ഭക്ത കവി പൂന്താനത്തിന്റെ ജ്ഞാനപ്പാനയുടെ ഏകപാത്ര നൃത്താവിഷ്കാരത്തിനൊരുങ്ങി യു.എ.ഇയിലെ പ്രമുഖ നര്‍ത്തകിയും അധ്യാപികയുമായ അനുപമ വി. പിള്ള. ‘സുഖിനോ ഭവന്തു’ എന്ന പേരില്‍ ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ അടുത്തമാസമാണ് നൃത്താവതരണം. റാസല്‍ഖൈമയില്‍ ജനിച്ചു വളര്‍ന്ന അനുപമ മൂന്നാമത്തെ വയസ്സില്‍ ഗുരു കലാമണ്ഡലം പ്രഹ്ളാദന്റെ കീഴിലാണ് നൃത്ത പഠനം തുടങ്ങിയത്. യു.എ.ഇ-ഒമാന്‍ കലാ വേദികളിലെ നിറ സാന്നിധ്യമായ അനുപമക്ക് ഗള്‍ഫിലും നാട്ടിലുമായി ഒട്ടേറെ ശിഷ്യഗണങ്ങളുണ്ട്.
കൃഷ്ണ ഭക്തയായ താന്‍ ദീര്‍ഘനാളത്തെ തയാറെടുപ്പുകള്‍ക്ക് ശേഷമാണ് ‘ജ്ഞാനപ്പാന’യ്ക്ക് നൃത്തരൂപം ചമച്ചിരിക്കുന്നതെന്ന് അനുപമ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. സംക്രമ സന്ധ്യ ദിനമായ ആഗസ്റ്റ് 16ന് ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് നൃത്തം അവതരിപ്പിക്കുന്നത്. ഇതിനായി ദേവസ്വം ബോര്‍ഡിന്റെ ക്ഷണം ലഭിച്ചത് ഗള്‍ഫ് പ്രവാസിയായ തനിക്ക് അഭിമാനം നല്‍കുന്നതാണ്. മോഹിനിയാട്ടം, കഥകളി, ഓട്ടന്തുള്ളല്, ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങി എട്ട് നൃത്ത രൂപങ്ങളില്‍ അവഗാഹമുള്ള താന്‍ ശ്രമകരമായ പരിശീലനത്തിനൊടുവിലാണ് 40 മിനിറ്റ് നീളുന്ന നൃത്തം അവതരിപ്പിക്കാനൊരുങ്ങുന്നതെന്നും അനുപമ പറഞ്ഞു.
ചെറു പ്രായത്തില്‍ തന്നെ സ്വന്തമായി നൃത്ത സംവിധാനം നിര്‍വഹിച്ചു വരുന്ന അനുപമ നൃത്ത വേദികളില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തി ആസ്വാദകരുടെ കൈയടി നേടിയിട്ടുണ്ട്. റാക് ഇന്ത്യന്‍ സ്കൂള്‍ എല്‍.കെ.ജി വിദ്യാര്‍ഥിനി തലം മുതല്‍ അനുപമയെ തേടി നിരവധി പുരസ്കാരങ്ങളും എത്തി. സ്കൂള്‍ തല യു.എ.ഇ മല്‍സരങ്ങളില്‍ കലാതിലകമായിരുന്ന അനുപമ ശോഭന, വിനയ പ്രസാദ്, ദിവ്യാ ഉണ്ണി തുടങ്ങി പ്രമുഖ നര്‍ത്തകര്‍ക്കൊപ്പവും വേദികളിലത്തെിയിട്ടുണ്ട്.
വിവിധ കൂട്ടായ്മകളുടെയും സ്ഥാപനങ്ങളുടെയും നാട്യ പ്രതിഭ, ലൈഫ് ടൈം അച്ചീവ് മെന്റ്, വനിതാ രത്നം തുടങ്ങിയ അവാര്‍ഡ് ജേതാവായ അനുപമ വര്‍ക്കല സ്വദേശി പരേതനായ വിജയദേവന്‍ പിള്ള-കനകലത ദമ്പതികളുടെ മകളാണ്. എഞ്ചിനീയര്‍ ഗോപകുമാര്‍ പിള്ളയാണ് ഭര്‍ത്താവ്. ആദിത്യ, അര്‍ച്ചന എന്നിവര്‍ മക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.