വൈക്കം: പ്രായം ആഗ്രഹങ്ങള്‍ക്കും അഭിരുചികള്‍ക്കും തടസ്സമല്ലെന്ന് തെളിയിച്ച് 64ാം വയസ്സിൽ നൃത്തച്ചുവടുകൾ വെച്ച് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് സുലേഖ. ഞായറാഴ്ച രാത്രി ഒമ്പതിന് വൈക്കത്തഷ്ടമിയുടെ കലാവേദിയിലാണ് അരങ്ങേറ്റം. കേരള ഹൈകോടതിയില്‍ ഉദ്യോഗസ്ഥയായിരുന്ന സുലേഖ കൗതുകത്തിനാണ് നൃത്താധ്യാപികയായ ഗ്രേസി ശെല്‍വരാജിന്റെ ശിക്ഷണത്തില്‍ പഠനം തുടങ്ങിയത്.
നൃത്തത്തോടുള്ള അഭിനിവേശവും ഓഷോയുടെ ധ്യാനപരിശീലന ക്യാമ്പുകളില്‍ പങ്കെടുത്ത് നൃത്തം ചെയ്ത അനുഭവസമ്പത്തുമാണ് സുലേഖയെ ഈ രംഗത്തേക്കു നയിച്ചത്. സ്വാതന്ത്ര്യസമര സേനാനികളും കമ്യൂണിസ്റ്റുകാരുമായിരുന്ന കൂത്താട്ടുകുളം മേരിയുടെയും സി.എസ്. ജോര്‍ജിന്റെയും നാലുമക്കളില്‍ ഇളയവളാണ് സുലേഖ. മുന്‍ മന്ത്രി ബിനോയ് വിശ്വത്തിന്റെ ഭാര്യ ഷൈല, കേരള ഹൈകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് കെ. ബാലകൃഷ്ണന് നായരുടെ ഭാര്യ ഗിരിജ, ടെക്സ്റ്റൈല്‍സ് കോര്പറേഷന് മുൻ എം.ഡി എ.വി. രാജന്റെ ഭാര്യ ഐഷ എന്നിവർ സഹോദരിമാരാണ്. മലയാളത്തിലും ഇംഗ്ലീഷിലും കഥയും നോവലും എഴുതുന്ന സുലേഖ 'ബ്രസ്റ്റ് മില്‍ക്ക്' എന്ന ഇംഗ്ലീഷ് നോവല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിത്രകാരനും എഴുത്തുകാരനുമായ സ്വാമി ശൂന്യമാണ് ഭര്‍ത്താവ്. ഏക മകന് അനന്ത് സിംഗപ്പൂരില്‍ സോഫ്റ്റ് വെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നു. മരുമകള്‍ നീതു ഡോട്ട് ആര്‍ട്ടിസ്റ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.