തൃക്കരിപ്പൂർ: വിവിധ വ്യവസായങ്ങളിൽ അവശേഷിക്കുന്ന വസ്തുക്കളിൽനിന്ന് അസംസ്കൃത വസ്തുക്കൾ കണ്ടെത്തി ചെണ്ട നിർമിക്കാൻ കഴിയുമോയെന്ന് വൈക്കത്തെ കൈരളി അയൽക്കൂട്ടം പരീക്ഷണം നടത്തിയത് പത്തുവർഷം മുമ്പാണ്. അവർക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഫ്ലക്സ് റോളുകൾ വരുന്ന പൈപ്പുകൾ ചെണ്ടയുടെ കുറ്റിയായി. മോട്ടോർ വൈൻഡിങ്ങിന് ഉപയോഗിക്കുന്ന ഷീറ്റാണ് തുകലിന്റെ സ്ഥാനത്ത്. പുനഃചംക്രമണം ചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ചായിരുന്നു കോലുകളുടെ നിർമാണം. ആളുകളെ പരിശീലിപ്പിച്ചെടുക്കുകയായിരുന്നു മറ്റൊരു ദൗത്യം. കുടുംബശ്രീ ജില്ല മിഷനിൽനിന്ന് മൂന്നുലക്ഷം രൂപ വായ്പ ലഭിച്ചതോടെ കാര്യങ്ങൾ എളുപ്പമായി.
മത്സരമില്ലാത്ത മേഖലയായതിനാൽ ചെണ്ട ചൂടപ്പം പോലെ വിറ്റുപോയി. എം.കെ. അനീഷ, പ്രീത, ശ്രീജ എന്നിവരാണ് സംരംഭത്തിന് നേതൃത്വം നൽകുന്നത്. വിപണി കണ്ടെത്തുന്നതും വിതരണത്തിന് നേതൃത്വം നൽകുന്നതും കെ.വി. സന്തോഷാണ്. ഇദ്ദേഹത്തിന്റെ ആശയമാണ് ചെണ്ട ഉൽപാദന യൂനിറ്റായി വികാസം പ്രാപിച്ചത്. കുടുംബശ്രീ സി.ഡി.എസ് മുഖാന്തരം ജില്ല മിഷന്റെ പിന്തുണ കൂടി ലഭിച്ചതോടെ കാര്യങ്ങൾ ഉഷാറായി.
കൊറോണയുടെ അടച്ചിടലിൽ ഉൾപ്പെടെ നിർമാണം മുടങ്ങിയില്ല. ഉത്സവാഘോഷങ്ങളിൽ വൈക്കത്തെ ചെണ്ടക്ക് വൻ ഡിമാൻഡാണ്. കർണാടകയിൽ ധർമസ്ഥല, ഉഡുപ്പി, മൂകാംബിക എന്നിവിടങ്ങളിലേക്കും ചെണ്ട കയറ്റിയയക്കുന്നു. പൊതുവിപണിയിൽ സൂപ്പർ മാർക്കറ്റുകളിൽ ഉൾപ്പെടെ ഇവരുടെ ഉൽപന്നം ലഭ്യമാണ്.
ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഒരു ഒത്തുതീർപ്പും ഇല്ലെന്ന് ശ്രീലക്ഷ്മി ഹാൻഡിക്രാഫ്റ്റ്സ് പറയുന്നു. വിവിധ പ്രദർശന വിപണന മേളകളിലേക്ക് ക്ഷണം ലഭിക്കാറുണ്ടെങ്കിലും ഉൽപന്നം എത്തിക്കാൻ കഴിയാത്ത വിധം ആവശ്യക്കാരുണ്ട്. ഒമ്പതിഞ്ച് മുതൽ 14 ഇഞ്ച് വരെ വ്യാസമുള്ള ചെണ്ടകൾ നിർമിക്കുന്നു. പ്രതിമാസം 800 ചെണ്ടകൾ വരെ നിർമിക്കുന്നുണ്ട്. വിതരണത്തിനായി പുതിയ വാഹനം വാങ്ങിയിട്ടുണ്ട്.
ചിലപ്പോഴൊക്കെ താൽപര്യമുള്ളവരെ കണ്ടെത്തി അവരുടെ വീടുകളിൽ ഇരുന്നുതന്നെ ചെണ്ട നിർമിച്ച് വാങ്ങാറുണ്ട്. പരിശീലിപ്പിക്കുന്നതിന്റെ പകുതിപ്പേരെ മാത്രമാണ് തൊഴിലെടുക്കാൻ ലഭിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിലേക്ക് ആളുകൾ കൂടുതൽ ആകർഷിക്കപ്പെട്ടതോടെയാണ് തൊഴിലാളികളുടെ ലഭ്യത കുറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.