നന്മണ്ട: കൂട്ടായ്മയുടെ കരുത്തിൽ ഒരു പതിറ്റാണ്ടിലേറെയായി കൃഷിയിടത്തിൽ വിജയഗാഥ രചിച്ച് മുന്നേറുകയാണ് നന്മണ്ടയിലെ അഞ്ച് സ്ത്രീ സുഹൃത്തുക്കൾ. 2010ലാണ് എം. അജിത, ടി.കെ. ഷൈനി, സി.പി. ശോഭന, സി. സുലോചന, പി. ശാന്ത എന്നിവർ കൃഷിയിലേക്കിറങ്ങുന്നത്. 14 വർഷങ്ങൾക്കിപ്പുറവും നന്മണ്ട കരുണാറാം സ്കൂളിനടുത്ത് കുറൂളിശ്ശേരിയിലെ പാട്ടത്തിനെടുത്ത ഒന്നര ഏക്കർ സ്ഥലത്ത് വിവിധയിനം കൃഷികളുമായി സജീവമാണ് ഹരിത സംഘകൃഷി എന്ന ഈ കൂട്ടായ്മ.
ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി, കപ്പ തുടങ്ങിയ ഇടവിളകളും വാഴകൃഷിയും നടത്തിവരുന്നു. ഓരോ സീസണിലും പച്ചക്കറികൃഷിയും ചെയ്യാറുണ്ട്. തികച്ചും ജൈവരീതിയിലുള്ള കൃഷിയായതിനാൽ വിളവെടുപ്പ് തുടങ്ങിയാൽ ആവശ്യക്കാർ ഏറെയുള്ളതായി ഇവർ പറയുന്നു. തുടക്കകാലങ്ങളിൽ കുടുംബശ്രീ സി.ഡി.എസിന്റെ സഹകരണത്തോടെ സബ്സിഡി ലോണും മറ്റുമെടുത്താണ് കൃഷി ചെയ്തത്. പിന്നീട് കൃഷിഭവന്റെ കർഷകക്കൂട്ടത്തിൽ രജിസ്ട്രേഷൻ നടത്തി. നിലവിൽ കൃഷിക്കാവശ്യമായ സഹായങ്ങളും നിർദേശങ്ങളുമായി കൃഷിഭവൻ ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലുമാണ് ഈ കൂട്ടായ്മ. കഠിനാധ്വാനവും ചെലവഴിക്കാൻ സമയവും ഉണ്ടെങ്കിൽ കൃഷി ഒരിക്കലും നഷ്ടത്തിലാവില്ലെന്നാണ് ഇവർ അനുഭവങ്ങളിൽ നിന്ന് സാക്ഷ്യപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.