എന്തും ക്യാൻവാസ് ആക്കുന്നവരാണ് ചിത്രകാരന്മാർ. എന്നാൽ വസ്ത്രങ്ങൾ ക്യാൻവാസ് ആക്കി മനോഹര വരകൾ തീർക്കുന്ന ഒരു കലാകാരിയുണ്ട് ദുബൈയിൽ. ശിൽപങ്ങൾ കൊത്തിവെച്ച പോലെ വസ്ത്രങ്ങളിൽ വിസ്മയം തീർക്കുന്ന ധന്യ. രാധയും കൃഷ്ണനും, കഥകളിയും, ശ്രീബുദ്ധനും ഒക്കെ ധന്യയുടെ ക്യാൻവാസിൽ വിരിഞ്ഞിട്ടുണ്ട്. എല്ലാ ചിത്രങ്ങളും കേരളീയത വിളിച്ചോതുന്നവയാണ്. 2008 മുതൽ ദുബൈയിലുള്ള ധന്യ കോവിഡ് കാലത്താണ് പെയിൻറിങ് ചെയ്തു തുടങ്ങുന്നത്.
കലക്കും സംസ്കാരത്തിനുമൊക്കെ വളരെ പ്രാധാന്യം നൽകുന്ന നാടായ കോട്ടക്കലിലാണ് ധന്യ പഠിച്ചതും വളർന്നതുമൊക്കെ. മ്യൂറൽ പൈന്റിങ്ങിന് പേരുകേട്ട ഒരു ക്ഷേത്രമായ വെങ്കിട്ടതേവർ ക്ഷേത്രമുള്ള കോട്ടക്കൽ. മാത്‍സ് ബിരുദധാരിയായ ധന്യക്ക് ഡിസൈനിങ്ങിനോട് ചെറുപ്പം മുതലേ താത്പര്യമുണ്ടായിരുന്നു. എന്നാൽ അന്ന് താനൊരു കലാകാരിയാവുമെന്ന് നിനച്ചിട്ടുമില്ല. അന്ന് ഡാൻസിനോടായിരുന്നു കമ്പം. പല കലാകാരന്മാരെയും പോലെ കോവിഡ് കാലമാണ് ധന്യയുടെ ഉള്ളിലുള്ള ചിത്രകാരിയെ പുറത്ത് കൊണ്ട് വന്നത്. ഒരിക്കൽ മകൾ വരക്കുന്ന ക്യാൻവാസിൽ വരച്ചു തുടങ്ങിയതോടെ ചിത്രരചനയോട് ചെറുതല്ലാത്തൊരു ഇഷ്ടവും തോന്നി. അങ്ങനെ പല തരം പെയിന്റിങ്ങുകൾ ധന്യയുടെ ക്യാൻവാസിൽ വിരിഞ്ഞു. അതിൽ തനിക്കേറ്റവും ഇഷ്ടമുള്ള മ്യൂറൽ പെയിന്റിങ് തന്നെ അധികവും പരീക്ഷിച്ചത്.
പിന്നീട് ചിത്രകാരൻ ശ്രീനാഥിന് കീഴിൽ ചിത്രരചന ഓൺലൈനായി അഭ്യസിച്ചു. ഓഫ്‌ലൈനായും ചിത്രരചന പഠിക്കാനുള്ള ആഗ്രഹത്തിൽ ദുബൈയിൽ പ്രമുഖ ചിത്രകാരൻ ഹരിഹരൻ സ്വസ്തികിന്റെ കീഴിൽ മ്യൂറൽ പെയിന്റിങ് അഭ്യസിച്ചു. അതിനൊപ്പം ഫാബ്രിക് പെയിന്റിങ്ങും പഠിച്ചെടുത്തു. പണ്ടുമുതലേ ഫാഷൻ ഡിസൈനിങ്ങിനോട് തനിക്കുണ്ടായിരുന്ന ഇഷ്ടം കൊണ്ട് വസ്ത്രത്തിൽ മ്യൂറൽ പെയിന്റിങ് ചെയ്ത് തുടങ്ങി.
ഇൻസ്റ്റഗ്രാമിൽ ധന്യ മ്യൂറൽസ് എന്നൊരു പേജും തുടങ്ങി. ആദ്യം വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ ഓർഡറുകൾ തന്നു. പിന്നീട്ട് പുറത്തു നിന്നുള്ള ഓർഡറുകളും ഇൻസ്റ്റഗ്രാം വഴിലഭിച്ചു തുടങ്ങി. ഒപ്പം നല്ല അഭിപ്രായവും. ഗർഭിണിയായ സമയത്ത് പെയിന്റിങ്ങിൽ നിന്ന് ചെറിയൊരു ബ്രേക്ക് എടുത്തെങ്കിലും പൂർവാധികം ശക്തിയോടെ ധന്യ തിരിച്ചെത്തി. ആ വർഷമായിരുന്നു ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന വേൾഡ് ആർട് 2024ൽ തന്റെ സാന്നിധ്യമറിയിച്ചത്.
ഗുരുനാഥൻ ഹരിഹരൻ മാഷിന്റെ പിന്തുണയും ധന്യക്കുണ്ടായിരുന്നു. വേൾഡ് ആർട്ടിൽ പങ്കെടുക്കാനായത് തന്റെ പെയിന്റിങ് കരിയറിലെ പുതിയ ചവിട്ടുപടിയായാണ് ധന്യ കാണുന്നത്. അതിനു ശേഷം മ്യൂറൽ പെയിന്റിങ്ങിന് നിരവധി ഓർഡറുകളും ലഭിക്കുന്നുണ്ട്.
ട്രഡീഷണൽ വസ്ത്രങ്ങളിൽ ധന്യ ചെയ്ത ഓരോ ചിത്രങ്ങളും ആരായാലും ഒന്ന് അതിശയത്തോടെ നോക്കിയിരുന്നു പോകും. ദുബൈയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന ഭർത്താവ് സുമേഷ് കൃഷ്ണയുടെ പൂർണ്ണ പിന്തുണയും ധന്യക്കുണ്ട്. ഇനിയും പെയിന്റിങിനെ കുറിച്ച് കൂടുതൽ പഠിക്കണമെന്നതാണ് ധന്യയുടെ അടുത്ത ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.