'സ്വന്തമായ കഴിവുണ്ടെങ്കിൽ എവിടെയും തളരില്ലെന്ന’ ഉപ്പയുടെ വാക്കുകളും പ്രതിസന്ധികളെ ഉറച്ചമനസ്സോടെ നേരിടുന്ന ഉമ്മയുടെ ജീവിതവുമാണ് പ്രചോദനമെന്ന് സക്കിയ്യ '
തൂവെള്ള കൈകളിൽ മൈലാഞ്ചികൊണ്ട് ഡിസൈൻ വരച്ചുചേർക്കലായിരുന്നു ചെറുപ്പം മുതൽ സക്കിയ്യയുടെ ഹോബി. മൊഞ്ചുള്ള ആ ഡിസൈനുകളെ കൈവെള്ളയിൽനിന്നും വളർത്തി വലിയ കാൻവാസിലേക്ക് പടർത്തിവിട്ടതിന്റെ സംതൃപ്തിയിലാണിന്ന് സക്കിയ്യ സുബൈർ മലോൽ.ഹെന്ന ഡിസൈനിലുള്ള തന്റെ വൈഭവം കണ്ടറിഞ്ഞ പലരും ഇരു കൈയ്യും നീട്ടി സക്കിയ്യയെതേടിയെത്തി. ഖത്തറിൽ ആറാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ചില അറബിക് കുടുംബങ്ങളിലുള്ളവർക്ക് മൈലാഞ്ചിയണിയിച്ചുകൊടുത്തതിന് ലഭിച്ച പാരിതോഷികമായിരിക്കണം സക്കിയ്യയുടെ മനസ്സിൽ സംരംഭകയെന്ന ചിന്തക്ക് തിരിതെളിച്ചത്. കലയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അഞ്ചുവർഷ ബി.ആർക്ക് ബിരുദം കൈപ്പിടിയിലൊതുക്കാൻ ഈ കോഴിക്കോട്ടുകാരിക്ക് ഊർജം പകർന്നത്. ആർകിടെക്റ്റ് പാറ്റേൺ, ഓർണമെൻറൽ ഡിസൈൻ, ഹെന്ന ഡിസൈൻ, പെയിൻറിങ് മാധ്യമങ്ങൾ എന്നിവയിലെല്ലാം സ്വന്തമായ ശൈലി രൂപപ്പെടുത്തുകയായിരുന്നു ഈ കാലങ്ങളിലൊക്കെയും.
മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പിന്തുണകൂടിയായപ്പോൾ തനിക്ക് വഴങ്ങുന്ന എല്ലാ കലയിലും പ്രാഗത്ഭ്യം തെളിയിക്കാൻ കഴിഞ്ഞു. പഠനശേഷം തന്റെ കഴിവുകളെ കൂടുതൽ മികവോടെ പുറത്തെടുക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു സക്കിയ്യക്ക്. ആർക്കിടെക്റ്റ് പഠനത്തിനിടെ വിവാഹജിവിതത്തിലേക്ക് പ്രവേശിച്ചതോടെ താൻ ഏറെ പ്രതീക്ഷയർപ്പിച്ച ജോലിയും കലയുമെല്ലാം ഉപേക്ഷിക്കേണ്ടിവരുമോ എന്ന ആകുലതയിലായിരുന്നു. വിവാഹത്തോടെ സ്വപ്നങ്ങളും കഴിവുകളും എന്നന്നേക്കുമായി കൈയ്യൊഴിഞ്ഞ പലരെയും പോലെയായി മാറാൻ തയാറല്ലായിരുന്ന സക്കിയ്യ ഭർത്താവിനൊപ്പം യു.എ.ഇയിലേക്ക് വിമാനം കയറുമ്പോൾ തന്റെ സ്വപ്നങ്ങളെയും കൂടെക്കൂട്ടി. കുടുംബിനി എന്നനിലയിലുള്ള ഉത്തരവാദിത്തങ്ങളോടൊപ്പം പ്രയാസങ്ങൾക്കിടയിലും കലക്കായി നിശ്ചിത സമയം നിർബന്ധപൂർവം മാറ്റിവെച്ച് കലയിൽ വെന്നിക്കൊടിപാറിക്കുകയാണിന്ന് സക്കിയ്യ.
അബൂദബിയിലെ റൂമിൽ കൂട്ടായികിട്ടിയ ഏകാന്തതയെ എങ്ങനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താമെന്ന ചിന്തയാണ് വീണ്ടും കലയിലേക്ക് വഴിതിരിച്ചുവിട്ടത്. പിന്നീടങ്ങോട്ട് പാറ്റേണുകളെയും കലയെയും കുറിച്ച് അന്വേഷണങ്ങളും പരീക്ഷണങ്ങളുമായിരുന്നു. പുതിയ ആർട്ട് സങ്കേതങ്ങളും അവയുടെ പ്രയോഗങ്ങളും പുതിയ കലാ സൃഷ്ടികളിലേക്ക് നയിച്ചു. മനസ്സിന് അതുനൽകിയ സംതൃപ്തിയും ആത്മവിശ്വാസവും വളരെ വലുതായിരുന്നു. അത് സമൂഹവുമായി പങ്കുവെക്കാൻ സാമൂഹിക മാധ്യമങ്ങളിലും സജീവമായിത്തുടങ്ങി.
അതുവഴി യു.എ.ഇയിലും തന്റെ കലാസൃഷ്ടികൾക്ക് ആവശ്യക്കാരേറിത്തുടങ്ങി. കേക്ക് നിർമാണത്തിലും ചിത്രകലയിലും ഹെന്ന ഡിസൈനിലുമെല്ലാം തന്റെ കരവിരുത് പുറത്തെടുക്കുമ്പോഴും പ്രൊഫഷനായ ആർക്കിടെക്റ്റ് ജോലിതന്നെയായിരുന്നു സക്കിയ്യയുടെ ലക്ഷ്യം. ആർക്കിടെക്റ്റ് പാറ്റേൺ, ഹെന്ന ഡിസൈൻ, ഓർണമെൻറൽ പാറ്റേൺ, ആക്രിലിക് പെയിൻറിംഗ്, റെസിൻ എന്നിവയെല്ലാം ഉൾപ്പെടുത്തിയുള്ള പ്രത്യേക കലാരചന രീതിയിലുള്ള പരീക്ഷണങ്ങളായിരുന്നു പിന്നീട്. ഒടുവിൽ സ്വന്തമായി ഓർണേറ്റ് റെസിൻ റിലീഫ് ആർട്ട് (Ornate Resin Relief Art) എന്നൊരു പുതിയ രചനാ ശൈലിതന്നെ രൂപപ്പെടുത്തി. ഹെന്ന ഡിസൈനിംഗിനുപയോഗിക്കുന്ന കോണിൽ വിവിധ വർണങ്ങളിലുള്ള ലിക്വിഡ് ആക്രിലിക് നിറച്ച് കാൻവാസിൽ ത്രിമാന ഓർണമെൻറൽ പാറ്റേൺ ഡിസൈൻ ബോർഡറുകൾ വരച്ചെടുക്കലാണ് ഈ ശൈലിയിലെ ആദ്യപടി. പിന്നീട് ആക്രിലിക് പെയിന്റുപയോഗിച്ച് ചിത്രത്തിൽ ആവശ്യമുള്ള കളറുകൾ നൽകി, കൂടുതൽ മികവുറ്റതാക്കുന്നതിന് റെസിൻ ഫിനിഷിംഗും ചെയ്തെടുത്താണ് സൃഷ്ടി പൂർത്തിയാക്കുന്നത്.
ഓർണേറ്റ് റെസിൻ റിലീഫ് ആർട്ട് ശൈലിയിൽ രൂപപ്പെടുത്തിയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തപ്പോൾ വലിയ പ്രതികരണമാണ് ലഭിച്ചത്. അതുവഴി 120k യോളം പേരെയാണ് ഇൻസ്റ്റഗ്രാമിൽ സകിയക്ക് ഫോളോവേഴ്സായി കിട്ടിയത്. ഒപ്പം സൃഷ്ടികൾക്ക് ആവശ്യക്കാരുമായി. വൈകാതെ വരുമാനവും കിട്ടിത്തുടങ്ങി. ഇതേ കാലത്തുതന്നെ തന്റെ അഭിരുചിക്കനുസരിച്ച് പ്ലാനും ഡിസൈനും ചെയ്ത് വീടു നിർമിച്ചതിനുശേഷം ആർകിടെക്ട് വർക്കുകളിലും സജീവമായി രംഗത്തുണ്ട്.
ഡിസൈൻ രംഗത്ത് സജീവമായപ്പോൾ വീട്ടിൽ സ്വന്തമായി സ്റ്റുഡിയോ തന്നെ സെറ്റ് ചെയ്ത് ZAK's World എന്ന പേരിൽ തന്റേതായ ലോകം കെട്ടിപ്പടുത്തിരിക്കുകയാണ് സക്കിയ്യ സുബൈർ മലോൽ. സാമൂഹിക മാധ്യമങ്ങളിൽ ചിത്രങ്ങൾക്ക് മികച്ച പ്രതികരണം ലഭിക്കാൻ തുടങ്ങിയതോടെ മാക്സ് ഇപോക്സീസ്, മോൺമാർടെ തുടങ്ങി ജർമനി, യു.കെ ആസ്ഥാനമായുള്ള റെസിൻ ബ്രാൻഡുകൾ സഹകരണത്തിനായി ബന്ധപ്പെട്ടത് തന്റെ പ്രയത്നങ്ങൾക്കുള്ള അംഗീകാരമായാണ് സക്കിയ്യ കാണുന്നത്. ഇന്നിപ്പോൾ യു.എ.ഇയിലെ മികച്ച റെസിൻ ബ്രാൻഡുകളായ ഇപോക്, റെസിൻആർട്ഹബ് തുടങ്ങിയബ്രാൻഡുകളുമായി സഹകരണത്തിലെത്തിനിൽക്കുന്നു. സ്വന്തം കഴിവുകൾ കണ്ടെത്തുകയും ഒഴിവുസമയങ്ങളെ ക്രിയാത്മമായി ഉപയോഗപ്പെടുത്തി അവയെ വളർത്തിക്കൊണ്ടുവരുകയും ചെയ്യുന്നതിലൂടെ ആസ്വാദനത്തോടൊപ്പം വരുമാനമാർഗമാക്കിമാറ്റാനും കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ് സക്കിയ്യ.
‘സ്വന്തമായ കഴിവുണ്ടെങ്കിൽ എവിടെയും തളരില്ലെന്ന’ ഉപ്പയുടെ വാക്കുകളും പ്രതിസന്ധികളെ ഉറച്ചമനസ്സോടെ നേരിടുന്ന ഉമ്മയുടെ ജീവിതവുമാണ് പ്രചോദനമെന്ന് സക്കിയ്യ പറയുന്നു. അതുകൊണ്ടുതന്നെ ചെറുപ്പകാലത്ത് നേടിയെടുത്ത കഴിവുകളെല്ലാം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. സ്ത്രീയെന്നനിലയിൽ പ്രായമോ പ്രാരാബ്ദമോ കാരണം മാറ്റിവെക്കേണ്ടതല്ല ജീവിത സ്വപ്നങ്ങളും കഴിവുകളും എന്നതാണ് സക്കിയ്യയുടെ പക്ഷം. സ്കൂൾകാലത്ത് അഭ്യസിച്ചിരുന്ന കരാത്തെയിലും മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായ ശേഷം വീണ്ടും സജീവമായിത്തുടങ്ങിയതിനു കാരണവും മറ്റൊന്നല്ല.
'Make life worth living for, Always make your dreams comes true 'എന്നാണ് വീട്ടിനുള്ളിലൊതുങ്ങിക്കൂടി കഴിവും കാലവും പാഴാക്കുന്നവരോട് സക്കിയ്യ സുബൈർ മലോലിന് പറയാനുള്ളത്. മറ്റാരുടെയൊക്കെയോ ജീവിതകഥകളേക്കാൾ സ്വന്തം പ്രയത്നങ്ങളുടെയും വിജയങ്ങളുടെയും പാഠങ്ങളാണ് നമുക്ക് മക്കൾക്ക് പകർന്നു നൽകാൻ കഴിയേണ്ടത്. കുടുംബത്തിനുവേണ്ടി തങ്ങളുടെ എല്ലാ സ്വപ്നങ്ങളും മാറ്റിവെച്ചുവെന്ന് പറയുന്നതിലൂടെ മക്കളിലും കുടുംബത്തിലും തെറ്റായ ഒരു കുറ്റബോധമാണ് സൃഷ്ടിക്കപ്പെടുന്നത്. പകരം തന്റെ രചനകളോടൊപ്പം കുടുംബത്തെയും പങ്കാളിയാക്കുന്നതിലൂടെ എല്ലാവരിലേക്കും സംതൃപ്തി പകരാൻ കഴിയുമെന്നതും ഒരുനേട്ടമായെടുക്കുന്നു സക്കിയ്യ. അതുകൊണ്ടുതന്നെ തന്റെ എല്ലാ പ്രയത്നങ്ങൾക്കും നിറഞ്ഞ പിന്തുണയും പ്രോത്സാഹനവും സഹായവുമായി സായിദ് മിലിറ്ററി ഹോസ്പിറ്റലിലെ ഡോക്ടർ കൂടിയായ പ്രിയതമൻ നിജാദ് കാപ്പുംകരയും മക്കളായ നാസിഹും നാഇഫും ജസയും കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.