ഗുജറാത്ത് വംശഹത്യയുടെ രണ്ടു പതിറ്റാണ്ടിനു ശേഷം സകിയ ജാഫരി പെൺമക്കളുടെയും ഫാദർ സെഡ്രിക് പ്രകാശിന്റെയും കൂടെ 2023 ഫെബ്രുവരിയിൽ ഗുൽബർഗ് സൊസൈറ്റിയിൽ എത്തിയപ്പോൾ
നാം ജീവിക്കുന്ന കാലത്തെ ഏറ്റവും ധീരയായ ഒരു പോരാളികൂടി നിയോഗം പൂർത്തിയാക്കി മടങ്ങിയിരിക്കുന്നു. 2002ലെ അതി നിഷ്ഠുരമായ ഗുജറാത്ത് വംശഹത്യയിൽ അരുംകൊലചെയ്യപ്പെട്ട ജീവിതസഖാവിനും മറ്റനേകം നിരപരാധികൾക്കും വേണ്ടി, മതനിരപേക്ഷ ഇന്ത്യയിലെ ഓരോ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടി സകിയ ജാഫരി നടത്തിയ പൗരാവകാശ-നിയമപോരാട്ടത്തെ വർണിക്കാൻ ഒരൊറ്റ വാക്കേയുള്ളൂ- അതുല്യം.
വർഗീയ കൂട്ടായ്മകളുടെയും വ്യവസായ പ്രഭുക്കളുടെയും ആശീർവാദത്തോടെ രാജ്യത്തെ അതിശക്തനായ രാഷ്ട്രീയക്കാരനായി വളർന്നുകൊണ്ടിരുന്ന അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര ദാമോദർ ദാസ് മോദിയെ വംശഹത്യയുടെ മുഖ്യശിൽപിയെന്ന് വിശേഷിപ്പിച്ചാണ് സകിയ പോർമുഖത്തിറങ്ങുന്നത്. മോദിക്കും മറ്റ് 61 പേർക്കുമെതിരെ വംശഹത്യകേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് 2006ലാണ് അവർ സുപ്രീംകോടതിയെ സമീപിക്കുന്നത്. താനുൾപ്പെടെ പൊരുതി സ്വാതന്ത്ര്യം നേടിക്കൊടുത്ത നാടിന്റെ നിയമപാലന സംവിധാനം തന്റെയും നാട്ടുകാരുടെയും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുമെന്ന് വിശ്വസിച്ച ഭർത്താവ് ഇഹ്സാൻ ജാഫരിയെപ്പോലെ ഇന്ത്യൻ പരമോന്നത കോടതി വംശഹത്യ ഇരകൾക്ക് നീതി ലഭ്യമാക്കുമെന്ന പ്രതീക്ഷയിലായിരുന്നു സകിയ.
അവരുടെ ആരോപണത്തിൽ കഴമ്പുണ്ടോ എന്ന് കണ്ടെത്താൻ മുൻ സി.ബി.ഐ മേധാവി ആർ.കെ. രാഘവന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു കോടതി. വംശഹത്യാ കേസിൽ പങ്കാളിയെന്ന് സകിയ ആരോപിച്ച മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനുൾപ്പെടുന്ന അന്വേഷണസംഘം എത്താൻ പോകുന്ന തീർപ്പെന്താകുമെന്ന് അന്നേ വ്യക്തമായിരുന്നു. രാഘവന്റെ നിലപാടുകളും വിമർശിക്കപ്പെട്ടിരുന്നു. ഭരണകൂടം സ്പോൺസർ ചെയ്ത വംശഹത്യയുടെ പാടുകൾക്കുമേൽ വെള്ളപൂശാൻ ലോക്കൽ പൊലീസും ഉദ്യോഗസ്ഥ-രാഷ്ട്രീയ വൃന്ദങ്ങളും മുതൽ ഉന്നത നീതിന്യായ വ്യവസ്ഥവരെ ഒരു മനസ്സോടെ കൈകോർത്തോടെ സകിയയും പകൽ വെളിച്ചത്തിൽ വഞ്ചിക്കപ്പെട്ടു. ഈ നിയമപോരാട്ടത്തിൽ അവർക്ക് പിന്തുണയേകിയ ആർ.ബി. ശ്രീകുമാറും ടീസ്റ്റ സെറ്റൽവാദും വേട്ടയാടപ്പെട്ടു.
വംശഹത്യ രക്തസാക്ഷിയായ മുൻ എം.പിയുടെ വിധവ എന്ന വിലാസവുമായി ഒതുങ്ങിക്കൂടാമായിരുന്നു ഈ വയോധികക്ക്. വിദേശത്തുള്ള മകൾക്കരികിൽ വിശ്രമജീവിതം നയിച്ച് സുഖമരണം വരിക്കാമായിരുന്നു. പലരും ഉപദേശിച്ചതുപോലെ വംശഹത്യയുടെ ശിൽപികളുമായി ഒത്തുതീർപ്പിലെത്തി പട്ടുംവളയും പകരം വാങ്ങാമായിരുന്നു. പക്ഷേ, ആത്മാവിനെ വിൽക്കാൻ തയാറല്ലായിരുന്ന സകിയ തെരഞ്ഞെടുത്തത് കടുപ്പമേറിയ പോരാട്ടത്തിന്റെ പാത തന്നെയായിരുന്നു.നിയമപോരാട്ടത്തിന്റെ നാളുകളിൽ ഒരിക്കൽ ഈ പോരാട്ടം എത്രനാൾ തുടരുമെന്ന് ‘മാധ്യമം’ സകിയയോട് ചോദിച്ചിരുന്നു. എന്നിൽ അവസാന ശ്വാസം നിലനിൽക്കുവോളം പൊരുതുമെന്നും ശേഷം മക്കൾ ഈ പോരാട്ടം ഏറ്റെടുക്കുമെന്നുമായിരുന്നു മറുപടി.
സകിയ വാക്കുപാലിച്ച് മടങ്ങിയിരിക്കുന്നു. നീതിക്കായുള്ള പോരാട്ടത്തിന്റെ തുടർച്ച മക്കളായ തൻവീറിന്റെയും നിഷ്റിന്റെയും സുബൈറിന്റെയും മാത്രം ഉത്തരവാദിത്തമല്ല, ഭരണഘടനയെയും നിയമവാഴ്ചയെയും മാനിക്കുന്ന ഓരോ ഇന്ത്യക്കാരുടേതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.