ഇൻസ്റ്റയിലും യൂട്യൂബിലുമൊക്കെ കുറച്ച് കാലത്തിനിടെ ശ്രദ്ധ പിടിച്ചുപറ്റിയ, തസ്നീം താജിന്റെ വാതോരാതെയുള്ള ഒത്തിരി വാചകവും ഇത്തിരി പാചകവുമുള്ള ചാനൽ ചുരുങ്ങിയ കാലം കൊണ്ടാണ് ആളുകൾക്ക് പ്രിയപ്പെട്ടതായി മാറിയത്. ഒരു കഥ പറഞ്ഞുകൊണ്ട് പാചകം ചെയ്യുന്ന തസ്നീമിന്റെ വീഡിയോക്ക് ആരാധകരേറെയാണ്. ശരിക്കും ഓരോ വീഡിയോക്കും വേണ്ടി ആളുകൾ കാത്തിരിക്കുകയാണെന്ന് കമൻറുകളിൽ നിന്ന് വ്യക്തം. ഒരു ചായ ഉണ്ടാക്കാൻ പോലും തസ്നീമിന് വലിയൊരു കഥ പറയാനുണ്ട്. പണ്ട് പണ്ട് വളരെ കാലങ്ങൾക്ക് മുമ്പുള്ള കഥ. നൊസ്റ്റാൾജിയ അടിച്ച ഭക്ഷണങ്ങൾ ഒക്കെ അതേ കഥകൾ നിരത്തി രസകരമായി പറയും തസ്നീം. കൂട്ടത്തിൽ പാചക പരീക്ഷണങ്ങളും. ഇതിലൊക്കെ രസം ക്രിയേറ്റീവായി വീഡിയോകൾ ഷൂട്ട് ചെയ്യുന്നതാണ്.
തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ തസ്നീമിന്റെ സംസാരഭാഷ ഭർത്താവിന്റെ നാടായ മലപ്പുറം തിരൂർ ശൈലിയാണ്. കഴിഞ്ഞവർഷം എടുത്ത ഒരു തീരുമാനത്തിന്റെ പുറത്താണ് വീഡിയോ അപ്ലോഡ് ചെയ്ത് തുടങ്ങിയത്.
നാട്ടിൽ ഇൻഫോപാർക്കിൽ നാലുവർഷത്തോളം വർക്ക് ചെയ്തു തസ്നീം 2019ലാണ് യു.എ.ഇയിൽ എത്തുന്നത്. വരക്കുന്നത് ചെറുപ്പം മുതലേ ഇഷ്ടമുള്ള തസ്നീമിന് ഐ.ടി ഫീൽഡിൽ ഇനി തുടരാൻ താൽപര്യമില്ലായിരുന്നു. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണം എന്നുള്ള ചിന്തയായിരുന്നു. അങ്ങനെ കാമറയുടെ ബേസിക് മാത്രമറിയാവുന്ന തസ്നീം കാമറയിൽ തന്നെ പരീക്ഷണങ്ങൾ തുടങ്ങി.
ദുബൈയിൽ ഒരുപാട് ഇടത്ത് ക്രിയേറ്റിവ് അസിസ്റ്റന്റ് ജോലികൾ നോക്കിയെങ്കിലും അവർക്കെല്ലാം വേണ്ടത് എക്സ്പീരിയൻസ് ആയിരുന്നു. പിന്നീട് ഇവൻറസ് എക്സിബിഷൻ മാർക്കറ്റിങിൽ ദുബൈയിൽ ജോലി ചെയ്തിട്ടുണ്ട്. കുഞ്ഞൊക്കെയായ ശേഷം മൊത്തം ഒരു ഒറ്റപ്പെടലായിരുന്നെന്ന് തസ്നീം പറയുന്നു. ബോറടി മാറികിട്ടാൻ വീട്ടിൽ ചെടികൾ വാങ്ങിച്ചു. എല്ലാം മറികടക്കാനായി സുഹൃത്തുക്കളുടെ സഹായത്തോടെ കാമറ കൈകാര്യം ചെയ്യാനും പഠിച്ചു. വെറും 60 ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന അക്കൗണ്ട് അന്ന് തന്റെ സുഹൃത്തുക്കൾക്ക് പോലും അറിയില്ലായിരുന്നു. അങ്ങനെ ആദ്യമായി ഒരു ഓൺവോയിസ് വീഡിയോ ഇട്ടു. വാതോരാതെ സംസാരിക്കുന്ന വീഡിയോ ആളുകൾക്കും അങ്ങനെ ഇഷ്ടപ്പെട്ടു തുടങ്ങി. ആദ്യത്തെ വീഡിയോയിലെ അപാകതകൾ മനസ്സിലാക്കി വീണ്ടും ഓൺവോയിസ് വീഡിയോ ചെയ്തു തുടങ്ങി.
സ്വന്തമായി ഒരു അടുക്കള കൂടി കിട്ടിയപ്പോൾ, എന്തു ഭക്ഷണം കഴിക്കാൻ പൂതി വന്നാലും വീട്ടിൽ തന്നെ അങ്ങ് പരീക്ഷിക്കും. പിന്നീടങ്ങോട്ട് പരീക്ഷണങ്ങളോട് പരീക്ഷണങ്ങളായിരുന്നു. പെർഫെക്റ്റ് അല്ലാത്ത റെസിപ്പികളും കഥകളും തമാശയുമൊക്കെയായി അപ്ലോഡ് ചെയ്യും. അതും ആളുകൾക്ക് ഇഷ്ടപ്പെടുന്നുണ്ടെന്ന് മനസ്സിലായതോടെ ഫ്ലോപ്പായ റെസിപ്പികളും അടുത്ത തവണ ശരിയാക്കാം എന്ന് പറഞ്ഞ് പോസ്റ്റ് ചെയ്യും.
മോന്റെ ബർത്ത് ഡേക്കായി തസ്നീം ചെയ്ത ജങ്കിൾ തീം കേക്കും വെഡിങ് ആനിവേഴ്സറിക്ക് ഉണ്ടാക്കിയ കേക്കും ഒക്കെ സംസാരം കൂടിയായപ്പോൾ ഒന്നുകൂടെ രസകരമായി. അങ്ങനെ ഫോളോവെഴ്സും കൂടി തുടങ്ങി. കേക്കുകൾക്ക് ഓർഡറുകളും കിട്ടിത്തുടങ്ങി. കൂട്ടുകാർക്കിടയിൽ തള്ളിസ്റ്റ് എന്നറിയപ്പെടുന്ന തസ്നീം വാതോരാതെ സംസാരിക്കും, ഭർത്താവും അങ്ങനെതന്നെ.
കേക്കിലും വീഡിയോകളിലുമൊക്കെ സ്വന്തമായി എന്തെങ്കിലും ക്രീയേറ്റീവ് ആയി ചേർക്കും തസ്നീം. സ്ക്രിപ്റ്റ് എഴുതി വീഡിയോ ചെയ്തു തുടങ്ങിയപ്പോൾ അതിൽ എന്തോ ആർട്ടിഫിഷ്യലായി ഉള്ളതുപോലെ തോന്നി. അങ്ങനെ സാധാരണ സുഹൃത്തുക്കളോട് സംസാരിക്കുന്ന പോലെ വീഡിയോയിലും സംസാരിക്കാൻ തുടങ്ങി. ഓരോ വിഡിയോക്കും പറയാൻ കഥകൾ ഏറെയുണ്ടാകും. വളരെ പതിയെ സമയമെടുത്ത് ആണ് തസ്നീം ഓരോ വീഡിയോയും ചെയ്യുന്നത്. എല്ലാത്തിനും ഭർത്താവ് മുഹമ്മദ് നൗഫലിന്റെ സപ്പോട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.