‘ഭാ’!! ഒരൊറ്റയാട്ട്.
മുന്നിലെ തേക്കുമേശപ്പുറത്ത് ഒത്തനടുക്കായിട്ടിരുന്ന വേദപുസ്തകത്തിന്റെ മുകളിൽ പ്രൗഢിയോടെ നീണ്ടുനിവർന്നിരുന്ന കൊന്ത വിറച്ചുതുള്ളി അപ്പുറത്തേക്ക് മറിഞ്ഞുവീണ് അട്ടയെപ്പോലെ ചുരുണ്ടുകൂടി. വത്തിക്കാൻ സുഗന്ധമുള്ള മെഴുകുതിരി തലയെടുപ്പോടെ കത്തിനിന്നിരുന്നത് ഉലഞ്ഞു തവിഞ്ഞ് അൽപം കരിമണക്കുന്ന പുകയുയർന്നു. (അതെന്നാ, മെഴുകുതിരിയായാ തവിയത്തില്ലിയോ എന്ന് ചോദിക്കുമായിരിക്കും. എന്നാ അങ്ങനല്ല. മെത്രാനല്ലാതെ വേറാരും കൈകാര്യം ചെയ്യാത്ത മേശപ്പുറത്ത് ഇരിക്കുന്ന മെഴുകുതിരിയല്ലിയോ? അതിന്റെ അഹങ്കാരം കാണുമെന്നുകണ്ടോ.)
രണ്ടു കെട്ടായിട്ട് മേശപ്പുറത്തിരുന്ന, ഒപ്പിട്ടതും ഒപ്പിടാത്തതുമായ കടലാസുകൾ കെട്ടുംപൊട്ടിച്ച് കുതറിച്ചാടി പിന്നിലെ ജനാലവഴി പള്ളി സെമിത്തേരിയിലെത്തി നേരെ ഏതെങ്കിലും കല്ലറ തുറന്ന് അതിൽ കയറിക്കിടന്ന് അന്ത്യവിശ്രമംകൊള്ളാൻ വെമ്പുംപോലെ പടച്ചുതല്ലി ഉയർന്നുതാണു. ആട്ടിന്റെ ശക്തിയിൽ ഏഴു കരണം മറിഞ്ഞ കപ്യാര് എല്ലൻ കൊച്ചുമാണി നടുവും തിരുമ്മിക്കൊണ്ട് എഴുന്നേറ്റ് ‘‘ഈശോ’’ എന്നൊന്ന് ഞരങ്ങി, പിന്നെയും വിളക്കുകാലു തുടയ്ക്കുന്ന പണിതുടർന്നു. ഇത്രയുമായപ്പോൾ കൈവിട്ടുപോയ ആട്ടിന്റെ ശക്തിയിൽ മുന്നോട്ടാഞ്ഞു പോകേണ്ടിയിരുന്ന പോളച്ചൻ നിവർന്നുതന്നെ ഇരുന്നു. കാരണം, ഇപ്പറഞ്ഞ കാര്യങ്ങൾ നടന്നത് പോളച്ചന്റെ തലയ്ക്കകത്തായിരുന്നല്ലോ.
മുന്നിലിരിക്കുന്നത് അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് മാപ്ലായ്ക്കലായിപ്പോയി. കൈയിലിരിപ്പും നാക്കുദോഷവും ഇവിടെക്കാണിച്ചാ മോണയ്ക്ക് കുത്തുംകൊണ്ടല്ലാതെ പോവാൻ പറ്റുവേലാന്ന് പോളച്ചന് നന്നായിട്ടറിയാം. എന്നാ പറഞ്ഞാലും മിണ്ടാതെ എഴുന്നേറ്റ് പോരാൻ പറ്റുവോ? ആ ജാതി ചെയ്ത്തല്ലിയോ ഈ അവസാന നിമിഷം ചെയ്തത്? മഠത്തുവടക്കേൽ കുടുംബക്കാര് പൊതുവേ ഒറ്റബുദ്ധിയാണ്. ഒറ്റതിരിഞ്ഞ് വന്നവരാണല്ലോ.
വർക്കിച്ചൻ മരിച്ചേപ്പിന്നെ പോളച്ചന്റെ നാക്കിനൊരെല്ലുകൂടി കുറഞ്ഞെന്ന് അസൂയക്കാര് പറയും. പക്ഷേ, അത് കാണിക്കേണ്ട ആളും തരവുമൊക്കെ പോളച്ചന് നന്നായിട്ടറിയാം. കാലേന്ന് ഇരച്ചുകയറിവന്ന അരിശം തൊണ്ടക്കകത്ത് വിതറിയ വാക്കുകളൊക്കെ പല്ലിനിടയിലൂടെ അരിച്ചെടുത്ത് ഇത്രയും പുറത്തേക്കിട്ടു:
‘‘തിരുമേനി ഇതെന്നാ വർത്തമാനമായീപ്പറയുന്നേ? ഇതിപ്പോ നാട്ടുകാരെ മൊത്തം അറിയിച്ചു നോട്ടീസുമടിച്ചിട്ട് ഇപ്പൊ ഇതെന്നതാ ഒരു മലക്കംമറച്ചില്? ഇടവകക്കാരോടും എന്റെ അണികളോടുമൊക്കെ ഞാൻ എന്നാ പറയും? അതൊക്കെ പോട്ടെ. മോളമ്മേടെ കാര്യം പിന്നെ...’’
കുറച്ചുകൂടി മനസ്സിലുണ്ടായിരുന്നു. ‘‘എല്ലാം പോട്ടെന്നു വയ്ക്കാം. അസംബ്ലി ഇലക്ഷൻ മൂട്ടീക്കടിക്കാറായിട്ടിരിക്കുന്നു. ആ ചെറിയാൻ കുളവേലിയെ പുകച്ചുചാടിച്ചത് ഈ ഒരൊറ്റ പ്രഖ്യാപനത്തോടെ മലവെള്ളംപോലെ ഒഴുകിവരുന്ന വോട്ട് മനസ്സിൽ കണ്ടിട്ട് തന്നാ.’’ എന്നാലും പറഞ്ഞില്ല, പാർട്ടിയുടെ തലപ്പത്തിരിക്കുന്ന നാലഞ്ച് പേർക്കും പിന്നെ ഭാര്യ മോളിക്കുമല്ലാതെ ഈ കസേരകളി നടന്ന കാര്യം വേറൊരു കുഞ്ഞിന് അറിയത്തില്ല.
ഈ കൊല്ലത്തെ ഏലോം കുരുമുളകും ഒന്നാന്തരം എക്സ്പോർട്ട് ക്വാളിറ്റി തേയിലപ്പൊടിയും ചില്ലറയല്ല അവന്മാരുടെ അണ്ണാക്കിലോട്ട് തിരുകിയത്. വർക്കിച്ചൻ പോയശേഷമുള്ള ഈ ആറുവർഷംകൊണ്ടാണിതൊക്കെ! അതിനും ഈ ഇരിക്കണ അഭിവന്ദ്യ പിതാവാണ് പിരികേറ്റിവിട്ടതും! ജയിക്കുമെന്ന് ഉറപ്പില്ലാതെ ഒരു കാര്യത്തിന് ഇറങ്ങുന്നവനല്ല പോളച്ചൻ. എന്നിട്ട് ഇതൊരുമാതിരി ഒലക്കേമ്മേലെ ചെയ്ത്തായിപ്പോയി.”
ഇതൊക്കെ ഒന്നങ്ങു പറയാൻ പറ്റാത്ത വിമ്മിട്ടത്തിൽ കഴിഞ്ഞ കൊല്ലം പോട്ട ധ്യാനത്തിൽ വിറബാധ കേറീട്ട് കടിച്ചടക്കിപ്പിടിച്ചിരുന്ന മോളമ്മയെപ്പോലെ കുലുങ്ങിക്കൊണ്ടിരുന്നു പല്ലുഞറുമ്മുന്ന പോളച്ചനെ സൂക്ഷിച്ചുനോക്കിക്കൊണ്ട് തിരുമേനി പറയാൻ തുടങ്ങി.
‘‘പോളച്ചാ, നിന്റെ അവസ്ഥയൊക്കെ എനിക്ക് മനസ്സിലാകും. കാര്യം എനിക്കുമിതിൽ പങ്കുണ്ട്. വർക്കിച്ചൻ പോണവരെ നീ സ്വർണക്കൂട്ടിലെ തത്തയാരുന്നല്ലോ. പക്ഷേ, നിന്റെ പൊട്ടൻഷ്യൽ എനിക്കറിയാരുന്ന്. മോളമ്മേടെ പേരപ്പൻ എന്ന നിലയ്ക്കല്ല, നീ ഉയരേണ്ടത് സമുദായത്തിന്റേം കൂടി ആവശ്യമായിരുന്നു. അല്ലേൽ നീ പറ, ഞാൻ നിനക്ക് ഗുണമില്ലാത്ത എന്തിനേലും കൂട്ട് നിൽക്കോ?’’
മറുപടി പറയുന്നതിന് പകരം തലപൊക്കി തിരുമേനിയുടെ മുറിയിൽ വലതുഭാഗത്തായി ജനലിന്റെ അരികിൽ ഇരിക്കുന്ന പടുകൂറ്റൻ അലമാരയിലേക്ക് ഒന്ന് നോക്കി. എസ്റ്റേറ്റ് ബംഗ്ലാവിന്റെ പുറകിലെ തേക്കിന്റെ കുറ്റിയിൽ പച്ചമണം മാറിയിട്ടില്ലല്ലോ എന്നുപറയുമ്പോലെ ഒരു നോട്ടം. ഇടതുകൈ അറിയാതെ കൊടുത്തതിന് ഇപ്പൊ എന്നാടാ വീണ്ടുമൊരാലോചനയെന്ന് വർക്കിച്ചൻ ഇപ്പോ സ്വർഗത്തിലിരുന്ന് ചീത്തവിളിക്കുന്നുണ്ടാവും! ആ നോട്ടം ഇപ്പോൾ തന്റെ നേരെ തിരിയുമെന്ന് തോന്നിയിട്ടെന്നപോലെ തിരുമേനി പെട്ടെന്ന് പറഞ്ഞു.
‘‘എന്നാലും ന്യായമുള്ള കാര്യമായകൊണ്ട് ഒഴിയാൻ പറ്റുമോ? എന്നെക്കൊണ്ടാവുന്നതെല്ലാം ഞാൻ ശ്രമിച്ചു.’’
പോളച്ചൻ അനങ്ങുന്നില്ലെന്ന് കണ്ടപ്പോൾ തിടുക്കത്തിൽ തിരുമേനി തുടർന്നു:
‘‘ആ, ഞാൻ പരിചയപ്പെടുത്തിയില്ലല്ലോ... ഇത് ഡോക്ടർ അലോഷി. നിന്റപ്പന്റെ കാലത്ത് ഈ പള്ളിയിടവകയിൽ അംഗമായിരുന്ന ആലുംകുറ്റി അന്തോണിയുടെ ഇളയ മകൻ. അന്തോണി മരിക്കുമ്പോൾ ഇവൻ കോട്ടയം മെഡിക്കൽ കോളേജിൽ പഠിക്ക്യാരുന്ന്. ഇപ്പൊ ന്യൂയോർക്ക് മൗണ്ട് സിനായി ഹോസ്പിറ്റലിൽ ന്യൂറോ സർജറി ചീഫ്. അതിലുപരി വത്തിക്കാന്റെ മെഡിക്കൽ അഡ്വൈസറി ബോർഡിലുണ്ട്.’’
മുറിയുടെ ഒരു കോണിൽ പുസ്തക ഷെൽഫുകളുടെ ഇടയിലെ ജനാലപ്പടിയിൽ ചാരി, ഇരുന്നു ഇരുന്നില്ല എന്ന മട്ടിൽ ഒരാൾ! ഒളിച്ചിരിക്കുവാരുന്നോ ഇയാള്? ഇത്രയുംനേരം അവിടെ ഒരാൾ നിൽക്കുന്നത് കണ്ടില്ലല്ലോ. ശാന്തനായി രണ്ട് കൈയും കെട്ടി സംഭാഷണമത്രയും ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. മുടി ഏതാണ്ട് മുഴുവനായും നരച്ചിട്ടാണ്. എന്നാലും ഏതാണ്ട് അമ്പതിനു താഴെയേ പ്രായമുള്ളൂ എന്ന് മുഖം കണ്ടാലറിയാം. മീശ വെക്കാത്ത ക്ലീൻഷേവ് മുഖം. പുഞ്ചിരിക്കുന്നുണ്ടോ എന്ന് സംശയം. കടുംചാര നിറത്തിലുള്ള ഫുൾകൈ കുപ്പായവും കാലുറയുമാണ് ധരിച്ചിരിക്കുന്നത്. വരവ് വെച്ചിരിക്കുന്നു എന്ന അർഥത്തിൽ പോളച്ചൻ ഒന്ന് തല കുലുക്കി. ഇല്ല, വെറുതെ തോന്നിയതാണ്, ഇപ്പഴാണ് മുഖത്തൊരു പുഞ്ചിരി മിന്നിമാഞ്ഞത്.
പോളച്ചനെ ബഹുമാനിക്കുമ്പോലെ അലോഷി ഒന്ന് തലകുനിച്ചതായി തോന്നി.
‘‘പോളച്ചാ, നിന്നോട് പറയേണ്ട കാര്യമില്ലല്ലോ. നീയന്ന് കൊച്ചനാ.
ഈ പ്രദേശം മനുഷ്യവാസത്തിന് പറ്റിയ ഇടമാക്കിയത് നിന്റപ്പൻ കറിയാച്ചന്റെ അധ്വാനമാണ്. പത്തു നാൽപത് വയസ്സിൽ അവനെ കാട്ടുപന്നി കുത്തിമലർത്തുമ്പോ നമ്മടെ വർക്കിക്ക് ഏതാണ്ട് പതിനാറോ പതിനേഴോ വയസ്സ് കാണും. വർക്കി അന്ന് നിർത്തിയതാ പഠിത്തം. അപ്പന്റെ തൂമ്പായും എടുത്ത് അവൻ തോട്ടത്തിലേക്കിറങ്ങിയപ്പോ വേണ്ടാന്നാരും പറഞ്ഞില്ല. അവൻ പഠിക്കാൻ മണ്ടനായിട്ടല്ല, നിനക്കെങ്കിലും മുടങ്ങാതെ പഠിത്തം തുടരണേൽ അന്ന് വേറെ വഴിയില്ലായിരുന്നല്ലോ. പട്ടിണി കിടക്കാതിരിക്കാൻ മാത്രം കറിയാ ഉണ്ടാക്കിയതീന്ന് പിന്നീട് അവൻ വെട്ടിപ്പിടിച്ചതാ ബാക്കിയൊക്കെ.’’
പോളച്ചന്റെ ചുണ്ടൊന്ന് കോടിയെന്ന് തോന്നിയിട്ടാവണം തിരുമേനി ചരിത്രം വെട്ടിച്ചുരുക്കി.
ചരിത്രം പോളച്ചനറിയാം. തിരുമേനി ഇപ്പൊ പറഞ്ഞതും പറയാത്തതും. മറക്കാൻ പറ്റുന്നതല്ലല്ലോ അതൊന്നും. മറക്കണം എന്ന് ആഗ്രഹിച്ച ചിലതുകൂടി അക്കൂട്ടത്തിലുണ്ട്. അപ്പോഴും തികട്ടിവരുന്ന ഓർമകൾക്കിടയിൽ അവിടവിടെയായി ഊറുന്ന മധുരം മറക്കലിനെ അസാധ്യമാക്കുന്നു. ഉടഞ്ഞുപോയ ചില്ലുപാത്രത്തിന്റെ ഓരോ കഷണവും പെറുക്കിയെടുത്ത് ചേർത്തുവെച്ച ഈ ജീവിതത്തിന്റെ മറക്കാൻ പാടില്ലാത്ത ചില കുഞ്ഞുവെളിപാടുകൾ. ഏതോ തിരശ്ശീലക്കപ്പുറം നിന്ന് കണ്ടതുപോലെ അവ്യക്തമായ, എന്നാൽ അത്രതന്നെ പ്രസക്തമായ ചില കാഴ്ചകൾ. കുട്ടിക്കാലത്തിന്റെ പുകച്ചുരുളുകളിൽ ജീർണതയാൽ വ്യക്തത നശിച്ച ജല ഛായാചിത്രംപോലെ ചില ഓർമകൾ.
****
വർക്കിച്ചന് ‘അർക്കീസ് വർക്കി’ എന്ന പേര് നാട്ടുകാർ പതിപ്പിച്ചു കൊടുത്ത കാലത്ത് പോളച്ചൻ ആറാം ക്ലാസിലാണ്. അപ്പച്ചൻ മരിച്ചശേഷം തോട്ടത്തിലെ കാര്യങ്ങളെല്ലാം നോക്കാൻ വർക്കിച്ചൻ മാത്രം. കമിഴ്ന്നുവീഴാൻപോലും പഠിച്ചിട്ടില്ലാത്ത കുഞ്ഞിനോട് എഴുന്നേറ്റ് നടക്കാൻ ആവശ്യപ്പെടുകയായിരുന്നു കാലം എന്നുവേണം പറയാൻ. കറിയാച്ചന്റെ പെട്ടെന്നുള്ള മരണത്തോടെ പുറംലോകവുമായുള്ള ബന്ധം ഏതാണ്ട് അവസാനിപ്പിച്ചിരുന്നു ത്രേസ്യാമ്മ.
ആളുകൾ കുറവുള്ള അതിരാവിലത്തെ കുർബാനകൊള്ളാൻ ഞായറാഴ്ചകളിൽ പള്ളിയിലേക്കുള്ള പോക്കൊഴിച്ചാൽ വാതിലുകടന്നു പുറത്തേക്കുള്ള യാത്രകൾ തീരെയില്ല. ആള് കൂടുന്ന വിശേഷ ദിവസങ്ങളിൽ പള്ളിയിൽപ്പോക്കും മുടങ്ങും. ശരീരം നഷ്ടമായ നിഴലിനെപ്പോലെ കിടപ്പുമുറിയുടെ ഇരുണ്ട കോണിൽ വേദപുസ്തകവും കുർബാനക്രമവും കൊന്തയുമായി ശബ്ദമില്ലാതെ പ്രാർഥിച്ചുകൊണ്ട് അവരങ്ങനെയിരിക്കും. നട്ടുച്ചക്കുപോലും വെളിച്ചം കടക്കാത്തവിധം കടുത്ത നിറമുള്ള തിരശ്ശീലകൾ മൂടിയ അവരുടെ ജനാലകൾ രാപ്പകലുകളുടെ ഇടയിലുള്ള വേർതിരിവിനെ തീർത്തും ഇല്ലാതാക്കിയിരുന്നു.
ആ ഇരിപ്പു കണ്ടാലും ചിലപ്പോൾ ഭയം തോന്നും. ശ്വാസമെടുക്കുന്നുണ്ടോ എന്ന് സംശയം തോന്നിയിട്ട് കൊച്ചു പോളച്ചൻ അടുത്തുചെന്ന് സൂക്ഷിച്ചുനോക്കും. അവരുടെ വിരലുകളാണ് ശ്രദ്ധിക്കുക. അനക്കമേയില്ലെന്ന് തോന്നുന്നത്ര പതുക്കെ, എന്നാൽ കൃത്യമായ നിമിഷങ്ങളുടെ ഇടവേളകളിൽ പതിയെ നിരങ്ങിനീങ്ങുന്ന കൊന്തമാലയുടെ മുത്തുകൾ മാത്രമാണ് ജീവനുണ്ടെന്നുള്ളതിന്റെ ഏക തെളിവ്.
നീണ്ട വൃത്തത്തിൽ സഞ്ചരിക്കുന്ന മുത്തുകൾ അവരുടെ ദിവസങ്ങൾപോലെ മൗനമായി ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കും. പെട്ടെന്നൊരു ദിവസം ആ വിരലുകൾക്കിടയിൽനിന്ന് കൊന്തമാല ഊർന്നുപോയപ്പോൾ ആ വീടിന് പ്രത്യേകിച്ച് എന്തെങ്കിലും നഷ്ടം സംഭവിച്ചതായി തോന്നിയില്ല. അങ്ങനെയൊരു ആത്മാവ് അവിടെ ജീവിച്ചു മരിച്ചതിന്റെ തെളിവായി അനാഥമായ വേദപുസ്തകവും കൊന്തമാലയും ഇപ്പോഴും ആ മുറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നു മാത്രം.
പോളച്ചനെ വളർത്തിയതത്രയും വർക്കിയാണ്. ഇടയ്ക്ക് കഠിനമായ ജ്വരം വന്നു കിടന്ന ഓർമയുണ്ട് പോളച്ചന്. പണിയെടുത്ത് തഴമ്പിച്ച വിരലുകളുടെ തലോടൽ ഇടയ്ക്ക് എപ്പോഴോ മുറിഞ്ഞ ഉറക്കത്തിനിടയിൽ നെറ്റിയിൽ. ‘‘പോളച്ചാ, എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോകല്ലേടാ’’ എന്ന് പതിഞ്ഞ്, ഇടറിമുറിഞ്ഞ ഒച്ചയിൽ കേട്ടപോലെ. സ്വപ്നമായിരിക്കണം. സ്നേഹത്തെപ്പറ്റി പറയുന്നതും കേൾക്കുന്നതും ഒന്നും താൽപര്യമുള്ള ആളല്ലല്ലോ.
അമ്മച്ചി പോയശേഷം പള്ളിയുമായി വലിയ ബന്ധമൊന്നും വർക്കിച്ചൻ സൂക്ഷിച്ചില്ല. വിവാഹം കഴിക്കണമെന്ന തോന്നൽ അയാൾക്ക് ഒരിക്കലും ഉണ്ടായതായി തോന്നുന്നില്ല. കാശുണ്ടാക്കണം, അത് ചിലവാക്കാതിരിക്കണം. ഇനി അഥവാ ചിലവായാൽ കൂടുതൽ കാശുണ്ടാക്കാൻ വേണ്ടി മാത്രമായിരിക്കണം. ഇതല്ലാതെ മറ്റെന്തെങ്കിലും ചിന്ത അച്ചായന് ഉണ്ടായിരുന്നതായി പോളച്ചന് തോന്നിയിട്ടില്ല.
പുതിയ പുസ്തകമോ തുണിയോ അങ്ങനെ എന്തെങ്കിലും ആവശ്യം വന്നാൽ പത്തുവട്ടമെങ്കിലും പോളച്ചൻ ആവർത്തിച്ചു ചോദിച്ച ശേഷമേ വർക്കിച്ചൻ മടിക്കുത്തിലെ പണപ്പെട്ടിയുടെ താക്കോൽ ഒന്നു തൊടൂ. ഇനി കൊടുക്കുമ്പോഴാവട്ടെ പത്തുരൂപയുടെ ആവശ്യമാണെങ്കിൽ അഞ്ചുവട്ടമായി രണ്ടുരൂപ വീതം കൊടുക്കും. പണത്തിന്റെ മൂല്യം മനസ്സിലാക്കാൻ പോളച്ചനെ പഠിപ്പിക്കുക എന്നതാണ് ഈ പെരുമാറ്റത്തിന്റെ പിന്നിലെ വിചിത്രമായ ന്യായീകരണം. എളിയിൽനിന്നും താക്കോൽ എടുക്കുന്നതും പണപ്പെട്ടി തുറക്കുന്നതും നീണ്ട നടപടിക്രമമായിരുന്നു.
അപ്പൻ ഉപയോഗിച്ചിരുന്ന കമ്പി വളച്ച താക്കോൽക്കുരുക്ക് ഇടതുകൈയുടെ ചൂണ്ടുവിരലിൽ ഇട്ടു കറക്കിക്കൊണ്ട് ഒരുനിമിഷം നിൽക്കും. എന്നിട്ട് മുറിയിലേക്ക് നടന്നു കരകര ഒച്ചകേൾപ്പിക്കുന്ന പഴയ പെട്ടി തുറന്ന് നാണയങ്ങൾ പെറുക്കിയെടുത്ത് കുലുക്കിക്കൊണ്ട് തിരിച്ചുവരും. രണ്ടു രൂപയാണെങ്കിലും നാല് വട്ടം എണ്ണിയിട്ടേ കൈമാറൂ. ഒരു പുതിയ താക്കോൽ വളയം വാങ്ങിക്കൂടെ എന്ന് ചോദിച്ചപ്പോൾ പറഞ്ഞതാണ്, ‘‘അപ്പന്റെ ഈ പണപ്പെട്ടി ഒറ്റത്താക്കോലുമായി കയ്യിൽ കിട്ടിയതാണ്, അത് അങ്ങനെ കിടന്നോട്ടെ. വന്നവഴി മറക്കരുതല്ലോ.’’
ആ കൊല്ലം ഈസ്റ്ററിനാണ് പള്ളി പണിയാൻ തീരുമാനമായത്. അതുവരെ ഓടുമേഞ്ഞ കൊച്ചു ചാപ്പൽ ആയിരുന്നു. പള്ളിയിൽ വരുമ്പോൾ ഇടവകക്കാർ അവരവരാൽ ആകുന്നത് പെട്ടിയിലേക്ക് ഇട്ടേക്കണം എന്നായിരുന്നു ആദ്യത്തെ തീരുമാനം. അതുകൊണ്ട് തികയില്ലെന്നും അധികം പള്ളിയിലേക്ക് കാണാത്ത ആളുകളിൽനിന്ന് കൂടുതൽ തുകകൾ വാങ്ങാതെ പറ്റില്ലെന്നും കണ്ടപ്പോൾ വീടുവീടാന്തരം കയറി പിരിവ് തുടങ്ങി.
പിരിവുകാർ മഠത്തുവടക്കേൽ വീട്ടിലെത്തിയത് ഒരു ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു. സ്കൂൾ മുടക്കം ആയിരുന്നതുകൊണ്ട് പോളച്ചനും വീട്ടിലുണ്ട്. പിരിവുകാരെ സ്വീകരിച്ചിരുത്തി പറയാനുള്ളതെല്ലാം കേട്ടശേഷം മറ്റൊന്നും മിണ്ടാതെ അച്ചായൻ മുണ്ടിന്റെ മടിക്കുത്തിൽനിന്ന് താക്കോലെടുത്ത് അകത്തേക്ക് നടക്കുന്നത് കണ്ടപ്പോൾ അന്തംവിട്ടു. തിരിച്ചുവന്ന് കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന കാശ് വന്നവരുടെ കൈയിൽ ഏൽപിച്ച ശേഷം ‘‘എന്നാൽ ഞാൻ അങ്ങോട്ടിറങ്ങട്ടെ, നാളെ കുരുമുളക് ലോഡയക്കുന്ന തിരക്കുണ്ട്’’ എന്നും പറഞ്ഞ് കസേരയുടെ കൈയിൽ കിടന്ന മുഷിഞ്ഞ ഷർട്ടെടുത്ത് തോളിലിട്ട് വർക്കിച്ചൻ മുറ്റത്തേക്കിറങ്ങി.
രണ്ടു കൈയും കൂട്ടി ഭവ്യതയോടെ കാശ് വാങ്ങിയ തരകൻ കൈ വിടർത്തി നോക്കുമ്പോൾ ഒന്ന് എത്തിനോക്കി പോളച്ചൻ. അഞ്ച് രൂപ! പിരിവുകാരുടെ മുഖം വിളറിയത് ഇന്നും ഓർമയുണ്ട്. അവിടെ നിൽക്കാൻ ജാള്യത തോന്നി, പോളച്ചൻ പതിയെ ഉള്ളിലേക്ക് വലിഞ്ഞു. വർക്കിച്ചൻ വളവ് തിരിഞ്ഞ് റോഡിലേക്ക് ഇറങ്ങിയിരുന്നു. അന്നാണ് ആ പേര് വീണത് ‘അർക്കീസ് വർക്കി’.
****
പത്തിരുപത്തിനാല് വയസ്സ് കഴിഞ്ഞപ്പോത്തന്നെ അനിയനെയങ്ങ് കുടുംബസ്ഥനാക്കാൻ വർക്കിച്ചന് തിടുക്കമായി. ‘അച്ചായൻ ആദ്യം’ എന്നൊന്ന് ബലംപിടിച്ചു പോളച്ചൻ. നിന്റെ പിള്ളേർക്ക് സ്നേഹിക്കാൻ ഒരു വല്യപ്പാപ്പൻ വേണ്ടേടാ പോളച്ചാ എന്ന ചിരിമാത്രം കിട്ടി മറുപടി.
മോളിയുടെ ആലോചനയിൽ പോളച്ചൻ വീണു. അതിലും നല്ലൊരു ബന്ധം കിട്ടുമായിരുന്നു എന്ന് ഒളിഞ്ഞും തെളിഞ്ഞും ഒന്നുരണ്ട് വട്ടം സൂചിപ്പിച്ചതല്ലാതെ മോളിയോട് കെറുവിച്ച് വർക്കിച്ചൻ ഒന്നും പറഞ്ഞില്ല. എന്നാലും അവളുടെ വീട്ടിൽനിന്ന് വിരുന്നുവന്നവരോട് സംസാരിക്കാൻ അയാൾ വലിയ ശുഷ്കാന്തി കാണിച്ചില്ല.
അങ്ങനൊരു താൽപര്യം വർക്കിച്ചന് ആരോടുമില്ലെന്ന് പറഞ്ഞിട്ടും അന്ന് തുടങ്ങിയ ചൊരുക്ക് വർക്കിച്ചനെ കുഴീവെക്കുന്നതുവരെ മോളി കാണിക്കാതെയുമിരുന്നില്ല. പിന്നീട് രണ്ടുപേരോടും മറ്റേയാളെ ന്യായീകരിക്കാനൊന്നും പോയില്ല. അവർക്കെടേലുള്ളത് അവർ തീർത്തോണം. വർക്കിച്ചനോട് ഇതുവരെ മുഖം കറുത്ത് ഒരു വാക്കു പോളച്ചൻ പറഞ്ഞിട്ടില്ല. പറയാൻ പോളച്ചനു കഴിയത്തില്ല. മോളമ്മയോട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല. പറഞ്ഞാൽ മനസ്സിലാകുന്ന ഇനമല്ല.
പോളച്ചന്റെ ഇളയമകൾ ലിസിക്കൊച്ചിനെയുംകൊണ്ട് വർക്കി സ്കൂൾ ഒഴിവുസമയത്ത് ഏലത്തോട്ടത്തിൽ പോകുന്ന വഴിക്ക് നടന്ന ഒരു അപകടം. ജീപ്പിൽനിന്നും തെറിച്ച് റോഡിലേക്ക് വീണ് ബോധം മറയും മുമ്പ് വർക്കിച്ചൻ തലപൊക്കി നോക്കി. കൊച്ച് എന്തിയെ കർത്താവേ എന്നൊരാന്തലും ഒപ്പം ജീപ്പിനകത്തുനിന്ന് വല്യപ്പാപ്പാ എന്നൊരു വിളിയും. ബോധം തെളിഞ്ഞത് മൂന്നാം ദിവസമാണ്.
കണ്ണു തുറന്നപ്പോഴും ആദ്യം തിരക്കിയത് ലിസിക്കൊച്ചിനെപ്പറ്റിയാണ്. കൊച്ചിന് കുഴപ്പമൊന്നുമില്ല എന്നറിഞ്ഞപ്പോഴാണ് അച്ചായന് സമാധാനമായത്. തോളിൽ ഉണ്ടായിരുന്ന മുറിവ് വകവെക്കാതെ കൊച്ചിനെ വാരിയെടുത്ത് അടുക്കിപ്പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു. കല്ലിനെയും അലിയിക്കാൻ തലമുറകളിലേക്ക് പകർന്നൊഴുകുന്ന രക്തത്തിന്റെ ഒരു ചിന്തിന് എത്ര ശക്തിയുണ്ടെന്ന് അന്ന് പോളച്ചൻ കണ്ടു. ‘കൺമുന്നിൽ ഒരുത്തൻ പട്ടിണികിടന്ന് മരിച്ചാൽപോലും കുലുങ്ങാത്ത ചെകുത്താൻ’ എന്ന് വിളിച്ചിരുന്ന മോളമ്മപോലും വാ പൊളിക്കുന്നത് കണ്ടു.
വർക്കിച്ചന്റെ പുനർജന്മമായിരുന്നു അത്!
****
പള്ളിക്കവലയിലെ ചായക്കടയിൽ ചായ കുടിക്കാൻ കയറിയതായിരുന്നു പോളച്ചൻ. കുർബാന തീരുമ്പോഴേക്കും നെഞ്ചെരിച്ചിൽ തുടങ്ങും. പതിവില്ലാത്ത പുതുമകളോടുള്ള വയറിന്റെ പ്രതിഷേധം. വീട്ടിലെത്തുന്നതുവരെ ഒന്ന് പിടിച്ചുനിൽക്കാൻ ഒരു ചായയെങ്കിലും വേണം. ‘‘മനുഷ്യനെ നാണം കെടുത്താൻ! ഭാര്യയെ ജീപ്പിലിരുത്തി കണ്ട ചായക്കടയിൽ കയറി ചായ കുടിക്കുന്നു. വീട്ടിലെത്തുന്നതുവരെ ഒന്ന് പിടിച്ചുനിൽക്കാൻ മേലായോ?’’ മോളമ്മയുടെ പിറുപിറുക്കലുകൾ അവഗണിക്കും. പറഞ്ഞാൽ മനസ്സിലാകുന്ന ഇനമല്ല.
ഇന്നെന്തായാലും ചായ കുടിച്ചുതീർക്കാൻ പറ്റിയില്ല. മോളുവടക്കേലെ പതിനൊന്നരയേക്കർ ഏലത്തോട്ടം വിൽക്കാൻ കരാറായെന്ന് കേട്ടല്ലോ എന്ന് ചായക്കടക്കാരൻ പൈലി ചോദിച്ചപ്പോഴാണ് അറിയുന്നതുതന്നെ. ഉള്ളിലെ നടുക്കം പുറത്തു കാണിക്കാതിരിക്കാൻ പോളച്ചൻ നന്നേ പണിപ്പെട്ടു.
‘പള്ളി പുതിയതായി പണിയുന്ന അനാഥാലയത്തിലേക്ക് വർക്കിച്ചന്റെ ഇഷ്ടദാനം.’ പതിനൊന്നര ഏക്കറിന്റെ നഷ്ടമല്ല വേദനിപ്പിച്ചത്. ഒരുവാക്ക് പറഞ്ഞില്ല എന്നതുമല്ല! അച്ചായനിതെന്തു പറ്റി എന്നതാണ്.
കാറ്റുപിടിച്ചതുപോലെ തിരിച്ച് ജീപ്പിനടുത്തേക്ക് നടന്നു. ജീപ്പിൽ മോളമ്മ പതിവുപോലെ മുഖം വീർപ്പിച്ചിരിക്കുന്നു. പിതാവിന്റെ ചാർച്ചക്കാരിയായിട്ടുകൂടി അവളോ വീട്ടുകാരോ അറിഞ്ഞിട്ടില്ല വർക്കിച്ചന്റെ ഇഷ്ടദാനം! അല്ലേല് കൂനങ്കുരിശ്ശടിയിലെ പെരുന്നാളിന്റെ മാലപ്പടക്കംപോലെ കേട്ടേനെ കിടക്കാന്നേരം.
വണ്ടിയോടിക്കുമ്പോൾ ഒന്നും സംസാരിച്ചില്ല. വീട്ടിൽ എത്തുമ്പോൾ വർക്കിച്ചൻ വന്നിട്ടില്ല. നേരെ മുകളിലേക്ക് കയറിപ്പോന്നു. ദോശ എടുത്തു വെച്ചെന്നും പറഞ്ഞു മോളി വിളിച്ചിട്ടും കിടന്നകിടപ്പിൽനിന്നും എഴുന്നേൽക്കാൻ തോന്നിയില്ല.
ഉച്ചതിരിഞ്ഞാണ് ഉണർന്നത്. താഴെ നിന്ന് വർത്തമാനം കേട്ടു. ‘‘നമ്മുടേതെന്ന് നമ്മൾ കരുതുന്നത് പലതും വീതിക്കാനായിട്ട് നമ്മുടെ കയ്യില് കർത്താവ് വിശ്വസിച്ചേൽപിക്കുന്നതാ. നമ്മളാണേലത് ഒറ്റയ്ക്കെടുത്ത് കെട്ടിപ്പിടിച്ചങ്ങിരിക്കും. ഒടുക്കം ചത്ത് മോളീച്ചെല്ലുമ്പോ കർത്താവ് മുഖത്ത് നോക്കിച്ചോദിക്കും.
അന്യന്റെ മൊതല് ആഗ്രഹിക്കരുതെന്ന് പറഞ്ഞത് കക്കുന്നവനോടും പിടിച്ചുപറിക്കാരനോടും മാത്രമായിരുന്നോടാ വർക്കീ? കള്ളനും ചതിക്കുന്നവനും കണ്ണീരിനുമേലെ വെട്ടിപ്പിടിക്കുന്നവനും ഒരേ നരകത്തീയല്ലേടാ, നീ പിന്നെ എന്നാ കണ്ടിട്ടാ ഇങ്ങോട്ട് കേറിപ്പോന്നത് എന്നും പറഞ്ഞ് കാലേപ്പിടിച്ച് കിഴക്കാന്തൂക്കായിട്ട് നരകത്തിലോട്ട് ഒറ്റയേറു കൊടുക്കും.’’ ലിസിക്കൊച്ച് മടിയിലിരുന്ന് ശ്രദ്ധിച്ചു കേൾക്കുന്നുണ്ട്. ഒന്നും മിണ്ടിയില്ല. അവിടെ ഇരിക്കുന്നത് കാണാത്ത മട്ടിൽ അടുക്കളയിൽ ചെന്ന് ചോറു വിളമ്പിയെടുത്തു.
പള്ളിക്കവലയിൽ പുതിയതായി പണിയിപ്പിച്ച കടമുറികൾ ഓരോന്നായി വേദപാഠ ക്ലാസിനും പാട്ട് പഠിപ്പിക്കാനും ഒക്കെ വിട്ടുകൊടുത്തു തുടങ്ങി. ചോദിക്കേണ്ടി വന്നു, ‘‘നിന്റപ്പനാണോടാ ഇതുണ്ടാക്കിയത്’’ എന്ന് ചോദിച്ചാൽ മിണ്ടാതെ കേട്ടോണ്ട് പോരരുത് എന്ന ഉപദേശവും തന്നു മോളമ്മ പറഞ്ഞുവിട്ടതുകൊണ്ട് മാത്രമല്ല.
ചോദിക്കണമെന്ന് കരുതിയിരുന്നതാണ്. ചോദിച്ചു, വിചാരിച്ചത്ര കനത്തിലല്ല. എങ്കിലും ചോദിച്ചു. ‘‘എന്നിട്ടും മനസ്സിൽ കടം തീരുന്നില്ലടാ പോളച്ചാ, എന്തൊക്കെയോ വീടാനുണ്ട് എന്ന് ചെവീല് പറയുമ്പോലെ. ഉറങ്ങാൻ കിടക്കുമ്പോ നമ്മടപ്പന്റെ ആത്മാവ് വെള്ളം കിട്ടാതെ നിലവിളിക്കുന്നു എന്ന് സ്വപ്നം കാണുവാ. നീ കിടന്നോ, ഞാനൊന്ന് വേദപുസ്തകം വായിക്കട്ടെ’’ എന്നും പറഞ്ഞ് എഴുന്നേറ്റ് മുറിയിലേക്ക് പോയി.
കൂർത്ത വാളിന്റെ അറ്റത്ത് വെണ്ണ തടവി അലിയിച്ചു കളഞ്ഞപോലെ! ദേഷ്യത്തെ ദേഷ്യംകൊണ്ട് നേരിട്ടാൽ എത്ര നന്നായിരുന്നു. സൗമ്യത കൊണ്ട് നിരായുധനാക്കപ്പെടുന്നു!
ശാന്തതയുടെ കടൽത്തീരത്ത് നിൽക്കുമ്പോൾ എവിടെ നിന്നൊക്കെയോ വഴിതെറ്റി പറന്നുവന്ന ഓർമകൾ കണ്ണുനീറിക്കുന്ന ഉപ്പുകാറ്റുപോലെ. ‘‘എന്നെ ഒറ്റയ്ക്കാക്കി പോകല്ലേടാ പോളച്ചാ’’ എന്ന് തിരകൾ മന്ത്രിക്കുന്നതുപോലെ. പരാജിതനായി മടങ്ങിവരുന്ന പോരാളിയെ നോക്കി ചുണ്ടുകോട്ടിക്കൊണ്ട് ഭാര്യ തിരിഞ്ഞുകിടന്നു. ‘പറഞ്ഞാൽ മനസ്സിലാകുന്ന ഇനമല്ല.’ പോളച്ചൻ ലൈറ്റ് ഓഫ് ചെയ്തു കിടന്ന് കണ്ണുകൾ അടച്ചു.
****
‘‘വർക്കിയുടെ പഴയ കാലമല്ല ഇവിടത്തെ പ്രശ്നം. അതൊക്കെ ആദ്യത്തെ ചർച്ചേലും സ്വർഗത്തിന്റെയും ചെകുത്താന്റെയും സംവാദത്തിലുമങ്ങ് കഴിഞ്ഞു. പിച്ചയെടുക്കാൻ വന്നോന് അമ്പത് പൈസ കൊടുത്ത ജോലിക്കാരന് അടുത്തമാസം മുതൽ അമ്പത് പൈസ കുറച്ചുകൊടുത്തിട്ട് ധാരാളികൾക്ക് ചുമ്മാ കൊടുക്കാൻ ഇവിടെ കാശില്ലെന്ന് പറഞ്ഞോനാ വർക്കിച്ചൻ. അതും അതിനപ്പുറവും തീരാനും വേണ്ടി അവൻ പിന്നീട് നല്ല കാര്യങ്ങൾ ചെയ്തിട്ടൊക്കെയുണ്ട്. ഈ പള്ളിവക ആശുപത്രിയിലെ 65 പിള്ളേരടെ നേഴ്സിങ് പഠിത്തം ഇപ്പൊ മഠത്തുവടക്കേൽ ഫൗണ്ടേഷനാ നടത്തുന്നേ.
അതിനുവേണ്ട മൂലധനം മൊത്തം എഴുതിവച്ചട്ടാ അവനങ്ങു പോയത്. വർക്കിച്ചൻ സഹായിച്ച രോഗികൾടെ എണ്ണംതന്നെ എത്ര! അത്ഭുതം അതല്ല, അവൻ സഹായിക്കാമെന്നേറ്റ മാറാരോഗികൾപോലും ദൈവം തൊട്ടവരായി എഴുന്നേറ്റു നടന്നു. അവരുടെ സാക്ഷ്യങ്ങൾ ഒന്നും വിടാതെ നമ്മളങ്ങ് എത്തിച്ചല്ലോ വത്തിക്കാനില്. പക്ഷേ, ഇതിപ്പോ വത്തിക്കാനീന്ന് ഇങ്ങനൊരു കുരുക്ക് ഞാനും പ്രതീക്ഷിച്ചതല്ല. നമ്മള് കൊടുത്ത ആശുപത്രി രേഖയൊക്കെ പഠിച്ച പ്രഖ്യാപനക്കമ്മറ്റിയാണ് അന്ന് ചികിത്സിച്ച ഡോക്ടർക്കത് അയച്ചതും. അലോഷി നമ്മുടെ പയ്യനായതുകൊണ്ടും കാര്യത്തിന്റെ ഗൗരവം അറിയാവുന്നതുകൊണ്ടും അവൻ തീരുമാനം എത്തും മുമ്പേ അറിയിക്കാനായിട്ട് ഇന്നലേയിങ്ങു പോന്നൂന്ന് മാത്രം’’, തിരുമേനി പറഞ്ഞു.
‘‘എനിക്കൊന്നും മനസ്സിലാവുന്നില്ല, തിരുമേനി ഒന്ന് തെളിയിച്ചു പറ.’’ പോളച്ചന് കസേരയിൽ ഇരുപ്പുറക്കുന്നില്ല. ആകെ ഒരു വിമ്മിട്ടം. ഡോക്ടറാണ് മറുപടി പറഞ്ഞത്.
‘‘അന്നത്തെ വാഹനാപകടത്തിൽ വർക്കിച്ചന് പുതുജീവൻ ലഭിക്കുകയും മാനസാന്തരം വരുകയും ചെയ്തു എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. അത് തെറ്റാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ, ഇത്തരമൊരു സംഭവം വത്തിക്കാൻ ചരിത്രരേഖകളിൽ മുമ്പേ റിപ്പോർട്ട് ചെയ്തതായി അറിഞ്ഞിട്ടാണ് പഠനത്തിനായി അവരെന്നെ സമീപിച്ചത്. അതിനായി ഞാൻ വർക്കിച്ചനെ അഡ്മിറ്റ് ചെയ്ത ശേഷമുള്ള മെഡിക്കൽ രേഖകൾ കോട്ടയം മെഡിക്കൽ കോളേജിൽനിന്നും എടുപ്പിച്ചു.’’ ഒന്നു നിർത്തിയശേഷം അലോഷി തിരുമേനിയെ നോക്കി. ‘തുടർന്നോളൂ’ എന്ന മട്ടിൽ നിസ്സഹായമായ ആംഗ്യം കാണിച്ച തിരുമേനിയെ പോളച്ചൻ പകച്ചുനോക്കി.
‘‘ഞങ്ങൾ ഇതിന് ടി.ബി.ഐ അഥവാ ട്രൗമാറ്റിക് ബ്രെയിൻ ഇഞ്ചുറി എന്നാണ് പറയുക. തലച്ചോറിന്റെ ഫ്രണ്ടൽ ലോബിൽ അപകടസമയത്ത് ഏറ്റ ആഘാതം സൃഷ്ടിച്ച ഒരു സ്വഭാവവ്യതിയാനം മാത്രമാണ് വർക്കിച്ചന്റെ കാര്യത്തിൽ സംഭവിച്ചത്. ഇത് പലരീതിയിലും കാണപ്പെടാറുണ്ട്. ഒരുപാട് സംസാരിച്ചിരുന്ന ആളുകൾ പെട്ടെന്ന് അധികം മിണ്ടാട്ടം ഇല്ലാതെയാകുക. സൗമ്യരായവർ ദേഷ്യക്കാരാകുക, അങ്ങനെ പലതും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്’’, അലോഷി വീണ്ടും നിർത്തി.
ഒരു ദീർഘവിശ്വാസത്തോടെ തുടർന്നു. ‘‘ഈ റിപ്പോർട്ട് അയച്ചാൽ തീരുമാനം എന്തായിരിക്കും എന്നുള്ള കാര്യത്തിൽ എനിക്ക് സംശയമുണ്ടായിരുന്നില്ല. പക്ഷേ, സമാനമായ സംഭവം ഉണ്ടായതിന്റെ രേഖകൾ അവരുടെ കൈവശമുള്ളതുകൊണ്ടും, എന്റെ പ്രൊഫഷണൽ എത്തിക്സിന് എതിരായി നിലപാട് സ്വീകരിക്കാൻ സാധിക്കാത്തതുകൊണ്ടും എനിക്ക് മറ്റൊന്നും ചെയ്യാനായില്ല.’’
****
ശിലപോലെ ഇരുന്നു കേട്ടു പോളച്ചൻ. ചെവിയിൽ ആവർത്തിച്ചു കേട്ടിരുന്ന ആർപ്പുവിളികൾ അകന്നുപോകുന്നതിന്റെ അലകൾ! അസംബ്ലി ഇലക്ഷനു മുമ്പ് വത്തിക്കാനിൽ പോപ്പിന്റെ കൈ മുത്തുന്ന ചിത്രം മനസ്സിൽ വരച്ചുചേർത്തിരുന്നു. ഇലക്ഷൻ പ്രചാരണത്തിനും വിജയാഘോഷത്തിനും അങ്ങനെ ഒരു ഫോട്ടോ അടിച്ചുവരാൻ വേണ്ട ക്രമീകരണങ്ങൾ നേരത്തേ ചെയ്തുംവെച്ചിരുന്നു. തലകറങ്ങുന്നത് പോലെ.
പോളച്ചൻ കസേരയിൽനിന്നും പതിയെ എഴുന്നേറ്റു. വാതിൽ ഏതു വശത്താണ്! നൂറുകണക്കിന് തവണ കയറിയിറങ്ങിയ ഇടം ഒറ്റയടിക്ക് തികച്ചും അപരിചിതമായപോലെ. നിന്നനിൽപിൽ ഇടത്തോട്ടും വലത്തോട്ടും നോക്കി. വാതിലിന്റെ സ്ഥാനത്ത് പുകമറയാണോ? ഇടറി മുന്നോട്ട് നടന്നു. ‘‘പോളച്ചാ...’’ തിരുമേനിയുടെ വിളി കേൾക്കാഞ്ഞല്ല, തിരിഞ്ഞുനോക്കിയില്ല. മുട്ടിനു താഴെ ബലക്ഷയം ബാധിച്ചതുപോലെ നീങ്ങാൻ മടിച്ചുനിൽക്കുന്ന കാലുകൾ നീട്ടിവലിച്ച് പുറത്തേക്ക് നടന്നു. ചുവരിൽ ആണി അടിച്ചുവെക്കാൻ എത്തിച്ചിരുന്ന വർക്കിയുടെ വലിയ എണ്ണഛായാചിത്രം നിലത്ത് ചാരിവെച്ചിരിക്കുന്നത് കണ്ടു, കുനിഞ്ഞു കൈയിലെടുത്തു. അത് വെക്കാനായി തീരുമാനിച്ച ഇടത്ത് ഗീവർഗീസ് സഹദായുടെ പുതിയ ചിത്രമുള്ള കലണ്ടർ തൂങ്ങുന്നു!
അതിനപ്പുറത്തുള്ള ചിത്രത്തിലേക്ക് ഒരുനിമിഷം നോട്ടം പോയി. മദർ തെരേസ! പിറകിലെ ജനലിൽനിന്നും കടന്നുവരുന്ന വെളിച്ചത്തിന്റെ കുസൃതി. മദറിന്റെ വെളുത്ത വസ്ത്രത്തിൽ പോളച്ചന്റെ കൈയിലിരുന്ന ഫോട്ടോയുടെ പ്രതിഫലനം. അതിനടുത്ത ഫോട്ടോയിൽ അൽഫോൺസാമ്മ. ഒരു നിമിഷം രണ്ടു ചിത്രങ്ങളിലേക്കും മാറിമാറി നോക്കി. പിന്നെ പതിയെത്തിരിഞ്ഞ് തിരുമേനിയുടെ മുഖത്തും.
‘‘അരുത് പോളച്ചാ, വേണ്ടാത്തതൊന്നും ചേർത്തു വായിക്കരുത്’’ എന്നൊരു മുറിഞ്ഞ നിലവിളി ഉച്ചരിക്കാത്ത ചോദ്യങ്ങളുടെ കൂർത്ത ശരങ്ങൾ ഏറ്റുപിടഞ്ഞ മാപ്ലാക്കലിന്റെ മുഖത്തെ സ്തബ്ധനിശ്ശബ്ദതയിൽ വായിക്കാം. പോളച്ചന്റെ കണ്ണുകളെ പിന്തുടർന്ന് ചിത്രങ്ങളിലേക്ക് നോക്കിയ ഡോക്ടറും ചിത്രങ്ങൾ നോക്കിത്തറഞ്ഞു നിൽക്കുകയാണ്. ആരും ഒന്നും മിണ്ടിയില്ല. തലകുനിച്ച് ഇറങ്ങി നടന്നു.
ചിത്രത്തിന് ഭാരം കൂടിവരുന്നതുപോലെ. തിരഞ്ഞെടുപ്പിന്റെ അവസാനത്തെ ചർച്ചകൾക്കായി വാഴ്ത്തൽ ചടങ്ങിനോടനുബന്ധിച്ച് ചെയ്യേണ്ട കാര്യങ്ങൾ തീരുമാനിക്കാൻ രാവിലെ എത്തുമെന്ന് അറിയിച്ചിരുന്ന അതിഥികൾക്കുവേണ്ടി ആവേശത്തോടെ കട്ടപ്പനയിൽനിന്നെത്തിച്ച കാടമുട്ടയും ആടും നന്നാക്കിക്കൊണ്ടിരുന്ന മോളമ്മയെ ഓർത്തുകൊണ്ട് പതിയെ കുന്നിറങ്ങി താഴേക്ക് നടന്നു.
‘‘പറഞ്ഞാൽ മനസ്സിലാകുന്ന ഇനമല്ല’’ എന്ന് പിറുപിറുത്ത് മുന്നോട്ട് നടക്കുമ്പോൾ പിറകിലെ സെമിത്തേരിയിൽനിന്നും ഒരു തണുത്ത കാറ്റ് വശങ്ങളിലെ പുതിയ സ്കൂൾ കെട്ടിടങ്ങളും മൃഗാശുപത്രിയും കടന്ന് പതിയെ പോളച്ചനെ അനുഗമിച്ചു.
(ചിത്രീകരണം: തോലിൽ സുരേഷ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.