മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാര നിര്‍ണയത്തില്‍ അട്ടിമറി. തൃശൂര്‍ കേന്ദ്രമായ എഴുത്തച്ഛന്‍ സമാജം സാംസ്‌കാരിക മന്ത്രി തലത്തിലും പുരസ്‌കാര നിര്‍ണയ സമിതിയിലും നടത്തിയ ഇടപെടലാണ് ഇത്തവണ പുരസ്‌കാര ജേതാവിനെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമായത്. അവാര്‍ഡിന് സി. രാധാകൃഷ്ണനെ പരിഗണിക്കുന്നെന്ന വിവരം ലഭിച്ചതോടെയാണ് എഴുത്തച്ഛന്‍ സമാജം മന്ത്രിതല ഇടപെടല്‍ നടത്തിയത്. സി. രാധാകൃഷ്ണന്റെ എഴുത്തച്ഛനെക്കുറിച്ചുള്ള ജീവചരിത്ര നോവലായ 'തീക്കടല്‍ കടഞ്ഞ് തിരുമധുരം' എന്ന നോവലിനെതിരെയുള്ള പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് സമാജം അവാര്‍ഡ് നിര്‍ണയത്തിലും ഇടപെട്ടത്. സി. രാധാകൃഷ്ണന് അവാര്‍ഡ് നല്‍കിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിരുദ്ധ നിലപാടെടുക്കുമെന്ന് സമാജം ഭാരവാഹികള്‍ സാംസ്‌കാരികമന്ത്രി കെ.സി. ജോസഫിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇത്. സംസ്ഥാനത്താകെ 18 ലക്ഷം അംഗങ്ങള്‍ തങ്ങള്‍ക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമ്മര്‍ദം.
പത്ത് മണ്ഡലങ്ങളില്‍ തങ്ങള്‍ നിര്‍ണായക വോട്ട് ബാങ്കാണെന്നും ഇവര്‍ മന്ത്രിയെ ധരിപ്പിച്ചു. മന്ത്രിക്കു പുറമെ അവാര്‍ഡ് നിര്‍ണയ സമിതിയിലുള്ള ചിലരെയും കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നതായി സമാജം ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അഡ്വ. പി.ആര്‍. സുരേഷ് 'മാധ്യമ'ത്തോട് പറഞ്ഞു. അവാര്‍ഡിന് സി. രാധാകൃഷ്ണനെ പരിഗണിക്കുന്നെന്ന സൂചന ലഭിച്ചതോടെയാണ് സമ്മര്‍ദം ചെലുത്തിയതെന്നും സി. രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കിയാല്‍ അത് തെറ്റായ ചരിത്രത്തെ അംഗീകരിക്കലാകുമെന്നതിനാലാണ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തച്ഛന്‍, നായര്‍ സമുദായക്കാരനാണെന്ന പരാമര്‍ശത്തിനെതിരെയാണ് നോവല്‍ പുറത്തിറങ്ങിയതുമുതല്‍ എഴുത്തച്ഛന്‍ സമാജം സി. രാധാകൃഷ്ണനെതിരെ രംഗത്തുള്ളത്. തൃശൂരില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സി. രാധാകൃഷ്ണനെ ആദരിക്കുന്ന വേദിക്കുപുറത്ത് സമാജത്തിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സാംസ്‌കാരിക വകുപ്പിന് കീഴിലെ സമിതിയാണ് എഴുത്തച്ഛന്‍ പുരസ്‌കാരം നിശ്ചയിക്കുന്നത്. കഴിഞ്ഞവര്‍ഷം വിഷ്ണു നാരായണന്‍ നമ്പൂതിരിക്കായിരുന്നു പുരസ്‌കാരം. അവാര്‍ഡ് ഏറ്റുവാങ്ങുന്ന വേദിയില്‍ അദ്ദേഹം തന്നേക്കാള്‍ ഇതിനര്‍ഹന്‍ സി. രാധാകൃഷ്ണനാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
തനിക്കെതിരെ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയെന്ന് എഴുത്തച്ഛന്‍ സമാജം തുറന്ന് സമ്മതിച്ചതോടെ ജാതീയതയുടെ അസഹിഷ്ണുതയാണ് വെളിവാകുന്നതെന്നും അത്തരം സമ്മര്‍ദങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങിയെങ്കില്‍ തെറ്റാണെന്നും സി. രാധാകൃഷ്ണന്‍ പ്രതികരിച്ചു. ഇത് തെറ്റായ കീഴ്‌വഴക്കമാണെന്നും ജാതീയ സംഘടനകളുടെ സമ്മര്‍ദത്തിന് വഴങ്ങി അംഗീകാരങ്ങള്‍ നിശ്ചയിക്കുന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ വര്‍ഷത്തെ പുരസ്‌കാരം പുതുശേരി രാമചന്ദ്രന് നല്‍കിയതില്‍ തനിക്ക് പരാതിയില്ലെന്നും അദ്ദേഹം എന്തുകൊണ്ടും അര്‍ഹനാണെന്നും സി. രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.