മസ്കത്ത്: താപനില മൈനസ് ഡിഗ്രിയിൽ എത്തിയതോടെ മഞ്ഞിന്റെ വെള്ളപ്പുതപ്പണിഞ്ഞ് മനോഹരിയായിരിക്കുന്ന ജബൽ ശംസിലേക്ക് കാഴ്ചക്കാരുടെ തിരക്കും വർധിക്കുന്നു. മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം ഇവിടെ രേഖപ്പെടുത്തിയ താപനില.
ഇവിടത്തെ കൊടും തണുപ്പാസ്വദിക്കാൻ സ്വദേശികളും വിദേശികളുമടക്കമുള്ളവരുടെ ഒഴുക്കാണുള്ളത്. ഏറെ സാഹസികതയും ദുർഘടവും പിടിച്ച കുത്തനെയുള്ള മലഞ്ചെരിവുകളാണ് ജബൽ ശംസിലേക്കുള്ള പാത. ഇത്തവണ ജബൽശംസിലെത്തിയ യാത്രക്കാരിൽ ഏറെ കൗതുകമുള്ള കാഴ്ചയായിരുന്നു മലയാളികളായ അഞ്ച് കുട്ടികളും ഉമ്മമാരും നടത്തിയ യാത്ര. മുനീറയുടെയും ഹാഷിമിന്റെയും മക്കളായ മുഹമ്മദും ഫാത്തിമ, ജുസൈലയുടെയും അബ്ദുല്ലയുടെയും മകൾ ആയിശ, ശാക്കിറയുടെയും അനസിന്റെയും മക്കളായ ഹാദി, ഹാമിസ് തുടങ്ങിയവരാണ് ഈ മിടുക്കന്മാർ.
മണിക്കൂറുകൾ കാൽനട യാത്രചെയ്ത് ജബൽശംസ് മലമുകളിലെത്തിയ ഈ കുട്ടിക്കൂട്ടത്തിനെയും ഉമ്മമാരെയും തിരച്ചിറങ്ങുന്നതിനിടെ പ്രശംസയറിയിച്ചെത്തിയത് നിരവധി പേരാണ്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായ കൂട്ടത്തിലെ കുട്ടിത്താരങ്ങളാണ് ഒരുവയസ്സുകാരി ഐശയും ഒന്നരവയസ്സുകാരി ഫാത്തിമയും. ഇവർക്കൊപ്പം ചിത്രങ്ങളെടുത്തും അഭിനന്ദിച്ചുമാണ് സഹയാത്രികരായ സ്വദേശികളും യൂറോപ്യൻ സഞ്ചാരികളുമൊക്കെ മടങ്ങിയത്.
ഈ ആഴ്ചയിൽതന്നെ രണ്ടാം തവണയാണ് ഇവർ മഞ്ഞുപെയ്യുന്നത് കാണാൻ ജബൽ ശംസിലെത്തുന്നത്. ആദ്യയാത്ര ജബൽ ശംസിലെ വ്യൂ പോയന്റ് വരെയെത്തി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മഞ്ഞുപെയ്യുന്ന സ്ഥലത്തെക്കുറിച്ച് ഒമാൻ സ്വദേശികളോടും മാധ്യമപ്രർത്തകരോടും കൂടുതലന്വേഷിച്ച് മുൻകരുതലൊക്കെ സ്വീകരിച്ച് നടത്തിയ യാത്രയായിരുന്നു ഇത്തവണ. കൂട്ടത്തിലെ യാത്രാപ്രേമി കൂടിയായ ശാക്കിറ അനസ് പറയുന്നതിങ്ങനെ: “ഞങ്ങളുടെ മനസ്സിലെ ആഗ്രഹത്തിന് അത്രയും ശക്തിയുണ്ടായിരുന്നിരിക്കണം, അതായിരിക്കും ഞങ്ങളുടെ കുട്ടികളും ഒരു ബുദ്ധിമുട്ടും അറിയിക്കാതെ അഞ്ചു മണിക്കൂറുകളോളം കൂടെ നടന്നത്’’
ഹജർ പർവത നിരകളുടെ ഭാഗമായ ഹരിതമല എന്നറിയപ്പെടുന്ന ഈ മലനിരകൾ ഒമാനിലെ ടൂറിസം ഭൂപടത്തിൽ വിഷിഷ്ട സ്ഥാനം അലങ്കരിക്കുന്നു. ജബൽ ശംസ് സന്ദർശിക്കുന്നവർക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസും രംഗത്തെത്തിയിട്ടുണ്ട്.
മസ്കത്ത്: മഞ്ഞിൽ പുതഞ്ഞിരിക്കുന്ന ജബൽ ശംസിന്റെ നെറുകെയിലെത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആറുവയസ്സുകാരനും. സുഹാർ ഫലജിൽ ബിസിനസ് നടത്തുന്ന തൃശൂർ അന്തിക്കാട് സ്വദേശിയായ തൗഫീഖിന്റെ മകൻ സ്വാലിഹാണ് ദിവസങ്ങൾക്കുമുമ്പ് ജബൽ ശംസിലെത്തിയത്. സാഹസിക യാത്ര ഇഷ്ടപ്പെടുന്ന ആളാണ് തൗഫീഖ്.
ജബൽ ശംസിനെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും മാധ്യമങ്ങളിലൂടെയും വായിച്ചറിഞ്ഞപ്പോൾ തൗഫീഖും സഹോദരനും മല കയറാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടക്കാണ് മകൻ മല കയറാനുള്ള ആഗ്രഹവുമായി എത്തുന്നത്. ആദ്യം എതിർത്തെങ്കിലും ഒടുവിൽ മകന്റെ ആഗ്രഹത്തിനൊപ്പം നിൽക്കുകയായിരുന്നു. 10 മണിക്കൂർ സമയമെടുത്താണ് ഇവർ ജബൽ ശംസിലെത്തിയത്. തന്നെപ്പോലെ സാഹസിക വഴികളിലൂടെ മകനെയും സഞ്ചരിപ്പിക്കാനാണ് തൗഫീഖിന്റെ തീരുമാനം. ശംസീനയാണ് അഹമദ് സ്വാലിഹിന്റെ മാതാവ്. ഹൈറ മറിയം സഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.