ഇ.എസ്.ഐലെ ജൂനിയർ ക്ലർക്ക് ഭാരതി മാഡം ഉമ്മറത്ത് കാണരുതേയെന്നൊരു നിശ്ശബ്ദ പ്രാർഥനയോടെ, ലെയിൻ 41 ലേക്ക് കയറുമ്പോഴാണ് സുമതി ഒരിക്കൽകൂടി വിസിലടിച്ചത്.
പൊളിസാനം എന്ന് കളിയാക്കി ഒരു വഷളൻചിരിയുമായി പ്രധാന റോഡിലൂടെ ഒരുത്തൻ ബൈക്കിൽ പോയതും അതേ സമയത്ത് തന്നെ...
പ്ഫ... സാനം നിന്റെ പെണ്ണുമ്പിള്ള... വെളുപ്പാൻകാലത്ത് എന്നെക്കൊണ്ടൊന്നും പറയിക്കണ്ട.
സുമതിയുടെ ആട്ടിന് ദൃക്സാക്ഷിയാകേണ്ടി വന്ന കേണൽ ജനാർദനൻ നായർ വെളുക്കെച്ചിരിച്ച് കുടവയറിന്റെ മേദസ്സിളക്കിക്കൊണ്ട് തന്റെ ബ്രിസ്ക് വാക്കിങ് തുടർന്നു. പിന്നാലെ അനുസരണയോടെ വാലിളക്കി അതേ വേഗത്തിൽ അയാളുടെ ലാബ്രഡോറും.
ചില പ്രാർഥനകൾ ദൈവത്തിങ്കലെത്താൻ അൽപം സമയമെടുക്കും. അതുകൊണ്ടാണല്ലോ പ്രഭാതശീവേലി തൊഴുതു വന്ന്, സാരി ചലഞ്ചിനുടുക്കാൻ വീതികൂടിയ കസവിന്റെ ബനാറസ് പട്ടുടുത്ത്, ഒരു സ്വയംവര കന്യകയെപ്പോലെ, കണ്ണാടിക്ക് മുന്നിൽ നിന്ന് തിരിയുകയും മറിയുകയും ചെയ്ത ദിവ്യഭാരതി കിറുകൃത്യമായി ആ സമയത്ത് തന്നെ ഉമ്മറത്തെ പ്രഭാതവെളിച്ചത്തിലേക്ക് പ്രത്യക്ഷപ്പെട്ടത്.
സൂര്യനെ അണിഞ്ഞ സ്ത്രീ എന്നൊരു പുസ്തകം രേവതിക്കൊച്ചിന്റെ കയ്യിൽ കണ്ടിട്ടുണ്ട്. ഇനി ആ സ്ത്രീ ഇവര് തന്നെയാകുമോ എന്ന് ഞൊടിയിടെ ഒരു സന്ദേഹം സുമതിയെ പിടികൂടുകയും അതിന്റെ പിടിമുറുക്കത്തിൽ അവരുടെ ദേഹവടിവും, സാരിയുടെ ഭംഗിയും അവൾ കൊതിയോടെ നോക്കിനിൽക്കുകയും ചെയ്തു. ആശ്ചര്യവും ആനന്ദവുമൊക്കെ കുമുകുമാ പൊട്ടിയെങ്കിലും ക്ഷണനേരംകൊണ്ട് അതൊരു ഭീതിയായി കൺകോണിലുറഞ്ഞു.
പൊടുന്നനെ മുന്നിൽ പ്രത്യക്ഷപ്പെട്ട സുമതിയെക്കണ്ട്, പ്രഭാതത്തിൽ വിരിഞ്ഞ പനിനീർപ്പൂവ് പോലെയിരുന്ന ഭാരതിയുടെ മുഖം കറുത്തു.
നശൂലം... ഇന്നും കണികണ്ടത് ഈ സാധനത്തിനെത്തന്നെയാണല്ലോ ഭഗവാനേ... ഇവളുമാരുടെയൊക്കെ കണ്ണുപെട്ടാൽ ബാക്കിയുണ്ടാവില്ല. കതിർമണ്ഡപത്തിൽ കയറിയപ്പോൾപോലും ഇങ്ങനെയൊരെണ്ണം ഉടുക്കാൻ യോഗമില്ലാത്തോരാ. കരിങ്കണ്ണ് തട്ടി എന്റെ സാരിക്കൊന്നും സംഭവിക്കാതിരുന്നാൽ മതിയായിരുന്നു ന്റെ ദേവിയേ...
ചവിട്ടിക്കുലുക്കി ഒരു കൊടുങ്കാറ്റ് പോലെ ഭാരതി അകത്തേക്ക് പോയതും ഉടഞ്ഞ മനസ്സുമായി ഗേറ്റിങ്കൽ െവച്ചിരുന്ന വേസ്റ്റ് കവറും തൂക്കി സുമതി തിരിയുമ്പോഴാണ് മുന്നിൽ രേവതിയുടെ ശബ്ദം കേട്ടത്.
പ്രാക്ക് ഇന്നും കിട്ടിയല്ലേ...
കാര്യമാക്കണ്ട സുമതീ... പഠിപ്പും വിവരവുമൊക്കെയുണ്ടായാലും തിരിച്ചറിവുണ്ടാവില്ല ചിലർക്ക്. പോ
രാത്തതിന്, പുരോഗമനക്കാരി എന്ന് നടിക്കുമ്പോഴും, കൂടെ കൊണ്ടുനടക്കുന്ന ഒരുതരം നവവരേണ്യബോധവും പിന്നെ, നെറുകയിൽ സിന്ദൂരം വാരിത്തൂവിക്കൊണ്ടുള്ള കുലസ്ത്രീ ജാടയുമൊക്കെയാണ് അവർക്ക്.
മതിലിനോട് ചേർന്ന് നിൽക്കുന്ന മരക്കൊമ്പ് ചായ്ച്ച്, ഒരു സ്വർണച്ചെമ്പകം അടർത്തിയെടുത്ത് രേവതി സുമതിയുടെ മുടിയിൽ ചൂടിച്ചു...
എനിക്ക് കൊഴപ്പമൊന്നുമില്ല കൊച്ചേ... ജനിച്ചപ്പള് മുതലേ പലരുടേയും ആട്ടും തുപ്പും പ്രാക്കും കേട്ട് തഴമ്പിച്ചതല്ലെ ഈ ചെവികൾ.
രേവതി അവളെ അടിമുടിയൊന്ന് നോക്കി. ചുവന്ന ഉറുമ്പുകൾ പദയാത്ര നടത്തുന്ന അവളുടെ കയ്യിലെ വേസ്റ്റ് കവറിന് ചുറ്റും എവിടന്നോ വന്ന കുറെ മുഴുത്ത മണിയനീച്ചകൾ മൂളിപ്പറന്നു.
വേസ്റ്റ് ഇങ്ങു തന്നേക്ക് കൊച്ചേ, ഞാൻ പോട്ടെ...
വേസ്റ്റ് കവറുകളുമായി, വെടിച്ചുകീറിയ ഉള്ളംകാൽ പാതി നിലത്ത് കുത്തി കുന്തിച്ച് നടന്നുപോകുന്ന സുമതിയെ എതിരെ വന്ന പാൽക്കാരൻ ജോസൂട്ടി ഇരുത്തിയൊന്ന് നോക്കി.
എന്താ ജോസൂട്ടിയേ നോട്ടത്തിനിത്ര കടുപ്പം... മുന്നെങ്ങും പെണ്ണുങ്ങളെ കാണാത്തപോലെ.
അല്ല ചേച്ചി, എങ്ങനെ നടന്ന പെണ്ണുമ്പിള്ളയാ ഇപ്പക്കണ്ടില്ലേ കോട്ടൊക്കെയിട്ട് ഒരു പത്രാസ്...
പാപിയുടെ വേദനയിൽ ലേപനം പുരട്ടാനാണ് ഈശോ പറഞ്ഞത്... അല്ലാതെ കുത്തിനോവിക്കാനല്ലാട്ടാ... കൊള്ളേണ്ടിടത്ത് കൊണ്ടോട്ടെ എന്ന അർഥത്തിൽതന്നെ അത്രേം പറഞ്ഞ്, രേവതി പാലു വാങ്ങി തിണ്ണയിൽ െവച്ചിട്ട്, പോർട്ടിക്കോയിൽ നിറഞ്ഞുപൂത്തുനിന്ന മാവിൽനിന്ന് അടർന്നുവീണ മാമ്പൂക്കൾ അടിച്ചുവാരാൻ തുടങ്ങി.
പൊന്നേത്ത് അമ്പലത്തിലെ ദേവിസ്തുതികൾക്കൊപ്പം ദൂരെ സുമതിയുടെ വിസിലൊച്ച അകന്നുപോകുന്നത് രേവതി തിരിച്ചറിഞ്ഞു.
പുതിയ വാടകവീട്ടിലെത്തിയതിന്റെ പിറ്റേ ദിവസം, ചെളിമണ്ണ് കയറിയൊളിച്ച വലതുകയ്യിലെ നഖങ്ങൾകൊണ്ട് ഇടത് കൈപ്പത്തിയിലെ കറുത്ത വരകളെ തലോടിക്കൊണ്ട്, വേസ്റ്റ് എടുക്കണോയെന്ന് ചോദിച്ച് മുന്നിലെത്തിയ ആ സ്ത്രീരൂപത്തെ രേവതി വീണ്ടും ഓർമിച്ചു.
അറ്റം ചെമ്പിച്ച മുടി, അരക്ഷിതത്വത്തിന്റെ വടുക്കൾ തിണർത്ത് കിടക്കുന്ന മുഖം. കണ്ണുകളിൽ കലങ്ങിയ നീലിച്ച നിറം. എല്ലിച്ച മുഖത്തെ കീഴ്ത്താടി മുന്നോട്ട് എഴുന്നുനിന്ന പോലെ.
റേഷനരി വാങ്ങാനുള്ള കാശ് തികയ്ക്കാനാണ് കൊച്ചേ... നാളെ മുതൽ വേസ്റ്റ് എടുത്തോട്ടെ...
രണ്ടാമതും ചോദിക്കുമ്പോൾ, രേവതിയുടെ കണ്ണിൽ പതിഞ്ഞത് ഹുക്ക് പൊട്ടിയ ബ്രായിൽനിന്ന് ഊർന്നിറങ്ങിയ അവളുടെ മുലകളുടെ നിഴൽചിത്രമായിരുന്നു.
ആട്ടെ, എത്ര രൂപയാണ് നിങ്ങടെ മാസക്കൂലി..?
ഇരുന്നൂറ്... പക്ഷേ അതൊന്നും ആരും കൃത്യമായി തരാറില്ല. ഈ വാർഡിലെ പത്ത് മുപ്പത് വീടുകളുണ്ട്. രണ്ട് പെങ്കൊച്ചുങ്ങളുടെ കാര്യം നേരാംവണ്ണം നോക്കാനൊന്നും ആ പൈസ തെകയത്തില്ല കൊച്ചേ... കെട്ടിയോനൊരുത്തൻ ഒള്ളതും ഇല്ലാത്തതും കണക്കാ... കള്ളും കഞ്ചാവും പിന്നെ പെണ്ണുപിടിത്തവുമായി എവിടെച്ചെന്ന് കേറണം എന്നും പറഞ്ഞ് നടക്കുന്ന ഒരു മൊരടൻ. കണ്ട വേശ്യാപ്പെണ്ണുങ്ങളുടെ പിന്നാലെയൊക്കെ പോകും. പിള്ളാരുടെ തന്തയായിപ്പോയില്ലേയെന്നോർത്ത് ആദ്യമൊക്കെ പോയി പിടിച്ചോണ്ട് വരുമായിരുന്നു. ഇപ്പ അങ്ങേർക്ക് തോന്നിയപോലാ... വല്ലപ്പോഴും വരും, കുടിച്ച് ലക്കുകെട്ട്. പിന്നെ വീട് മുഴുക്കെ തെരഞ്ഞ് എന്റെ കയ്യിലെ കാശും റാഞ്ചിക്കൊണ്ട് ഒറ്റപ്പോക്കാ...
ഞാൻ പെഴച്ചവളാണെന്നാ അങ്ങേരുടെ നെലപാട്. എന്നാലും ഞാനീ നടപ്പോട് നടപ്പ് നടന്ന് എച്ചില് കോരിയുണ്ടാക്കുന്ന കാശ് കൊണ്ടെ തിന്നാൻ അയാൾക്ക് ഒരുളുപ്പുമില്ല.
കൊച്ചിനറിയുമോ, ഈ പണി തൊടങ്ങിയത് മുതൽ അയാളെന്നെ വിളിക്കുന്നത് എച്ചിൽ സുമതിയെന്നാ... അത് ഏറ്റ് പിടിക്കാൻ കൊറേ ആൾക്കാറും. പൊറമ്പോക്കിലെ ചെറ്റപ്പെരേലാ കെടപ്പെന്നും, കിളിന്ത് പോലത്തെ രണ്ട് പെമ്പിള്ളേരുണ്ടെന്നുമുള്ള വിചാരവും ലവലേശമില്ല പഹയന്.
ഏളേ പെങ്കൊച്ചിന് ഹാർട്ടിന്റെ വാൽവിന് തകരാറാ... താലൂക്കാശൂത്രീലെ ഹാർട്ടിന്റെ ഡോക്ടറ് പറഞ്ഞത് പന്ത്രണ്ട് വയസ്സിന് മുന്നേ ഓപ്പറേഷൻ ചെയ്യണമെന്നാ... സുമതി സ്വകാര്യംപോലെ ശബ്ദം വളരെ താഴ്ത്തി പറഞ്ഞു.
അല്ല, അപ്പോൾ നിങ്ങൾക്ക് ബന്ധുക്കളാരുമില്ലേ..?
അച്ഛനുമമ്മയും മരിച്ചിട്ട് കൊറേക്കാലമായി കൊച്ചേ... ഒള്ളത് പറയാലോ, ഒരാങ്ങളയൊള്ളത് വീട് കയ്യടക്കിവച്ച് അവന് പോതിക്കുംപോലെ ജീവിക്കുന്നു. നിങ്ങടെ പെങ്ങള് ചത്തുപോയെന്നാ അവന്റെ പെണ്ണുമ്പിള്ള പറഞ്ഞുവച്ചിരിക്കുന്നത്. അവനത് വേദവാക്യം... പിന്നെ സംബന്ധക്കാറ്... അവർക്ക് പണ്ടേ ഞങ്ങളെ വേണ്ട. അതുകൊണ്ടല്ലേ ആ പൊറമ്പോക്കിൽ വന്ന് കഴിയേണ്ടിവന്നേ.
അത് പറയുമ്പോൾ, ചില്ലുഭരണിയിലിട്ട മീൻചലനങ്ങൾ പോലെയായിരുന്നു അവളുടെ കണ്ണനക്കങ്ങൾ.
പൗരുഷത്തിന്റെ ഉശിരില്ലാത്തവനായിപ്പോയി കെട്ടിയവൻ. ഞാൻ മച്ചിയാണെന്ന് പറഞ്ഞ് കൊറേ നാള് പൊല്ലാപ്പൊണ്ടാക്കിക്കൊണ്ട് നടന്നു. ആദ്യം പെറ്റത് ചാപിള്ളയായപ്പോപ്പിന്നെ പറയണോ പുകില്. അങ്ങേരുടെ പുലയാട്ടും, അറപ്പിക്കുന്ന ആൺവിയർപ്പും സഹിച്ച് പിന്നെം രണ്ട് പെറ്റ എന്നെ നിങ്ങ സമ്മയ്ക്കണം.
അതു പറയുമ്പോൾ, മുറിവേറ്റൊരു മന്ദഹാസം അവരുടെ മുഖത്ത് പ്രകടമാകുന്നത് രേവതി നിർവികാരതയോടെ നോക്കിനിന്നു.
കറുകറാ കറുത്തൊരു വെള്ളിപ്പാദസരം ഈർക്കിൽപാമ്പ് പോലെ അവളുടെ കാൽമടമ്പിൽ ചുറ്റിക്കിടക്കുന്നത് അപ്പോഴാണ് രേവതി കണ്ടത്.
ആഹാ, സുമതിക്ക് ഡാൻസ് കളിക്കാൻ ഇഷ്ടമാണോ..?
കൊള്ളാം ഇഷ്ടമാണോന്നോ... പാട്ടും പാടും. ആരും ഇല്ലാത്ത വഴികളിൽ വണ്ടീം തള്ളിപ്പോകുമ്പോൾ ഞാൻ ഉറക്കെ പാടും. പണ്ടാരമടങ്ങാൻ, അങ്ങേരുടെ തെറി കേട്ട് കേട്ട് എന്റെ കേൾവി കൊറേ നശിച്ചു. കടിച്ച് തുപ്പീതും, തൊടച്ച് മാറ്റീതും, എച്ചിലും വിഴുപ്പും ചത്തതും ചീഞ്ഞതുമൊക്കെ കോരുന്നതിനിടയിൽ ഒരു മൂളിപ്പാട്ടെങ്കിലും പാടിയില്ലെങ്കിൽ എങ്ങനാ കൊച്ചേ...അതൊക്കെയല്ലേ ഒരു സന്തോഷം.
അത്യാവശ്യത്തിന് റേഷനരീം മണ്ണെണ്ണയും വാങ്ങണം. പിന്നെ നാട്ടുനടപ്പനുസരിച്ചെങ്കിലും എന്റെ കുഞ്ഞുങ്ങളെ ഉസ്കൂളിൽ വിടണം. ഞാനൊരാളല്ലേ അവർക്കുള്ളൂ. എച്ചിൽ സുമതീടെ മക്കൾ പഠിച്ചിട്ടെന്തിനാ, പഠിപ്പിച്ചിട്ടെന്തിനാ എന്നൊക്കെ ചെലര് ചിറികോട്ടും. എന്നാലും നാലക്ഷരം പഠിപ്പിച്ചാൽ അവുത്തുങ്ങൾക്ക് ഭാവിയിലേക്ക് ഉപകാരപ്പെട്ടാലോ...
പിന്നെ പെമ്പിള്ളേരായിപ്പോയില്ലേ, കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ വളർത്തിയെടുക്കണ്ടേ..? കൊച്ചിനറിയോ പകൽ മാന്യന്മാരാ ചുറ്റിലും. കാമക്കണ്ണേറുമായി നടക്കുന്നവർ...
വിഹിതവും അവിഹിതവും കണക്കുപറയുമ്പോൾ, ഒരുതരം വിലപേശലാണ് ജീവിതമെന്ന് തോന്നിപ്പോകും.
കുടിച്ച് കൂത്താടി തോളേക്കേറാൻ വന്നപ്പോ, അയാളെ തലയ്ക്കടിച്ച് കൊന്നിട്ട്, സന്യസിക്കാൻ പോയാലോ എന്നുവരെ കരുതിയതാ ഒരിക്കൽ. പിന്നെ അവറ്റിങ്ങളെ ഓർത്തപ്പോ... ഏതെങ്കിലും ഒരെണ്ണം തന്തക്കാല് കണ്ട് ജനിച്ചാമതിയാരുന്നു. അതും നടന്നില്ല. വിധവാ പെൻഷനെങ്കിലും കിട്ടിയേനെ.
സുമതിയുടെ നെറ്റിയിലൂടെ ചെവിയുടെ മുൻഭാഗത്തേക്ക് വിയർപ്പ് ചാലുകൾ കുതിച്ചിറങ്ങി. അവളുടെ ശ്വാസത്തിന്റെ തീക്കാറ്റ് രേവതിയെ പൊള്ളിച്ചു.
ജീവിതത്തിന്റെ ചുരം കയറാൻ ചങ്കൂറ്റത്തോടെ ഇറങ്ങിപ്പുറപ്പെട്ടവൾ പറയുന്ന വിഹിതത്തിന്റേയും അവിഹിതത്തിന്റേയും മഹദ് വചനങ്ങൾ. ഒരുപക്ഷേ പുറമ്പോക്കിലുള്ള പെണ്ണുങ്ങൾക്ക് മാത്രം പറയാൻ കഴിയുന്നവയാണ് അവയെന്ന് രേവതിക്ക് തോന്നി.
കന്യക പതിവ്രത, വേശ്യ തേവിടിശ്ശി, ഫെമിനിസ്റ്റ് തുടങ്ങിയ ലേബലുകളൊന്നുമില്ലാതെ കാലിലെ ചങ്ങല പാദസരമാണെന്ന് കരുതി ജീവിക്കാത്ത ഒരുവളുടെ ഉഗ്രസ്ഫോടനക്ഷമതയുള്ള മുഖഭാവം, എല്ലാ നിയന്ത്രണങ്ങളെയും അതിജീവിക്കുന്ന ഒരു തരം സ്ത്രൈണോർജത്തിന്റെ കൾട്ട് ഫിഗർ. ശത്രുപാളയത്തെ ഒറ്റയ്ക്ക് നേരിടുന്ന പെണ്ണാർമി. ലിംഗപദവിയും ജെൻഡർ പ്രശ്നങ്ങളും എന്ന തന്റെ തീസീസിന് പറ്റിയ ഐക്കൺ ആണെന്നോർത്തപ്പോൾ അതിന്റെ ഊർജം, രേവതിയുടെ കണ്ണുകളിൽ ഒരാകാശത്തെത്തന്നെ വിടർത്തിയിട്ടു. ആത്മകപടതകളില്ലാത്ത അവളുടെ വാക്കുകൾ ഇന്റലക്ച്വൽ ജാടയുമായി നടക്കുന്നവർക്ക് മുഖമടച്ചുള്ള മറുപടിയാണെന്ന് രേവതി മനസ്സിലോര്ത്തു.
ഒരു ഗ്ലാസ് പച്ചോള്ളം കിട്ടിയാ കൊള്ളായിരുന്നു കൊച്ചേ...
വെള്ളവുമായി തിരികെ വന്ന രേവതി, അഞ്ഞൂറിന്റെ ഒരു പുത്തൻനോട്ട് അവൾക്ക് നേരേ നീട്ടി.
അയ്യോ വേണ്ട കൊച്ചേ... ഞാൻ പണി തുടങ്ങിയില്ലല്ലോ. സുമതി ഉപചാരപൂർവം ഒഴിഞ്ഞു.
അതേ നമ്മള് പെണ്ണുങ്ങള് കുറച്ച് മെനയ്ക്കൊക്കെ നടക്കണ്ടേ സുമതീ... ആ ഹുക്ക് പൊട്ടീതൊക്കെ മാറ്റി ഒന്നുരണ്ട് നല്ലതൊക്കെ വാങ്ങിയിട്...
രേവതി അത് പറയുമ്പോൾ ഒരുതരം സങ്കോചത്തിന്റെ ശരീരഭാഷയായിരുന്നു സുമതിയുടേത്.
അത് പിന്നെ, ഈ കുപ്പത്തൊട്ടി എങ്ങനെ നടന്നാലെന്ത് കൊച്ചേ... ആ പൈസക്കുകൂടി അരീം പലവ്യഞ്ജനവും വാങ്ങാൻ നോക്കും... പിന്നെ ഈ ദിക്കറിയാപ്പാച്ചിലിനിടയിലും, അയാക്ക് തട്ടിപ്പറിച്ചു കൊണ്ടുപോകാനും എന്റെ കയ്യിൽ എന്തെങ്കിലും വേണ്ടേ കൊച്ചേ...
ഹോ... ഇതാണ് പെണ്ണ്... ഇവളാണ് പെണ്ണ്... എത്രത്തോളം തള്ളിപ്പറഞ്ഞിട്ടും ഉള്ളിന്റെയുള്ളിൽ കിനിയുന്ന തേനുറവപോലെ, കരുണയുടെ കണിക. രേവതിക്ക് അവളോട് ആ നിമിഷം അടക്കാനാവാത്ത ബഹുമാനം തോന്നി.
ഓരോ തൊഴിലിനും അതിന്റേതായ അന്തസ്സുണ്ടെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. എന്നിട്ടും ഉത്തമമെന്നും അധമമെന്നും മനുഷ്യര് കള്ളികൾ തിരിക്കുന്നത് കാണുമ്പോഴാ... കൊച്ചിനറിയുമോ, പ്രാന്തൻ നായയെ കണ്ടപോലുള്ള വെകിളിയാണ് ചിലർക്ക് എന്നെ കാണുമ്പോൾ. എന്നെ മുന്നിൽ കണ്ടാൽ അവർക്ക് ഛർദിൽ തികട്ടും. കൊച്ചുപിള്ളേര് പോലും എന്നെ ദൂരെനിന്ന് കാണുമ്പോഴേ മൂക്ക് പൊത്തും.
എന്നാലും, എലിക്ക് വെഷംവച്ച് പൂച്ച ചത്താൽ, അതിനെ കൊണ്ടുക്കളയാനും, കൊച്ചമ്മമാരുടെ വിദേശനായ്ക്കളുടെ കാഷ്ഠം കോരാനും അവർക്കൊക്കെ ഞാൻതന്നെ വേണം.
അവളുടെ വായിൽനിന്ന് വീഴുന്ന ഓരോ വാക്കിന്റേയും കൂർത്ത മുന തട്ടി ഇടക്കിടക്ക് രേവതിയുടെ നോട്ടം മുറിഞ്ഞു.
അതൊക്കെ അവരുടെ വിവരമില്ലായ്മയാണ്. ഇന്നാ സുമതി ഇത് പിടിക്ക്... രേവതി നോട്ട് കയ്യിൽവച്ചു കൊടുക്കുമ്പോൾ, ആ കണ്ണുകൾ തുളുമ്പി.
എനിക്കാരും പുത്തൻ നോട്ട് തരത്തില്ല കൊച്ചേ... ഏറ്റവും മുഷിഞ്ഞ, കീറിത്തൂങ്ങിയ നോട്ടുകളാണ് എല്ലാരും എനിക്കായി മാറ്റിവക്കുന്നത്. ആ കൺതടങ്ങളിലെ ഉപ്പുപരലുകൾ രേവതിയുടെ തീസീസിന്റെ രുചിനിർണയത്തിലെ സുപ്രധാന ചേരുവയായി മാറുകയായിരുന്നു.
ലെയിൻ 41ന് സമീപം പതിവില്ലാത്ത ഒരാൾക്കൂട്ടം. രേവതി ചൂല് കയ്യിൽപ്പിടിച്ചുകൊണ്ട് തന്നെ മതിലിന് മുകളിലൂടെ തലയിട്ട് നോക്കി.
മാസ്കണിഞ്ഞ കുറേ പ്രമാണിമാർ. ആണും പെണ്ണുമുണ്ട്. നിരന്നുനിൽക്കുന്ന ശത്രുക്കളുടെ അക്ഷൗഹിണി തന്നെ. രേവതി മനസ്സിലുറപ്പിച്ചു.
ഇവളെയിങ്ങനെ വീട് വീടാന്തരം കയറിയിറങ്ങാൻ അനുവദിക്കുന്നത് അപകടമാണ്.
എവിടൊക്കെ നെരങ്ങിവരുന്നതായിരിക്കും ഈ തൊട്ടീച്ചാടികൾ...
വൈറസെങ്ങാനും വന്നുപെട്ടാൽ കൊണ്ടേപോകൂ...
കൂട്ടത്തിൽ തലമുതിർന്ന ഒരാളുടെ സംസാരം കേട്ടപ്പോൾ, വെല്ലുവിളികൾക്ക് നേരേ പ്രതിരോധം തീർക്കാനാവാതെ, ജീവിതത്തിന്റെ നെറികേടിനുമേൽ ഒരു പുഴ കൂലംകുത്തി ഒഴുകുന്നതായി രേവതിക്ക് തോന്നി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.