കച്ചവടത്തിൽ സ്ത്രീകളുടെ മേൽനോട്ടവും സാന്നിധ്യവും പുതുമയല്ലയിന്ന്. അരനൂറ്റാണ്ടിന് മുമ്പത് സാഹസികത നിറഞ്ഞതായിരുന്നു. സ്ത്രീകൾ കൈവെക്കാത്ത കച്ചവട മേഖലയിൽ ഒരുകൈ നോക്കി വിജയിച്ച കഥയാണ് കീഴ്മാടം മേനപ്രത്തെ കൂടത്തിൽ താഴെ കുനിയിൽ നാണിയെന്ന 77കാരിയുടേത്. ഭർത്താവ് പരേതനായ വി.പി. കുമാരനോടൊപ്പമാണ് 55 വർഷം മുമ്പ് ചായക്കട തുടങ്ങിയത്.
30 വർഷം മുമ്പ് കുമാരൻ മരണപ്പെട്ടതോടെ കട നടത്തിപ്പിന്റെ ചുമതല പൂർണമായും ഇവരുടെ ചുമലിലായി. പിന്നീട് ചായക്കച്ചവടം മതിയാക്കി സ്റ്റേഷനറിയിലേക്ക് മാറി. നാട്ടുകാരുടെ നല്ല സഹകരണമുണ്ടായതു കൊണ്ടാണ് സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും തന്റെ വ്യാപാരം പിടിച്ചു നിന്നതെന്ന് നാണിയേടത്തി സാക്ഷ്യപ്പെടുത്തുന്നു.
അതി രാവിലെ തലശ്ശേരി മാർക്കറ്റിൽ പോയി കടയിലേക്കുള്ള സാധനങ്ങൾ കൊണ്ടുവരും. ഭർത്താവിന്റെ മരണത്തിന് ശേഷം രണ്ട് പെൺമക്കൾ മാത്രമുള്ള കുടുംബത്തിന്റെ ജീവിതഭാരം മുഴുവൻ നാണിയേടത്തിയുടെ ചുമലിലായി.
ഭർത്താവിന്റെ മരണത്തിന് മുമ്പ് മൂത്ത മകൾ പ്രസീതയുടെ വിവാഹം കഴിഞ്ഞിരുന്നു. ഇളയ മകൾ പ്രസന്നയുടെ വിവാഹം നടത്തിയത് നാണിയേടത്തിയാണ്. നിർദിഷ്ട കുറ്റ്യാടി - മട്ടന്നൂർ വിമാനത്താവള പാതക്കായി നടത്തിയ അലൈൻമെന്റിൽ ഉൾപ്പെട്ടതിനാൽ തന്റെ കട നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കീഴ്മാടത്തുകാരുടെ സ്വന്തം നാണിയേടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.