കുട്ടികൾ ആദ്യം വീട്ടുമുറ്റത്ത് പറന്നുവന്നിരുന്ന പരുന്തുകളെകണ്ട് ഭയന്ന് കാറി വിളിച്ചെങ്കിലും പിന്നീട് അതിജീവനത്തിന്റെ സ്വാഭാവിക മികവോടെ അവരുമായി ഒരു അടവുനയത്തിൽ ഏർപ്പെട്ടു. മാത്രമല്ല, അവർക്കുവേണ്ടി വാദിക്കാനും മുന്നോട്ടുവന്നു.
ചിത്രീകരണം: തോലിൽ സുരേഷ്
വിറച്ചും തുമിച്ചും ഒരു ജലദോഷക്കോളിൽ ചെട്ടിയാർ തെരുവിലുള്ള മാരിയമ്മൻകോവിലിലെ നീല കോളാമ്പിയിലൂടെ ഒഴുകിയിരുന്ന ‘‘മയിലേറി വിളയാടി വാ... ’’എന്ന കെ.ബി. സുന്ദരാമ്പാളിന്റെ പീലിവിരിച്ചാടുന്ന ശബ്ദം പൊടുന്നനെ എന്റെ ഉള്ളിലേക്ക് പറന്നിറങ്ങി. അരുത്തിപ്പൊരുത്തി കിട്ടിയ രണ്ട് കിലോ റേഷൻ ഗോതമ്പ് കഴുകി ഉണക്കാൻ മുകളിൽ വിരിച്ചിട്ട് ഞാൻ അകത്തേക്ക് കയറിയതേ ഉണ്ടായിരുന്നുള്ളൂ; അതിനുമുമ്പ് കൈലാസംവരെ എത്തുന്ന ഒരു കൂറ്റൻ ചിറകടി ശബ്ദം പിന്നിൽ കേട്ടു. വിശക്കുന്നു... എന്ന് ഉറക്കെ വിളിച്ചുപറയുന്നവന്റെ ഒച്ചയും. പ്രായം നട്ടെല്ലിന്റെ കശേരുക്കളിൽ പിടിത്തം ഇടുമെന്നോർക്കാതെ; ഏറെനേരം കുത്തിയിരുന്നതിന്റെ ചടവോടെ മുണ്ടും മടക്കിക്കുത്തിനിന്ന ഞാൻ ശരിക്കും ഇന്ന് തൈപ്പൂയ്യമാണോ എന്ന് ആ വരവ് കണ്ട് ഓർത്തുപോയി!
ആദ്യം കരുതിയത് ഈയിടെ കാക്കകളെപ്പോലെ കാറിവിളിച്ചും കോരുതവി ചുണ്ടുകൾ ഇടംവലം ഉരച്ചും നടക്കുന്ന കൂറ്റൻ പരുന്തുകളിലൊന്നെന്നാണ്. പൂർവജന്മത്തോളം പോന്ന പരിചിതഭാവത്തിൽ; വീട്ടുമുറ്റത്തും അടുക്കുചെമ്പരത്തിയുടെ തേഞ്ഞ ശിഖരത്തിലും കിണ്ടിയും ഓട്ടുരുളിയുമെല്ലാം എടുത്തുമാറ്റിയ ചെറിയ കൈവരിയിലുമൊക്കെ അവരിപ്പോൾ അപകർഷതയൊന്നുമില്ലാതെ വസുധൈവ കുടുംബകം ചൊല്ലി വന്നിരിക്കാറുണ്ട്.
വേഗം പോരാഞ്ഞ് വീണ്ടുമൊരു സൂപ്പർ ഹൈവേക്കുവേണ്ടിയായിരുന്നു ആദ്യം കുറേ തണൽമരങ്ങൾ മുറിച്ചത്. അടയ്ക്കാ കച്ചവടം ചെയ്തിരുന്ന അപ്പുചെട്ടിയാരെയും തുന്നൽക്കട നടത്തി കഷ്ടി പിഷ്ടി ജീവിച്ചുപോന്ന അസനാരുപിള്ളയെയുംവരെ വീട്ടിലിരുത്തിയ നെഹ്റു ജങ്ഷനിലെ ഷോപ്പിങ് മാളിനുവേണ്ടിയും പിന്നീട് കുറേ മാവും പ്ലാവും ഇലവും ഒക്കെ മുറിച്ചുതള്ളി. അത്രയുംവരെ കാര്യങ്ങൾ കട്ടയ്ക്ക് കട്ട എത്തിയപ്പോഴാണ് പരുന്തുകൾ കുലമഹിമയും പൂർവസൂരികളെയുമൊക്കെ മറന്ന് ഇങ്ങനെ ഞങ്ങളുടെ ചെറിയ തെങ്ങുകളിൽവരെ കൂടിവെച്ച് പാർക്കാൻ തുടങ്ങിയത്. അതോടെ കാര്യങ്ങളാകെ കുഴഞ്ഞുമറിഞ്ഞ് കൂഴപ്പരുവമായി. ആകെ കിട്ടുമായിരുന്ന നാലഞ്ച് കുരുട്ട് തേങ്ങകൾപോലും അവർ അടക്കാൻ കഴിയാത്ത അവസ്ഥയായി. കുടിയാന്റെ കുടിയിറക്കത്തേക്കാൾ, രാജാവിന്റെ സ്ഥാനഭ്രഷ്ടിനും വീഴ്ചക്കുമാണല്ലോ, എന്നും ആഘാതം കൂടുതൽ?
കുട്ടികൾ ആദ്യം വീട്ടുമുറ്റത്ത് പറന്നുവന്നിരുന്ന പരുന്തുകളെ കണ്ട് ഭയന്ന് കാറി വിളിച്ചെങ്കിലും പിന്നീട് അതിജീവനത്തിന്റെ സ്വാഭാവിക മികവോടെ അവരുമായി ഒരു അടവുനയത്തിൽ ഏർപ്പെട്ടു. മാത്രമല്ല, അവർക്കുവേണ്ടി വാദിക്കാനും മുന്നോട്ടുവന്നു. പിന്നെ പിന്നെ അടുക്കളപ്പുറത്ത് പൂച്ചകളോടൊപ്പവും കാക്കളോടൊത്തും പരുന്തുകൾ മീൻ മുറിക്കുമ്പോൾ പങ്കുപറ്റാൻ പറന്നുവന്നു. ഒരിക്കൽ ശിരസ്സിലേറ്റിയിരുന്ന ഉത്തുംഗ വിരാചിത ഭാവമൊന്നുമില്ലാതെ...
വീട്ടുകാരത്തി പള്ളകീറി വലിച്ചെറിയുന്ന മീനിന്റെ കയ്പൻ കുടലിനും കറുത്ത ചെകിളപ്പൂവിനും പിന്നാലെ അവർ കാക്കകൾക്കൊപ്പം ചൊക്കന്മാരെപ്പോലെ ചാടിക്കളിച്ചു. ഊക്കും കണിശതയും ഉള്ള പൂച്ചകളുടെ നഖം വിരിച്ചുള്ള മുൻകാൽ അടിയേറ്റുവാങ്ങി. ‘‘നാണമില്ലേ, ഇങ്ങനെ കുലം മറന്ന് തല്ലുകൊള്ളാൻ..?’’ എന്ന് ചോദിച്ച ബലിക്കാക്കയെ പൃഷ്ഠം പൊക്കി തൂറി കാണിച്ചു. ഏതു കൊമ്പനും ഒരിക്കൽ പുറത്തായാൽ ഇത്രയൊക്കെയേ ഉള്ളൂ എന്ന് ഒരു കാവതിക്കാക്ക മാളത്തിലിരുന്ന് തലനീട്ടിയ ഒരു പെരുച്ചാഴിക്കുഞ്ഞിനോട് വേദം പറഞ്ഞു.
ഞാൻ കണ്ണാടിക്കായി കഷണ്ടി തലയിലേക്ക് പരതി. ഒരു പ്രായം കഴിഞ്ഞാൽ കാഴ്ച എന്നത് ഊഹക്കച്ചവടമാണല്ലോ..? വായിക്കുവാനും എഴുതുവാനും വേണ്ടിമാത്രം ഉപയോഗിക്കാറുള്ള കണ്ണട നെറ്റിയിൽനിന്നും പതിയെ ഇറക്കിെവച്ചപ്പോഴാണ് ശരിക്കും ഞാനത് കണ്ടത്; ഒരാളല്ല, അവർ രണ്ടുപേരുണ്ടായിരുന്നു; ദമ്പതിമാർ! ഭയന്ന ഒരു പാമ്പ് പത്തിയിളക്കി നാലുപാടും ചീറി പരതുന്നതുപോലെ ഗോതമ്പുമായി ടെറസിന് മുകളിൽ കയറിവന്ന എന്നെയും കാത്ത് അവരങ്ങനെ കൈവരിയിൽ ഇരിക്കുകയായിരുന്നു.
ഭാരതത്തിന്റെ ദേശീയപക്ഷി കാടുവിട്ട് നാടു കാണുവാൻ എത്തിയിരിക്കുകയാണ്! ഏതോ ഉൾക്കാടുകളുടെ വരണ്ടുണങ്ങിയ ദൈന്യത അവയുടെ ശോഷിച്ച ഉടലിൽനിന്നും എളുപ്പം വായിച്ചെടുക്കാമായിരുന്നു. കുളിച്ചിട്ട് പതിനാറ് ആയതുപോലെ! എന്നിട്ടും പതിനൊന്ന് മണിയുടെ ഇളം വെയിലിൽ ആൺമയിലിന്റെ നീലയും പച്ചയും ഒക്കെ ചുട്ടിയിട്ടതുപോലെ തിളങ്ങി.
പ്രാവും കാക്കയുമാണ് മല്ലിയോ മുളകോ ഗോതമ്പോ ഒക്കെ ഉണക്കാനിടുമ്പോൾ ഇങ്ങനെ സാധാരണ കടന്നുവരാറുള്ള ചോരന്മാർ. അവർക്ക് കണ്ണിൽ റിമോട്ട് സെൻസറുകൾ ഉണ്ട്. ചിക്കുപായ മുകളിൽ വിരിക്കുമ്പോൾതന്നെ അവർക്ക് സന്ദേശം കിട്ടിയിരിക്കും. അടുത്തിടയായി അവർക്കൊപ്പം കുലംകെട്ട പരുന്തുകളുമുണ്ട്.
ചെറിയ ഔദാര്യങ്ങൾക്കുപോലും വലിയ അഭിമാനക്ഷതം നേരിടുന്ന ഈ കാലത്ത്; പത്തുവട്ടം റേഷൻകടയിൽപോയി വാങ്ങിക്കൊണ്ടുവരുന്ന ഗോതമ്പിൽനിന്നും വിഹിതംപറ്റാൻ വരുന്നവരോട് അത്രത്തോളം ഉദാരനാകാൻ കഴിയാത്തവിധം എന്റെയും സാഹചര്യങ്ങൾ മാറിമറിഞ്ഞിട്ടുണ്ട്! പ്രത്യേകിച്ചും മാരകമായ കീശനാശിനികൾ അടിച്ച ഗോതമ്പിൽനിന്ന്; കമീഷൻ വാങ്ങലിന്റെയും വീതംവെപ്പിന്റെയും പൂഴ്ത്തിവെക്കലിന്റെയുമൊക്കെ അടയാളങ്ങളായ കല്ലും കട്ടയും എലിക്കാട്ടവുമൊക്കെ പെറുക്കിക്കളഞ്ഞ് കഴുകി ഉണക്കിയെടുക്കുമ്പോൾ...അതുകൊണ്ടുമാത്രം ചോരന്മാർ എന്ന നിർവചനത്തോട് പണ്ടേ എതിർപ്പുണ്ടെങ്കിലും ഇന്ന് കണ്ണുംപൂട്ടി യോജിക്കാതെ തരമില്ല.
‘‘ഈ ലോകത്തെ അമീബ മുതൽ നീലത്തിമിംഗലം വരെയുള്ള സർവജീവജാലങ്ങളെയും തീറ്റിപ്പോറ്റാനുള്ള ശേഷിയുണ്ടാകുന്ന ഒരു ഗവൺമെന്റിനെ സ്വപ്നം കണ്ടുകൊണ്ട്; കമ്പോ കവണയോ എടുത്ത് അവയെ തുരത്തണം’’ -എന്നെ ഭാര്യ ഉപദേശിക്കാറുണ്ട്, മയൂരസന്ദേശം മുടങ്ങാതെ എല്ലാ വർഷവും പഠിപ്പിക്കുന്ന ഹൈസ്കൂൾ മലയാളം അധ്യാപിക കൂടിയാണ് ബിന്ദു.
ഏതെങ്കിലും തരത്തിലുള്ള ഉപചാരങ്ങളോ മര്യാദയോ പാലിച്ചുകൊണ്ടുള്ള ഒരു നീക്കമായിരുന്നില്ല, അവരുടേത്. ദേശീയ പക്ഷിയെന്ന അധികാരത്തിന്റെ; അവകാശത്തിന്റെ ഭാവമായിരുന്നു ഉടനീളം. നീണ്ട പീലിക്കെട്ട് ഒരു വിശറിപോലെ വിരിച്ച്; പ്രിയതമയെയുംകൂട്ടി ആ ആൺപ്രജ കൊള്ളയടികളാൽ മെലിഞ്ഞുപോയ ഗോതമ്പ് വിരിച്ച ചിക്കുപായയിലേക്ക് പറന്നിറങ്ങി. കണ്ണിന്റെ ആകൃതിയിൽ പീലിക്കുള്ളിൽ നിറഞ്ഞുനിന്ന നീലനിറവും പിച്ചളവർണവും ചെറിയ വിറയോടെ തുള്ളി തുളുമ്പി. അങ്ങനെ പതിനായിരം കടമ്പകൾ കടന്ന് ചക്കാലമുക്കിലെ റോഷന്റെ റേഷൻകടയിൽ എത്തിയ എനിക്കുള്ള മെലിഞ്ഞ ഗോതമ്പാണ് യാതൊരു മര്യാദയും ഇല്ലാതെ ഈ മയിലുകൾ കൊത്തിവിഴുങ്ങാനായി എത്തിയിരിക്കുന്നത്!
ഓടിച്ചുവിടാനും കണ്ടുനിൽക്കാനും ആകാത്ത ധർമസങ്കടത്തിന്റെ വർണത്തിൽ ആശങ്ക! ആദ്യമായാണ് ഞാൻ ഒരു മയിലിനെ ഇത്രയും അടുത്ത് കാണുന്നത്. അടുത്തെത്തുമ്പോഴാണല്ലോ, എല്ലാ കാഴ്ചകളും ചുവന്ന കാന്താരിപോലെ എരിയുന്നതും ചക്കവരട്ടിപോലെ ഇനിക്കുന്നതുമെല്ലാം? വാങ്കോഴിയുടെ നോട്ടവും കാടുമൂടുന്ന ശബ്ദവും അലമേർവള്ളി*യിലേക്ക് പാറിയിറങ്ങുന്ന ദ്രാവിഡനൃത്തച്ചുവടുകളുമെല്ലാം കണ്ടു മതിയാകുന്നതിനു മുമ്പ് എങ്ങനെയാണ് ഇവറ്റകളെ ഓടിച്ച് വിടുന്നത്? സത്യത്തിൽ ഞാനിങ്ങനെയൊക്കെ കാൽപനികനായി ചിന്തിക്കേണ്ട കാലമെല്ലാം കടന്നുപോയെന്ന് എനിക്കറിയാം.
ബിന്ദു അറിഞ്ഞാൽ, അവൾ വീണ്ടും തന്റെ രാഷ്ട്രീയ പ്രബുദ്ധത വെളിപ്പെടുത്തുവാൻ കിട്ടിയ മറ്റൊരു അവസരമായി ഇതിനെയും കണ്ട്, ഇങ്ങനെയാകും പ്രതികരിക്കുക:
‘‘ദേശീയപക്ഷിക്ക് തീർച്ചയായും എവിടെയും പറന്ന് ചെല്ലാനുള്ള അവകാശമുണ്ട്. സമ്മതിച്ചു; എന്നുകരുതി, ആ അവകാശത്തെ മറ്റുള്ളവരുടെ മുറത്തിൽ കയറി കൊത്താനുള്ള അവകാശമായി അതിനെ കാണരുത്. അധികാരവും പ്രയോഗവുമെല്ലാം ജനാധിപത്യപരമാകണം. അങ്ങനെ ഉണ്ടാകുന്നില്ലെങ്കിൽ അവർക്ക് എവിടെയൊക്കെയോ ചില തകരാറുകളുണ്ട്. അതുകൊണ്ടാണ് കാടുകൾ കരിഞ്ഞ് ഇവറ്റകൾക്ക് നാട്ടിലേക്ക് പറക്കേണ്ടിവരുന്നത്. അതിൽ നമുക്കൊന്നും ചെയ്യാനാകില്ല; മുളയിലേ നുള്ളണം. അടിച്ചോടിച്ചേ പറ്റൂ...’’
ഞാൻ തൽക്കാലം അതെല്ലാം മറന്ന് അവ ഗോതമ്പ് കൊത്തി വിഴുങ്ങുന്നതിന്റെ കുറേ ചിത്രങ്ങൾ ആർത്തിയോടെ മൊബൈൽഫോണിൽ പകർത്തി. അപ്പോഴാണ് ശ്രദ്ധിച്ചത്, അവർ ചിത്രങ്ങൾ പകർത്തുവാൻ നന്നായി പോസ് ചെയ്യുന്നുണ്ട്. സൗന്ദര്യം ഉള്ളവർ നിന്നാലും ഇരുന്നാലും എന്തിന് കുന്തിച്ചിരുന്നാലും ഫോട്ടോജനിക്കാണ്! എനിക്കത് ബോധ്യപ്പെട്ടു. മാത്രമല്ല, വേണമെങ്കിൽ ഒരു സെൽഫി ആയിക്കൊള്ളൂ; എന്ന ഉദാരതയുമുണ്ട്! വൈകീട്ട് കുട്ടികൾ വരുമ്പോൾ വിളമ്പാനുള്ള അത്ഭുതത്തിന്റെ റിഹേഴ്സൽ ഞാൻ എന്റെ ഓരോ ചലനങ്ങളിലും അളന്നു.
സ്കൂൾ വിട്ടുവന്ന കുട്ടികൾ ആദ്യം അത് വിശ്വസിച്ചില്ല; ‘‘അതിനെയൊന്നും കാട്ടിൽക്കിടന്ന് പിഴയ്ക്കാൻ നിങ്ങൾ നിങ്ങൾ സമ്മതിക്കില്ലല്ലോ..?’’എന്ന് പറഞ്ഞുകൊണ്ട് കേശവ് വീടിന് പിന്നിലേക്കും മാധവി ടെറസിലേക്കും കയറിപ്പോയി. അവർ പാഠപുസ്തകത്തിന് പുറത്തുള്ള ചോദ്യങ്ങൾകൂടി പഠിക്കുന്ന വിദ്യാർഥികളായതുകൊണ്ട് എന്തു കാര്യം പറഞ്ഞാലും ഒരു മറുചോദ്യം കൂടി ചോദിക്കും; അതവരുടെ പാഠ്യപദ്ധതിയിലുള്ളതാണ്! അവർ മടങ്ങിവന്നപ്പോൾ ഞാൻ ചോദിച്ചു:
‘‘എന്താ, വിശ്വാസമായോ?’’ അതിന് മറുപടി പറയാതെ അവർ എന്റെ മൊബൈൽ പിടിച്ചുവാങ്ങി എടുത്ത ചിത്രങ്ങളെല്ലാം ചറപറാന്ന് അഴിച്ചിട്ട് നോക്കി. എന്നിട്ട് ബിന്ദുവിന് നേരെ തിരിഞ്ഞ് ചോദിച്ചു:
‘‘അമ്മ കണ്ടോ മയിലിനെ?’’
നാളെ രാവിലെ ദോശയോടൊപ്പം ചമ്മന്തി വേണോ? സാമ്പാറ് വേണോ? എന്ന് സന്ദേഹിച്ചുകൊണ്ടിരുന്ന ബിന്ദു ആദ്യം പ്രതികരിച്ചില്ല. പിന്നീട് ‘‘കണ്ടു; ഗോതമ്പിൽ കണ്ടു’’ എന്ന് വ്യംഗ്യത്തിൽ പറഞ്ഞു.
രാഷ്ട്രീയ പ്രബുദ്ധത മാത്രമല്ല, ഉയർന്ന ബുദ്ധിശക്തികൂടി ഉള്ളവളാണ് താനെന്ന് ആരെയും ബോധ്യപ്പെടുത്തുന്ന ചില മറുപടികൾ പറയുന്ന ഭാഷാ അധ്യാപികകൂടിയാണ് ബിന്ദു. മലയാളം അധ്യാപകർ പൊതുവെ ഐ.ക്യു കുറഞ്ഞവരും വികാരജീവികളുമാണെന്ന ധാരണയെ തിരുത്തുന്നതിന്റെ ഭാഗം കൂടിയാണത്. രണ്ട് കിലോ ഗോതമ്പ് കാൽ കിലോയായി ചുരുങ്ങിയ ദേഷ്യത്തെ മൂന്നും രണ്ടും രണ്ടും മൂന്നുമായി കേക വൃത്തത്തിലിട്ട് ഗണം തിരിക്കുകയായിരുന്ന ബിന്ദു; എന്നെക്കൊണ്ടൊന്നും കൂടുതൽ പറയിപ്പിക്കരുതെന്ന് പറഞ്ഞ് മുറം മേശമേൽെവച്ച് മുകളിൽ ഉണങ്ങാൻ വിരിച്ച തുണികൾ എടുക്കാൻ ഇറങ്ങിപ്പോയി.
മൊബൈൽ ഫോണിൽ പകർത്തിയ ചിത്രങ്ങൾ കുട്ടികൾ അവരുടെ ചങ്ങാതിമാർക്കും പ്രിയപ്പെട്ടവർക്കുമൊക്കെ ഞൊടിയിടകൊണ്ട് ഷെയർചെയ്തു. അണ്ടിയാപ്പീസിലെ പെണ്ണുങ്ങളുടെ കൈവേഗമാണവർക്ക് ഇക്കാര്യങ്ങളിൽ! അടുത്ത ദിവസം സ്കൂളിൽ ചെന്ന് അവർ മയിലുകളെ നേരിട്ട് കണ്ടതുപോലുള്ള ഒരു ട്രീസർ കൂട്ടുകാരോടെല്ലാം പറഞ്ഞു. അപ്പോഴാണവർ അറിയുന്നത്; പുറത്തങ്ങനെ ആരും പറയാറില്ലെങ്കിലും കുരങ്ങുകൾക്കും പരുന്തുകൾക്കും പിന്നാലെ ഇപ്പോൾ മയിലുകളും പലരുടേയും വീടുകളിലെ നിത്യസന്ദർശകരാണ്! ഒരു പുതുമയും ഇല്ലാത്ത സ്ക്രീൻ ഷോട്ടും സ്ക്രീൻ സേവറുകളുമായിരിക്കുന്നു, പലർക്കും ഈ അറുമുഖന്റെ വാഹനം! വീട്ടുമുറ്റത്ത് നട്ടിട്ടുള്ള ചെടികളുടെ ഇലകളെല്ലാം തന്നംതുന്നം കൊത്തിപ്പറിക്കുക, മനുഷ്യരെയും മറ്റ് വളർത്തുജന്തുക്കളെയുമൊക്കെ ഭീഷണിപ്പെടുത്തുന്നവിധം ഒച്ചയുണ്ടാക്കുക, അടുക്കളത്തോട്ടത്തിൽ കയറി വെണ്ടയും വഴുതനയും തക്കാളിയുമൊക്കെ കൊത്തിവിഴുങ്ങുക, പുറത്ത് ഉണങ്ങാനിട്ട തുണികളുടെ പുറത്തുതന്നെ നിർബന്ധബുദ്ധിയോടെ കാഷ്ഠിക്കുക തുടങ്ങി ഓടിച്ചുവിടാൻ നോക്കുമ്പോൾ തിരിച്ച് ഒരു ബൂമറാങ് പോലെ വന്ന് ഭയപ്പെടുത്തുന്നതുവരെയായിട്ടുണ്ട് അനിശ്ചിതത്വങ്ങളിലേക്ക് വളർന്നുകഴിഞ്ഞ അവരുടെ പെരുമാറ്റം! പക്ഷേ, എന്തുകൊണ്ട് അവരാരും ഇതുവരെ ഇക്കാര്യമൊന്നും തങ്ങളോട് പറഞ്ഞില്ല; എന്നോർത്ത് കേശുവും മാധവിയും കുഴങ്ങിനിന്നു.
മുക്കുറ്റിമല ഒരു എലിമടയോളം ചുരുങ്ങിയതോടെയാണ് നാട്ടിലേക്ക് കുരങ്ങന്മാരുടെയും കാട്ടുപന്നികളുടെയും പരുന്തിന്റെയുമൊക്കെ വരവ് തുടങ്ങിയത്. രണ്ട് കൊമ്പന്മാർ ഒരു പാതിരാവിൽ വേലിക്കപ്പുറം നിന്ന് എത്തിനോക്കുന്നതായി കണ്ട മൂന്നാം ക്ലാസിലെ കേശുവിന്റെ അപ്പൂപ്പൻ കണാരൻ രണ്ടുമാസം മുമ്പാണ് ഭയന്ന് മരിച്ചുപോയത്. കേശുവിന്റെ അച്ഛന് പാറമടയിൽ വെടിമരുന്ന് നിറക്കുന്ന പണിയായിരുന്നു. അതോടെ അയാൾ ആ പണി വിട്ടു. ഒരു ഇലക്ട്രിക് ഓട്ടോയെടുത്ത് ഓടാൻ തുടങ്ങി; അതിൽ പാവപ്പെട്ട കാൻസർ രോഗികൾക്ക് സൗജന്യയാത്രയും അനുവദിച്ചു.
കാട്ടുപോത്തിന്റെ അമറലും പാറപൊട്ടിക്കുന്ന ശബ്ദവും തമ്മിൽ തിരിച്ചറിയാനാകാത്തവിധം അരഞ്ഞുചേർന്ന് ടിപ്പർലോറികളിൽ കയറി നഗരങ്ങളിലേക്ക് പായുന്നത് കേശുവും മാധവിയും ശ്രദ്ധിക്കാൻ തുടങ്ങിയത് അതിനുശേഷമായിരുന്നു. അതിൽ ഏതാനും ലോറികളിൽനിന്നും വാടകയിനത്തിൽ ചില്ലറ എനിക്കും കിട്ടാറുണ്ടെന്ന് അറിഞ്ഞതോടെ അവർ എന്നോട് പലതും മിണ്ടിപ്പറയാതായി.
തങ്ങൾ വിട്ടുപോന്ന കാടിനെ കൂറ്റൻ കെട്ടിടങ്ങളുടെ നട്ടെല്ലിലിരുന്ന് മലകൾ സ്വപ്നം കാണുമെന്ന് പറഞ്ഞ് കുട്ടികൾ സങ്കടപ്പെട്ടു. നാലാം ക്ലാസിലെ മണികണ്ഠന്റെ അച്ഛൻ പരമു ചെട്ടിയാർ തന്റെ എരുമകളെ കെട്ടുന്ന തൊഴുത്തിൽ ഒരുദിവസം വെളുപ്പാൻകാലത്ത് ഒരു കാട്ടുപോത്തിനെ കണ്ടെന്ന് പറഞ്ഞപ്പോൾ അത് കാലൻ വന്നതായിരിക്കുമെന്ന് പരിഹസിച്ചവരുടെ വീടുകളിൽ ഓടുപൊളിച്ചും ജനാലകൾ തുറന്നും വെന്റിലേറ്ററുകൾക്കിടയിലൂടെയുമെല്ലാം കുരങ്ങന്മാർ കയറിയിറങ്ങി. അവർ മീൻചട്ടിയും ചോറുകലവുമെല്ലാം തട്ടിമറിച്ചിട്ടു; ഹോർലിക്സും ഉപ്പും പഞ്ചസാരയുമൊക്കെ കുപ്പിയോടെ എടുത്തു കൊണ്ടുപോയി. മലയാളം പഠിപ്പിക്കുന്ന ശാന്തി ടീച്ചർ കുഞ്ചൻ നമ്പ്യാരുടെ കല്യാണസൗഗന്ധികം ഓട്ടൻതുള്ളൽ ഈണത്തിൽ ചൊല്ലി അവരെ ഒന്ന് തുള്ളിക്കാൻ നോക്കിയെങ്കിലും അവർക്ക് ഹനുമാന്റെ വാലും ഭീമന്റെ വെയിറ്റ് ലിഫ്റ്റിങ്ങുമൊന്നും ടീച്ചർ ചൊല്ലിയാടിയ സഹൃദയത്തോടെ രസിക്കാനായില്ല.
വീടുകളുടെ ജനാലകളും വാതിലുകളും ഏതുനേരവും അടഞ്ഞുകിടന്നു. സുരക്ഷിതരായി അകത്തിരുന്ന് ജനാലകളിലൂടെ കണ്ടിരുന്ന കാഴ്ചകളെല്ലാം പാടെ റദ്ദ് ചെയ്യപ്പെട്ടു; വീടുകൾ ശ്വാസം കഴിക്കാനാകാതെ ശീർഷാസനത്തിൽ നിന്നു.
മുറത്തിൽ കുറച്ച് കുരുമുളകുമായി ടെറസിനു മുകളിലേക്ക് കാലുകൾ കവച്ച് കയറിപ്പോയ ബിന്ദുവിനെ തെങ്ങിന്റെ മുകളിൽ പാത്തിരുന്ന മയിലുകൾ വലിയ ചിറകടിയോടെ പറന്നിറങ്ങിവന്ന് ഭയപ്പെടുത്തുകയായിരുന്നു. കുട്ടികൾ സ്കൂളിലേക്ക് തിരിച്ച സമയം നോക്കി ഞങ്ങൾ ഒഴിഞ്ഞുപോയ പഴയ ആവേശമൊക്കെ ഓർത്തുകൊണ്ടൊരു മൈഥുനം നടത്തിയിരുന്നു.
‘‘കൊള്ളാം, തലവേദനയാണെന്നും പറഞ്ഞ് ലീവെടുത്തത് ഇതിനായിരുന്നല്ലേ?’’ എന്ന് ആൺമയിൽ ഉദ്ധാരണത്തികവോടെ അവളോട് ചോദിച്ചു.
‘‘ഞങ്ങളുടെ സ്വകാര്യതയിൽ നിങ്ങൾക്കെന്ത്?’’ എന്ന് മറുത്ത് ചോദിക്കുന്നതിന് മുമ്പേ ആ മയിൽ അവളുടെ കണ്ണുകളിലേക്ക് കൊത്താൻ ആഞ്ഞിരുന്നു.
പടിക്കെട്ടിൽ മറിഞ്ഞുവീണ് പുറംതലയിൽ നാല് തുന്നലും കണ്ണുകളിൽ നീരുവീണ്; ചുണ്ടുകൾ പൊട്ടി; തലയിലൊരു വലിയ കെട്ടുമായി കിടക്കുന്ന ബിന്ദുവിനെ അകത്തു കയറി കണ്ടശേഷം വരാന്തയിലേക്ക് ഇറങ്ങിവന്ന കുട്ടികൾ കേൾക്കെ ഞാൻ പറഞ്ഞു:
‘‘ഒന്നുകിൽ ഇവറ്റകളെ വെടിെവച്ച് കൊല്ലണം. അല്ലെങ്കിൽ ഒരു ചുടുകട്ടകൊണ്ട് എറിഞ്ഞിടണം. നാളെയാകട്ടെ, മയിലിന്റെ ഇറച്ചിക്ക് നാടൻ കോഴിയിറച്ചിയുടെ രുചിയാണെന്നാണ് കേൾവി. ഔഷധഗുണവും ഏറും...’’
അന്നേരമാണ് കുട്ടികൾ മാഞ്ഞുപോയൊരു കൊടുങ്കാടിറങ്ങിവരുന്ന ഒച്ചയിൽ എന്നോട് ഇങ്ങനെ പറഞ്ഞത്:
‘‘ഞങ്ങളുടെ മാംസത്തിന് അതിനേക്കാൾ രുചിയാണ്. കൊല്ലുന്നെങ്കിൽ ആദ്യം ഞങ്ങളെ കൊല്ലച്ഛാ... പിന്നീടു മതി, അവറ്റകളെ...’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.