മണൽത്തരികൾ കൊണ്ട് മനോഹരമായി കഥപറയാൻ പറ്റും! അനിമേഷൻ കഥകൾ കാണുന്ന പോലെ കൗതുകത്തോടെ കൺചിമ്മാതെ ആരും നോക്കിനിന്നും പോകും. സിനിമകളിൽ മാത്രം നമ്മളിൽ പലരും കണ്ട്, കൗതുകത്തോടെ നോക്കി നിന്ന സാൻഡ് ആർട് ചെയ്ത് ജനശ്രദ്ധ പിടിച്ചു പറ്റിയൊരു പെൺകുട്ടിയുണ്ട് ഇങ്ങ് യു.എ.ഇയിൽ. മണൽതരികൾ കൊണ്ട് കഥയും, കവിതയും രചിക്കുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനി അലീഷാ അമീർ. ഞൊടിയിടകൊണ്ട് സ്ക്രീനിൽ ചിത്രങ്ങൾ മാറിമറിയും. മിനിറ്റുകൾ കൊണ്ട് ഒരു അനിമേഷൻ മൂവി കണ്ട സംതൃപ്തി കാഴ്ച്ചക്കാർക്കും ലഭിക്കും. മണൽ ഉപയോഗിച്ച് മനസ്സ് കീഴടക്കുന്ന അലീഷയുടെ മണൽ സന്ദേശങ്ങൾ യു.എ.ഇയിലെ മിക്ക ജനകീയ പരിപാടികളിലും കാണാം. 2015ൽ തന്റെ കോളജ് പഠനകാലത്ത് വളരെ യാദൃശ്ചികമായാണ് അലിഷ സാൻഡ് ആർട് ചെയ്തു തുടങ്ങുന്നത്. കോളജിൽ ഫെസ്റ്റിന് ഇത്തിരി വ്യത്യസ്തമായ എന്തെങ്കിലും അവതരിപ്പിക്കണം എന്ന തോന്നലിൽ നിന്നാണ് അധികമാരും ചെയ്ത് കണ്ടിട്ടില്ലാത്ത സാൻഡ് ആർട്ട് തന്നെ തിരഞ്ഞെടുത്തത്. അന്ന് ക്രിസ്മസ് തീമിൽ താൻ വീഡിയോയിൽ കണ്ട സാൻഡ് ആർട്ട് പരീക്ഷിച്ച് വിജയിക്കുകയും ചെയ്തു. പിന്നീട് തന്റെ സീനിയർ, സഹോദരിയുടെ വിവാഹ ദിവസം മണൽ കൊണ്ട് കഥ പറയാൻ അലീഷയെ ക്ഷണിച്ചു. അന്ന് മാധ്യമങ്ങളിലൂടെ അലീഷയുടെ മണൽ കവിതകൾ ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.
നാട്ടിൽ തന്നെ നിരവധി പരിപാടികൾക്ക് സാൻഡ് ആർട് അവതരിപ്പിച്ചിട്ടുണ്ട് അലീഷ. സ്കൂളുകളിലും, കോളജുകളിലും, വിവാഹ ആഘോഷങ്ങളിലുമൊക്കെ മണൽകൊണ്ട് കവിത രചിച്ച് ആളുകളെ അത്ഭുതപ്പെടുത്തി. പിന്നീട് ദുബൈയിലെത്തിയതോടെ ഒരു ലോഗോ ലോഞ്ച് ചെയ്താണ് തുടക്കം. പല വേദികളിലും അലീഷയുടെ മണൽ കവിതകൾ ഇടം പിടിച്ചു. ദുബൈയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന അലീഷക്ക് സാൻഡ് ആർട് ഇപ്പോഴൊരു പാഷൻ കൂടിയാണ്. യു.എ.ഇയിൽ സാൻഡ് ആർട്ടിന് അവസരങ്ങളും ഏറെയുണ്ടെന്ന് അലീഷ പറയുന്നു. ഗൾഫ് മാധ്യമം കമോൺ കേരള വേദിയിലും അലീഷയുടെ മണൽ കവിതയിലൂടെ യു.എ.ഇയുടെ മനോഹര ചിത്രം തെളിഞ്ഞിരുന്നു. മീഡിയാവൺ ഹെർ സ്റ്റോറിലും ക്ലബ് എഫ്.എം കാർണിവലിലും അലീഷയുടെ സാൻഡ് ആർട് ശ്രദ്ധേയമായിരുന്നു. മണൽത്തരികൾ കൊണ്ട് അലീഷ വരച്ച കഥകൾക്ക് യു.എ.ഇയിലും ആരാധകർ ഏറെയുണ്ട്. ഭർത്താവ് നൗഷാദിന്റെ പൂർണ്ണ പിന്തുണയും തനിക്കുണ്ടെന്നും പലപ്പോഴും ഒരു തീം കഥ ആക്കി മാറ്റാൻ ഭർത്താവും തന്റെ ഒപ്പമുണ്ടാകും. മകൾക്കും സാൻഡ് ആർട് ഏറെ ഇഷ്ടമാണ്. ദുബൈയിലെ പ്രധാന ആകർഷണങ്ങളായ ബുർജ് ഖലീഫയും, ഫ്യൂച്ചർ മ്യൂസിയവുമൊക്കെ മണൽ കൊണ്ട് അലീഷയുടെ ക്യാൻവാസിൽ കഥകളായി, കവിതയായി വിരിഞ്ഞിട്ടുണ്ട്. പലസ്തീൻ വിഷയത്തിൽ തന്റെ ഐക്യദാർഢ്യം മണൽ കവിതകളിലൂടെ അലീഷ അറിയിച്ചിരുന്നു. യു.എ.ഇയിൽ പ്രോഡക്റ്റ് ലോഞ്ചിങ്ങിനും, മറ്റ് പരിപാടികൾക്കും ഒക്കെ അനിമേഷൻ കഥ കാണുന്ന പോലെ ആളുകളെ പിടിച്ചിരുത്തുന്ന സാൻഡ് ആർട്ട് പലരും ഉപയോഗപ്പെടുത്താറുണ്ട്. ഈ വ്യത്യസ്ത കലയിലൂടെ തന്നെ അറിയപ്പെടാനാണ് തനിക്കാഗ്രഹമെന്നും. ഇനിയും പല വേദികളിലും സാൻഡ് ആർട് ചെയ്യണമെന്നുമാണ് തന്റെ ആഗ്രഹമെന്നും അലീഷ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.