കല്ലടിക്കോട്: വഴിയിൽ വിശന്നിരിക്കുന്ന ആയിരങ്ങൾക്ക് അന്നം ഒരുക്കുന്ന വീട്ടമ്മയെന്ന ഖ്യാതി നഴ്സിന്റെ കുപ്പായമൂരി തന്റെ ഭർത്താവിനൊപ്പം ജന സേവനത്തിനിറങ്ങിയ സരിതക്ക് സ്വന്തം. ബംഗളുരൂവിലെ നഴ്സിങ് ജോലിക്കിടയിലാണ് സതീഷിനെ സരിത വരണമാല്യം ചാർത്തുന്നത്. അക്കാലത്ത് ബംഗളൂരുവിൽ കൊച്ചുകച്ചവടങ്ങളുമായി ജീവിതം കരുപിടിപ്പിക്കുന്ന തിരക്കിലായിരുന്നു തച്ചമ്പാറ മുതുകുർശ്ശി അമ്പലക്കുന്നിൽ സതീഷ്. പ്രണയവഴിയിൽ വീട്ടുകാരുടെ എതിർപ്പുമൂർച്ഛിച്ചു, ബംഗളൂരുവിലെ തെരുവുവാണിഭത്തിന് പിടിവീണ സതീഷിന് ഉപജീവനം തന്നെ ചോദ്യചിഹ്നമായി. ഗർഭിണിയായ ഭാര്യയെ പോറ്റാനും കുടുംബചെലവുകൾക്കും പണം കണ്ടെത്താനുള്ള അലച്ചിനൊടുവിൽ പട്ടിണി മൂത്തപ്പോൾ ആത്മഹത്യയെപ്പറ്റി ചിന്തിച്ചിരുന്ന കാലം. വിശപ്പിന്റെ ദൈന്യത സ്വന്തം ജീവിതത്തിൽ പുതിയൊരു അധ്യയത്തിനാണ് വഴിതുറന്നിട്ടത്.
ഇങ്ങനെയുള്ള പ്രയാസങ്ങൾക്കിടയിലാണ് സതീഷിനെ ജോലിക്ക് ചെല്ലാൻ പറഞ്ഞ് ഒരാൾ വീട്ടിലെത്തുന്നത്. തെരുവിൽ വിശന്നിരിക്കുന്നവർക്ക് ഭക്ഷണപൊതി എത്തിക്കാനായിരുന്നു ആ വിളി. 2019ൽ കോവിഡ് പശ്ചാത്തലത്തിലെ ലോക്ക് ഡൗൺ കാലത്ത് ആദ്യമായി ഏഴുപേർക്ക് ഭക്ഷണം വിതരണം ചെയ്തായിരുന്നു ഈ ദമ്പതികളുടെ തുടക്കം. നിലവിൽ പ്രതിദിനം മണ്ണാർക്കാടിനും പാലക്കാടിനും ഇടയിൽ അവശർക്കും അംഗപരിമിതർക്കും ആരോരുമില്ലാത്തവർക്കും ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉൾപ്പെടെ 300ഓളം പേർക്ക് ഭക്ഷണപൊതി നേരിട്ട് എത്തിക്കുന്നു. സരിത ദൈനംദിനം പുലർച്ച നാലുമുതൽ പിച്ചളമുണ്ടയിൽ വീടകം സജീവമാകുന്നത് തെരുവിൽ വിശന്നിരിക്കുന്നവരെ ഊട്ടാനാണ്. അഞ്ചുവർഷക്കാലമായി ഇത് മുടങ്ങാതെ തുടരുന്നുണ്ട്. ഭക്ഷണപൊതി വിതരണം ചെയ്യുന്നത് ഭർത്താവ് സതീഷ് തന്നെ.
സുമനസ്സുകളുടെ സഹായഹസ്തം ഇവരുടെ സേവനവീഥിക്ക് കരുത്തുപകരുമ്പോൾ സരിതയുടെ കൈപുണ്യം ആശ്രയമറ്റ ജനങ്ങൾക്ക് വിശപ്പടക്കാനുള്ള ആഹാരമെത്തിക്കുന്നതിനുള്ള അധ്വാനവും മഹത്തരമാവുകയാണ്. സതീഷിന്റെ ഫീനോയിൽ വിൽപന വഴി ലഭിക്കുന്ന പണമാണ് ഭക്ഷണവിതരണത്തിനുള്ള വരുമാനം. കൂട്ടത്തിൽ പലരും മനസ്സറിഞ്ഞ് അരിയായും പച്ചക്കറിയായും പല വ്യഞ്ജനങ്ങളായും നൽകാറുണ്ട്.
രക്തദാന പ്രവർത്തന രംഗത്തും 13 തവണ രക്തദാനം നിർവഹിച്ച ചരിത്രവും സരിതക്ക് സ്വന്തം. അനിരുദ്ധ്, അമിൽ രുദ്ധ് എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.