റീന അബ്ദുറഹ്മാൻ 

റീന അബ്ദുറഹ്മാൻ; സുഡാൻ ആസ്ഥാനമായ സൺ എയറിന്‍റെ മലയാളി സി.ഇ.ഒ

മസ്കത്ത്: സുഡാൻ ആസ്ഥാനമായ സൺ എയറിന്‍റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി (സി.ഇ.ഒ) തൃശൂർ സ്വദേശിനി റീന അബ്ദുറഹ്മാൻ ചുമതലയേറ്റു. ഒരു വിദേശ എയർലൈനിന്‍റെ സി.ഇ.ഒ ആകുന്ന ആദ്യ ഇന്ത്യൻ വനിതയാണ് റീന.

അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന്‍റെ ചീഫ് ഓപറേറ്റിങ് ഓഫിസർ (സി.ഒ.ഒ) കൂടിയായ റീന ആ സ്ഥാനത്തും തുടരും. അൽ ഹിന്ദിന്‍റെ ജി.സി.സി, ബംഗ്ലാദേശ്, ആഫ്രിക്ക പ്രവർത്തനങ്ങളുടെ മേൽനോട്ടം റീനക്കാണ്. അൽ ഹിന്ദ് ട്രാവൽസ് അടുത്തിടെ സൺ എയറിന്‍റെ 25 ശതമാനം ഓഹരി വാങ്ങിയതോടെയാണ് അതിന്‍റെ സി.ഇ.ഒ സ്ഥാനത്തേക്ക് റീന നിയമിതയായത്.

സുഡാൻ തലസ്ഥാനമായ ഖർത്തൂമിലാണ് സൺ എയറിന്‍റെ ആസ്ഥാനം. സുഡാനിലെ ആദ്യ സ്വകാര്യ എയർലൈനായ സൺ എയറിന്‍റെ ഉദ്ഘാടന പറക്കൽ സെപ്റ്റംബർ ആദ്യവാരം കൈറോയിലേക്ക് നടക്കുമെന്ന് റീന 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.

ആഫ്രിക്കയെ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളുമായും ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ആഫ്രിക്കൻ, ഗൾഫ് രാജ്യങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ സർവിസ് നടത്തുക. പിന്നീടിത് യൂറോപ്പിലേക്കും ചൈനയിലേക്കും വ്യാപിപ്പിക്കുമെന്നും റീന പറഞ്ഞു.

ഖത്തർ എയർവേസ്, എയർ അറേബ്യ, സലാം എയർ എന്നിവയിലടക്കം എയർലൈൻ വ്യവസായത്തിലെ വിവിധ മേഖലകളിൽ 22 വർഷത്തെ അനുഭവപരിചയവുമായാണ് റീന പുതിയ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ട്രാവൽ വ്യവസായത്തിലെ മികവിന് ഈ വർഷത്തെ വുമൺ ഐക്കൺ അവാർഡ് അടക്കമുള്ള അംഗീകാരങ്ങളും നേടിയിട്ടുണ്ട്.

ഗുരുവായൂരിനടുത്ത് കണ്ടണശ്ശേരി ചൊവ്വല്ലൂർ സ്വദേശിയാണ് റീന. പരേതനായ അബ്ദുറഹ്മാന്‍റെയും നദീറയുടെയും മകളാണ്. അദ്നാൻ കബീർ, അയാൻ കബീർ എന്നിവരാണ് മക്കൾ. 

Tags:    
News Summary - Reena Abdurrahman; Malayali CEO of Sun Air

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.