മനോധൈര്യവും കഠിനാധ്വാനവും ഉൾക്കരുത്തും കൊണ്ട് ജീവിത പ്രതിസന്ധികളെ തകർത്തെറിഞ്ഞ് പുത്തൻ പ്രതീക്ഷയിലേക്ക് വന്ന ഒരുകൂട്ടം വനിതകളെ പരിചയപ്പെടാം...വനിത ദിനത്തിൽ മാത്രമല്ല, എന്നും ഇവർ നാടിന്റെ പ്രചോദകരാണ്...
മനോധൈര്യം =ഐഫ ഷാഹിന
കൂറ്റനാട്: ഐഫ ഷാഹിനക്ക് അഭിനന്ദന പ്രവാഹമാണ്. സ്വജീവന്‍ പോലും വകവെക്കാതെ ആപ്പത്തുഘട്ടത്തില് കാണിച്ച മനോധൈര്യത്തെ എല്ലാവരും പ്രശംസിക്കുകയാണ്. കോളജില്‍നിന്ന് അവധിക്കെത്തിയ ഐഫ ഉറക്കത്തിനിടെ പുറത്ത് ബഹളംകേട്ടു. കളിച്ചുകൊണ്ടിരുന്ന പൊന്നോമന കിണറ്റില്‍ വീണതിന്റെ നിലവിളി. ഒന്നും ആലോചിച്ചില്ല ആഴമുള്ള കിണറ്റിലേക്ക് എടുത്തൊരുചാട്ടം.
മുങ്ങിതാഴ്ന്ന കുരുന്നിനെയും കൈയില്‍ പിടിച്ച് രക്ഷകരെത്തുന്നതുവരെ നീന്തി വെള്ളത്തിന് മുകളില്‍ പിടിച്ചുനിന്നു. നാഗലശ്ശേരി വാവന്നൂർ മണിയാറത്ത് വീട്ടിൽ മുഹമ്മദാലിയുടെ മകളും കോഴിക്കോട് ഫാറൂഖ് കോളജിലെ എം.ബി.എ വിദ്യാർഥിനിയുമാണ് ഐഷ. സഹോദരി ഐഷ ഷാഹിനയുടെ ഒരു വയസ്സുകാരൻ മകൻ മുഹമ്മദ് ഹിസാം തഹാനെയാണ് കളിച്ചുകൊണ്ടിരിക്കെ അബന്ധത്തില്‍ കിണറ്റില്‍ വീണത്. തുടര്‍ന്ന് നാട്ടുകാരായ ഹമിദും അബ്ബാസും ചാലിശ്ശേരി പൊലീസും പട്ടാമ്പി ഫയർ യൂനിറ്റും ചേർന്ന് ഇരുവരെയും കിണറിൽനിന്ന് രക്ഷപ്പെടുത്തി. സംഭവത്തില്‍ ഐഫയുടെ കാലിന് ചെറിയൊരു മുറിപറ്റിയതൊഴിച്ചാല് മറ്റു പരിക്കുകളില്ല.
ഇച്ഛാശക്തിയുടെ വളയം പിടിച്ച് ബര്‍ക്കത്ത് നിഷ
കൂറ്റനാട്: സ്ത്രീ സ്വാതന്ത്ര്യം അടിച്ചമര്ത്തപ്പെടുന്നതാണെന്നും അതിനായി പോരാട്ടം വേണമെന്നും പറയുന്നവരുടെ മുന്നില്‍ അതെല്ലാം മിഥ്യയാണെന്ന് തെളിയിക്കുകയാണ് ബര്‍ക്കത്ത് നിഷ എന്ന 27കാരി. ഇച്ഛാശക്തിയുണ്ടങ്കില്‍ ലക്ഷ്യം കൈവരിക്കാന്‍ ഒന്നും തടസ്സമിെല്ലന്ന് മറ്റുള്ള സഹോദരിമാര്‍ക്ക് മാതൃക കാണിക്കുകയാണ് ഇവര്‍. ഉള്‍കരുത്തോടെ വളയം പിടിച്ച് ശേഷിക്കുന്ന ജീവിതം മുന്നോട്ടുകൊണ്ടുപോകുകയാണിപ്പോള് ബര്‍ക്കത്ത്. ബാല്യകാലത്തുതന്നെ വാഹനങ്ങളുടെ തോഴിയായാണ് ജീവിതത്തിലെ വലിയ ലക്ഷ്യത്തിലേക്ക് നീങ്ങിത്തുടങ്ങിയത്.
14ാം വയസ്സില്‍ സഹോദരന്റെ ബൈക്കുകളോടിച്ചാണ് കൈതഴക്കം. പിന്നീടങ്ങോട്ട് ഓട്ടോയും കാറും ലോറിയും ബസും വരെ ബര്ക്കത്തിന് വഴങ്ങി. ഹെവി ലൈസന്സുവരെ കരസ്ഥമാക്കി. ടാങ്കര്‍ലോറി ഓടിക്കാനുള്ള ലൈസൻസും നേടി. ആദ്യമൊക്കെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും പിന്നീട് ബര്‍ക്കത്തിന്റെ മിടുക്ക് അറിഞ്ഞതോടെ എല്ലാവര്ക്കും താൽപര്യമായി. ഇപ്പോള്‍ മലപ്പുറം ജില്ലയിലെ പെട്രോള്‍ ഏജൻസിയുടെ ടാങ്കര്‍ലോറിയില്‍ ഡ്രൈവറായി പോകുകയാണ്. രാവിലെ ഏഴര മുതല്‍ ആരംഭിച്ച് വൈകീട്ട് ഏഴുവരെയാണ് ജോലി. നാഗലശ്ശേരി പഞ്ചായത്തിലെ കിളിമുക്ക് സ്വദേശിനിയാണ് ബര്‍ക്കത്ത് നിഷ. വിവാഹമോചിതയും അഞ്ച് വയസ്സുള്ള കുട്ടിയുടെ മാതാവുമാണ്. സഹോദരന് നിഷാദ് ഹെവി വാഹനത്തിന്റെ ഡ്രൈവറാണ്. സര്‍ക്കാര്‍ കീഴില്‍ വനിത ഡ്രൈവര്‍ തസ്തിക സൃഷ്ടിച്ചാൽ തന്നെ പോലുള്ള നിരവധി സ്ത്രീകൾക്ക് അത് ഉപകാരമാകുമെന്ന് ബർക്കത്ത് നിഷ 'മാധ്യമ'ത്തോട് പറഞ്ഞു. ഇതിനായി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്. നിവേദനം പൊതുമരാമത്ത് വകുപ്പിന് കൈമാറിയതായി അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും സർക്കാർ ഉറപ്പിൽ പ്രതീക്ഷയുണ്ടെന്നും അവർ പറഞ്ഞു.
ജസീന്തയുടെ കത്തിൽ ആയിഷയുടെ കുതിപ്പ്
പട്ടാമ്പി: I am a normal house wife... വേറിട്ട പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയയായ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേന് പട്ടാമ്പിക്കാരിയായ ആയിഷ ഷെമീർ എഴുതിയ കത്തിലെ ആദ്യ വരി ഇങ്ങനെയായിരുന്നു. ''സാധാരണ സ്ത്രീ എന്നൊന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല, ഓരോ സ്ത്രീയും പ്രത്യേകതയുള്ളവളാണ്''- തികച്ചും അപ്രതീക്ഷിതമായി ന്യൂസിലൻഡിൽനിന്ന് കിട്ടിയ മറുപടിയിലൂടെ വളർന്നത് ഭരണാധികാരിയും സാധാരണക്കാരിയും തമ്മിലുള്ള സൗഹൃദം മാത്രമായിരുന്നില്ല. കൊടലൂരിലെ കൊട്ടാരം വീടിന്റെ ചുമരുകൾക്കുള്ളിൽനിന്ന് സ്വതന്ത്രയായി നാടിന്റെ മനസ്സു കീഴടക്കാൻ കൂടിയായിരുന്നു.
ചെറുപ്രായത്തിൽ വീട്ടമ്മയും കുടുംബിനിയുമായ പെൺകുട്ടി ജീവിതംകൊണ്ട് സമൂഹത്തിന് നൽകിയ സന്ദേശം കൊടലൂർ എന്ന ഗ്രാമത്തെ ലോകത്തോളം വളർത്തി. സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ വിവാഹിതയായ ആയിഷ, മൂന്നു മക്കളുടെ മാതാവാണ്. പഠനത്തോടുള്ള അത്യഗാധമായ താൽപപര്യത്തിന് ഭർത്താവ് ഷമീർ നൽകിയ ഉറച്ച പിന്തുണയിൽ ആയിഷ ഇംഗ്ലീഷ് സാഹിത്യ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണിന്ന്. സ്വകാര്യ പഠനത്തിലൂടെ ബിരുദം നേടി, ഭാരതീയാർ യൂനിവേഴ്സിറ്റിയുടെ എം.എ വിദൂര പഠനത്തിലാണ്. ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ സ്ത്രീശാക്തീകരണ പ്രവർത്തനത്തിൽ മതിപ്പു രേഖപ്പെടുത്തി അയച്ച കത്താണ് ആയിഷയുടെ ജീവിതത്തിലെ വഴിത്തിരിവ്. കത്തുകളിൽനിന്ന് തനിക്ക് ലഭിച്ചത് സാമൂഹിക പ്രവർത്തനത്തിന്റെ ഊർജമാണെന്ന് തിരിച്ചറിഞ്ഞ ആയിഷ, വായിച്ചും വായിപ്പിച്ചും ജനമനസ്സിൽ സ്ഥാനമുറപ്പിക്കുകയാണ്. വായിച്ചു വളരാനും തിരിച്ചറിവും തീരുമാനങ്ങളെടുക്കാനുള്ള പ്രാപ്തി കൈവരിക്കാനും നല്ല പുസ്തകങ്ങൾ വായിച്ചേ തീരൂ എന്ന ബോധ്യത്തിൽ വീട് വായനശാലയായി മാറ്റിയിരിക്കുകയാണ് ഇവർ.
വീടിന്റെ മട്ടുപ്പാവിൽ സജ്ജീകരിച്ച ഗ്രന്ഥാലയത്തിൽ അയ്യായിരത്തോളം പുസ്തകങ്ങളുണ്ട്. സ്ത്രീകളും കുട്ടികളുമായി നൂറിലേറെപ്പേർ സ്ഥിരമായി പുസ്തകങ്ങളെടുക്കാൻ എത്തുന്നു. മക്കൾക്കാണ് പുസ്തക വിതരണച്ചുമതല. കുട്ടികൾക്കായി ആഴ്ചതോറും മത്സരങ്ങൾ നടത്തി വായന പ്രോത്സാഹനവും നൽകുന്നു.
ഒറ്റപ്പാലം പഴയ ലക്കിടി പരേതനായ റഫീഖിന്റെയും റുഖിയയുടെയും മകളാണ് ആയിഷ. എഴുത്തിലും ചിത്രരചനയിലും പഠനകാലത്ത് താൽപര്യമുണ്ടായിരുന്നു. വല്യുപ്പക്ക് പതിവായി പത്രം വായിച്ചു കൊടുത്തിരുന്നതിലൂടെ സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള അറിവും താൽപര്യവും ആയിഷയിലുണ്ടായി. പ്രസംഗ മത്സരത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാനും ഇതിലൂടെ കഴിഞ്ഞു. ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ആകൃഷ്ടയായതും കത്തെഴുതിയതുമൊക്കെ ആകസ്മിക സംഭവങ്ങളായിരുന്നുവെന്ന് ആയിഷ പറയുന്നു. പ്രവർത്തനങ്ങൾക്ക് അംഗീകാരമായി രാജസ്ഥാനിൽനിന്ന് ലഭിച്ച അവാർഡിന്റെ സന്തോഷത്തിലാണ് ആയിഷ.
ജയ്പൂർ ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ വിമൻ സബ്സ്റ്റൻസ് നെറ്റ്വർക്ക് സോഷ്യൽ സർവിസ് ആൻഡ് ആക്ടിവിസ്റ്റ് എന്ന അവാർഡിനാണ് ആയിഷയെ തിരഞ്ഞെടുത്തത്.
തെങ്ങിൻ നെറുകയിൽ വളകിലുക്കി കോമളവല്ലി
ശ്രീകൃഷ്ണപുരം: തിരുവാഴിയോടും പരിസരങ്ങളിലും തെങ്ങിൻ മുകളിൽ നിന്ന് വളകിലുക്കം കേട്ടാൽ ആരും പരിഭ്രമിക്കേണ്ടതില്ല. അത് കോമളവല്ലിയാണ്. ജില്ലയിലെ മികച്ച തെങ്ങുകയറ്റക്കാരിക്കുള്ള പുരസ്കാര ജേതാവാണ് തിരുവാഴിയോട് പള്ളിയപ്പൻ തൊടി കോമളവല്ലിയെന്ന ഉരുക്കു വനിത.
യന്ത്ര സഹായത്തോടെ ഏതു വലിയ തെങ്ങും നിഷ്പ്രയാസം കയറി തേങ്ങയിടാൻ കോമളവല്ലിക്ക് സാധിക്കും. പരിശീലനം നേടിയ ശേഷം ആദ്യം കയറിയത് കുളക്കാട് മാരിയമ്മൻ ക്ഷേത്രത്തിനടുത്തുള്ള തെങ്ങിലാണ്. കഴിവ് തെളിയിച്ച പുരുഷന്മാർ പോലും കയറാൻ മടിക്കുന്ന തെങ്ങാണ് കോമളവല്ലി തന്റെ ജീവിതത്തിൽ ആദ്യമായി കയറാൻ തിരഞ്ഞെടുത്തത്. വളവുള്ള തെങ്ങ്, തൊട്ടടുത്ത ട്രാൻസ്ഫോമർ, മുണ്ടൂർ ചെർപ്പുളശ്ശേരി സംസ്ഥാന പാതയോരം. അൽപ്പം സാഹസമായതുകൊണ്ടുതന്നെ വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ ആദ്യ വനിത തെങ്ങുകയറ്റക്കാരിയുടെ പ്രകടനം കാണാൻ കാഴ്ചക്കാർ ഏറെയുണ്ടായിരുന്നു. എന്നാൽ ഏവരെയും അമ്പരപ്പിച്ചാണ് കോമളവല്ലി തെങ്ങ് കയറിയതും തേങ്ങയിട്ടതും.
വനിതകൾക്ക് തെങ്ങുകയറ്റത്തിൽ പരിശീലനം നൽകാനും കോമളവല്ലി എത്താറുണ്ട്. മുന്നൂർക്കോട്, തനിക്കുന്ന് എന്നിവിടങ്ങളിൽ ഓരോ തെങ്ങുകയറ്റ സംഘത്തെയും പരിശീലിപ്പിച്ചെടുത്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മഹിള കിസാൻ ശാക്തീകരൺ പരിയോജന പദ്ധതിയിലൂടെയാണ് കോമളവല്ലി തെങ്ങുകയറ്റത്തിൽ പരിശീലനം നേടിയത്. മഹിളാ കിസാൻ സംസ്ഥാന സംഗമത്തിലാണ് മികച്ച തെങ്ങുകയറ്റ തെഴിലാളിയായി കോമളവല്ലിയെ തിരഞ്ഞെടുത്തത്. നടീൽ യന്ത്രത്തിലൂടെയായിരുന്നു യന്ത്രവൽകൃത തൊഴിൽ മേഖലയിലേക്കുള്ള കോമളവല്ലിയുടെ ആദ്യ ചുവട് വെപ്പ്. കൊയ്ത്ത് യന്ത്രവും ഇവർ കൈകാര്യം ചെയ്യും. കഴിഞ്ഞ നാലു വർഷമായി നാളികേര കർഷകരുടെ വിളിക്കപ്പുറത്തുണ്ടിവർ. ഒരു ദിവസം 40 തെങ്ങ് വരെ കയറുന്നുണ്ടെന്ന് ഇവർ പറയുന്നു.
ബോക്സിങ്ങിൽ കരുത്തുകാട്ടി കീർത്തന
കല്ലടിക്കോട്: സർവകലാശാല ദേശീയതല ബോക്സിങ് ചാമ്പ്യൻഷിപ്പിന് അർഹത നേടിയ കല്ലടിക്കോട് മണികണ്ഠൻ-സന്ധ്യ ദമ്പതികളുടെ മകൾ കീർത്തന എം. നായർ വനിത ദിനത്തിൽ നാടിന്റെ അഭിമാനമാവുന്നു. മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജിൽ കഴിഞ്ഞ ദിവസം നടന്ന ഇന്റർ കൊളീജിയറ്റ് മത്സരത്തിലാണ് ദേശീയതല ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. പാലക്കാട് മേഴ്സി കോളജിലെ ബി.എസ്സി ബയോടെക്നോളജി അവസാനവർഷ വിദ്യാർഥിനിയായ കീർത്തന ഒറ്റപ്പാലത്ത് നടന്ന ജില്ല ഒളിബിക് ഗെയിംസ് ബോക്സിങ് മത്സരത്തിൽ 68 കിലോഗ്രാം വനിതകളുടെ മത്സരത്തിൽ ജേതാവായിരുന്നു.
നർത്തകി കൂടിയായ ഈ മിടുക്കിയുടെ ചെറുപ്പം തൊട്ടേയുള്ള കലാകായിക രംഗത്തോടുള്ള അഭിനിവേശമാണ് ബോക്സിങ്ങിലും നൃത്തത്തിലും ഒരുപോലെ മികവ് പ്രകടിപ്പിക്കാൻ പ്രചോദനമായത്. മാർച്ച് അവസാന വാരത്തിൽ ഹരിയാനയിലെ കുരുക്ഷേത്രയിൽ നടക്കുന്ന ദേശീയ അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കാനുള്ള പരിശീലനത്തിലാണ് ഇവർ. രാമൻകുട്ടി, മുകുന്ദൻ എന്നിവരുടെ ശിക്ഷണത്തിലാണ് പരിശീലനം. കരിമ്പ ജി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർഥി മാനസ അനുജത്തിയാണ്. മാതാപിതാക്കളുടെയും സഹോദരിയുടെയും പ്രോത്സാഹനവും കീർത്തനയുടെ വിജയവഴിയിൽ പ്രചോദനം പകരുന്നു.
വനിതകള്‍ക്കായി ഗ്രാമയാത്രയും വിനോദയാത്രയും ഒരുക്കി ആനവണ്ടി
പാലക്കാട്: ലോകവനിത ദിനത്തോടനുബന്ധിച്ച് സ്ത്രീശാക്തീകരണ സന്ദേശ പ്രചാരണാർഥം വനിതകള്‍ക്കായി ഗ്രാമയാത്രയും വിനോദയാത്രയും ഒരുക്കി ആനവണ്ടി. മാര്‍ച്ച് എട്ടുമുതല്‍ 13 വരെ വനിതകള്‍ക്ക് മാത്രമായാണ് കെ.എസ്.ആര്.ടി.സി പ്രത്യേക ഉല്ലാസയാത്രകള്‍ ഒരുക്കുന്നത്. മാര്‍ച്ച് എട്ടിന് എറണാകുളം വണ്ടര്‍ലായിലേക്കാണ് ആദ്യ ഏകദിന ഉല്ലാസയാത്ര. രാവിലെ 6.30ന് പാലക്കാട് കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍നിന്ന് യാത്ര തിരിക്കും. കൊച്ചിമെട്രോ, ലുലുമാള്‍ എന്നിവ സന്ദര്‍ശിച്ച് രാത്രി 9.30ന് പാലക്കാട് കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ എത്തുന്ന രീതിയിലാണ് ക്രമീകരണം. 1285 രൂപയാണ് ചെലവ്. നെല്ലിയാമ്പതിയിലേക്ക് ഒമ്പതാം തീയതി മുതല്‍ യാത്ര തുടങ്ങും. 35 വനിതകള്‍ ഉള്‍പ്പെടുന്ന യാത്രികര്‍ക്കാണ് അവസരം. രണ്ട് ബസുകള്‍ ഇതിനായി തയാറാക്കിയിട്ടുണ്ട്. പാലക്കാടിന്റെ ഗ്രാമീണഭംഗി അടുത്തറിയാനായി ഗ്രാമയാത്ര എന്ന പേരില്‍ 12ന് കല്പാത്തിയുടെ ഉള്‍വഴികളിലൂടെ കെ.എസ്.ആര്.ടി.സി യാത്ര ഒരുക്കിയിട്ടുണ്ട്. ശേഷം രാമശ്ശേരി വഴി രാമശ്ശേരി ഇഡ്ഡലി കഴിച്ച് രാമശ്ശേരിയിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കും. തുടർന്ന് ചുള്ളിയാര്‍ ഡാം, മുതലമട എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് രാത്രി ഒമ്പത് മണിയോടെ മടങ്ങും. ഇതോടനുബന്ധിച്ച് വനിത യാത്രികരെ കെ.എസ്.ആര്.ടി.സി ആദരിക്കുമെന്ന് ജില്ല ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 9746203571, 8714062425.
നാടിന് തുണയായി ആശ പ്രവർത്തക മൈമൂന
അലനല്ലൂർ: തടസ്സങ്ങൾക്കുമുന്നിൽ മറ്റുള്ളവർ മാറി നിൽക്കുന്നിടത്ത് മുന്നിട്ടിറങ്ങി വ്യത്യസ്തമാവുകയാണ് കാപ്പുപറമ്പിലെ ആശ പ്രവർത്തക മൈമൂന. നാലു കുഞ്ഞു ജീവനുകളാണ് മൈമൂനയുടെ കൈകളിലൂടെ ഭൂമുഖത്തേക്കെത്തിയത്. 2008ലാണ് മൈമൂന കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശ പ്രവർത്തകയാകുന്നത്. പ്രദേശത്തെ ആദിവാസി കോളനികളായ തോടുകാട്, ചൂരിയോട് എന്നിവിടങ്ങളിൽ മൈമൂന പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. 2014ലാണ് മൈമൂന ആദ്യമായി യുവതിയുടെ പ്രസവത്തിന്റെ ഭാഗമായത്. രാവിലെ ആറിന് തോടുകാട് കോളനിയിൽനിന്ന് റബർ ടാപ്പിങ് തൊഴിലാളി മൈമൂനയെ ഫോണിൽ വിളിക്കുന്നു. ആദിവാസി യുവതി പാറ ഇടുക്കിൽ പ്രസവിച്ചുകിടക്കുന്നു എന്നായിരുന്നു സന്ദേശം. അതിവേഗം സ്ഥലത്തെത്തിയ മൈമൂന കണ്ടത് അമ്മ കുഞ്ഞിനെ പ്രസവിച്ച് വേർപെടാതെ കിടക്കുന്ന കാഴ്ചയാണ്.
കുഞ്ഞ് കരയുമ്പോൾ ആടിനെ കറന്ന് പാൽ നൽകുന്നുമുണ്ടായിരുന്നു. ഇത് തടഞ്ഞ് കുഞ്ഞിനെയും അമ്മയെയും വേർപെടുത്താൻ സമീപത്തുള്ള ആദിവാസികളുടെ സഹായം തേടിയെങ്കിലും ആരും തയാറായില്ല. ഒടുവിൽ ധൈര്യം സംഭരിച്ച് മൈമൂന ഇരുവരെയും വേർപെടുത്തി ആശുപത്രിയിലെത്തിച്ചു. ഇതാണ് ഇവരുടെ ആദ്യ അനുഭവം. തുടർന്ന് രണ്ട് പ്രസവങ്ങളുടെ ഭാഗമായി. കഴിഞ്ഞ സെപ്റ്റബറിലാണ് മറ്റൊരു പ്രസവമെടുത്ത് മൈമൂന വീണ്ടും ശ്രദ്ധ നേടിയത്. പുലർച്ചെ രണ്ടോടെ ചൂരിയോട് കോളനിയിൽനിന്ന് ബാബുവിന്റെ ഫോൺ വരുന്നു. ഭാര്യ ലീനക്ക് പ്രസവവേദനയായെന്ന് അറിയിക്കുന്നു.
ആശുപത്രിയിലെത്തിക്കാൻ പരിചയത്തിലുള്ള ഡ്രൈവർമാരെ എല്ലാം വിളിച്ചെങ്കിലും ആരെയും ലഭിച്ചില്ല. ഒടുവിൽ കോൽക്കാട്ടിൽ സലാമിനെയും കൂട്ടി ഓട്ടോയിൽ കോളനിയിലെത്തിയപ്പോഴേക്കും സമയം അഞ്ചരയായിരുന്നു. ലീനയെയും ഭർത്താവിനെയും കൂട്ടി മണ്ണാർക്കാട് താലൂക്ക് ആശുപത്രി ലക്ഷ്യമാക്കി സഞ്ചരിക്കവേ രണ്ടുകിലോമീറ്റർ മാത്രം പിന്നിട്ടപ്പോഴേക്കും വേദന കഠിനമായി. മൈമൂന സലാമിനോടും ബാബുവിനോടും ഇറങ്ങി മാറി നിൽക്കാൻ ആവശ്യപ്പെട്ട് ഓട്ടോറിക്ഷ തുണി ഉപയോഗിച്ച് മറച്ച് ലീനയെ ഓട്ടോയുടെ സീറ്റിൽ കിടത്തി പ്രസവമെടുക്കുകയായിരുന്നു. ആരോഗ്യവാന്മാരായ ഇരുവരെയും ആശുപത്രിയിലെത്തിച്ചാണ് മൈമൂന അന്ന് മടങ്ങിയത്. എച്ച്.ഐ.വി ബാധിച്ച ആളുകൾക്കൊപ്പവും മൈമൂന പ്രവർത്തിച്ചിട്ടുണ്ട്. ഇത്തരക്കാരെ കണ്ടെത്തി അവർക്കാവശ്യമായ സഹായ സഹകരണങ്ങൾ ഒരുക്കാനും മൈമൂന മുന്നിലുണ്ട്. 2014 ൽ മികച്ച ആശാ പ്രവർത്തകക്കുള്ള അവാർഡും മികച്ച വളന്റിയർക്കുള്ള അവാർഡും നേടി. കാപ്പുപറമ്പിലെ കൂമഞ്ചീരി അബൂബക്കറിന്റെ ഭാര്യയാണ്. ഡാലിയ ബക്കർ, ഫായിസ് മോൻ, അബൂ റമീസ് എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.