മരണമുഖത്തുനിന്ന് മടങ്ങിയെത്തിയ ഹസീന ഇന്ന് 13ലധികം കുടുംബങ്ങളുടെ ജീവിതംകൂടിയാണ് കരുപ്പിടിപ്പിക്കുന്നത്. വാഹനാപകടത്തെ തുടർന്ന് തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയക്ക് വിധേയമായതിനെ തുടർന്ന് ഇടക്കെല്ലാം ഓർമ നഷ്ടപ്പെടുമെങ്കിലും ജീവിതവിജയം നെയ്യുന്നതിനൊപ്പം മറ്റുള്ളവരെകൂടി ഒപ്പം ചേർത്തുപിടിക്കുകയാണ് ഇവർ.
പഞ്ചായത്ത് 15ാം വാർഡ് തെക്കേവെളിയിൽ ഭർത്താവ് നജീമിനും മാതാവ് ഐഷക്കുമൊപ്പം വാടകവീട്ടിലാണ് താമസം. മണ്ണഞ്ചേരി സി.ഡി.എസിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന മൈ ഡ്രീംസ് ക്രാഡിൽ എന്ന തൊഴിൽ സംരംഭത്തിലൂടെയാണ് ഈ 40കാരി ജീവിതം കരുപ്പിടിപ്പിക്കുന്നത്. ബേബി ക്രാഡിൽ, കിങ് ചെയർ, ബേബി ആർ.എഫ്, ഹാമക്ക് തുടങ്ങി ഏഴോളം മോഡലുകളിൽ ഇവിടെ തൊട്ടിലുകളും ഊഞ്ഞാലുകളും നിർമിക്കുന്നു.
12 വർഷം മുമ്പ് ഭർത്താവ് നജീമിനൊപ്പം ബൈക്കിൽ പോകുമ്പോൾ ഓച്ചിറയിലായിരുന്നു അപകടം. ഹസീനക്ക് സങ്കീർണ ശസ്ത്രക്രിയയിലൂടെ ജീവൻ തിരിച്ചുകിട്ടിയെങ്കിലും ഇപ്പോഴും ഇടക്കൊക്കെ ഓർമ നഷ്ടപ്പെടും. ഭർത്താവ് നജീമിനും അപകടത്തിന്റെ അവശതകളുണ്ട്.
വിവിധയിനം തൊട്ടിലും ഊഞ്ഞാലുമൊക്കെ വണ്ടിയിൽ കടകളിൽ എത്തിച്ചാണ് സെയിൽസ്മാനായ നജീം കുടുംബംപോറ്റിയിരുന്നത്. നാലുവർഷം മുമ്പ് ഹസീന ഒരുകെട്ട് ചൂരൽ വാങ്ങി വീട്ടിൽവെച്ച് തൊട്ടിൽ സ്വന്തമായി തയാറാക്കി. കൂടുതൽ കാര്യങ്ങൾ കൂട്ടുകാരിയിൽനിന്ന് പഠിച്ച ശേഷം സംരംഭം വിപുലപ്പെടുത്തി. നൈലോൺ നൂൽ കോയമ്പത്തൂരിൽനിന്നും ചൂരൽ കുറുപ്പന്തറയിൽനിന്നുമാണ് കൊണ്ടുവരുന്നത്.
67 വയസ്സുള്ള ഐഷാബീവി, ജമീല, ലത, ജയശ്രീ, നാഫിയ, സുബൈദ, നീതു, നാസില, ഫൗസിയ, മാളു, കുഞ്ഞുമോൾ, സബീന, ദീപ തുടങ്ങിയവർ ഹസീനക്കൊപ്പം ജോലി ചെയ്യുന്നുണ്ട്. എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ മൈ ഡ്രീംസ് ക്രാഡിൽ ഉൽപന്നങ്ങൾ ലഭ്യമാണ്.
കുട്ടികളുടെ ജന്മദിനം, ഗൃഹപ്രവേശനം തുടങ്ങിയവക്ക് സമ്മാനിക്കാൻ ഹസീനയുടെ വീട്ടിലെത്തിയും ആളുകൾ ഇവ വാങ്ങാറുണ്ട്. കൂടുതൽ പേർക്ക് തൊഴിൽ നൽകണമെന്ന് ആഗ്രഹത്തിന് സാമ്പത്തികം തടസ്സമാണ്. കുടുംബശ്രീയുടെയും വനിത വികസന കോർപറേഷന്റെയും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.