിലോമീറ്ററുകൾ ഓട്ടോറിക്ഷ ഓടിച്ചു. രാജി എന്നറിയപ്പെടുന്ന തേഞ്ഞിപ്പലം പാണമ്പ്രയിൽ കുന്നത്താട്ട് പറമ്പിൽ ജയ് മഹേശ്വരി ജനകീയ ടാക്സിയുടെ സാരഥിയായിട്ട് എട്ടുവർഷം കഴിഞ്ഞു. 52ാം വയസ്സിലും കാക്കിയിട്ട് തെളിഞ്ഞ മുഖവുമായി തേഞ്ഞിപ്പലം കോഹിനൂരിലെ ഓട്ടോ സ്റ്റാൻഡിൽ സജീവമാണ് ഇവർ.
കാറും സ്കൂട്ടറും ഓടിക്കാൻ പഠിക്കുന്നതിനൊപ്പം ഓട്ടോറിക്ഷ കൂടി ഓടിക്കാൻ പഠിച്ച ജയ് മഹേശ്വരി ഭർത്താവ് ശ്രീനിവാസന്റെ കൂടി താൽപര്യത്തിൽ ഓട്ടോ ഡ്രൈവറാകുകയായിരുന്നു. പുതുച്ചേരിക്കാരനും ബി.എസ്.എൻ.എൽ മഞ്ചേരി ഡിവിഷനിലെ മെക്കാനിക്കൽ ഓഫിസറുമായ ശ്രീനിവാസൻ 65,000 രൂപക്ക് സെക്കൻഡ് ഹാൻഡ് ഓട്ടോയാണ് ആദ്യം വാങ്ങി നൽകിയത്. ആറുമാസം ആ ഓട്ടോ ഓടിച്ചു. ഇതിനിടെ ഒരിക്കൽ അപകടത്തിൽപെട്ടു. എങ്കിലും പിന്മാറിയില്ല. പിന്നീട് പുതിയ ഓട്ടോയിലായി സവാരി. എട്ടുവർഷമായി ആ ഓട്ടോയാണ് കൂടെ.
തൊഴിലുറപ്പ്, പലഹാര കച്ചവടം, പച്ചക്കറി വിൽപന, സാരി-ചുരിദാർ വിൽപന, സ്കൂൾ ബസ് ക്ലീനർ എന്നീ തൊഴിലുകളും ഇവർ ചെയ്തിട്ടുണ്ട്. കന്യാകുമാരി സ്വദേശിയായ പിതാവ് മുത്തുപ്പിള്ള കോഴിക്കോട്ട് കല്ല് പണിക്കായി വന്നതോടെ ജയ് മഹേശ്വരിയും കുടുംബവും കോഴിക്കോട് ബൈപാസിന് സമീപം കണ്ണഞ്ചേരിയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. തമിഴ് വംശജരായ മുത്തുപ്പിള്ളയും മാതാവ് വള്ളിയമ്മാളും ജീവിച്ചിരിപ്പില്ല.
വിവാഹിതയായതിനുശേഷമാണ് ജയ് മഹേശ്വരി തേഞ്ഞിപ്പലത്തെത്തിയത്. പള്ളിക്കൽ പഞ്ചായത്തിലെ നവഭാരത് സ്കൂൾ അധ്യാപിക അനുമോൾ, കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ ഇംഗ്ലീഷ് വിദ്യാർഥി അകന്യ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.