മസ്കത്ത്: കഴിഞ്ഞ വർഷം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 166 മുങ്ങിമരണ കേസുകൾ. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 48.7ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. 2022ൽ 324 മുങ്ങിമരണങ്ങളായിരുന്നു രാജ്യത്ത് ഉണ്ടായത്. അതേസമയം, രാജ്യത്ത് ചൂട് കനത്തതോടെ പലരും പ്രകൃതിദത്ത നീരുറവകളിലേക്കും മറ്റ് തടാകങ്ങളിലേക്കും പോകുകയാണ്.
ഇത്തരം സ്ഥലങ്ങളിൽ നീന്താനും മറ്റും എത്തുന്നവർ സുരക്ഷ മാർഗനിർദേശങ്ങളും ജാഗ്രതയും പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും (സി.ഡി.എ.എ) മറ്റ് വിദഗ്ധരും അഭ്യർഥിച്ചു. കടലിലോ വാദിയിലോ കുട്ടികൾ നീന്തുമ്പോൾ അവരെ ജാഗ്രതയോടെ നിരീക്ഷിക്കുകയും മാതാപിതാക്കൾ കുട്ടികളെ നീന്തൽ നിയമങ്ങൾ പഠിപ്പിക്കേണ്ടതും ആവശ്യമാണ്. സുരക്ഷാ നടപടികളും കാലാവസ്ഥയും പരിശോധിക്കുകയും വേണം.
വാദികളിൽ നീന്തുമ്പോൾ ലൈഫ് ജാക്കറ്റ് ധരിക്കേണ്ടത് നിർബന്ധമാണ്. ശരിയായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ള പ്രശസ്തമായ ടൂറിസം കമ്പനികളിലൂടെ മാത്രം സാഹസിക യാത്രയിൽ പങ്കെടുക്കാൻ ശ്രദ്ധിക്കുകയും വേണമെന്ന് വിദഗ്ധർ പറയുന്നു. പത്ത് വയസ്സിന് താഴെയുള്ളവർ നീന്താനിറങ്ങുമ്പോൾ രക്ഷിതാക്കളും കൂടെ ഇറങ്ങണമെന്ന് മുങ്ങൽ പരിശീലകൻ ഖാലിദ് അൽ കൽബാനി പറഞ്ഞു. കുളങ്ങളിലായാലും തുറന്ന വെള്ളത്തിലായാലും ആത്മവിശ്വാസത്തോടെ നീന്താൻ കഴിയുമെന്ന് ഉറപ്പാക്കാൻ അവർക്കിത് സഹായകമാകും.
വേനൽകാലത്ത് രാജ്യത്ത് മുങ്ങിമരണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാറുള്ളതാണെന്ന് സി.ഡി.എ.എ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടാറുണ്ട്. കത്തുന്ന ചൂടിൽനിന്ന് ആശ്വാസം തേടി ആളുകൾ വാദികളും ബീച്ചുകളും പോലുള്ള ജലാശയങ്ങളിൽ നീന്തുകയും ഇത് വലിയ അപകടങ്ങളിലേക്ക് നയിക്കുകയുമാണ് ചെയ്യാറുള്ളത്.
നീന്തൽ വശമില്ലായ്മ, കാർഷിക കുളങ്ങൾ, അണക്കെട്ടുകൾ, അപകടകരമായ ജലാശയങ്ങൾ തുടങ്ങിയ അനധികൃത പ്രദേശങ്ങളിലെ നീന്തൽ, ഒന്നിലധികം മുങ്ങിമരണങ്ങളിലേക്ക് നയിക്കുന്ന അശ്രദ്ധമായ രക്ഷാപ്രവർത്തനങ്ങൾ എന്നിവയൊക്കെയാണ് മുങ്ങിമരണത്തിനിടയാക്കുന്ന പ്രധാന കാര്യങ്ങൾ. നീന്തുന്ന വേളയിൽ കുട്ടികളെ വേണ്ട രീതിയിൽ ശ്രദ്ധിക്കാതിരിക്കുക, മുന്നറിയിപ്പ് അടയാളങ്ങൾ അവഗണിക്കുക, വെള്ളത്തിന്റെ ഒഴുക്ക് പരിഗണിക്കാതെ വാദികൾ മുറിച്ചുകടക്കുക എന്നിവയും അപകടം വരുത്തുന്ന ഘടകങ്ങളാണെന്ന് അധികൃതർ അറിയിച്ചു.
അപകടം സംഭവിച്ചാൽ അടിയന്തര ആവശ്യങ്ങൾക്കായി 9999, 24343666 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.