ബഹ്റൈൻ: അഭിനയ വേദികളിൽ പ്രേക്ഷക ഹൃദയം കീഴടക്കി വാഴുന്ന ഒരു താരമുണ്ട് ബഹ്റൈനിൽ. രാജ്യത്ത് നടക്കുന്ന പ്രധാന മലയാള നാടകങ്ങളിലെ നിറസാന്നിധ്യമായ വിജിന സന്തോഷ്. കഴിഞ്ഞ ദിവസം ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ നടത്തിയ ‘ചെമ്മീൻ’ നാടകത്തിൽ ‘കറുത്തമ്മ’യായി വേഷമിട്ട് ഉജ്ജ്വല നടനം കാഴ്ചവെച്ച വിജിന കോഴിക്കോട് വടകര സ്വദേശിനിയാണ്. തകഴി ശിവശങ്കരപ്പിള്ളയുടെ വിശ്വപ്രസിദ്ധമായ ഈ കഥാപാത്രത്തെ അരങ്ങിൽ അവിസ്മരണീയമാക്കി വിജിന സദസ്സിനെ കൈയിലെടുത്തു.
പത്തുവർഷം മുമ്പ് കാവാലം നാരായണപ്പണിക്കർ ബഹ്റൈൻ കേരളീയ സമാജത്തിൽ വന്ന് സംവിധാനം ചെയ്ത് അവതരിപ്പിച്ച ‘ഭഗവദജ്ജുകം’ നാടകത്തിലൂടെയാണ് വിജിനയുടെ അരങ്ങേറ്റം. ബഹ്റൈനിലെ സ്വകാര്യ സ്കൂൾ അധ്യാപികയായ വിജിന ഓഡിഷനിലൂടെയാണ് നാടകത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് പിന്തിരിഞ്ഞുനോക്കേണ്ടിവന്നില്ല. കഴിഞ്ഞ പത്തു വർഷത്തിനിടെ ഒരു വാക്കിനുമപ്പുറം, യെർമ, സമയമായോ സഖി, അമ്മ, പൂവൻ കോഴി തുടങ്ങി നിരവധി നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു.
ഒട്ടനവധി പുരസ്കാരങ്ങളും തേടിവന്നു. ബഹ്റൈൻ കേരളീയ സമാജത്തിലും പുരോഗമന കലാസാഹിത്യ കൂട്ടായ്മയായ പ്രതിഭയിലും അംഗമായ വിജിന സമാജത്തിന്റെ സ്കൂൾ ഓഫ് ഡ്രാമയിലെയും ഫിലിം ക്ലബിലെയും സജീവ പ്രവർത്തകയാണ്. 2017ൽ പ്രതിഭ നടത്തിയ നാടകമേളയിൽ വിജിന സംവിധാനം ചെയ്ത ‘ജിനാഫറിനും പൂമ്പാറ്റയും’ എന്ന നാടകം അവതരിപ്പിച്ചിരുന്നു. ഷായാദ് എന്ന ഷോർട്ട് ഫിലിമിലും ‘മദീനയുടെ മുഅദ്ദിൻ’ എന്ന ആൽബത്തിലും അഭിനയിച്ചിട്ടുണ്ട്. ബഹ്റൈനിൽ ചിത്രീകരിച്ച ടി.വി. ചന്ദ്രന്റെ സിനിമ ‘മോഹവലയ’ത്തിലും അഭിനയിച്ചു.
കോവിഡ് അടച്ചുപൂട്ടലിനുശേഷം ബഹ്റൈനിലെ കലാ സാംസ്കാരിക രംഗം സജീവമായപ്പോൾ പ്രതിഭ നടത്തിയ നാലു നാടകങ്ങളിൽ സാംകുട്ടി പട്ടംകരി മഹാഭാരതകഥയെ ആസ്പദമാക്കി സംവിധാനം ചെയ്ത ‘അയനകാണ്ഡം’ നാടകത്തിൽ കുന്തിയെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടി. അയനകാണ്ഡത്തിൽ പട്ടംകരിയോടൊപ്പം സഹസംവിധായികയായി പ്രവർത്തിക്കുകയും ചെയ്തു.
കോവിഡിന് തൊട്ടുമുമ്പ് നടന്ന എൻ.എൻ. പിള്ള അനുസ്മരണ നാടക മത്സരത്തിൽ ‘ഫാസ്റ്റ് പാസഞ്ചർ’ എന്ന നാടകത്തിലെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളീയ സമാജം നടത്തിയ നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകമത്സരത്തിൽ ‘ഉടൽ മുറിവ് ’ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട വിജിന 24 ഫ്രെയിം റീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഷാജൂൺ കാര്യാൽ ബഹ്റൈനിൽ നടത്തിയ ഫിലിം ആക്ടിങ് വർക്ക്ഷോപ്പിലും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മൈക്രോ ഡ്രാമ മത്സരത്തിൽ മോഹൻരാജ് സംവിധാനം ചെയ്ത ‘ഉം’ എന്ന നാടകത്തിലും മികച്ച നടിയായി. ശ്രീലക്ഷ്മി ഗീതാനന്ദന്റെ കീഴിൽ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം നടത്തിയ വിജിന പ്രശസ്ത നർത്തകി വിദ്യശ്രീയുടെ കീഴിൽ നൃത്തം അഭ്യസിച്ചിട്ടുമുണ്ട്. അൽമൊയ്ദ് എയർ കണ്ടീഷനിങ് കമ്പനിയിൽ ജോലി ചെയ്യുന്ന സന്തോഷാണ് ഭർത്താവ്. വിദ്യാർഥികളായ വൈഷ്ണവ്, വൈഷ്ണവി എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.