കണ്ണൂർ: അവസരങ്ങൾക്ക് അതിരുകളില്ലെന്ന് തെളിയിക്കാൻ മാത്രമാണ് അനുശ്രീ കടൽകടക്കാനൊരുങ്ങുന്നത്. ശാസ്ത്രമേഖലയിലെ അതിവിശിഷ്ടമായ മേരി ക്യൂറി ഫെലോഷിപ്പ് നേടിയാണ് യാത്ര. ബിരുദവും ബിരുദാനന്തര ബിരുദവും നേടി വീടകങ്ങളിലും നാട്ടിലും ഒതുങ്ങിക്കൂടാതെ വിശാലമായ ആകാശത്തിലേക്ക് പെൺകുട്ടികൾ പറക്കണമെന്ന് പറയുമ്പോൾ സ്വപ്രയത്നം തന്നെയാണ് മാതൃക. ശാസ്ത്രലോകത്ത് ആരും എത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന സർവകലാശാലകളിലെ ശാസ്ത്രജ്ഞരുമായി അത്യാധുനിക ഗവേഷണത്തെക്കുറിച്ച് അവൾ ചർച്ച ചെയ്യും. തിയററ്റിക്കൽ കണ്ടൻസ്ഡ് മാറ്റർ ഫിസിക്സിൽ പുതിയ ലോകങ്ങൾ തേടും. ഫെറോ മാഗ്നറ്റിക് മെറ്റീരിയൽസിലെ മാഗ്നറ്റിക് പ്രോപെർട്ടീസിനേക്കുറിച്ചും അതിന്റെ കമ്പ്യൂട്ടേഷനൽ ആപ്ലിക്കേഷനുകളെ കുറിച്ചും പ്രബന്ധങ്ങൾ രചിക്കും.
കണ്ണൂരിലെ ഒരു ഗ്രാമത്തിൽ മലയാളം മീഡിയം സ്കൂളിൽ പഠിച്ച സാധാരണക്കാരിയായ വിദ്യാർഥിനിക്ക് ഇതൊക്കെ സാധിക്കുമെങ്കിൽ ആർക്കും ഇതൊന്നുമൊരു കടമ്പയായിരിക്കില്ലെന്നാണ് അനുശ്രീയുടെ പക്ഷം. ഗ്രീസിലെ ക്രെറ്റെ സർവകലാശാലയിൽ തിയററ്റിക്കൽ കണ്ടൻസ്ഡ് മാറ്റർ ഫിസിക്സിൽ നാലുവർഷം ഗവേഷണം നടത്തുന്നതിന് ഒരുകോടി രൂപയുടെ (1.21 ലക്ഷം യൂറോ) ഫെലോഷിപ്പ് നേടിയാണ് അനുശ്രീ മേയ് ഒന്നിന് യാത്രതിരിക്കുന്നത്. ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് അനുശ്രീയുടെ പ്രാഥമികപഠനം. തിരുവങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടുവും ഗവ. ബ്രണ്ണൻ കോളജിൽനിന്ന് ഫിസിക്സിൽ ബിരുദവും നേടി. കണ്ണൂർ എസ്.എൻ കോളജിൽനിന്ന് ബിരുദാനന്തര ബിരുദം നേടി ഗവേഷണത്തിന് ജെ.ആർ.എഫും നേടിയ ശേഷമാണ് മേരി ക്യൂറി ഫെലോഷിപ്പിന് അർഹയായത്.
കേരള തിയററ്റിക്കൽ ഫിസിക്സ് ഇനീഷ്യേറ്റീവ് (കെ.ടി.പി.ഐ) സംഘടിപ്പിച്ച ആക്ടീവ് റിസർച്ച് ട്രെയിനിങ് പ്രോഗ്രാമിൽ ബിരുദാനന്തരബിരുദ ഗവേഷണം ചെയ്യാൻ കേരളത്തിൽനിന്ന് 20 കുട്ടികളെ തെരഞ്ഞെടുത്തിരുന്നു. അതിൽ കണ്ണൂർ സർവകലാശാലയിൽനിന്ന് അനുശ്രീ മാത്രമാണ് ഉണ്ടായത്. എം.ജി. സർവകലാശാല സ്കൂൾ ഓഫ് അപ്ലൈഡ് ഫിസിക്സിലെ അസി. പ്രഫസർ ഡോ. രഞ്ജൻ രാജൻ ജോണായിരുന്നു ഗവേഷണ ഗൈഡ്. അദ്ദേഹമാണ് വിദേശ സർവകലാശാലയിലെ വിശാലമായ അവസരങ്ങളെകുറിച്ചും ഫെല്ലോഷിപ്പുകളെകുറിച്ചും പറഞ്ഞത്. പിന്നീട് ഓൺലൈനായി വിവിധ ഫെല്ലോഷിപ്പുകളെകുറിച്ചും സർവകലാശാലകളെ കുറിച്ചും മനസിലാക്കി അപേക്ഷിച്ചു. കെ.എസ്.ആർ.ടി.സി കാസർകോട് ഡിപ്പോയിലെ ഡ്രൈവർ ചമ്പാട് രാമനിലയത്തിൽ കനകരാജും രാധികയും മകളുടെ സ്വപ്നങ്ങൾക്ക് നിറംപകരാൻ കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.