സാ​റ ഫ​ഹ​ദ്

മലയാളികളെയും മലയാളക്കരയെയും ചേർത്തു പിടിച്ച് സാറ ഫഹദ്

റിയാദ്: കേരളം, മലയാളികൾ എന്നൊക്കെ കേട്ടാൽ ആവേശംകൊള്ളുന്ന സൗദി വനിതയുണ്ട് റിയാദിൽ. കഴിഞ്ഞ കുറെ കാലമായി മലയാളികളുടെ കലാ സാംസ്കാരിക വേദികളിലെല്ലാം നിറസാന്നിധ്യമായ സാറ ഫഹദ്. അധ്യാപികയും സൗദിയിലെ അറിയപ്പെടുന്ന ആക്ടിവിസ്റ്റുമാണ്. റിയാദിൽ നടക്കുന്ന മലയാളികളുടെ പരിപാടികളിൽ സാറ സജീവമാണ്. മലയാളികളോടുള്ള ഇഷ്ടം തുടങ്ങിയത് കോവിഡ് കാലത്താണെന്ന് അവർ പറയുന്നു.

2020ൽ ആയുർവേദ ചികിത്സക്കുവേണ്ടി കേരളത്തിൽ പോയപ്പോൾ അവിടത്തെ പച്ചപ്പ് കണ്ട് അമ്പരന്നുപോയി. കൊച്ചിയിലെയും കോഴിക്കോട്ടെയും ചികിത്സ കഴിഞ്ഞു സൗദിയിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴാണ് കോവിഡ് കാരണം യാത്രവിലക്ക് ഉണ്ടായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമമാർഗം അടഞ്ഞതോടെ സാറ ഹോട്ടലിൽ കുടുങ്ങി. ഇനി എന്ന് സൗദിയിലേക്ക് മടങ്ങാൻ കഴിയും എന്നറിയാതെ വിഷമിച്ച അവർക്ക് ഹോട്ടൽ ജീവനക്കാർ ആവശ്യമായ സഹായം നൽകി.

ആദ്യ ദിനങ്ങൾ ജയിൽവാസംപോലെ അനുഭവപ്പെട്ടു. പിന്നീട് മെല്ലെ മെല്ലെ മലയാളികളുമായി അടുക്കാൻ തുടങ്ങി. അറബും ഇംഗ്ലീഷും കലർന്ന ഭാഷയിൽ അവരുമായി സൗഹൃദത്തിൽ ഏർപ്പെട്ടു. ഏകദേശം മൂന്നര മാസം കേരളത്തിൽ കുടുങ്ങിയ സാറ മലയാളത്തെയും കേരളത്തെയും ഏറെ മനസ്സിലാക്കാനും പഠിക്കാനും തുടങ്ങി.

ലോകത്തിന്റെ വിവിധ ഭാഗങ്ങൾ സഞ്ചരിച്ചിട്ടുള്ള തനിക്ക് കേരളത്തോടാണ് ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയതെന്ന് അവർ പറയുന്നു. മലയാളികളുടെ പുഞ്ചിരിച്ചു കൊണ്ടുള്ള സംസാര രീതി ഏറെ പ്രിയപ്പെട്ടതായി മാറി. മലയാളം ഏറക്കുറെ പറയുന്നത് മനസ്സിലാകുമെങ്കിലും മറുപടി പറയാൻ പ്രയാസമുണ്ട് എന്നതാണ് സങ്കടം. തൂശനിലയിലെ സദ്യയുടെ രുചി ഇന്നും നാവിൽ തങ്ങിനിൽക്കുന്നു.

പുട്ട്, ദോശ, ആലു പൊറോട്ട എന്നിവ ഇഷ്ടഭക്ഷണമായി. നാടൻ തട്ടുകടയിലെ നീട്ടി അടിച്ചുനൽകുന്ന ചായ അതിലേറെ ഇഷ്ടത്തോടെ കുറെ കുടിച്ചു. കേരളത്തിൽനിന്ന് മടങ്ങിവന്നശേഷം വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിക്കാൻ തുടങ്ങി. അതോടെ മുടി തഴച്ചുവളരുന്നതായാണ് അനുഭവപ്പെടുന്നതെന്നും അവർ പറഞ്ഞു. ചില മലയാള ഗാനങ്ങൾ ഇഷ്ടമായി. ഇപ്പോൾ റിയാദിലെ പരിചയക്കാരനായ കോട്ടയം സ്വദേശി നൗഫൽ മുഹമ്മദിൽനിന്ന് ആ പാട്ടുകൾ പഠിച്ചെടുക്കാൻ ശ്രമിക്കുകയാണ്.

കബീർ കാടൻസ് എന്നയാളുമായുള്ള സൗഹൃദത്തിലൂടെ ആ കുടുംബം വഴി നിരവധി മലയാളികളെ പരിചയപ്പെടാൻ സഹായമായി. അവസരം ലഭിച്ചാൽ കേരളത്തിൽ ജീവിക്കാനാണ് ആഗ്രഹമെന്നും അവർ പറയുന്നു. ചെമ്മാട് സ്വദേശി ഷബീർ അഹമ്മദുമായി ചേർന്ന് ബ്യൂട്ടി ഗിഫ്റ്റ് എന്നൊരു സ്ഥാപനം ഇവർ റിയാദിൽ നടത്തുന്നുണ്ട്. ഏക മകൾ റഅദ് ഫാഷൻ ഡിസൈനർ ആണ്. ഈ വർഷാവസാനം കേരളം സന്ദർശിക്കാനുള്ള ഒരുക്കത്തിലാണ്.

Tags:    
News Summary - Sara Fahad joined the Malayalis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.