കൊട്ടിയം: വീടെന്ന ലക്ഷ്യത്തിനായുള്ള ഓട്ടത്തിൽ ട്രാക്ക് തെറ്റുമ്പോഴും കായികരംഗത്തെ മുന്നോട്ടുള്ള കുതിപ്പിന് ലക്ഷ്യം തെറ്റാതെ മുന്നേറുകയാണ് ഷീബ. 40ാം വയസ്സിൽ വെറ്ററൻസ് മീറ്റുകളിൽ ഷീബ കൊയ്തെടുത്ത നേട്ടങ്ങളെല്ലാം വിവിധ രാജ്യങ്ങളിലെ കളിക്കളങ്ങളിൽ നിന്നാണ്. എടുത്താൽ പൊങ്ങാത്ത ഭാണ്ഡക്കെട്ടായി മെഡലുകളുടെ കൂമ്പാരം നിറയുമ്പോഴും അവ കാത്തുസൂക്ഷിക്കാൻ സ്വന്തമായി ഒരിഞ്ചു ഭൂമിയില്ലാതെ വലയുകയാണ് മയ്യനാട് ധവളക്കുഴി സൂനാമി ഫ്ലാറ്റിലെ ഷീബ ജയപ്രകാശ്.
കശുവണ്ടി തൊഴിലാളിയായ ഇവർ രാജ്യത്തെയും സംസ്ഥാനത്തെയും പ്രതിനിധീകരിച്ച് ഏതു മത്സരത്തിൽ പങ്കെടുത്താലും സ്വർണമോ വെള്ളിയോ വെങ്കലമോ നേടാതെ മടങ്ങാറില്ല. ഇന്തോനേഷ്യ, ശ്രീലങ്ക, ബ്രൂണോ, സിംഗപ്പുർ തുടങ്ങി ഒേട്ടറെ രാജ്യങ്ങളിൽ നടന്ന മത്സരങ്ങളിലും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നടന്ന മത്സരങ്ങളിലും ഓട്ടത്തിലും നടത്തത്തിലും ഇവർ മെഡലുകൾ നേടിയിട്ടുണ്ട്.
കഴിഞ്ഞദിവസം എറണാകുളത്ത് നടന്ന രാജ്യത്തെ ആദ്യ ഓപൺ പ്രൈസ് മണി അറ്റ്ലറ്റിക് മീറ്റിലും സ്വർണം നേടിയിരുന്നു. കശുവണ്ടി ഫാക്ടറിയിലെ ജോലി കഴിഞ്ഞു കിട്ടുന്ന സമയങ്ങളിലാണ് പരിശീലനം നടത്തുന്നത്. കശുവണ്ടി വികസന കോർപറേഷൻ ചെയർമാന്റെയും സന്നദ്ധ സംഘടനകളുടെയും സഹായം കൊണ്ടാണ് ഇവർ മത്സരങ്ങളിൽ പങ്കെടുക്കാൻ പോകുന്നത്.
കൂലിപ്പണിക്കാരനായ ഭർത്താവ് ജയപ്രകാശും രണ്ട് പെൺമക്കളും ഷീബക്കൊപ്പം പിന്തുണയുമായുണ്ട്. സൂനാമി ഫ്ലാറ്റിൽ ബന്ധുവിനൊപ്പമാണ് താമസം. ജപ്പാനിൽ നടക്കുന്ന ലോക വെറ്ററൻസ് മീറ്റിൽ രാജ്യത്ത പ്രതിനിധീകരിച്ച് മെഡൽ നേടാൻ ഈ വനിതാദിനത്തിലും ഷീബ തന്‍റെ പരിശീലന ഓട്ടം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.