കേരളത്തിൽ സ്ത്രീകൾക്കിടയിൽ സാമ്പത്തിക, സാമൂഹിക മാറ്റത്തിന് ചുക്കാൻ പിടിച്ച കുടുംബശ്രീ പ്രസ്ഥാനം രജത ജൂബിലിയുടെ നിറവിലാണ്. ദാരിദ്ര്യനിർമാർജനം ലക്ഷ്യമിട്ട് 1998 മേയ് 17ന് യാഥാർഥ്യമായ സ്ത്രീ മുന്നേറ്റം ഇന്ന് നാടിന്റെ മുക്കിലും മൂലയിലും വിജയ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ്
അന്തിക്കാട്: കമ്പ്യൂട്ടറുകളും ഡിജിറ്റലൈസേഷനും അരങ്ങുവാഴുന്ന നാട്ടിൽ ഓഫ്സെറ്റ് പ്രിന്റിങ് പ്രസ് നടത്തി അതിശയവിജയം കൊയ്യുകയാണ് ‘അക്ഷര’യിലെ സ്ത്രീരത്നങ്ങൾ. താന്ന്യം ഗ്രാമപഞ്ചായത്തിലാണ് കുടുംബശ്രീ ചെയർപേഴ്സൻ സുജിത നിരേഷിന്റെ നേതൃത്വത്തിൽ മുൻ പഞ്ചായത്തംഗം ശോഭ രാജീവ്, അഞ്ജു ജിമേഷ്, സൂസി ശിവരാമൻ എന്നീ നാൽവർ സംഘം അക്ഷര എന്ന പേരിൽ ഓഫ്സെറ്റ് പ്രിന്റിങ് പ്രസ് നടത്തി മാതൃകയായത്.
ജില്ലയിലെ മികച്ച കുടുംബശ്രീ സംരംഭത്തിനുള്ള അവാർഡ് അക്ഷര ഓഫ്സെറ്റ് പ്രിന്റിങ് പ്രസിനെ തേടിയെത്തിയിരുന്നു. എറണാകുളത്ത് നടന്ന ചടങ്ങിൽ മന്ത്രി പി. രാജീവിൽനിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.
സ്വയംതൊഴിൽ ലക്ഷ്യമിട്ട് താന്ന്യം ഗ്രാമപഞ്ചായത്ത് ഓഫിസിനടുത്ത് കൊച്ചുമുഹമ്മദ് എന്നയാളുടെ വാടക കെട്ടിടത്തിലാണ് 2021ൽ ഓഫ്സെറ്റ് പ്രസ് ആരംഭിച്ചത്. അന്തിക്കാട് ബ്ലോക്ക് വനിത ഘടകം പദ്ധതി പ്രകാരം ആറ് ലക്ഷം രൂപ വായ്പയെടുത്താണ് പ്രസ് അടക്കമുള്ള ഉപകരണങ്ങൾ വാങ്ങി സംരംഭം തുടങ്ങിയത്.
മൂന്ന് ലക്ഷം രൂപയാണ് സബ്സിഡി. ഡി.ടി.പി ഓഫ്സെറ്റ് പ്രിന്റിങ്, ലേബർ പ്രിന്റിങ്, ഗ്രാഫിക് ഡിസൈനിങ്, ബുക്ക് ബൈൻഡിങ്, ഫോട്ടോസ്റ്റാറ്റ്, ലാമിനേഷൻ, സ്പൈറൽ ബൈൻഡിങ് എന്നീ പ്രവൃത്തികളാണ് ആരംഭിച്ചത്. ഇതേ കുറിച്ച് അറിവുള്ള പരിശീലനം ലഭിച്ച ശോഭ രാജീവായിരുന്നു പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്. രണ്ട് വർഷം മുമ്പ് പ്രവർത്തനമാരംഭിച്ചു. ശോഭ രാജീവിൽനിന്ന് മറ്റ് മൂന്നുപേരും പഠിച്ചാണ് പ്രവർത്തനം ഊർജിതമാക്കിയത്.
പുരുഷന്മാർ നടത്താൻ മടിച്ചുനിൽക്കുന്ന അവസ്ഥയിലാണ് ലാഭകരമായി പ്രവർത്തി നടത്തിവരുന്നത്. മേഖലയിലെയും പഞ്ചായത്തിലെയും വർക്കുകൾ ഇവരെ തേടിയെത്തുന്നതോടെ തിരക്കേറി. ഉത്സവകാല ഘട്ടത്തിൽ വിശ്രമിക്കാൻ പറ്റാത്ത തരത്തിലാണ് ജോലി. രണ്ട് വർഷം കൊണ്ട് വായ്പ ഏറെയും അടച്ചുതീർത്തു. ഇനി 30,000 രൂപ മാത്രമാണ് അടച്ചു തീർക്കാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.