മുണ്ടക്കയം: ജന്മനാ കാഴ്ച നഷ്ടമായ രാജി ജോണ്‍ ആഗ്രഹത്തിനൊത്ത് അധ്യാപികയായ സന്തോഷത്തിലാണ്. പുതുപ്പള്ളി അരപ്പറമ്പില്‍ ജോണ്‍ - ചിന്നമ്മ ദമ്പതികളുടെ മൂന്നാമത്തെ മകള്‍ രാജി ജോണ്‍ (40) ഒരു മാസം മുമ്പാണ് മുണ്ടക്കയം സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്കൂളിലെ അധ്യാപികയായി നിയമിതയായത്.
ചെറുപ്പത്തില്‍ കണ്ണിലൂടെ നിറങ്ങളും മറ്റും തിരിച്ചറിയുമായിരുന്നെങ്കില്‍ ഇന്ന് പൂർണമായും കാഴ്ച നഷ്ടപ്പെട്ട സ്ഥിതിയിലായി. കാഞ്ഞിരപ്പള്ളി കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലും അച്ചാമ്മ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമായാണ് സ്കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോട്ടയം ബി.സി.എം കോളജില്‍നിന്ന് ചരിത്രത്തില്‍ ബിരുദവും കൊടുങ്ങല്ലൂര്‍ എസ്.എന്‍ ട്രെയിനിങ് കോളജില്‍നിന്ന് ബി.എഡും പാസായി. സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് ബ്രെയ്ലി ലിപിയിലൂടെയായിരുന്നു പഠനം. ബിരുദം, ബി.എഡ് തുടങ്ങിയ പഠനകാലം സാധാരണ കുട്ടികള്‍ക്കൊപ്പം എഴുതിയും പ്രോജക്ടുകള്‍ തയാറാക്കിയുമായിരുന്നു പഠനം. ഹയര്‍ സെക്കന്‍ഡറി പഠനത്തിനിടെയാണ് അധ്യാപികയാവണമെന്ന ആഗ്രഹം മനസ്സിലുദിച്ചത്. തന്റെ അധ്യാപിക സിസ്റ്റര്‍ ജോയ്സ് മേരിയോടുള്ള ഇഷ്ടമാണ് അധ്യാപികയാവണമെന്ന ആഗ്രഹത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ ആഗസ്റ്റിലാണ് മുണ്ടക്കയം സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്കൂളില്‍ യു.പി വിഭാഗം അധ്യാപികയായി രാജി ചുമതലയേറ്റത്. അഞ്ച്, ആറ് ക്ലാസുകളില്‍ മലയാളം, ഇംഗ്ലീഷ്, സോഷ്യല്‍ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ജോലി ലഭിച്ച് ഒരുമാസം കൊണ്ട് കുട്ടികളുടെയും സഹ അധ്യാപകരുടെയും ശബ്ദങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞതിനാല്‍ എല്ലാവരുമായും നല്ല ചങ്ങാത്തത്തിലാകാൻ രാജിക്ക് സാധിച്ചു. ഇപ്പോൾ ക്ലാസ് മുറിയിലെത്തിയാല്‍ ഓരോ കുട്ടിയെയും പേരെടുത്ത് വിളിച്ച് സംസാരിക്കും. മുണ്ടക്കയം വരിക്കാനിയില്‍ മാതാപിതാക്കള്‍ക്കൊപ്പം വാടകക്കാണ് രാജിയുടെ താമസം. രാവിലെ സ്കൂള്‍ ബസില്‍ സ്കൂളിലെത്തും. ബസില്‍നിന്ന് ഇറങ്ങുമ്പോഴും ക്ലാസ് മുറിയിലേക്ക് വരാനും പോകാനും സഹായത്തിന് പ്രിയ വിദ്യാർഥികളുമുണ്ട്.
കാഴ്ച നഷ്ടമായതിൽ മുമ്പ് തനിക്ക് സങ്കടം തോന്നിയിട്ടുെണ്ടന്നും ഇപ്പോള്‍ അത്തരം വിഷമങ്ങൾ അലട്ടുന്നില്ലെന്നും രാജി
ടീച്ചര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.