ചോരപ്പങ്ക്

‘‘അക്കാ... ഇത് എന്നുടെ ലഗ്ഗേജ് താൻ. കൊഞ്ചം നേരം പാത്തുക്കോങ്കോ... എനക്ക് ടിക്കറ്റില്ലൈ... ഇത് എസി കോച്ചു താനേ... ടി.ടി.ആർ വന്ത് സരിയാ ടിക്കറ്റ് പാപ്പാൻങ്കലിയ്യാ... നാൻ കൊഞ്ചം നേരം കളിച്ച് തിരുമ്പി വരേൻ... ലഗ്ഗേജ് പാൻട്രിയിൽ ഏത്തറുതുക്ക് പാതെൻ... അങ്കെന്നാ പരിസോധന ഇരുക്കാതില്ലിയാ. ആനാൽ പാൻട്രി ആളുങ്കളുടെ കണ്ണില് പടാമാ ഏത്ത മുടിയിലയി.’’ ഇതാരപ്പാ എന്നോട് തമിഴ് പേശറതെന്ന് തല പൊക്കി നോക്കി. കണ്ണ് തള്ളിപ്പോയി. നേര​ത്തേ പ്ലാറ്റ്ഫോമിൽ കണ്ട ഇരുനിറക്കാരിയായിരുന്നു അത്. ഇവൾ മറ്റൊരു ട്രെയിനിൽ കയറുന്നത് കണ്ടതാണല്ലോ... ഇനി ട്രെയിനിൽ മോഷണം നടത്തുന്നവളോ മറ്റോ ആണോ. ‘‘നീയല്ലേ കുട്ടീ മറ്റൊരു ട്രെയിനിൽ കയറി പോയത്?...

‘‘അക്കാ... ഇത് എന്നുടെ ലഗ്ഗേജ് താൻ. കൊഞ്ചം നേരം പാത്തുക്കോങ്കോ... എനക്ക് ടിക്കറ്റില്ലൈ... ഇത് എസി കോച്ചു താനേ... ടി.ടി.ആർ വന്ത് സരിയാ ടിക്കറ്റ് പാപ്പാൻങ്കലിയ്യാ... നാൻ കൊഞ്ചം നേരം കളിച്ച് തിരുമ്പി വരേൻ... ലഗ്ഗേജ് പാൻട്രിയിൽ ഏത്തറുതുക്ക് പാതെൻ...

അങ്കെന്നാ പരിസോധന ഇരുക്കാതില്ലിയാ. ആനാൽ പാൻട്രി ആളുങ്കളുടെ കണ്ണില് പടാമാ ഏത്ത മുടിയിലയി.’’

ഇതാരപ്പാ എന്നോട് തമിഴ് പേശറതെന്ന് തല പൊക്കി നോക്കി. കണ്ണ് തള്ളിപ്പോയി. നേര​ത്തേ പ്ലാറ്റ്ഫോമിൽ കണ്ട ഇരുനിറക്കാരിയായിരുന്നു അത്. ഇവൾ മറ്റൊരു ട്രെയിനിൽ കയറുന്നത് കണ്ടതാണല്ലോ... ഇനി ട്രെയിനിൽ മോഷണം നടത്തുന്നവളോ മറ്റോ ആണോ.

‘‘നീയല്ലേ കുട്ടീ മറ്റൊരു ട്രെയിനിൽ കയറി പോയത്? പിന്നെങ്ങനെ മഡ്ഗാവ് സ്റ്റേഷനിൽനിന്ന് ഈ ട്രെയിനിൽ കയറി?’’

അവളൊരു വല്ലാത്ത ചിരി ചിരിച്ചു. അപ്പോഴാണ് എന്തുമാത്രം വെളുത്ത നിരയൊത്ത കുഞ്ഞുപല്ലുകളാണവൾക്ക് എന്ന് ശ്രദ്ധിച്ചത്. ചിരിയുടെ മനോഹാരിത കണ്ടപ്പോൾ അവളോട് മകളോടെന്നത് പോലെ വാത്സല്യം തോന്നി.

‘‘അക്കാ... നാൻ പയണം പണ്ണുമ്പോത് ടിക്കറ്റ് എടുക്കറതേ ഇല്ലൈ. എൻ കയ്യില പൈസാ ഇല്ലൈ.. അതിനാല് താൻ. വേറൊന്നൂല്ലൈ. അന്ത ട്രെയിനിലിരുന്ത് ടി.ടി.ആർ പുടിച്ച് ഇങ്കെ എറക്കി വിട്ടാച്ച്... അതിനാലെ എന്നുടെ ലഗ്ഗേജ് ഇങ്കെ ഇരിക്കട്ടും. നാൻ ജനറൽ കംപാർട്ട്മന്റെിൽ പോയ് ഉക്കാർറേൻ. ചെക്കിങ് മുടിഞ്ചത്ക്കപ്പുറം നാൻ വന്ത് എന്നുടെ ലഗ്ഗേജ് എടുത്തിടറേൻ.’’

തിരിച്ചൊന്നും പറയാൻ സമയം തരാതെ അവൾ ലഗ്ഗേജ് സീറ്റിനടിയിലേക്ക് തള്ളി നീക്കി ധൃതിയിൽ ഇറങ്ങിപ്പോയി. ലഗ്ഗേജ് കണ്ടിട്ട് നല്ല ഭാരം ഉണ്ട്. അടിയിലെ ചക്രങ്ങൾ ഇളകി പോയത് കൊണ്ടാണെന്ന് തോന്നുന്നു, അത് നിരക്കി നീക്കിയപ്പോൾ വല്ലത്തൊരു ഒച്ചകേട്ടു. ആ... എന്തെങ്കിലുമാവട്ടെ എന്ന് കരുതി. ലോവർ ബർത്ത് കിട്ടിയത് ഒരു കണക്കിന് ആശ്വാസമായി. പെട്ടെന്ന് ടോയ്ലറ്റിൽ പോവാനും കർട്ടൻ വകഞ്ഞ് മാറ്റി പുറത്തേക്ക് നോക്കിയിരിക്കാനും എളുപ്പമാണല്ലോ. വണ്ടി പതുക്കെ താളത്തിൽ അനങ്ങാൻ തുടങ്ങി. പെട്ടെന്ന് നെഞ്ചിനകത്ത് എന്തൊക്കെയോ വേദനപോലെ.

ഇനിയൊരിക്കലും ജനിച്ച് വളർന്ന ഈ നാട്ടിലേക്കുണ്ടാവില്ല. അപ്പച്ചനെയും അമ്മച്ചിയെയും ഓർക്കുമ്പോ ഒരു വിഷമം. അവരോടെങ്കിലും ഒന്ന് പറഞ്ഞിട്ട് മതിയായിരുന്നു. വേണ്ട... പറയാഞ്ഞത് നന്നായി. പറഞ്ഞാൽ യാത്ര നടക്കില്ല. വീണ്ടും ആ വിസർജ്യക്കുഴിയിൽതന്നെ വീണുപോവും. രക്ഷപ്പെടാനാവില്ല. എല്ലാം ഒ.കെ ആയതിനുശേഷം അലക്സാ തന്നെ എല്ലാവരെയും അറിയിച്ചോളും. ഇനി ജീവനുണ്ടെങ്കിൽ അത് ക്രിസ്റ്റിയുടെ കൂടെയാണ്. തമ്പുരാൻ തീരുമാനിക്കണ്ട. ഇനി ഞാൻ തീരുമാനിക്കും. എലേന ചുണ്ടിൽ ഊറിവന്ന ചിരിയോടെ ഉറപ്പിച്ചു. പുറത്തെ കാഴ്ചകൾ കണ്ടിരിക്കാൻ എന്ത് രസമാണ്. ഇതുവരെ സ്റ്റേറ്റിന് പുറത്തോട്ട് പോവാൻ പറ്റിയിട്ടില്ല. ട്രെയിൻ മഡ്ഗാവ് സ്റ്റേഷൻ വിട്ടു. ആരൊക്കെയോ ഇറങ്ങുന്നു... കയറുന്നു.

ജമുക്കാളം വിരിച്ച് കിടന്നു. പുതപ്പെടുത്ത് കാൽതൊട്ട് മാറിടം വരെ മൂടി. രാത്രിയിലുള്ള യാത്ര നല്ലരസമാണെന്ന് എലേന ചിന്തിച്ചു. തൊട്ടിലാട്ടുന്ന ട്രെയിനി​ന്റെ താളത്തിൽ എ.സിയുടെ തണുപ്പുമായപ്പോൾ മനസ്സും ശരീരവും പതിയെ ഭാരം കുറഞ്ഞ് പഞ്ഞിക്കെട്ടുപോലെ ഏതൊക്കെയോ താഴ്വാരങ്ങളിലൂടെ പറന്നു.

നെഞ്ച് കനംവെച്ച് ശ്വാസകോശം വീർത്ത് പൊട്ടിപ്പോവുമെന്ന അവസ്ഥയിലാണ് എലേന റെയിൽവേ സ്റ്റേഷനിൽ ഓടിക്കിതച്ച് ചെന്ന് കയറിയത്. അപ്പോഴാണ് ദില്ലിയിലേക്കുള്ള ട്രെയിൻ രണ്ട് മണിക്കൂർ ലേറ്റാണെന്ന അനൗൺസ്മെന്റ് കർണപുടത്തിൽ തട്ടിത്തെറിക്കുന്നത്.

എത്രയും വേഗം ക്രിസ്റ്റിക്കരികെയെത്തുക എന്നതാണ് ലക്ഷ്യം. ദില്ലി യൂനിവേഴ്സിറ്റിയിൽ ഫിസിക്സിൽ അസിസ്റ്റന്റ് പ്രഫസർ ആയി ആദ്യ പോസ്റ്റിങ് ലഭിച്ചപ്പോൾതന്നെ ക്രിസ്റ്റഫർ ലൂക്ക പറഞ്ഞതാണ് എലേന... എന്ന് നിനക്കിവിടം മടുക്കുന്നുവോ അന്ന് ദില്ലിയിലേക്ക് ട്രെയിൻ കേറിക്കോണമെന്ന്.

ഒരു ശത്രുവി​ന്റെ കൂടെ മിത്രമെന്ന് കരുതി ജീവിക്കുന്നത് അത്ര എളുപ്പമൊന്നുമല്ലെന്നറിഞ്ഞിട്ടും അയാളുടെ കൂടെ ജീവിച്ചത് ഒന്നും രണ്ടുമല്ല, ഇരുപത്തിനാല് വർഷമാണ്. മരണം വരെയാണെങ്കിലും നിനക്കുവേണ്ടി കാത്തിരിക്കുമെന്ന വർഷങ്ങൾക്കു മുന്നേയുള്ള ഒരു വാക്കി​ന്റെ ബലത്തിൽ ആണെന്നോർക്കണം.

എലേന പ്ലാറ്റ്ഫോമിലെ ബെഞ്ചിൽ ഇരുന്ന് ബാഗ് തറയിൽ വെച്ചു. തൊട്ടടുത്തിരുന്ന തമിഴത്തി കഴുത്തിലെ ചെയിനിൽ തന്നെ നോക്കിയിരിക്കുന്നത് കണ്ടപ്പോൾ, മോഷ്ടിക്കപ്പെടാനുള്ള എല്ലാ സാധ്യതയുടെയും പഴുതടക്കാനെന്നോണം ലഗേജ് എടുത്ത് രണ്ട് സീറ്റ് അപ്പുറം പോയിരുന്നു. ഇക്കഴിഞ്ഞ ഇരുപത്തിനാല് വർഷവും ക്രിസ്റ്റി ആപ്പറഞ്ഞതോർത്ത് കാത്തിരിക്കുന്നുണ്ടാവുമോ? എവിടെ... ഉണ്ടാവാൻ സാധ്യതയില്ല. എങ്കിലും അവനാണവസാനയിടം. അതും ഇല്ലെങ്കിൽ ഇനി മുന്നോട്ടില്ലെന്ന് എലേന തീരുമാനിച്ചുറച്ചതാണ്. വരുന്ന വിവരം ക്രിസ്റ്റിയെ വിളിക്കാനോ അറിയിക്കാനോ സാധിച്ചിട്ടില്ല.

ഇനി രണ്ട് മണിക്കൂർ എങ്കിലും ഇവിടെ വായ് നോക്കി ഇരിക്കണം. മകൾ കൂടെ ഉണ്ടായിരുന്നെങ്കിൽ രസമായേനെ... അവൾ ജർമനിയിൽ പോസ്റ്റ് ഗ്രാജ്വേഷന് ചേർന്നത് നന്നായി. ഈ കോലാഹലങ്ങളൊന്നും അറിയാതെ രക്ഷപ്പെട്ടല്ലോ.. മകൾ ജനിച്ച് കുറച്ച് മാസങ്ങളായപ്പോഴേ പൊരുത്തക്കേടുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയെങ്കിലും ആരെയൊക്കെയോ ഭയന്ന് റബ്ബർ ബാൻഡ് വലിച്ച് നീട്ടുന്നതുപോലെ ഇത്രേം കാലം ഒപ്പിച്ചതിനെ മിടുക്കെന്ന് പറഞ്ഞ് തരംതാഴ്ത്താൻ ഒരിക്കലും സാധിക്കില്ല.

അത് അസാധാരണ വിഡ്ഢിത്തം തന്നെയാണ്. ഇനി ആഗ്രഹിച്ചതുപോലെ ധാരാളം യാത്രകൾ ചെയ്യണം. ക്രിസ്റ്റിക്കൊപ്പം. മഞ്ഞും മലയും പർവതങ്ങളും താണ്ടി മഴയും വെയിലും കൊണ്ട് അവ​ന്റെ കരുത്തുറ്റ കൈകൾക്കുള്ളിൽ. ഞെരിഞ്ഞമരണം. കറുത്ത രോമക്കാടുകൾ നിറഞ്ഞ നെഞ്ചിൽ മുഖം പൂഴ്ത്തി അവ​ന്റെ ത്രസിപ്പിക്കുന്ന ഗന്ധം ആഞ്ഞാഞ്ഞ് വലിച്ചെടുക്കണം. ഓർക്കുമ്പോൾ തന്നെ എന്ത് ഹരമാണ്.

എന്തോ ബഹളം കേട്ടാണ് എലേന കണ്ണ് തുറന്നത്. ആളുകൾ പ്ലാറ്റ്ഫോമിലൂടെ ഓടുന്നു. റെയിൽവേ പൊലീസുകാർ ട്രാക്കിലേക്ക് എടുത്ത് ചാടുന്നു. ആരോ ഓടാൻ തുടങ്ങിയ ട്രെയിനിലേക്ക് ചാടിക്കയറിയതാണ്. എന്തായാലും ഭാഗ്യം മരിച്ചില്ല. പൊലീസുകാർ അവരെ പിടിച്ച് കൊണ്ടുവരുന്നു. ഒരു സ്ത്രീയും പുരുഷനും ചെറിയ കുഞ്ഞുമാണ്. കണ്ടാൽ സന്തുഷ്ട കുടുംബം. എന്തിനാണാവോ ഇത്ര ധൃതി. അല്ലെങ്കിൽ ട്രെയിൻ സമയത്തിന് ഇത്തിരി മുന്നെ എത്തിക്കൂടേ? അതോ മനപ്പൂർവം വീണോട്ടേ എന്ന് കരുതി ചെയ്തതാണോ ആവോ! ഓരോ കുടുംബത്തിലും ഓരോ അകത്തളങ്ങളായിരിക്കും. അത് പുറത്തുനിന്ന് നോക്കിനിൽക്കുന്നവർക്ക് മനസ്സിലാക്കാനാവില്ല.

‘‘ക്രിസ്റ്റി... എന്നോട് ഇത്രമാത്രം സ്നേഹമാണെങ്കിൽ നിനക്കെന്നെ കെട്ടിക്കൂടായിരുന്നോ?’’

‘‘പോടീ കള്ള ബട്ക്കൂസേ... നി​ന്റെ സോ കാൾഡ് പാട്രിയാർക്കൽ ഹസ്ബൻഡ് ആവാനൊന്നും എന്നെ കിട്ടില്ല. നിന്നോടുള്ള പ്രണയം വെറും യാഥാർഥ്യമാക്കി വില കുറക്കാൻ പറ്റില്ലെനിക്ക്. എ​ന്റെ സ്വപ്നം... എ​ന്റെ ആത്മാവ്... അതൊക്കെ നീയാണ്... നിന്നെക്കുറിച്ചോർക്കുക എന്നത് തന്നെ പരിപൂർണതയാണ് എനിക്ക്. നീ ഞാൻ തന്നെയാണ്.’’

‘‘ഓ... പിന്നേ... ഇങ്ങനെയൊക്കെ പ്രണയിക്കാൻ നിന്നേക്കൊണ്ട് മാത്രേ പറ്റുള്ളൂ. എനിക്ക് വിശ്വാസമില്ല. ഞാൻ പോവാ... അയാൾ തിരിച്ചെത്തുന്നതിന് മുൻപേ അങ്ങെത്തണം. അറിയാതെ ഇറങ്ങിയതാ... കഴിഞ്ഞ ഞായറാഴ്ച പള്ളിയിൽ വെച്ച് അലക്സാൻട്രയാണ് നീ ഒരാഴ്ച ലീവിന് വന്നിട്ടുണ്ടെന്ന് പറഞ്ഞത്. ഞാൻ കരുതി നീ വല്ല ഡെൽഹിക്കാരികളെയും കെട്ടിക്കാണുമെന്ന്. എടാ ക്രിസ്റ്റി... നിന്നെ ആരും ആഗ്രഹിച്ചുപോവും.’’

ക്രിസ്റ്റി വാത്സല്യത്തോടെ എലേനയുടെ നെറ്റിയിലെ ഡ്രസ് ചെയ്ത മുറിവിൽ ഉമ്മവെച്ചു. കണ്ണിൽ സങ്കടത്തോടെയും ചുണ്ടിൽ ചിരിയോടെയും എലേന ക്രിസ്റ്റിയെ ചുറ്റിപ്പിടിച്ച് നെഞ്ചിൽ മുഖംപൂഴ്ത്തി.

‘‘ഇന്നലെ രാത്രി അയാൾ ചിരവകൊണ്ട് അടിച്ചതാ... യൂറിനറി ഇൻഫക്ഷനായി പനിച്ച് കിടന്നപ്പോഴും അയാൾക്ക് ഭക്ഷണം വിളമ്പിക്കൊടുത്തില്ലെന്ന് പറഞ്ഞിട്ട്. ചോരനിൽക്കാതായപ്പോ അടുത്തുള്ള ഹോസ്പിറ്റലിൽ പോയി. എട്ട് സ്റ്റിച്ചിട്ടു.’’

ക്രിസ്റ്റി എലേനയെ ഒന്നുകൂടി മുറുക്കിപ്പിടിച്ചു. പിടിവിടുവിച്ച് ക്രിസ്റ്റിയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്ത് എലേന കാറിൽ കയറി. എലേനയുടെ കാർ ഗേറ്റ് കടന്ന് ചെമ്മൺ പാതയിലൂടെ മുന്നോട്ടു പോയി കൺമുന്നിൽനിന്ന് മറയുന്നതു വരെ ക്രിസ്റ്റി നോക്കിനിന്നു.

അലക്സാൻട്ര ചോദിക്കാറുണ്ട്. ‘‘എന്തിനാടി നീ ഈ പ്രശ്നങ്ങളൊക്കെ സഹിച്ചിങ്ങനെ കുലസ്ത്രീയായി നിൽക്കുന്നത്? എത്രയൊക്കെ സ്വാതന്ത്ര്യം പറഞ്ഞാലും ഏതു സ്ത്രീയുടെ മനസ്സിലും ഒരു ഡിഫോൾട്ട് സെറ്റ് അപ്പ് ഉണ്ട്. സോ കാൾഡ് സ്ലേവറി. നീ ഒരു കെമിസ്ട്രി ബിരുദക്കാരിയായിട്ടും ഈ ബൗണ്ടറിയിൽനിന്ന് പുറത്ത് വരാത്തതെന്താടീ...’’

‘‘ഇതിന് ഒരു മറുപടി തരാൻ എനിക്കറിയില്ല സാന്ദ്രാ... ഒരു പക്ഷേ സ്വയം പീഡനം എന്നൊക്കെ കേട്ടിട്ടില്ലേ? അതാവാം ഇത്. അല്ലെങ്കിൽ സഹിക്കാവുന്നതി​ന്റെ പരമാവധി സഹിച്ച് ഇനി വയ്യെന്നാവുമ്പോ എല്ലാം നിർത്താമെന്ന് ചിന്തിച്ചിട്ടാവുമോ എന്നും അറിയില്ല. അല്ലേലും വീട്ടിലെ പെണ്ണുങ്ങളെ വല്ലാണ്ട് ദ്രോഹിക്കുന്ന ആണുങ്ങൾ പുറത്ത് ഏറ്റോം മാനോം മര്യാദേം കാണിക്കുന്നോരാവും. പള്ളിക്കാരോ ബന്ധുക്കളോ നാട്ടുകാരോ ഒന്നും ഇതൊന്നും വിശ്വസിക്കുകേമില്ലല്ലോ.’’

‘‘ഇപ്പറഞ്ഞയിനങ്ങൾക്കൊക്കെ ചീപ്പ് കോംപ്ലക്സാടീ...’’

‘‘അതറിയാം സാന്ദ്രാ... അതാണല്ലോ അയാളെന്നെ ബലമായി പിടിച്ച് മുളകുപൊടി തേക്കുന്നതും നീറിക്കരയുമ്പോ അതേലോട്ട് കാർക്കിച്ച് തുപ്പുന്നതും... നീറി നീറി അവിടമെല്ലാം ചൊകചൊകാന്നിരിക്കാ... അയാള് പോയ്ക്കഴിയുമ്പോ ഫ്രിഡ്ജീന്ന് ഐസെടുത്ത് പൊത്തിവെക്കുമ്പോ ഉള്ള ആശ്വാസം എന്നതാന്നോ... തണുപ്പങ്ങ് ഉച്ചീലോട്ട് കേറുമ്പോ ഒരു ദീർഘശ്വാസം വലിക്കും ഞാൻ. ആ ശ്വാസത്തില് നിറയെ എ​ന്റെ ക്രിസ്റ്റിയായിരിക്കും. അവനായിരുന്നു കൂടെയെങ്കിലെന്ന് വെറുതെ ഓർത്തുനോക്കും.’’

‘‘യാത്രക്കാരുടെ ശ്രദ്ധക്ക്, എറണാകുളത്ത് നിന്ന് രാജസ്ഥാനിലേക്ക് പോകുന്ന മുരുസാഗർ എക്സ്പ്രസ് അൽപസമയത്തിനകം നാലാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തുന്നതാണ്.’’

നാലാം നമ്പർ പ്ലാറ്റ്ഫോമിലാണ് ഇരിക്കുന്നത്. നിസാമുദ്ദീൻ എക്സ്പ്രസ് ഏത് പ്ലാറ്റ്ഫോമിലാണെന്ന് അൽപം കഴിഞ്ഞ് ഡിസ്‍ പ്ലേ ബോർഡിൽ നോക്കാമെന്ന് കരുതി. മുരുസാഗർ എക്സ്പ്രസിന്റെ പാൻട്രി ബോഗിയാണ് തൊട്ടുമുമ്പിൽ വന്നുനിന്നത്. നേവി ബ്ലൂ ഷർട്ടും പാന്റും ധരിച്ച പാൻട്രി ജോലിക്കാർ പുറത്തിറങ്ങി. പണ്ട് ട്രെയിനിൽ കയറുമ്പോൾ ഇത്തരത്തിലുള്ള ആളുകളെ കാണുമ്പോൾ പേടിയായിരുന്നു. അവരും സാധാരണ മനുഷ്യരെ പോലെ ജോലിചെയ്ത് കുടുംബം പുലർത്തുന്നവരാണെന്ന് അടുത്തകാലത്താണ് ബോധ്യംവന്നത്. തമിഴിലും ഹിന്ദിയിലും അവർ എന്തൊക്കെയോ സംസാരിക്കുന്നു. ഒരുത്തൻ പാൻപരാഗുപോലെ എന്തോ ഒന്ന് പ്ലാസ്റ്റിക് കവർ പൊട്ടിച്ച് വായിലിടുകയാണ്. ഇന്ത്യയുടെ പരിച്ഛേദം കാണണമെങ്കിൽ ഏതെങ്കിലും തിരക്കുള്ള ഒരു റെയിൽവേ സ്‌റ്റേഷനിൽ ചെന്നിരുന്നാൽ മതിയെന്ന് എലേന ചിന്തിച്ചു.

 

കറുപ്പിൽ വെളുത്ത വൃത്തങ്ങളുള്ള നിറം മങ്ങിയ ചുരിദാറിട്ട ഇരുനിറത്തിലുള്ള ഒരു പെൺകുട്ടി പാൻട്രിയുടെ നേരെ നടന്നു വരുകയാണ്. കാലിലെ വെള്ളിനിറത്തിലുള്ള കൊലുസ് ഛ് ലിം ഛ് ലിം എന്ന് ഒച്ചയുണ്ടാക്കുന്നുണ്ട്. വെള്ളി നിറത്തിലുള്ള രണ്ട് മിഞ്ചികൾ ഇരുകാലിലെയും നടുവിരലിലുണ്ട്. ചെളി നിറഞ്ഞിട്ടാണെന്ന് തോന്നുന്നു ഒരു മങ്ങിയ നിറം. അവളുടെ കറുത്തുരുണ്ട കാലുകൾക്ക് അവ നല്ല ചേർച്ചയായി തോന്നി. ചെമ്പിച്ച് കറുത്തുപോയ ഒരു വലിയ മൂക്കുത്തിയുണ്ട് മൂക്കിൽ. മുഖം കണ്ടിട്ട് ഒരു കൂസലുമില്ലാത്ത പെണ്ണ്. അവൾ പാൻട്രി കാറിന് മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരുടെ അടുത്തേക്കാണ് വരുന്നത്. അവരോട് ചേർന്ന് നിൽക്കാൻ ശ്രമിച്ച് അവളെന്തോ ചോദിക്കുന്നു. ചെറുപ്പക്കാർ അവളുടെ അടുത്തുനിന്ന് മാറി നീങ്ങിനിന്ന് മറുപടി പറയാൻ ഒട്ടും താൽപര്യമില്ലാത്തതുപോലെ ‘‘നഹിം മാലും... നഹിം മാലും’’ എന്ന് പറയുന്നുണ്ട്.

അവൾ അവരെ വിട്ട് അടുത്തുള്ള പെട്ടിക്കടക്കടുത്തേക്ക് നടന്നു. നടക്കുമ്പോൾ അവളുടെ പാദസരം കിലുങ്ങുന്നത് ഒരു പ്രത്യേക താളത്തിലായിരുന്നു. ചായയോ കാപ്പിയോ കുടിക്കാനായിരിക്കും എന്ന് തോന്നി. അവിടെ നിൽക്കുന്ന മധ്യവയസ്കനോട് ചേർന്നുനിന്ന് വീണ്ടും അവളെന്തോ ചോദിച്ചു. അയാൾ എന്തൊക്കെയോ മറുപടി പറയുന്നു. തലകുലുക്കി അവൾ വീണ്ടും അവിടെനിന്ന് മാറി വളരെ ഈസിയായി പ്ലാറ്റ്ഫോമിലൂടെ രണ്ട് ചാൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. അൽപനേരം കഴിഞ്ഞ് തൊട്ടടുത്ത കമ്പാർട്മെന്റിലേക്ക് തിരക്കിലൂടെ ഊളിയിടുന്നതും കണ്ടു.

കെട്ട് കഴിഞ്ഞതി​ന്റെ പിറ്റേന്ന് മുതലേ അയാള് തനികൊണം കാണിച്ചുതുടങ്ങിയതാണ്... ഒരു മെയിൽ ഡൊമിനേറ്റഡ് പിഗ്. അയാളുടെ കുടുംബത്തിലാണെങ്കിൽ ഏക്കറ്കണക്കിന് റബറും തേങ്ങയും അടക്കയും എല്ലാമൊണ്ട്. ഇതെല്ലാം കണ്ട് കണ്ണ് മഞ്ഞളിച്ചാണ് അപ്പച്ചൻ അങ്ങോട്ട് കെട്ടിച്ച് വിട്ടത്. അല്ലേലും ഇത്രേം പഠിപ്പുള്ള പെണ്ണിനെ ആരേലും ഒരു ചെറ്റയെക്കൊണ്ട് കെട്ടിക്കുമോ? പുരയിൽ കടവും കടത്തിമ്മേക്കടവുമായാണ് ഡിഗ്രി വരെ പഠിച്ചത്. അതി​ന്റെ എടേല് ഒരുത്തനുമായി എന്തൊക്കെയോ അടുപ്പമുണ്ടെന്ന് ആരാണ്ടൊക്കെയോ പറഞ്ഞ് കേട്ടതും കൂടിയായപ്പോ പിന്നൊന്നും അപ്പച്ചൻ നോക്കിയില്ല..

അങ്ങ് കെട്ടിച്ച് കൊടുത്തു. പട്ടിണി കിടക്കാതെ വല്ലതും ഉണ്ടേച്ച് കഴിയാലോന്നും അങ്ങേര് കരുതിക്കാണും. എന്തായാലും കല്യാണപ്പിറ്റേന്ന് മൊതല് അവൻ ശരിക്കും പെരുമാറാൻ തൊടങ്ങി. വിദ്യാഭ്യാസവും വിവരവുമില്ലാത്ത എമ്പോക്കിക്ക് പഠിപ്പും വിവരവുമുള്ളൊരു സുന്ദരിപ്പെണ്ണിനെ കിട്ടിയാൽ പിന്നെ അവ​ന്റെ ചീഞ്ഞ മനസ്സ് വെറുതെയിരിക്കുമോ? അവ​ന്റെ ചീപ്പ്കോംപ്ലക്സ് വർക്ക് ഔട്ട് ആവാതെവിടെപ്പോവാനാ... പക്ഷേ ഇതൊന്നും കാർന്നോമ്മാര് ചിന്തിക്കില്ല. അതോ ഒക്കെ തിരിഞ്ഞിട്ടും തിരിയുന്നില്ലാന്ന് വരുത്തി ആളുകളുടെ കണ്ണില് പൊടിയിടുകയാണോ ആവോ?

‘‘എടീ ചെറ്റപ്പന്നി നായി​ന്റെ മോളേ... എ​ന്റെ സ്വത്ത് കൊണ്ട് തിന്ന് തൂറി നീയെനിക്കിട്ട് തന്നെ പണിയുകയാണോടീ.’’

എന്ന് വിളിച്ചാണ് അയാൾ ഊരക്കിട്ട് ചവിട്ടുന്നത്. ഒരു ദിവസം കുളിച്ച് വന്നപ്പോഴേക്കും ഭക്ഷണം മേശപ്പുറത്ത് എടുത്ത് വെക്കാത്തതിനായിരുന്നു അത്. എത്രയൊക്കെ അനുഭവിച്ചാലും ചെന്ന് കേറാൻ സ്വന്തമെന്ന് പറയാൻ ഒരു പെണ്ണിനെന്നതാ ഒള്ളത്? കെട്ടിച്ച് വിടുന്നതോടെ സ്വന്തം വീട്ടിന്ന് പൊറത്താവും. പിന്നെ എപ്പോഴെങ്കിലും ചെല്ലുമ്പോ സ്വന്തമായിട്ടൊരു മുറിപോലും ഉണ്ടാവില്ല. കെട്ടിച്ച് വിട്ടയിടത്താണേലോ... വെറും പണിക്കാരി. എത്ര പഠിത്തക്കാരിയാണേലും ഇതൊക്കെതന്നെയാ സംഭവിക്കുക. പിന്നൊരു മോളുള്ളത് അത്യാവശ്യം പഠിക്കുന്നൊരു കുട്ടിയായതുകൊണ്ട് ജർമനിയിൽ അഗ്രിക്കൾച്ചർ കോഴ്സി​ന്റെ പോസ്റ്റ് ഗ്രാജ്വേഷന് അഡ്മിഷൻ കിട്ടി. അതോണ്ട് അക്കാര്യത്തെക്കുറിച്ച് ചിന്തിക്കണ്ടല്ലോ. അവൾടെ കാര്യത്തിനവള് മിടുക്കിയാണ്.

ഡിഗ്രി വരെ പഠിച്ചിട്ടും തുടർപഠനത്തിനോ ഒരു കൊച്ചു ജോലിക്കോ അയാളും വീട്ടുകാരും വിട്ടില്ലായിരുന്നു.

‘‘നക്കുപ്പിന് ഗതിയില്ലാത്ത തന്തേടെ മോളല്ലേടീ നീ. പഠിച്ചിട്ടിനിയിവിടെയെന്തൊലത്താനാ?’’

ഇതാണ് അയാളുടെ പരിഹാസം.

അയാളറിയാതെയാണ് അലക്സാൻട്രയുടെ സഹായത്താൽ ടു വീലറും ഫോർ വീലറും ഡ്രൈവിങ് പഠിച്ചെടുത്തതും ലൈസൻസ് എടുത്തതും. ഇപ്പോഴും എലേന വണ്ടി ഓടിക്കുമെന്നോ ലൈസൻസ് ഉണ്ടെന്നോ ഒന്നും അയാൾക്കറിയാമ്മേല. അയാള് നാട്ടിലില്ലാത്തപ്പോ വണ്ടിയെടുത്ത് അത്യാവശ്യം പുറത്തേക്ക് പോവുന്നതു തന്നെ വളരെ സാഹസികതയാണ് എലേനക്ക്.

കെട്ട് കഴിഞ്ഞതി​ന്റെ രണ്ടാമത്തെ ഞായറാഴ്ചയാണ് അയാൾക്ക് രാത്രിവേട്ട പതിവുണ്ടെന്ന് എലേന അറിയുന്നത്. പക്ഷേ പുലരാൻ നേരത്ത് തിരികെ വരുമ്പോ ഒരു കാക്കപോലും കയ്യിൽ ഉണ്ടാവില്ല. മൂക്കറ്റം നാടൻ ചാരായം വലിച്ച് കേറ്റിയിട്ടും ഉണ്ടാവും. അയാളുടെ അപ്പച്ചൻ ജോസഫും നല്ലൊരു വെടിക്കാരനായിരുന്നു. അങ്ങേര് തോക്കെടുത്തിറങ്ങിയാൽ ഏതെങ്കിലും ഒന്നിനെ വെടിവെച്ച് കൊല്ലാതെ തിരിച്ച് വരത്തില്ല. പിറ്റേന്ന് കെട്ടിച്ചുവിട്ട പെണ്ണുങ്ങളും അവക്കടെ കെട്ടിയോൻമാരുമൊക്കെയായി ഒരു ബഹളമായിരിക്കും. കൊണ്ടുവന്ന ഉരുവിനെ തോല് കളഞ്ഞ് കഷ്ണങ്ങളാക്കി മഞ്ഞളിട്ട് തിളപ്പിച്ച വെള്ളത്തിൽ കുറെ നേരം മുക്കിവെക്കും.

അതിനുശേഷം കുറേശ്ശ മഞ്ഞപ്പുള്ള കഷ്ണങ്ങളെല്ലാം വെള്ളം വാർത്ത് കളഞ്ഞ് ഉപ്പും പച്ചക്കുരുമുളകരച്ചതും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി കൈകൊണ്ട് കൂട്ടി യോജിപ്പിച്ച് ഒതുക്കിവെക്കും. ഏകദേശം ഒരു മണിക്കൂർ കഴിയുമ്പോ മുറ്റത്ത് കൂട്ടിയ അടുപ്പ് കൊതുമ്പും മട്ടലും ചകിരിയുംകൊണ്ട് തീപ്പിടിപ്പിച്ച് അടി കട്ടിയുള്ള ഒരു വലിയ ഓട്ടുരുളിയെടുത്ത് അടുപ്പലോട്ട് കേറ്റിയങ്ങ് വെക്കും. ഇതൊക്കെ അമ്മച്ചിയും പെങ്ങന്മാരുമാണ് ചെയ്യുന്നത്. എലേനക്കിതെല്ലാം കാണുമ്പോ ചാക്കിൽ കെട്ടി കൊണ്ടുവന്ന ആ ജന്തുവി​ന്റെ കറുത്ത രോമം നിറഞ്ഞുനിക്കുന്ന ചത്ത ശരീരവും വെടിയേൽക്കുമ്പോ കരഞ്ഞ നിലയിലുള്ള വായും ദൈന്യത നിറഞ്ഞ കണ്ണുകളും ഓർമ വരും. ഓക്കാനമാണോ അറപ്പാണോ ഭീതിയാണോ ഉണ്ടാവുക എന്നറിയില്ല, അവളങ്ങ് റൂമീക്കേറി കതകടച്ച് കിടക്കും.

കട്ടിയുള്ള ചെമ്പുരുളിയുടെയടി ചൂടാവുമ്പോ നല്ല ചക്കിലാട്ടിയ വെളിച്ചെണ്ണയും പാമോയിലും മിക്സ് ചെയ്തങ്ങ് ചട്ടീലോട്ടൊഴിക്കും. അതിലേക്ക് ചെറിയുള്ളിയും വെളുത്തുള്ളിയും കുനുകുനാന്നരിഞ്ഞതും ഒരു ചരുവം നിറയെ തേങ്ങാക്കൊത്തും എട്ടോ പത്തോ അല്ലി കറിവേപ്പിലയും ഇട്ട് നന്നായി ഇളക്കും. നന്നായി മൂത്ത് വരുമ്പോ പച്ചക്കൊത്തമ്പാലി അമ്മിയിലിട്ട് മിനുസത്തിൽ അരച്ചെടുത്തതും മിക്സ് ചെയ്തുവെച്ച ഇറച്ചിക്കഷ്ണങ്ങളും പാകത്തിന് ഒപ്പം ഉരുളീലോട്ടിട്ട് നന്നായി ഇളക്കിമറിച്ച് ഒരൽപംപോലും വെള്ളം ചേർക്കാതെ അടച്ചുവെക്കും. പിന്നെ അടുപ്പിൽ ചെറുതീ മാത്രം മതി. അതിന് കൂട്ടിവെച്ച ചകിരിപ്പൊളികൾ തീരുമ്പോ ഓരോന്നായി ഇട്ടുകൊടുക്കും. ഇതെല്ലാം അമ്മച്ചിയും പെമ്മക്കളുംകൂടാണ് ചെയ്യുന്നത്.

കെട്ടിയോന്മാരും മക്കളും ആ നേരംകൊണ്ട് പുഴയിൽ പോയി നല്ലൊരു നീന്തിക്കുളി പാസാക്കിയിട്ടുണ്ടാവും. ഒരു രണ്ട് മണിക്കൂർ കഴിയുമ്പോഴേക്ക് പച്ചക്കൊത്തമ്പാലിയിലും കുരുമുളകുപൊടിയിലും കിടന്ന് വെന്ത കാട്ടിറച്ചിയുടെ മണം ആ മുറ്റവും തൊടിയും കടന്ന് ദൂരെ പാടത്തെത്തിയിട്ടുണ്ടാവും. ആ നേരത്താവും അയാൾ നല്ല നാടൻ വാറ്റ് കുപ്പികളിലാക്കി അളിയന്മാരെ സൽക്കരിക്കാൻ കൊണ്ടുവരുക. എലേന റൂമിൽ കതകടച്ച് കിടക്കുന്നത് കാണുമ്പോൾ അയാളിലെ കോപ്പിലെ ഈഗോ സടകുടഞ്ഞെണീക്കും.

‘‘എന്നതാടി ചവമേ... നീയങ്ങ് കെട്ടിലമ്മ ചമഞ്ഞ് സപ്രമഞ്ചത്തേല് കേറിക്കെടക്കുന്നത്? പൊറത്താ പെണ്ണുങ്ങള് ചെയ്യുന്നതൊന്നും നീ കാണുന്നില്ലേ ചെറ്റേ... പോയി എന്നതേലും സഹായിക്കെടീ എരപ്പേ’’ എന്നെല്ലാം പറഞ്ഞ് അവടെ ഊരക്കിട്ട് ചവിട്ടി എണീപ്പിച്ച് വാതിക്കലോട്ട് തള്ളിയിടും. ഒരുതവണ ഇങ്ങനെ കട്ടിളപ്പടിയിൽ നെറ്റി തട്ടി മുറിഞ്ഞ് ചോര വാർന്നപ്പോഴും കണ്ടു നിന്ന അമ്മച്ചിം പെങ്ങന്മാരുമൊന്നും അനങ്ങിയതുപോലുമില്ല. ഇതൊക്കെയിവിടെ സാധാരണമെന്നതു പോലെയാണ് പെരുമാറിയത്.

എലേന നെറ്റിയിലൊരു തുണിയൊക്കെ കെട്ടി മിറ്റത്ത് വെറുതെ ഒരു പ്രതിമപോലെ നിന്നുകൊടുക്കും. പരിഗണിക്കപ്പെടുന്നില്ലല്ലോ എന്ന വേദനകൊണ്ടവൾ പറ്റെ ചെറുതായിപ്പോവും. പിന്നെ അപ്പച്ചനും മരുമക്കളും അമ്മച്ചിയും പെങ്ങമ്മാരും എല്ലാരും ചേർന്ന് കുടിയും നല്ല കറുത്ത് മൊരിഞ്ഞിരിക്കുന്ന കാട്ടിറച്ചി തീറ്റയും പാട്ടും മേളവുമെല്ലാമായിരിക്കും. ഇതേലൊന്നും ചേരാതെ എലേന വീണ്ടും ജലപാനമില്ലാതെ മുറിക്കുള്ളിൽ അടച്ചിരിക്കുകയാവും.

തീറ്റയും കുടിയും മൂർധന്യത്തിലെത്തുമ്പോഴാണ് അയാൾ അസ്സൽ കാട്ടുപന്നിയാവുക. പിന്നെയങ്ങോട്ടൊരു മേയലാണ്. മുക്രയിട്ട് ഒറ്റക്കൊമ്പുകൊണ്ട് കാണുന്നേടമെല്ലാം ഉഴുതുമറിച്ച് കൊമ്പ് കുത്തി തേറ്റകൊണ്ട് അടരുകൾ പൊളിച്ച് മാറ്റി കേറിയങ്ങ് പോക്കാണ്. അതിനിടക്കാ കാട്ടുജീവിയുടെ ചീഞ്ഞ വാറ്റുചാരായ നാറ്റമുള്ള തുപ്പലും മൂത്രവുമെല്ലാം ദേഹത്തൊട്ടി എലേനക്ക് ഓക്കാനവും ഛർദിലും വരും. കീറിമുറിഞ്ഞ് ചീഞ്ഞ് നാറിയ ശരീരത്തെ ഷവറി​ന്റെ ചുവട്ടിൽ കൊണ്ടുപോയി എത്ര തണുപ്പിച്ചാലും നീറ്റലും തീട്ടനാറ്റവും വിട്ടുമാറാതെ അവൾക്ക് സ്വയം എടുത്ത് കുപ്പത്തൊട്ടിയിലേക്കിടാൻ തോന്നാറുണ്ട്.

‘‘യാത്രിയോം ക്രിപയാ ധ്യാൻ

ദീജിയേ... കൊച്ചിൻ സെ ദില്ലി തക് ജാനേ വാലി നിസാമുദ്ദീൻ എക്സ്പ്രസ്സ് ധോഡി ഹി ദേർ മെം

പ്ലാറ്റ്ഫോം നമ്പർ ചാർ പർ ആ രഹീ ഹൈ.’’

അനൗൺസ്മെന്റ് കേട്ടപ്പോഴാണ് എലേന ചിന്തയിൽനിന്നുണർന്നത്. ഇനിയിപ്പോൾ സിസ്‍ പ്ലേ ബോർഡിൽ നോക്കേണ്ട കാര്യമില്ല. ഈ പ്ലാറ്റ്ഫോമിലേക്ക് തന്നെയാണ് ട്രെയിൻ വരുക. ഫോണിൽ സമയം നോക്കിയപ്പോൾ ഒമ്പതേ നാൽപത് ആയിട്ടുണ്ട്. ഒന്ന് ഉറങ്ങിപ്പോയോ എന്ന് എലേനക്ക് തോന്നി. എ.സി കോച്ചിലാണ് ടിക്കറ്റ് എടുത്തത്. എന്തിന് കുറക്കണം. അല്ലെങ്കിലും ദില്ലി വരെയൊന്നും സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യാൻ പറ്റില്ലല്ലോ.

വണ്ടി പ്ലാറ്റ്ഫോമിൽ വന്നുനിന്നു. എലേന അൽപസമയം ശങ്കിച്ച് നിന്നു. പോവണോ വേണ്ടയോ എന്ന് ചിന്തിക്കാതിരുന്നില്ല. ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ തോന്നിയ ആവേശം ഇപ്പോഴില്ലേ എന്ന് തോന്നാതിരുന്നില്ല. അല്ല... തീർച്ചയായും പോവണം. ഇനി ഇവിടെ ഇല്ല. ഒരു കെട്ടുപാടും മനസ്സിനെ പിടിച്ചുവലിക്കുന്നില്ല. അതിനു മാത്രം ഇഷ്ടങ്ങളൊന്നും ഇവിടെ ഇല്ലല്ലോ.

അവിടെ എത്തിയതിനുശേഷം തീരുമാനങ്ങൾ മകളെ അറിയിക്കാം. അവൾ എതിരഭിപ്രായം പറയില്ല.ഇത്തിരി മോഡേണായി ചിന്തിക്കുന്ന പെൺകുട്ടിയാണവൾ. ഭാരമേറിയ ലഗേജ് ഉള്ളിലേക്ക് എടുത്തുവെച്ച് എലേന ബർത്ത് നമ്പർ നോക്കി. ലോവർ ബർത്താണ്. ഒരു കണക്കിൽ അതാണ് സൗകര്യവും. മറ്റുള്ളവരെ ശല്യപ്പെടുത്താതെയും തിരിച്ചാരുടെയും ശല്യമില്ലാതെയും ഇരിക്കാം. രണ്ട് രാത്രിയും രണ്ട് പകലും താമസിക്കാനുള്ള സ്ഥലത്തെ എലേന സ്നേഹത്തോടെ തലോടി. അഥവാ ഇടക്കുവെച്ച് അവസാനിപ്പിക്കാൻ തോന്നിയാൽ അവസാനിപ്പിക്കാം. ആരും അറിയില്ല. ഏതോ ഉത്തരേന്ത്യൻ ഗ്രാമപ്രദേശങ്ങളിൽ റെയിൽവേ ട്രാക്കിൽ ഒരജ്ഞാത ജഡം ഉണ്ടാവും. അത്രയേ ഉള്ളൂ.

തന്തയും തള്ളയും മര്യാദക്ക് വളർത്തിയാലല്ലേ മക്കൾ പ്രത്യേകിച്ചും ആൺമക്കൾ നന്നാവുകയുള്ളൂ. ആണൊരുത്തൻ പറയുന്നത് അക്ഷരംപ്രതി അനുസരിക്കാനാണ് ഒരു പെമ്പ്രന്നോത്തിയെ കെട്ടിയെടുക്കുന്നത് എന്നാണ് കുടുംബമടക്കി അവരുടെ വിചാരം. എത്രയൊക്കെ നന്നായി ഭക്ഷണം പാകം ചെയ്താലും‘‘ഇതെന്നാടീ... നി​ന്റെ പൊരയിലൊന്നും വെപ്പും തീനും ഇല്ലാരുന്നോ? എ​ന്റെ കാശുകൊണ്ട് കൊണ്ടുവരുന്ന സാധനം വായില് വെക്കാൻ പറ്റാത്തതുപോലെ അവളൊണ്ടാക്കി വെച്ചേക്കിണ്. കൊണ്ടോയി കൊടുക്കെടീ നി​ന്റെ തന്തക്ക്’’ എന്നും പറഞ്ഞ് ചുമരിനോട് ചേർത്ത് നിർത്തി എലേനയുടെ കഴുത്തിന് കുത്തിപ്പിടിച്ച് പൊന്തിക്കും.

ഈ കലാപരിപാടി കാരണം കഴുത്തി​ന്റെ ഡിസ്കിളകി ഹോസ്പിറ്റലിൽ കിടന്നപ്പോ അലക്സാൻട്ര പറഞ്ഞതാ...

നിറുത്തെടീ നീ ഈ പൊറുതി.

‘‘പറ്റുന്നില്ല. അലക്സാ... അപ്പച്ചനെയാണോ സമൂഹത്തെയാണോ ഭയക്കുന്നത് എന്നെനിക്കറിയാമ്മേലാ...’’

‘‘നി​ന്റെ ഒടുക്കത്തെ ഒരു ഭയം... അയാൾ നിന്നെ കൊല്ലും. പിറ്റേന്ന് വേറെ കെട്ടുകേം ചെയ്യും. നി​ന്റെ മോൾക്ക് മാത്രമാവും നഷ്ടം.’’

ഡിസ്ചാർജ് ചെയ്ത് ചെല്ലുമ്പോ തന്തക്കോ തള്ളക്കോ കെട്ടിയ മൊണ്ണക്കോ പെങ്ങന്മാർക്കോ ഒന്നും ഒരു കൂസലും ഉണ്ടാവില്ല. ഇവിടെ പൊറുക്കണേൽ ഇതൊക്കെ സഹിക്കേണ്ടിവരുമെന്ന മുഖഭാവത്തോടെ അവരെല്ലാം നിസ്സംഗത ഭാവിക്കും.

ചില ദിവസം അയാൾ വലിയ വേട്ടക്കാരനെപ്പോലെ രാത്രിയിൽ തോക്കുമെടുത്തിറങ്ങും. ഒരു മുയലിനെപ്പോലും കിട്ടാതെ പുലരാൻ നേരം പട്ടച്ചാരായം അടിച്ച് മുക്രയിട്ടാവും വരവ്. വന്നയുടനെ വിയർപ്പ് നാറുന്ന ബനിയനും മുണ്ടും വലിച്ചെറിഞ്ഞ് ഒറ്റപ്പന്നിയെപ്പോലെ തേറ്റയുംകൊണ്ട് ഒരൊറ്റ തട്ടാണ്. പിന്നെ തിരിച്ചും മറിച്ചും നിർത്തിയും കിടത്തിയും അയാൾക്ക്‌ തോന്നിയപോലെയെല്ലാം കുത്തിത്തോണ്ടി ഉഴുതുമറിച്ച കണ്ടം പോലെ മുറിയുടെ അരുകിലേക്ക് കാലുകൊണ്ടൊരു തൊഴിതൊഴിച്ച് കമിഴ്ന്ന് കിടന്ന് ഭീകരമായ ഒച്ചയിൽ കൂർക്കം വലി തുടങ്ങും.

പിറ്റേന്ന് മുതൽ മൂത്രമൊഴിക്കാനോ തൂറാനോ പറ്റാത്ത അവസ്ഥയാവും. വെള്ളം തട്ടുമ്പോ നീറ്റലങ്ങ് ഉച്ചിയിലോട്ട് കേറും. ഒടുക്കം സഹിക്കാൻ പറ്റാതായപ്പോ അലക്സയാണ് ദില്ലിയിലേക്ക് ടിക്കറ്റെടുത്ത് കൊടുത്തത്. സന്ധ്യക്ക് എടുക്കാൻ പറ്റാവുന്നത്ര ലഗേജെടുത്ത് തന്തേടേം തള്ളേടേം മുന്നിലൂടെ ഇറങ്ങി പോന്നപ്പോ ആരെയൊക്കെയോ തോൽപിച്ചതുപോലെ അഭിമാനമാണ് തോന്നിയത്. ആരെങ്ങനെ വ്യാഖ്യാനിച്ചാലും കുഴപ്പമില്ല. സമൂഹം പോയി ചാവട്ടെ എന്ന് ചിന്തിച്ചാണ് ടാക്സി പിടിച്ച് സ്റ്റേഷനിൽ എത്തിയത്.

ഇടക്കൊരു തവണ കൂടി ക്രിസ്റ്റിയെ കണ്ടിരുന്നു. അന്ന് പള്ളിയിലേക്കെന്ന് പറഞ്ഞാണ് അവ​ന്റെ വീട്ടിൽ പോയത്. ക്രിസ്റ്റിയുടെ അപ്പച്ചനും അമ്മച്ചിയും മലയാറ്റൂർ പള്ളിയിൽ നേർച്ചക്ക് പോയതായിരുന്നു. വാതിൽ തുറന്നപ്പോ ക്രിസ്റ്റി അത്ഭുതപ്പെട്ടു.

‘‘എലാ... നിന്നെ ഇത്തവണ കാണാൻ സാധിക്കുമെന്ന് കരുതിയതല്ല. ഇനി കാണുമോ എന്നും അറിയില്ല. ഞാൻ ഒരു ദൂരയാത്രക്കുള്ള ഒരുക്കത്തിലാണ്. യൂറോപ്യൻ രാജ്യങ്ങളിലേക്ക്.’’ ‘‘നീ തനിച്ചാണോ? യാത്ര?’’

‘‘അങ്ങനെ ചോദിച്ചാൽ ആണെന്നും അല്ലെന്നും പറയാം. നീ ഉണ്ടല്ലോ എല്ലായ്പോഴും എ​ന്റെ കൂടെ.’’

അവൻ എലേനയുടെ കണ്ണിൽ അമർത്തി ചുംബിച്ചു. അവ​ന്റെ കറുമ്പൻ രോമങ്ങളുള്ള നെഞ്ചോടൊട്ടി നിന്നു. ഈ സമയത്ത് തോന്നുന്ന സുരക്ഷിതത്വവും ശാന്തിയും എലേനക്ക് മറ്റൊരിക്കലും കിട്ടാറില്ല. കണ്ണടച്ച് മൂക്ക് വിടർത്തി ക്രിസ്റ്റിയുടെ മണം ശക്തിയായി വലിച്ചെടുത്തു. ദേഹം ഭാരമില്ലാതാവുന്നത് പോലെ എലേനക്ക് തോന്നി. ഒന്നിച്ച് ആകാശത്തേക്ക് എടുത്ത് പൊന്തിക്കപ്പെടുന്നതുപോലെ ഒാരോ മുകുളങ്ങളും വികസിച്ച് വായു കുമിളകളായി ഒരൊറ്റ കത്തലിൽ പൊട്ടാനുള്ള വെമ്പലോടെ. ആത്മാവുകളുടെ ചിതയിൽ കത്തിപ്പടരുമ്പോഴുണ്ടാവുന്ന നിർവൃതിയിലായിരുന്നു എലേനയും ക്രിസ്റ്റിയും.

‘‘നീ കൂടെ വാ ദില്ലിയിലേക്ക് ഏലാ...’’

നമ്മുടെ സമയങ്ങളാണ് നഷ്ടമാവുന്നത്. നി​ന്റെ സാന്നിധ്യം... നി​ന്റെ ശ്വാസം

... നി​ന്റെ മണം... ഇവയെല്ലാം എനിക്ക് വേണം. നമുക്കൊന്നിച്ച് ഒരുപാട് യാത്രകൾ ചെയ്യണം.

‘‘നോക്കാം ക്രിസ്റ്റീ.. എനിക്ക് പറ്റുന്നത്ര ഇവിടെ പിടിച്ച് നിന്നേ പറ്റൂ. അതിനൊരുപാട് കാരണങ്ങൾ ഉണ്ട്. വയ്യ എന്ന് തോന്നുന്ന ആ നിമിഷം ഞാൻ വണ്ടികേറി അവിടെത്തിക്കോളും.’’

ആരോ കാലിനടുത്ത് ഇരിക്കുന്നതുപോലെ തോന്നിയപ്പോഴാണ് കണ്ണുതുറന്ന് നോക്കിയത്. അതവളായിരുന്നു.

‘‘ആഹാ നീ എങ്ങോട്ടാണ് പോയത്? എവിടെയായിരുന്നു ഇതുവരെ ഇരുന്നത്?’’

‘‘നാൻ ജനറൽ കംപാർട്മെന്റിൽ

ഉക്കാൻതിട്ടിരുന്തേൻ... അങ്കെ എന്നുടെ മാതിരി ടിക്കറ്റ് എടുക്കാമ നിറയെ പേരിരിക്കും. അത്ക്കുള്ളെ സെല സമയം ചെക്കിങ് കൂടെ ഇര്ക്കാത്. ആനാ സെലസമയം സെല ആകാവലി ടി.ടി.ആർമാർ വന്ത് ചെക്ക് പണ്ണികിട്ടേ ഇരുക്കും.

‘‘എന്നാൽ, പിന്നെ നിനക്ക് അവിടെതന്നെ ഇരുന്നാൽ പോരെ? ഇങ്ങോട്ടെന്തിന് വന്നു? അതല്ലേ കൂടുതൽ സുരക്ഷിതത്വം?’’

‘‘അത് ക്ക് എന്നുടെ ലഗ്ഗേജ് ഇങ്ക താനേ... ഇരുക്ക്. ഇതില് മുഖ്യമാന ഒരു പൊരുളിരുക്ക്. അത് എങ്കിട്ടെയിരുന്തും മിസ്സാവക്കൂടാത്. അതിനാലെ താൻ നാൻ ഇങ്കെ വെച്ചിട്ട് പോറത്. ഇന്ത ലഗ്ഗേജ് വന്ത് ദൗലത്താബാദ് ല് ഇറക്കത്ക്ക്. നാനും അങ്കെ താ ഇറങ്കണം.’’

‘‘നി​ന്റെ പേരെന്താണ്? അവിടെ നിനക്കാരാ ഉള്ളത്?’’

‘‘എന്നോടെ പേര് സെവന്തി. നാങ്ക തമിഴ്നാട്ട് കാര്ങ്ക് താൻ. റൊമ്പ വർഷത്ത് ക്ക് മുന്നാടി അപ്പാവും അമ്മാവും ഇങ്കെ കേരളാവുക്ക് വന്തത്. നാനും എന്നോട് രണ്ട് തമ്പികളും അപ്പാവും അമ്മാവും. ഇത്തന പേര് താ ഇരുന്തത്. അപ്പാവുക്കും അമ്മാവുക്കും അമ്മി കൊത്തറത്താൻ വേലൈ. കൊഞ്ചം നാള് ഒലവക്കോട് ഇരുന്താങ്കെ. കാലേല് മുഴുതും എല്ലാ വീട്ട് ക്കും നടന്ത് അമ്മി കൊത്തി കൊടുത്തിട്ട് ഇരുക്കും... സെല വീട്ട്കാര്ങ്ക് നെറയെ തുണി കാശെല്ലാം കൊടുത്തിടുവാങ്കെ. അപ്പാവും അമ്മാവും റൊമ്പ പാശമാനവങ്കെ. അപ്പാവന്ത് ശാപ്പാട് ഉരുട്ടി അമ്മായുടെ വായിൽ വെച്ച് കൊടുക്കിറത്. അമ്മാവന്ത് റൊമ്പ നാണമാ അപ്പിടിയെ ശാപ്പിട്ട് അപ്പായുടെ കവിളില് ഒരു മുത്തം കൊടുക്കിറത്. രാത്രിയാനാ രണ്ട് പേരും കൂടിയാണ് റാക്ക് കുടിക്കറത്. അന്ത മാതിരി റൊമ്പ സന്തോഷമായിരുന്നത് അന്നക്കെല്ലാം.’’

അവളുടെ കഥകൾ കേൾക്കാൻ നല്ല രസമുണ്ട്. എല്ലാം മറന്ന് എഴുന്നേറ്റിരുന്നു. മുകളിലെ ബർത്തിൽ തല തട്ടാതിരിക്കാൻ തല അൽപം താഴ്ത്തി വെച്ചു. ജമന്തി താഴെ തറയിൽ ചമ്രം പടിഞ്ഞ് ഇരിക്കുകയാണ്. അവളുടെ മൂക്കുത്തിക്ക് വല്ലാത്ത തിളക്കം. അവൾ സംസാരിക്കുമ്പോൾ നല്ല ഗ്രാമ്പൂവി​ന്റെ മണം.

‘‘അപ്പൊറം എന്നെ വന്ത് തിരുമണം പണ്ണി പൊണ്ടാട്ടിയാക്കറത് അപ്പാവോടെ ഒരു സ്വന്തം... തഞ്ചാവൂര് ക്കാരൻ ഒരു മുനിയപ്പൻ. അന്ത ആള് കുടുംബമായി കന്യാകുമാരിയില് വാഴ്ത്തിട്ടിരുഞ്ഞത്... അന്ത ആളോട് ചിന്നതാ ഒരു കാതൽ ഇരുന്തിച്ച്. അത് തെരിഞ്ച് അപ്പാ താൻ മുന്നാടി നിന്ന് എങ്ക തിരുമണം നടത്തിയാച്ച്. നിനച്ചതുക്ക് വിപരീതമാ.

അപ്പടിയാകെ പാസത്തോടെ ഇരുന്ത... എന്നാ സൊല്ലറത്

പാസമായിരിക്ക എലന്തക്കാട്ട്ക്കുള്ളെ സന്തോഷമാ ഇരുന്ത എന്ന സുട്ടുപൊള്ളുറ മണൽ പരപ്പുക്കു പറിച്ച് നട്ടിട്ടാങ്കെ.’’ എത്ര മനോഹരമായ ഭാഷയിലാണവൾ സംസാരിക്കുന്നതെന്ന് എലേന ചിന്തിച്ചു. കുറച്ച് നേരത്തേക്ക് യാത്രയുടെ ഉദ്ദേശ്യവും ലക്ഷ്യവുമെല്ലാം മറന്നേ പോയിരുന്നു. ഫോണിൽ രണ്ട് മൂന്ന് മെസേജുകൾ വന്ന ടോൺ കേട്ടു. നോക്കിയപ്പോൾ മകളുടെ ഫോട്ടോസ് അവൾ അയച്ചതാണ്. എല്ലാ ദിവസവും എടുക്കുന്ന സെൽഫികളും ഫോട്ടോകളും അവൾ അയക്കും. അവൾക്ക് അപ്പനേക്കാൾ പ്രിയം അമ്മച്ചിയോട് തന്നെയാണ്. ഫോട്ടോസ് നോക്കി. എന്തൊരു സന്തോഷത്തോടെയാണ് എ​ന്റെ കുട്ടി ചിരിക്കുന്നത്. അവളുടെ കണ്ണടയും വരെ അവൾ സന്തോഷവതിയായിരിക്കട്ടെ എന്ന് എലേന മനസ്സിൽ കരുതി.

പതിയെ ജമന്തിയെയും കൂട്ടി കമ്പാർട്മെന്റിന്റെ വാതിലിനരികെ ചെന്ന് നിന്നു. ഏതൊക്കെയോ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലൂടെയാണ് യാത്ര. ഗോതമ്പുപാടങ്ങൾ വിരിച്ച പച്ചപ്പരവതാനികൾ. ഇടക്ക് കരിമ്പ് തോട്ടങ്ങൾ... സെക്യൂരിറ്റി ഉറങ്ങുകയാണ്. പതുക്കെ ഡോർ തുറന്ന് വെച്ചു. എ.സി കമ്പാർട്മെന്റിലെ വാതിൽ തുറന്നാൽ യാത്രക്കാരുടെ കയ്യിൽനിന്ന് നല്ല തെറി കിട്ടും. പുറത്ത് നിന്ന് ചൂടുകാറ്റാണ് ഉള്ളിലേക്ക് വന്നത്. ജമന്തിയോട് ഒരു മകളോടെന്നത് പോലെ വാത്സല്യം തോന്നി. ചേർത്ത് മാറോട് നിർത്തി. അവൾ തോളിൽ തലചേർത്ത് പതുക്കെ വിതുമ്പിപോയി.

"അക്കാ.. നീങ്കെ വന്ത് എന്നുടെ അമ്മാ മാതിരി. അമ്മാ എപ്പോമേ എന്നെ ഇപ്പടി സേർത്തും കട്ടിപ്പുടിച്ചിട്ടിരിക്കാങ്കെ...’’

‘‘നി​ന്റെ അമ്മാ എവിടെയാണിപ്പോൾ?’’

‘‘നാൻ മുനിയപ്പാ കൂടെ കന്യാകുമാരിയിൽ തങ്ക ആരംഭിച്ച് കൊഞ്ചം മാതൻങ്കൾക്കപ്പുറം എന്നുടെ അമ്മാവും അപ്പാവും തൊത്തുവ്യാധി വന്ത് എരൻന്തിട്ടാൻഗെ... തമ്പിങ്കെ എങ്കെ ഇരുക്കാംഗെ എന്ററ് തെരിയാത്...

അവങ്കളെ പാർക്ക പോക കൂടെ എന്ന സമ്മതിക്കല.. അക്കാ അന്ത ആൾ ഒരു മുട്ടാൾ പൈത്യം താൻ.. കറുപ്പാ കരികട്ടയാട്ടാ ഒരുത്തൻ... അന്ത ആളും വീട്ടുകാരങ്ങളും കരിങ്കൽ ഒടച്ചു മെറ്റൽ സെയ്യറ വേല താൻ പാത്തിട്ടിരുന്തത്... എനക്കാ... വെയിലില വേല സെൻചാൽ തല വലി ആരംഭിക്കും... അപ്പാ അമ്മ കൂടെ ഇരുന്താൽ തണലില വേല സെയ്യലാം...

അന്ത മുനിയപ്പാ സായന്തരം ആകുറ വരേയ്ക്കും കല്ലുടക്കറ വേല പാത്തു മുടിച്ച് കെടക്കറ കാസുക്ക് മൊത്തമാക തണ്ണി അടിച്ചിട്ട് താൻ വീട്ടുക്ക് വരും... കിടക്കറതിലേ വെല കമ്മിയാ ഇരുക്കറുത് താൻ അന്ത ആൾ കുടിക്കറുത്... എനക്ക് കിടക്കറ കാസുവെച്ച് താൻ വീട്ടുക്ക് അരിസി പരിപ്പ് എല്ലാം വാങ്കറുത്...

തണ്ണി അടിച്ച് വന്ത്‌ അന്ത ആൾ പീങ്കാൻ പാത്രത്തില് കഞ്ചി പരിപ്പ് പോട്ട് അപ്പടിയെ വായില് ഊത്തും... അതുക്ക് അപ്പുറം വെത്തില പോടും.. വെത്തില സുണ്ണാമ്പു കൂട പാൻ മസാല എല്ലാം പോട്ട് വായില പോട്ട് മെന്നതുക്കപ്പുറം വീട്ടു വാസലുക്ക് മുന്നാടി തുപ്പിവെച്ചിടും. അതുക്കപ്പുറം കട്ടിന വേട്ടി അവുത്തു പോട്ട് സമയൽകട്ടു ഒട്ടി ഇരുക്കറ റൂമുക്ക് വന്ത്... അതുക്കപ്പുറം ഒരു ജെല്ലിക്കട്ട് താൻ അങ്കെ നടക്കിറത്...

മുന്നാടി ഇത് എല്ലാമേ എനക്ക് പുടിച്ചിരുന്തത്.. മെതുവാ നാൻ മാറി വിട്ടേൻ... ഏന്നാ അന്ത ആളുടെ എച്ചി വേർവ് തണ്ണി വെത്തില എല്ലാം സേർന്ത് വര നാത്തം എനക്ക് വാന്തിവര അളവുക്ക് ഇരുന്തത്..

അന്ത ആളുടെ വേല എല്ലാം മുടിഞ്ചത്ക്കപ്പുറം വെളിയില പോയി പൈപ്പ് ക്കടിയില ഇരുക്കറ വാളി നിറയ തണ്ണി എടുത്ത് ഒടമ്പെ തുണിയില്ലാമെ ഊത്തുനാലും നാത്തം വിട്ടു പോകാമെ ഇരുന്ത മാതിരി താൻ എനക്ക് ഇരുന്തത്..

ഉങ്കളെ നാത്തം അടിക്കുത് പോയി കുളിച്ചിട്ട് വാങ്കെ എന്ററു നാൻ സൊന്നാൽ... എന്നുടെ മാറുക്ക് ഇടയിൽ തുപ്പി വച്ചിടും...

ഇന്ത മാതിരി നാത്തം അടിക്കുറ അന്ത ആളുടെ വള് വള് ന്ന് ഇരുക്കുറ കപത്തോടെ എച്ചി എൻ മാറില് ഒട്ടി ഇരിക്കുമ്പോത് എല്ന്തിരിച്ച് ഓടി ആത്ത് തണ്ണിയില് കുതിക്ക തോന്നും... ആനാൽ എന്നുടെ ഒടമ്പ് അന്താളുടെ ബലമാന കാലുക്ക് എടയിൽ താൻ ഇരുക്കും.. ഒരു കുളന്തൈ വന്തതുക്കപ്പുറവും അന്താൾ മാറവില്ലൈ...

ഒരു നാൾ ഒന്ന് രണ്ട് പേസി എങ്കളുക്കുള്ള ശണ്ട വന്തിടുച്ച്... അത്ക്കെടയില അടുപ്പില് ഇരുന്ത കഞ്ചി പാന എടുത്ത് എൻ മേല വീസിനാർ അന്താൾ... കീളെ പായില് തൂങ്കി കിട്ട് ഇരുന്ത എൻ തങ്കതുക്ക് മേൽ അന്ത കൊതിക്കിറ തണ്ണി വില്ന്തത്...

മാവട്ട സുകാധാര നിലയത്തില് തീവ്ര സികിൽസൈ പിരിവില എൻ കുളന്തൈ മൂന്റ്റ് നാൾ താൻ ഇരുന്തത്. അതുക്കപ്പുറം സാമി കിട്ട പോയിട്ച്ച്...

അതുക്കപ്പുറം എനക്ക് അന്ത ആളെ സുത്തമാ വെറുത്ത് പോച്ച്... എൻ കൊള്ന്ത പോന സങ്കടം മട്ടും ഇല്ലാമെ എൻ കൂട കൊഞ്ചം പാസമാ ഇരുക്കറ് തുക്ക് കൂടയാരും ഇല്ലയെ എന്പതും യോസിത്ത് നാൻ ഇടിഞ്ചു പോയിട്ടേൻ...’’

ജമന്തി പെട്ടെന്ന് നിശ്ശബ്ദയായി. എന്തോ ഓർത്തപ്പോൾ കണ്ണുകൾ വലിഞ്ഞ് മുറുകുന്നതായും ശ്വാസഗതി വർധിക്കുന്നതായും തോന്നി. അവളെ എലേന ഒന്നുകൂടെ ചേർത്ത് നിർത്തി നെറ്റിയിൽ ചുംബിച്ചു.

‘‘ദൗലത്താബാദിൽ നി​ന്റെ ആരാണ് ഉള്ളത്? അവിടെ ഇറങ്ങുന്നതെന്തിനാണ്? നീ എ​ന്റെ കൂടെ പോരുന്നോ?’’ പെട്ടെന്നൊരു ആവേശത്തിൽ എലേന ചോദിച്ചു.

പൊടുന്നനെ അവളിൽ വന്ന ഭാവമാറ്റം എലേനയിൽ നടുക്കമുണ്ടാക്കി.

‘‘അന്നേക്ക് താൻ അത് നടന്തത് അക്കാ... അന്നേക്ക് താൻ നാൻ അത് പണ്ണുന്നത്... അന്ത ആൾ ഇരവ് റൊമ്പ താമതമാക താൻ വീട്ടുക്ക് വന്തത്. വരുമ്പോത് അന്താളുടെ കൂട അന്താളുടെ നൻപൻ വന്താൻ. അവൻ പേര് സെൽവൻ. അവരും തമിളൻ താൻ. വന്തതും രണ്ടും സേർന്ത് തണ്ണി അടിക്ക തൊടങ്കി യാച്ച്... അത് കൂട തൊട്ടുക്കർതുക്ക് നൻഡ് വരുവൽ വാള എലയിൽ പൊട്ടണം കട്ടി എടുത്തിട്ട് വന്തത്... കൊഞ്ചം ചട്ണി കൊണ്ടാ സെവന്ദി... അന്ത ആൾ സൊന്നാർ.

അമ്മികല്ലിൽ വത്തൽ മെളകും ഉപ്പും സേർത്ത് സധച്ച് അന്ത ആൾ മുന്നാടി വെച്ച് തിരുമ്പിനതും എന്ന ഇളുത്ത് ഉക്കാര വച്ച് പോട്ടിരുന്ത സേലയും ബ്ലൗസും അന്ത സെൽവൻ മുന്നാടി ഇളുത്ത് കിളിച്ചിട്ടാങ്ക... സ്വന്ത കണവനാല ഇന്നൊരുത്തൻ മുന്നാടി ഇന്ത അളവുക്ക് അവമാനപെടുറത് ഒരു പൊണ്ണുക്കും സഹിക്കമുടിയാത്. വെറക് വെട്ടറുതുക്ക് വച്ചിരുന്ത അരിവാൾകത്തി എടുത്ത് കുറുക്കും നടുക്കുമാ വെട്ടി എറിഞ്ചുട്ടേൻ.

അന്ത എടം നല്ലത് ഇല്ലൈ എന്ററു പുരിഞ്ചതും അവൻ അന്ത സെൽവൻ അങ്കെ ഇരുന്ത് ഓടി വിട്ടാൻ...’’

ചോരക്കടലിന് നടുവിൽ നിർവികാരയായി നിൽക്കുന്ന ജമന്തിയെ എലേന അത്ഭുതത്തോടെയും ആദരവോടെയും സങ്കൽപിച്ചു. അഭിമാനം നഷ്ടപ്പെടുന്നിടത്ത് പൊരുതുന്നവൾ തന്നെയാണ് പെണ്ണ്.

 

എലേന നിറഞ്ഞ നിസ്സഹായതയോടെ സ്വന്തം മനസ്സിനുള്ളിലേക്ക് എത്തിനോക്കി.

‘‘ടിക്കറ്റ് പ്ലീസ്...’’

ടി.ടി.ആർ ജമന്തിയുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി.

‘‘നിങ്ങളുടെ സീറ്റ് നമ്പർ ഏതാണ്?’’

ജമന്തി താഴോട്ട് നോക്കി പറഞ്ഞു.

‘‘എനിക്ക് ടിക്കറ്റില്ല.’’

ടി.ടി.ആർ അവളെ ആകമാനം ഒന്ന് നിരീക്ഷിച്ചു. പറഞ്ഞിട്ട് കാര്യമില്ല, ഫൈനടക്കാനൊന്നും അവൾക്ക് സാധിക്കില്ലെന്ന് തോന്നിയത് കൊണ്ടാവാം പതിയെ പറഞ്ഞു.

‘‘അടുത്ത സ്റ്റേഷനായി. ഇവിടെ ഇറങ്ങിക്കോ.’’

അയാൾ ചുമലിൽ തള്ളി അവളെ പ്ലാറ്റ്ഫോമിലേക്ക് ഇറക്കിവിട്ടു. ഇറങ്ങിപ്പോയപ്പോൾ അവൾ ദയനീയമായി എലേനയുടെ മുഖത്ത് നോക്കി. അമ്മാ എന്ന് വിളിക്കുന്നതുപോലെയാണ് എലേനക്ക് തോന്നിയത്. ശൂന്യമായ ഹൃദയത്തോടെ തിരിച്ച് സീറ്റിൽ പോയിരുന്നു. ഇപ്പോഴും രാത്രിയാണ്. പാവം ജമന്തി. ഇനി എന്ത് ചെയ്യും... എവിടെ പോവും ആവോ. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടതുപോലെ എലേനക്ക് മാറിടം വിങ്ങി വേദനിച്ചു. ഒരു കരച്ചിൽ തൊണ്ടയിൽ തടഞ്ഞുനിന്നു.

നിസാമുദ്ദീൻ എക്സ്പ്രസ് ഏതൊക്കെയോ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ വയലുകൾക്കിടയിലൂടെ അതിവേഗത്തിൽ മുന്നേറുകയാണ്. കാലിനടിയിൽ എന്തോ നനവ് പടരുന്നുണ്ടോ... നോക്കിയപ്പോൾ ചുവന്ന നിറത്തിലുള്ള എന്തോ ദ്രാവകമാണ്. ജമന്തി സീറ്റിനടിയിലേക്ക് തള്ളിയ ലഗേജിൽനിന്ന് അത് പടർന്ന് കമ്പാർട്മെന്റി​ന്റെ തറയാകെ ചുവന്നിരിക്കുന്നത് കണ്ട് എലേന കുനിഞ്ഞിരുന്ന് ചൂണ്ടുവിരൽത്തുമ്പിനാൽ ആ ദ്രാവകം തൊട്ട് നോക്കി. തണുത്ത് മരവിച്ച പശപശപ്പ്... ക്ലാവ് പിടിച്ച ലോഹത്തി​ന്റെ ഗന്ധം...

പ്രണയത്തിനും വിപ്ലവത്തി​ന്റെ ചുവപ്പാണല്ലോ എന്ന് എലേന വേദനയോടെ ഓർത്തു.യാത്രക്കാരെല്ലാം നല്ല ഉറക്കത്തിലാണ്.പെട്ടെന്ന് എലേന പരിഭ്രമത്തോടെ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽനിന്ന് ക്രിസ്റ്റഫർ ലൂക്ക എന്ന പേര് സെലക്ട് ചെയ്ത് ഡയൽ ചെയ്തു.

‘‘ദ നമ്പർ യു ഹാവ് ഡയൽഡ് ഈസ് ടെംപററിലി അൺ അവൈലബ്ൾ. പ്ലീസ് ട്രൈ ആഫ്ടർ സം ടൈംസ്.’’

(ചിത്രീകരണം: ചിത്ര എലിസബത്ത്​)

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT