പെട്ട

ഉരുട്ട്, ഒറ്റ, പെട്ട, ചൊരു, താളം, കീഴാൻ, ഇട്ടാൻ, ചേന... പോരുകാളകളെ കൂട്ടിൽനിന്നിറക്കി വിടുംപോലെ തോൽപ്പന്തിനെ കാലിന്റെ മടക്കിൽനിന്നും മുരളി പറത്തിവിട്ടുകൊണ്ടിരുന്നു. യൂട്യൂബ് ചാനലിന്റെ കാര്യക്കാരൻ ആവേശത്തോടെ ഓടിക്കൊണ്ട് കാൽപ്പന്തുകളിയെക്കുറിച്ച് അറിയുന്നതെല്ലാം വിളിച്ചുപറഞ്ഞു. അത്രയും നേരവും ഇടതുപൊയ്ക്കാൽ മണ്ണിൽ കുത്തിനിന്നാണ് മുരളി മറ്റേ കാലിനെ കളിക്കാൻ വിട്ടത്. ഒരു മിന്നൽവേദന മുട്ടിന് മീതെ അള്ളിപ്പിടിച്ചപ്പോൾ ചെറുപ്പക്കാരനോട് മതിയെന്ന് ആംഗ്യം കാണിച്ചുകൊണ്ട് അയാൾ മൺത്തിട്ടയിൽ ഇരുന്നു. വെട്ട് ആയാലും പിടി ആയാലും ഒരു കാലത്ത് മടക്കുമുരളിയോട് മുട്ടാൻ ചെങ്കീരികളെ തന്നെ ഇറക്കണമായിരുന്നു....

ഉരുട്ട്, ഒറ്റ, പെട്ട, ചൊരു, താളം, കീഴാൻ, ഇട്ടാൻ, ചേന...

പോരുകാളകളെ കൂട്ടിൽനിന്നിറക്കി വിടുംപോലെ തോൽപ്പന്തിനെ കാലിന്റെ മടക്കിൽനിന്നും മുരളി പറത്തിവിട്ടുകൊണ്ടിരുന്നു. യൂട്യൂബ് ചാനലിന്റെ കാര്യക്കാരൻ ആവേശത്തോടെ ഓടിക്കൊണ്ട് കാൽപ്പന്തുകളിയെക്കുറിച്ച് അറിയുന്നതെല്ലാം വിളിച്ചുപറഞ്ഞു.

അത്രയും നേരവും ഇടതുപൊയ്ക്കാൽ മണ്ണിൽ കുത്തിനിന്നാണ് മുരളി മറ്റേ കാലിനെ കളിക്കാൻ വിട്ടത്. ഒരു മിന്നൽവേദന മുട്ടിന് മീതെ അള്ളിപ്പിടിച്ചപ്പോൾ ചെറുപ്പക്കാരനോട് മതിയെന്ന് ആംഗ്യം കാണിച്ചുകൊണ്ട് അയാൾ മൺത്തിട്ടയിൽ ഇരുന്നു.

വെട്ട് ആയാലും പിടി ആയാലും ഒരു കാലത്ത് മടക്കുമുരളിയോട് മുട്ടാൻ ചെങ്കീരികളെ തന്നെ ഇറക്കണമായിരുന്നു. കാലുമടക്കി തോൽപ്പന്ത് പൊക്കുന്നതിലെ അയാളുടെ അടിവഴക്കം കളി കണ്ടവരൊന്നും മറക്കത്തില്ല.

അണ്ണൻ പഴയ ഗ്രൗണ്ടിൽ എത്തിയതറിഞ്ഞ് കുറച്ചാളുകൾ കലുങ്കിനടുത്ത് എത്തിയിരുന്നു.

‘‘അണ്ണാ... ന്നാ നമുക്ക് പണ്ടത്തെ കളിക്കാലത്തെ കുറിച്ചൊക്കെ ഉള്ള മെമ്മറിയൊന്ന് ഷെയർ ചെയ്താലോ...’’

ചെറുപ്പക്കാരൻ അയാളുടെ മുന്നിൽ വന്ന് മുട്ടുകുത്തിയിരുന്നു. അയാൾ മറക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഓരോ ഓർമയെയും ചുരണ്ടിയെടുക്കുമെന്ന് അവന് നിർബന്ധമുള്ളതുപോലെയായിരുന്നു.

‘‘നോക്കിയേ... അണ്ണന്റെ പഴയ ഫോട്ടോയൊക്കെ ഞാൻ സംഘടിപ്പിച്ചിട്ടുണ്ട്...’’

2

ആറടി, ഒറ്റാന്തടി, കരടിത്തടി. പിന്നെ താടി കവിഞ്ഞുവീണു കിടക്കുന്ന മീശയും. അതിന്റെ ഇടയിലെ തേങ്ങാപ്പൂള് തുറന്ന് ചിരിക്കുമ്പോൾ പക്ഷേ, മടക്കുമുരളിക്ക് കളിപ്പിള്ളേരുടെ മട്ടാണ്. അതങ്ങേർക്കുതന്നെ അറിവുള്ള കാര്യമായതുകൊണ്ട് ചിരി കഷ്ടിയായിരുന്നു. ഇടത്തെ കണ്ണിനു മീതെ ഒരു വെട്ടുണ്ട്. ദേഹത്ത് എതിർക്കളിക്കാരന്റെ ഇരുമ്പ് കേറിയതിന്റെ പക അണ്ണന്റെ ഉള്ളിലും ഉണങ്ങാതെ കിടപ്പുണ്ടായിരുന്നു.

തിരുനെൽവേലിയിലെ സാമിയാരിൽനിന്നും തൊടുവർമം തൊണ്ണൂറ്റാറും പടുമർമം (വർമം) പന്ത്രണ്ടും അടിമുറതെറ്റാതെ പഠിച്ചതിനുശേഷം ഗ്രൗണ്ടിനുപുറത്ത് കാലൻ മുരളിയെന്നും വട്ടപ്പേരുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. മസ്ജിദ് പൊളിച്ചതിന്റെ പേരിലുണ്ടായ തർക്കം ചന്തയിലും മുറുകിയപ്പോളാണ് മുരളി സ്വന്തമായൊരു ടീമുണ്ടാക്കുന്നത്. നല്ല പന്തടിയന്മാർ മിക്കവരും അണ്ണന്റെ ജയ്ഭാരത് ടീമിലേക്ക് കൂറുമാറി.

റോഡിൽനിന്നും പത്തുപതിനഞ്ചടി താഴ്ചയിൽ കനാലിന്റെ കട്ടങ്കവറിന് മുകളിലാണ് കളി. അതിനും താഴെ തുരങ്കത്തിലൂടെ വെള്ളൊഴുക്കുണ്ട്. കാണാനുള്ളവരൊക്കെ കനാൽ വരമ്പിന്റെ കൊമ്പത്ത് കേറിയിരിപ്പുണ്ടാവും. അവിടം പോരാത്തവർ മരത്തിന്റെ കൈവള്ളികളിൽ ചാഞ്ഞുകിടക്കും. മുരളിയണ്ണൻ കാലൊന്ന് മടക്കിക്കൊടുത്താൽ മതി. എതിര് വരുന്ന പന്ത് മാനം തൊടും. എതിരടിക്കാരുടെ മാനം കെടും.

ഓരോ സീസണിലും ജയ് ഭാരതിനോട് തോറ്റുകൊണ്ടിരിക്കുന്ന പഴയ പറക്കോട് ചന്ത ടീമിന് പിടിച്ചുനിൽക്കാൻ വേണ്ടിയാണ് പെട്ടയടിയൻ താഹ കളത്തിലിറങ്ങുന്നത്. വലംകൈകൊണ്ട് പന്തിനെ വായുവിൽ കറക്കിവിട്ട് ഇടം കൈകൊണ്ടാഞ്ഞു വെട്ടിയടിച്ച് എതിരാളികളുടെ കോട്ട തകർത്തു പായിക്കുന്നവനാണ് അയാൾ.

പെണ്ണുങ്ങൾക്കിടയിൽ കിടന്ന് പുളക്കുന്നവന് മർമസ്ഥാനത്ത് മറുകുണ്ടെന്നാണ് അസൂയക്കാരുടെ പറച്ചിൽ. അതിനുപോന്ന തണ്ടും തടിയും മൈലേജും അയാൾക്കുണ്ടുതാനും.

കെട്ടിയ പെണ്ണിനൊരു ചെറുക്കനുണ്ടായപ്പോൾ ഇട്ടേച്ചു പോയെന്ന പേരുദോഷവുമുണ്ട്.

തള്ള പറഞ്ഞാൽ വെട്ടും തള്ള പറഞ്ഞാൽ കുത്തും. അവരാള് ചില്ലറക്കാരിയുമല്ല. ചന്തക്ക് പുറത്തും പേരുകേട്ട കേഡിയാണ് ഐറംബീവി.

ചന്തയിൽ ആര് കയറണമെന്നും എവിടെ ഇരിക്കണമെന്നുമൊക്കെ തീരുമാനിക്കാനുള്ള പവർ അവർക്കുണ്ടായിരുന്നു.

ഗുണ്ടാബീവി നേർക്കുനേരെ വന്ന് ചിന്നംവിളിച്ചാൽ മുട്ടിടിക്കുന്നവന്മാരായിരുന്നു മൂക്കിനു കീഴെ മീശ തൂക്കി നടക്കുന്ന മിക്കവരും. മേത്തച്ചിയെ പഞ്ഞിക്കിടാനുള്ള മോഹവുമായാണ് അവർ ജീവിക്കുന്നതും.

കഥ മാറിയത് പാണ്ടിച്ചായൻ തട്ടകത്തിൽ കേറിയപ്പോളാണ്. തിരുനെൽവേലിയിൽനിന്നും തമിഴനലുവയും കൊണ്ടുവന്ന് പറക്കോട് കൂടിയതാണ്. ശരിയായ പേര് അച്ചാപ്പാണ്ടി.

3

ചന്തയിൽ പെണ്ണുങ്ങൾ തമ്മിൽ മുട്ടനടി നടക്കുന്നെന്ന് കേട്ട് അരിക്കലം തറയിലിട്ടോടിയ ഉമ്മച്ചിയുടെ പിന്നാലെ അവനും പാഞ്ഞു. അന്നാണ് പൊടിച്ചെറുക്കൻ ആദ്യമായി പെരിയത്ത ഐറംബീവിയെ കാണുന്നത്. ആളുകൾ പറഞ്ഞു പേടിപ്പിച്ചതൊക്കെ ശരിതന്നെയെന്ന് അവനും തോന്നി. ഐറംബീവിയുടെ കുപ്പായക്കയ്യിന്റെ ഉള്ളിൽനിന്നും തൂങ്ങിക്കിടക്കുന്ന ഇറച്ചി തന്നെ ഒരു പത്തുകിലോ വരും. നടപ്പിനനുസരിച്ച് കുലുങ്ങുന്ന കൊഴുപ്പുസഞ്ചികൾ മുന്നിലും പിന്നിലും ഉണ്ട്.

ചന്തക്കുള്ളിൽ കച്ചവടം നടത്താൻ കപ്പം കൊടുക്കില്ലെന്ന മൂശേട്ടവർത്തമാനം പറഞ്ഞ അവന്റെ വല്ലിമ്മയുടെ മീനുകളൊക്കെ ചട്ടിയോടെ മാനത്തോട്ട് പറക്കുകയാണ്. മീങ്കിളികൾ ഓരോന്നായി മൂക്കും കുത്തിവീഴുന്നതും നോക്കി രസംപിടിച്ചുനിൽക്കുന്ന നാട്ടുകാരെ നോക്കി ഐറംബീവി ചിന്നം വിളിച്ചു.

‘‘ഏതവനാടാ ഈ പെണ്ണുമ്പിള്ളയെ മൂപ്പിച്ചുവിട്ടത്?’’

കാഴ്ചക്കാരൊക്കെ അനങ്ങാപ്പാറകൾ.

ഒരുകാലത്ത് ഒരുമ്മ പെറ്റവരെപ്പോലെ ഒട്ടിനിന്ന് പണിയെടുത്തവരായിരുന്നു ഐറംബീവിയും നഫീസയും.

പെണ്ണുങ്ങള് തമ്മാത്തമ്മിലുള്ള സ്നേഹം, അത് പൊട്ടക്കിണറ്റിൽ പുളക്കുന്ന തവളകളെപ്പോലെയാണ്. വേറെ ലോകമില്ലെന്ന മട്ടിൽ കളിയും ചിരിയുമായി അവിടെ കെടന്നു തഴയ്ക്കും. വെള്ളത്തിന്റെ ഒഴുക്കൊന്നു മാറിയാൽ പക്ഷേ, രണ്ടും രണ്ട് പാത്രത്തിലാവും.

‘‘നിന്റെ കെട്ടിയവന്റെ വകയാണോടീ ചന്ത?’’

നഫീസ കീഴെവീണ ചട്ടിയെടുത്ത് നീട്ടിയെറിഞ്ഞു. തന്റെ മകൾക്കും കൊച്ചുമകനും ചെലവിന് കൊടുക്കാൻപോലും സമ്മതിക്കാതെ ഗുണ്ടാബീവി താഹയെ കക്ഷത്ത് വെച്ചുകൊണ്ട് നടക്കുന്നതിന്റെ കലിപ്പ് അവർക്ക് പൊന്തിവന്നു.

മൂട്ടിൽ തീപ്പന്തക്കുത്ത് കൊണ്ടതുപോലെ ഐറംബീവി ചീറി വന്നു. കൈയോളം നീളമുള്ള മീനിനെ ആഞ്ഞുവീശി അവരെ തറപറ്റിച്ചു. വല്ലിമ്മ പൊത്തോന്ന് താഴെവീണിട്ടും ഒരുത്തനും അനങ്ങുന്നില്ലെന്ന് അവൻ ശ്രദ്ധിച്ചു. അവൻ വിറക്കുന്ന കാലുകളോടെ ഓടിച്ചെന്നു. അവന്റെ മൂപ്പെത്താത്ത കൈയിൽ ഒതുങ്ങുന്ന തടിയല്ലായിരുന്നു നഫീസയുടേത്. അവന്റെ കണ്ണുകൾ ആൾക്കൂട്ടത്തിൽ ഉമ്മച്ചിയെ തിരഞ്ഞു. റസിയ ഓട്ടത്തിൽ വീണുപോയ മുടിത്തട്ടം തിരയുകയായിരുന്നു. അവൻ തിരികെ വന്ന് ഉമ്മച്ചിയുടെ കൈ പിടിച്ചുവലിച്ചു. രണ്ടുപേരും കൂടെ പിടിച്ചുവലിച്ചിട്ടും പക്ഷേ നഫീസക്ക് പൊങ്ങാനായില്ല.

പത്തായ വലുപ്പമുള്ള മരക്കുറ്റിയിൽ മൂടുറപ്പിച്ച ഗുണ്ടാബീവിയുടെ വായിലേക്ക് മുറുക്കിത്തുപ്പാനുള്ളത് കുത്തിക്കയറ്റുമ്പോൾ താഹയുടെ ശ്രദ്ധ മുഴുവൻ റസിയയിൽ ആയിരുന്നു. ഐറംബീവി ഒതുങ്ങിയെന്ന് മനസ്സിലായപ്പോൾ അയാൾ നടന്നുവന്ന് അവളുടെ അടുത്ത് ഇരുന്നു.

അവൻ ആദ്യമായിരുന്നു അത്തയെ അത്രയും അടുത്തുനിന്ന് കാണുന്നത്. ഏത് മീനിന്റെ മണമാണ് എന്നറിയാൻ അവന്റെ മൂക്ക് കൂർത്തുവന്നു.

‘‘സ്രാവ്...’’

അവൻ തന്നോട് തന്നെ വെറുതെ പറഞ്ഞു.

തല്ലുപിടിച്ചു കഴിഞ്ഞാൽ ഐറംബീവിയും താഹയും മരപ്പട്ടിയുടെ ചോര കുടിക്കുമെന്നാണ് കേൾവി.

അവരുടെ വീടിന്റെ മണ്ടയിലേക്ക് ചാഞ്ഞുകിടക്കുന്ന കമ്പിളിനാരങ്ങാ മരത്തിൽ നിറയെ മരപ്പട്ടികളുണ്ടത്രെ. ഇരുട്ടിൽ കണ്ണിലേക്കു ടോർച്ചുവെട്ടമടിച്ചാൽ അവറ്റകൾ അന്തംവിട്ടുനിന്നുപോകും. ആ തക്കത്തിൽ തലക്കടിച്ച് വീഴ്ത്തണം. കുടിച്ച ചോര കട്ട പിടിക്കാതിരിക്കണമെങ്കിൽ നേരത്തോട് നേരം കുറെദൂരം ഓടണം. എത്ര ചതഞ്ഞാലും മുറിഞ്ഞാലും പിന്നെ ദേഹത്തങ്ങോട്ട് ഏക്കത്തില്ല.

‘‘നിനക്ക് സുഖാണോ?’’

റസിയയോട് മാത്രമുള്ള രഹസ്യംപോലെ ചോദിച്ചിട്ടും താഹയുടെ ഒച്ച മുഴങ്ങി. കണ്ണിൽ വെള്ളം നിറഞ്ഞിട്ട് റസിയക്ക് അയാളെ നേരേച്ചൊവ്വേ കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.

കഴുത്തെല്ല് പൊട്ടിക്കിടക്കുന്ന നഫീസ അന്നേരം പ്രതിഷേധമറിയിച്ചുകൊണ്ട് ഞരങ്ങി. വയറ്റിലുണ്ടാക്കിയിട്ട് ഇട്ടേച്ച് പോയിട്ടും മകൾക്ക് താഹയോട് ഇപ്പോളും സ്വൽപം ഒലിപ്പീര് ബാക്കിയുണ്ടെന്ന് അവർക്കറിയാമായിരുന്നു.

താഹയുടെ കൈ നീണ്ടുവന്നപ്പോൾ റസിയ പൊള്ളിയതുപോലെ ചാടിയെണീറ്റു.

അയാൾ എന്തോ പറയാനായി തുടങ്ങിയതായിരുന്നു. നഫീസ വീണ്ടും ഒച്ചയുണ്ടാക്കിയപ്പോൾ അവരെ പൊക്കിയെടുത്തുകൊണ്ട് ജനറലാശുപത്രിയിലേക്ക് നടന്നു.

ഉമ്മച്ചിയുടെ കൈ വിട്ടിട്ട് അവൻ താഹയുടെ പുറകിലെത്തി.

ആദ്യമായി അത്തയുടെ കാലടികൾ പിന്തുടരുമ്പോൾ അവന്റെ ഉള്ളിൽ വെടിക്കെട്ട് നടക്കുകയായിരുന്നു.

4

നഫീസയുടെ വീടിന് മുന്നിലൂടെയാണ് ആളുകൾ അണിഞ്ഞൊരുങ്ങി കുംഭ ഭരണിക്ക് അമ്പലത്തിൽ പോകുന്നത്. പാതിരയാവുമ്പോൾ വഴിപാടുപിള്ളേരെയും താങ്ങി തൂക്കവില്ല് പൊങ്ങുന്നത് കാണാൻ അയലത്തെ പെണ്ണുങ്ങളോടൊപ്പം നഫീസയും കൊച്ചുചെറുക്കനും പോകാറുള്ളതാണ്. ഇത്തവണ തട്ടമിട്ടവരൊന്നും വേലിക്കപ്പുറം കടന്നില്ല.

വെള്ളപ്പൊരിയും കോലൈസും ഞൊരിപ്പുജിലേബിയും റോസാപ്പൂനിറമുള്ള ബോംബെ മിഠായിയും വിൽക്കുന്നവരൊക്കെ റോഡിൽ നിറയുന്നതു നോക്കി റസിയയും ചെറുക്കനും വേലിക്കരികിൽ നിൽക്കുന്നത് നഫീസ കിടന്നകിടപ്പിൽ ജനാലവട്ടത്തിലൂടെ കണ്ടു. പോലീസുകാരുടെ ശ്രദ്ധ മുഴുവൻ ഉത്സവപ്പറമ്പിലായിരുന്നു. കുറച്ചുനാൾ മുമ്പാണ് കാലൻ മുരളിയും പൊളപ്പൻ താഹയും കൂടി കൊമ്പുകോർത്ത മത്സരം നടന്നത്.

താഹയുടെ കൂട്ടര് പന്ത് വെട്ടി വെട്ടി കളംനിറഞ്ഞു. പന്തടിക്കും മുമ്പ്, ‘‘മടക്ക് മുരളിക്ക് ഞങ്ങടെ വക ഒരു ചൊറിയൻ ചേന...’’ന്നും പറഞ്ഞ് താഹ ചൊറിഞ്ഞതും അടിക്കാർ ഒന്നും രണ്ടും പറഞ്ഞു ഉന്തും തള്ളുമായി. കണ്ടുകൊണ്ടിരുന്നവർ താഴേക്കുരുണ്ടു ചാടി. കൂട്ടയടിയായി. മുരളിയുടെ ഇടത്തെ കണ്ണിനാണ് മീൻ കണ്ടിക്കുന്ന ഇരുമ്പുകൊണ്ട് വെട്ടേറ്റത്‌. അന്ന് മുങ്ങിയ താഹ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ടെന്ന സംസാരം നാട്ടിലുണ്ടായിരുന്നു.

‘‘കെട്ടിയവളേം പയ്യനേം കാണാനെങ്ങാനും വന്നോ?’’ എന്നും ചോദിച്ചുകൊണ്ട് പാണ്ടിച്ചായൻ നഫീസയുടെ കട്ടിലിന്റെ അരികിലേക്ക് കസേര വലിച്ചിട്ടു. മടക്കുമുരളി വാതിൽക്കൽ നിന്നതേ ഉള്ളൂ.

‘‘ആ നായിന്റെ മോനെ ഞാൻ വീട്ടിൽ കേറ്റുമോ? വെട്ടിനുറുക്കി അടുപ്പത്ത് വെയ്ക്കും ഞാൻ...’’ പൊക്കാൻ പറ്റാത്ത നടുവും വെച്ചുകൊണ്ട് അവർ കിടന്ന കിടപ്പിൽ പ്രാകി.

‘‘അവനുള്ള പണി വരവ് വെച്ചിട്ടുണ്ട് താത്താ... ആദ്യം ആ പെണ്ണുമ്പിള്ളയെ വീഴ്ത്താനാണ് പ്ലാൻ. അണ്ടിക്കൊറപ്പുള്ള കുറെ പേര് കൂടെയുണ്ട്...’’

മടക്കുമുരളി അവരുടെ അടുത്തുവന്ന് ചെവിയിൽ പറഞ്ഞു.

‘‘ഇന്നിവിടെയൊരു ബോംബ് പൊട്ടും...’’

ആവേശത്തിൽ പാണ്ടിച്ചായൻ കസേരയിൽനിന്നും ചാടിയെണീറ്റു. വരത്തനായതിനാൽ ചന്തയുടെ പുറമ്പോക്കിലായിരുന്നു ഐറംബീവി അയാൾക്ക് സ്ഥലം കൊടുത്തിരുന്നത്. കണക്കിലേറെ കാശും മേടിക്കും. തിരുവിതാംകൂർ വാണ രാജാക്കന്മാരുടെ കാലത്തുതന്നെ തമിഴന്മാർപോലും മലക്കറികളും തുണികളും വിൽക്കാനും വാങ്ങാനുമൊക്കെയായി ആഴ്ചയിൽ കേറിയിറങ്ങിയ ഇടമാണ്. അന്ന് പേര് അനന്തരാമപുരം ചന്തയെന്നായിരുന്നു.

ഐറംബീവിയാണ് കളി മാറ്റിയത്. തള്ളയും മോനും ഹാർബറിൽ പോയി വമ്പൻമീനുകൾ വാരി വരും. വായിൽ തോന്നിയ വിലക്കു വിൽക്കും. ചന്തയിലേക്കു കേറാനൊത്തില്ലെങ്കിലും കുറഞ്ഞ വർഷം കൊണ്ടുതന്നെ അച്ചായന്റെ കച്ചവടം പച്ച പിടിച്ചു. റോഡരികിൽതന്നെ അയാൾ കടമുറി വാടകക്കെടുത്തു. പറ്റുകടയിലെ എടുത്തുകൊടുപ്പുകാരി സിസിലിയെ പെണ്ണുമ്പിള്ളയാക്കി.പള്ളിക്കുരിശ് കണ്ടാൽ കമിഴ്ന്നു വീഴുന്നവൾക്കുവേണ്ടി മാമോദീസാവെള്ളം നനച്ച് കുരിശ് മുത്തുന്ന അച്ചായനായി. പാറക്കോടുകാർക്ക് ആദ്യമായി ചിട്ടിസഹായംചെയ്ത് ചിട്ടിച്ചായനായി.

സിസിലിയാണെങ്കിൽ കർത്താവ് നൽകുന്ന അധികഭാഗ്യത്തിന്റെ ഓരോ വിത്തും കിളിർപ്പിച്ച്, പല ജാതിപ്പഴങ്ങളുടെ തോട്ടം ഭൂമിയിൽ സൃഷ്ടിച്ചു. പഴങ്ങളെ ഊറ്റിയും വാറ്റിയും നാട്ടിലുള്ളവരുടെ നാവിൻമുകുളങ്ങളെ രസിപ്പിച്ചവൾ ലോലോലിക്കാന്റിയെന്ന് വിശുദ്ധയാക്കപ്പെട്ടു.അന്നും ഇന്നും പാണ്ടിച്ചായന്‌ രണ്ട് ആഗ്രഹങ്ങളേ ഉള്ളൂ.

ഒന്ന്: ഗുണ്ടാബീവിയെ ചന്തയിൽനിന്നും കെട്ടുകെട്ടിക്കുക.

രണ്ട്: സിസിലിയുടെ വയറ്റിലൊരു കുഞ്ഞുവിത്ത് മുളപ്പിക്കുക.

 

5

ബോംബ് പൊട്ടുമെന്ന് വിചാരത്തിൽ അമ്പലത്തിന് ചുറ്റും കറങ്ങിനടന്ന ചെറുക്കൻ തിരികെ വന്നപ്പോൾ ഉമ്മച്ചിയെ മുറ്റത്ത് കണ്ടില്ല. അവന് കോലൈസ് വാങ്ങാൻ ചില്ലറപ്പൈസ വേണമായിരുന്നു. കിടപ്പുമുറിയുടെ വാതിൽക്കൊളുത്ത് കഴുത്തൊടിഞ്ഞു കിടപ്പാണ്. അവൻ കോലുവെച്ച് തോണ്ടിയപ്പോൾ റസിയ വെപ്രാളത്തോടെ പുറത്തുചാടി. അവൾക്ക് പിടിത്തംകിട്ടും മുമ്പ് അവൻ വാതിലിൽ വവ്വാൽത്തൂക്കം തൂങ്ങി ഉള്ളിലേക്കൂർന്നിറങ്ങി. മുറിക്കുള്ളിൽ ആറടി ഉയരത്തിൽ നിവർന്നുനിൽക്കുന്ന ആളെ കണ്ട് അവന്റെ വാ പിളർന്നുപോയി.

അവൻ കഴുത്ത് വലിച്ചുപൊക്കി നോക്കിയപ്പോൾ താഹ താഴെവീണ ബെൽറ്റിലേക്ക് വിരൽചൂണ്ടി.

‘‘അത്തയ്ക്ക് എടുത്ത് കൊടുക്കെടാ...’’

റസിയ അടർന്നുവീഴുന്ന സാരിയുടെ വാല് പൊക്കിയെടുത്ത് മുടി ഒളിപ്പിച്ചു. ബെൽറ്റിന് നല്ല കനമുണ്ട്. പോലീസ് തിരഞ്ഞുവന്നാൽ ഇതുവെച്ച് ചാമ്പുമായിരിക്കും. അതൊക്കെയൊന്ന് കണ്ടാൽ കൊള്ളാമെന്നവനുണ്ട്. ബെൽറ്റ് മുണ്ടിന് കുറുകെ മുറുക്കിയിട്ട് താഹ അവനെയൊരു ധൃതിത്തൊടൽ തൊട്ടു. കത്രിക തൊടാത്ത ചുരുളൻ മുടി മൊത്തം മാനത്തോട്ട് പൊങ്ങിനിൽക്കുകയാണ്. അതിൽ കുടുങ്ങിപ്പോയതിനാൽ അയാളുടെ വിരലുകൾ തലയിലോ മുഖത്തോ എത്തിയതുമില്ല. നീളൻവില്ലായി വളഞ്ഞിട്ട് അയാൾ ഉമ്മച്ചിയുടെ ചെവിയിൽ സമയമെടുത്ത് മുഖം മുട്ടിക്കുന്നത് അവൻ കണ്ടു.

ഒന്നൂടെ കുനിഞ്ഞാൽ മതി. തന്നെയും കെട്ടിപ്പിടിക്കാൻ തോന്നിയാലോ എന്ന കൊതിയിൽ അവൻ നീങ്ങിനിന്നു. അയാൾക്ക് പക്ഷേ തുരിശമായിരുന്നു. ഉയരക്കൂടുതലുള്ളവർ താഴെയുള്ള വസ്തുക്കളോട് പൊതുവെ കാണിക്കുന്ന നിസ്സാരതയോടെ അവനെ കടന്ന് അയാൾ വാതിൽക്കലേക്ക് നീങ്ങി. ഉമ്മച്ചിയുടെ മണത്തിനും അയാളുടെ മണം. അയാൾ വിളിച്ചാൽ അപ്പോൾ തന്നെ കൂടെ പോകുമെന്ന മട്ടിലാണ് ഉമ്മച്ചിയുടെ വാതിൽക്കലെ നിൽപ്. ആ പേടിയിൽ തറയിൽ പാതി വീണുപോയ അവളുടെ സാരിവട്ടത്തിലേക്ക് അവൻ കയറിനിന്നു. തുണി വലിച്ചെടുത്ത് അരയിൽ കുത്തിക്കൊണ്ട് അവൾ മുരണ്ടു.

‘‘അത്ത വന്നത് ആരോടേലും പറഞ്ഞാ കൊല്ലും ഞാൻ.’’

‘‘ഉഫ്ഫ്...’’

ചുമരിനോട് ചേർന്നുരഞ്ഞു അവന്റെ തൊലി കരഞ്ഞു. അവൻ മുറ്റത്തേക്കു ചാടി.

ദേഹം നോവുമ്പോളെല്ലാം അവൻ വാഴക്കണ്ടത്തിലെ മീനുകൾക്ക് പുളക്കാൻ കെട്ടിനിർത്തിയ വെള്ളത്തിൽ തലമുക്കി കിടക്കുകയാണ് പതിവ്. അമ്പലത്തിൽനിന്ന് ഗാനമേള തുടങ്ങുന്നതിന്റെ അറിയിപ്പ് പൊങ്ങി. മെയിൻ റോഡിലൂടെ കലപിലവർത്തമാനക്കൂട്ടങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നുണ്ട്. അത്ത ഇരുട്ടിലൂടെ ഓടുമ്പോലെയാണ് നടക്കുന്നത്. പറക്കുംപോലെയാണ് ഓടുന്നത്. വാഴകൾക്കിടയിലൂടെ നീളൻനിഴലനങ്ങുന്നതു നോക്കി നോക്കി അവൻ ഇടറോഡിലേക്കിറങ്ങി. ഉമ്മച്ചിയുടെ കൂടെ കണ്ടപ്പോളുള്ള അത്തയുടെ തലയെടുപ്പ് ഉടഞ്ഞിരിക്കുന്നു.

ഇഴ നേർത്ത തെങ്ങിൻ നിഴലും ഇച്ചിരെ കൂടെ കനപ്പുള്ള വാഴകളുടെ ഗോപുരനിഴലുകളും അല്ലറച്ചില്ലറപ്പൊന്തകളുടെ കുട്ടിനിഴലുകളും ചവിട്ടി നീങ്ങിയ അയാൾ കനാലിലേക്ക് വീഴുന്ന വെളിച്ചത്തിന്റെ ചതുരത്തിലെത്തിയപ്പോൾ പെട്ടെന്ന് തിരിഞ്ഞുനോക്കി.

‘‘ആരാടാ അദ്?’’

അരയിലെ ബെൽറ്റ് വായുവിനെ കീറുന്ന ഒച്ച കേട്ടു.

അവൻ വിറച്ചുകൊണ്ട് വെളിച്ചത്തിലേക്കിറങ്ങി നിന്നു.

‘‘ഓഹ് നീയാരുന്നോ..!’’

അയാൾ അടുത്തേക്കു വന്നു.

‘‘ഈ ഇരുട്ടത്തെങ്ങോട്ടാ? അവള് പറഞ്ഞുവിട്ടതാണോ?’’

റോഡിലൂടെ കള്ളുകുടിച്ചുലഞ്ഞു പോയൊരു വണ്ടി തെറിപ്പിച്ച വെളിച്ചത്തിന്റെ കഷ്ണം അവരുടെ മീതെ വീണു. അയാൾ ചക്കമരത്തിന്റെ മൂട്ടിലേക്ക് അവനെ നീക്കിനിർത്തി. പാണ്ടിച്ചായന്റെ പറമ്പിലേക്ക് മുഴുവനായി ചായാതെ നിൽക്കുന്നതുകൊണ്ട് നാട്ടുകാർ ആ മരത്തെ പൊതുസ്വത്തുപോലെ കണ്ട് ചക്ക പൊടിയുമ്പോത്തന്നെ പറിച്ചുകൊണ്ട് പോകുമായിരുന്നു. മുഴുത്തും പഴുത്തും നിൽക്കുന്ന കൊതിപ്പഴങ്ങളുടെ പറമ്പാണത്. മുന്തിരിപ്പന്തലിനുള്ളിലൂടെ നൂഴ്ന്നുകയറാൻ അവനും പലവട്ടം ശ്രമിച്ചിട്ടുണ്ട്.

‘‘വെക്കം പറയെടാ...പോയിട്ട് കാര്യമുണ്ട്...’’

എന്തിനാണ് പിന്നാലെ കൂടിയതെന്ന് അവനും തിട്ടമുണ്ടായിരുന്നില്ല.

‘‘അത്ത ന്നേം കെട്ടിപ്പിടിക്കണം...’’

ചീളുകരച്ചിലായാണ് അവന്റെ ഒച്ച പുറത്തു ചാടിയത്.

താഹ ഹാഹാഹാച്ചിരിയോടെ അവനെ മയമില്ലാത്തൊരു പിടിത്തം പിടിച്ചു.

കൈകൾ ഉടുപ്പിൽ പരതിക്കൊണ്ടു കുറച്ചുനേരം നിന്നു. ഒന്ന് വട്ടം കറങ്ങിയിട്ട് ഒരു പന്ത് പുറത്തെടുത്തു. ആളെ വെട്ടാൻ തുണിക്കുള്ളിലെപ്പോളും ഇരുമ്പ് കരുതുമെന്നാണ് കേട്ടിട്ടുണ്ടായിരുന്നത്.

അയാൾ രസികൻ ചാട്ടം പത്തടി പുറകിലോട്ട് ചാടി. ഇടതുകൈ പുറകിൽ പിടിച്ച്, മറ്റേ കൈകൊണ്ടുള്ള പെട്ടയടി. അവനത് ചാടി പിടിച്ചെടുത്തു. കാളത്തോലിന് പകരം ചകിരി ഉണ്ടയാക്കി, ചണചുറ്റി പൊതിഞ്ഞു റബറിന്റെ ഒട്ടുപാലിൽ നാലഞ്ചുദിവസം മുക്കിവെച്ച് ഉണക്കിയെടുത്ത പന്തായിരുന്നു അത്.

‘‘നേരെ വിട്ടോ... ഇരുട്ടത്തുനിന്ന് കറങ്ങണ്ട...’’

അവന്റെ പുറത്തൊന്ന് തള്ളിവിട്ടിട്ട് അയാൾ പാണ്ടിച്ചായന്റെ പറമ്പിലേക്ക് നൂഴ്ന്നിറങ്ങി.

തിരിച്ചോടാൻ തുടങ്ങിയതായിരുന്നു അവൻ. ആ പ്ലാൻ മാറ്റിയിട്ട് പെട്ടെന്ന്, അയാൾ പോയ വഴിയിലൂടെ വീണ്ടും നടന്നു.

ലോലോലിക്കാന്റി മഞ്ഞനിറത്തിൽ വാതിൽക്കൽ തെളിഞ്ഞു. അണഞ്ഞു.

ഇനിയെന്ത് ചെയ്യണമെന്ന് അവനറിയില്ലായിരുന്നു.

അപ്പോളാണ് മതിലിനരികിൽ ചില തലകൾ മുളച്ചുപൊങ്ങിയത്.

മുരളിയണ്ണന്റെ ചുണ്ടിൽ ബീഡിക്കുറ്റിയുടെ മിന്നാമിന്നിത്തിളക്കം. പിന്നാലെ കൈസഞ്ചിയിൽ ഭാരമുള്ളതെന്തോ താങ്ങി പാണ്ടിച്ചായനും, വയറിൽ മുട്ടുന്ന വയസ്സൻ താടി തടവിക്കൊണ്ടൊരു ഈർക്കിലി മനുഷ്യനും കണ്ടു പരിചയമുള്ള അഞ്ചാറണ്ണൻമാരും കഴുത്തിടുങ്ങിയ വഴിയിലേക്ക് ചാടിയിറങ്ങുന്നു.

മടക്കുമുരളിയുടെ വട്ടപ്പിടിത്തത്തിൽ കുടുങ്ങിയപ്പോൾതന്നെ അവൻ മുള്ളിപ്പോയി.

‘‘നീയെന്താടാ ചെറുക്കാ ഇവിടെക്കിടന്ന് പരുങ്ങുന്നേ?’’

അയാൾ ചോദിച്ചു തീരുംമുമ്പേ താഹ പോയ ഭാഗത്തേക്ക് അവൻ വിരൽചൂണ്ടി.

‘‘ഒരു വെടിക്ക് രണ്ടെണ്ണത്തിനേം ഒത്തു കിട്ടിയല്ലോ അണ്ണാ.’’

ഇരുട്ടിൽനിന്നാരോ പറഞ്ഞപ്പോൾ മുരളി അവന്റെ മീതെയുള്ള പിടിത്തം മയപ്പെടുത്തി.

‘‘നിന്റെ പേരെന്താടാ?’’

‘‘മുന്ന...’’

അവൻ കരഞ്ഞു.

വയസ്സൻ സാമിയാരുടെ വിരലനങ്ങിയപ്പോൾ അവർ രണ്ട് ടീമുകളായി. രണ്ടാളുകൾ പാണ്ടിച്ചായന്റെ മുളങ്കുറ്റി മതിൽ ചാടി അപ്പുറം കടന്നു. രണ്ടുപേർ വീടിനെ വട്ടംചുറ്റി കിടക്കുന്ന എളുപ്പവഴിയിലേക്കിറങ്ങി.

‘‘എന്നാലും അവനീ അച്ചായന്റെ മാളത്തിൽതന്നെ കേറിക്കൂടിയല്ലോ...’’

മണ്ണെണ്ണമണമുള്ള കുപ്പികൾ സഞ്ചിയിൽനിന്നും ശ്രദ്ധയോടെ പുറത്തെടുക്കുന്നതിനിടയിൽ ഒരുത്തൻ പറഞ്ഞു. ഒരു ഇളകിക്കല്ലിൽ മൂടുറപ്പിക്കാൻ ശ്രമം നടത്തുകയായിരുന്നു പാണ്ടിച്ചായൻ. ഇടക്ക് പാൽക്കുപ്പിയിൽനിന്നെന്നപോലെ വാറ്റിയത് വലിച്ചെടുത്ത് ശ് ശ് എന്ന് ഒച്ച കുടഞ്ഞുകളയുന്നുണ്ട്.

‘‘സിസിലിയാന്റി വാറ്റിയതല്ലേ. ഞങ്ങക്കൂടെ താ അച്ചായോ...’’ ‘‘ഇഞ്ചിയാണല്ല്യോ... ഒള്ളത് പറഞ്ഞാ വീഞ്ഞുണ്ടാക്കാനും വാറ്റാനും അറിയുന്ന പെണ്ണുമ്പിള്ളയൊണ്ടേൽ പിന്നെ കൊച്ചുങ്ങളില്ലേൽ എന്തോ കോപ്പാ...’’

‘‘വാറ്റും വീഞ്ഞുമുണ്ടെങ്കിൽ പിന്നെന്തിനാടെ ഒര് പെണ്ണുമ്പിള്ള?’’

‘‘ഹഹഹാ...’’

ശ്ശ്ശ് ...ന്ന് കോപപ്പെട്ട് സാമിയാർ കൂർപ്പൻചെവിക്ക് മീതെ കൈവട്ടം പിടിച്ച് അറിയിപ്പ് പിടിച്ചെടുത്തു. ഇനി പാട്ടുമേളവും കലാശക്കൊട്ടും കഴിഞ്ഞാലേ ആളുകൾ മടങ്ങൂ. നിർദേശങ്ങൾ കൊടുക്കാൻവേണ്ടി മാത്രമാണ് വയറോളം തൂങ്ങിയ ചുരുളൻ താടിയിൽനിന്നും സാമിയാർ വിരലുകൾ വേർപെടുത്തിയിരുന്നത്.

‘‘അച്ചായോ ഇവിടെവെച്ച് തന്നെ വേണോ? എലിയെ പിടിക്കാൻ വേണ്ടി ഇല്ലം ചുട്ടാൽ വീടുംപോവും. പെണ്ണുമ്പിള്ളേടെ മാനോം പോവും. എന്തായാലും, കാര്യം കഴിഞ്ഞവൻ വെളീലോട്ട് ചാടുമല്ലോ...’’

‘‘നമുക്കീ പൊളപ്പന്റെ ചെറുക്കനെ വെച്ചൊരു കളി കളിച്ചാലോ.’’

‘‘കൊച്ചുങ്ങളെ വെച്ചുള്ള കളിയൊന്നും വേണ്ട മുരളീ...’’

ഇരിപ്പുറക്കാതെ അച്ചായൻ കല്ല് ചവുട്ടി താഴെയിട്ടു.

‘‘കൊച്ചുങ്ങള് മുതിർന്നവരെ അവരുടെ കളിക്ക് കൂട്ടാറുണ്ടോ? അവർക്ക് വിവേകമുണ്ട്...’’

‘‘പെണ്ണിനെതിരെ പോരിനിറങ്ങിയിട്ട് പിള്ളയെക്കുറിച്ച് തത്ത്വം പറയുന്നോ?’’

നിർണായകമായ നേരത്ത് പാണ്ടിച്ചായൻ പതറിയെന്ന് കണ്ടപ്പോൾ സാമിയാർ ജ്ഞാനസാരഥിയായി.

‘‘പുരുഷന് വിവരംവെച്ചാ ആയുധങ്ങൾക്ക് മുനയൊടിയും... പിന്നെ ഉലകത്തില് ജാതിമേലെ പോരില്ല, കാതൽ, മണ്ണ്, പണം ഒന്നുമേ വിഷയമല്ല. മോസ്‌ക് പൊളിച്ചാലെന്നാ കോവിൽ പോയാലെന്നാ?’’

അയാളുടെ നോട്ടം മുരളിയുടെ കൈവള്ളിക്കുള്ളിൽ ഞെരിഞ്ഞുനിൽക്കുന്ന പയ്യനിൽ വീണു.

‘‘പിള്ളേരും യുദ്ധങ്ങളൊക്കെ കണ്ട് പഠിച്ചു വളരണം. എന്നാലേ നാടിന് ഒരു ഉശിരുണ്ടാകൂ...’’

അന്നേരമാണ് വെടി പൊട്ടിക്കാനുള്ള മൈക്കുവിളി വന്നത്. ഇടവഴിയിൽനിന്നുള്ള കൂട്ടരുടെ അറിയിപ്പായി വിസിലടി പൊങ്ങി. അണ്ണൻ പിടിവിട്ടതും മുന്ന കൺവെട്ടത്തുനിന്നും മറഞ്ഞുനിൽക്കുന്ന വട്ടമരത്തിൽ വവ്വാൽത്തൂക്കം തൂങ്ങി. ചൂട്ട് വീശിക്കൊണ്ട് ഐറംബീവി കുലുങ്ങിവരുകയാണ്. ഗാനമേള കഴിഞ്ഞാൽ അവർ വീട് പിടിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന നിഴൽമനുഷ്യരെല്ലാം ഒന്നിച്ചുചേർന്നു. നീട്ടിയടിച്ചപോലെ ഒരു തീപ്പന്ത് മുന്നിലേക്ക് ഉരുണ്ടുവന്നപ്പോൾ ഐറംബീവി ഒച്ചയുണ്ടാക്കി.

‘‘ആരാടാ അദ്... അണ്ടിക്കുറപ്പുണ്ടേൽ വെട്ടത്തിലെറങ്ങിക്കളിക്കെടാ...’’

അവർ കാൽ പൊക്കി *പൊതയിലേക്ക് പന്തടിച്ചു കളഞ്ഞു.

ആരെങ്കിലും തയാറുണ്ടോ എന്നറിയാൻ സാമിയാർ വിരൽ പൊക്കി. അത് കാണാത്ത മട്ടിൽ അടിക്കാരെല്ലാം അമർന്നിരുന്നു. മൂന്നാലു തീപ്പന്തുകളൊരുമിച്ചു വന്നപ്പോൾ വലിയൊരു തെറി ചീറ്റിത്തുപ്പിയിട്ട് അനക്കം കണ്ട ഇടത്തേക്ക് അവർ ചൂട്ട് വീശിയെറിഞ്ഞു. സാമിയാർക്കത് ധാരാളമായിരുന്നു. അയാൾ പുറകിലൂടെ പാഞ്ഞുചെന്നു. നടുവിരലിന് മീതെ ചൂണ്ടുവിരൽ പിണച്ചുവെച്ചിട്ട് അവരുടെ പൊക്കിളിനടുത്തൊരു ഉറുമിപ്രയോഗം. തൂണുപോലെ ചലനമറ്റ ഐറംബീവിയുടെ കഴുത്തിൽ മടക്കുമുരളി ചെരിച്ചുവെട്ടി. പക്ഷേ അടിമുറശാസ്ത്രത്തിൽ പറയാത്തൊരു നീക്കത്തിൽ അവർ മടക്കുമുരളിയുടെ മർമസ്ഥാനത്ത് മുഷ്ടിയമർത്തി.

അയാളുടെ നിലവിളി പൊങ്ങിയപ്പോൾ, പ്ലാൻ ബി അനുസരിച്ച് കൂർപ്പുകല്ലുകൾ നിറച്ച ചാക്കുകൾ വീശി ബാക്കിയുള്ള ആണുങ്ങൾ ചാടി വീണു.

6

ചെറുപ്പക്കാരൻ ഹാൻഡിക്യാമും മറ്റു സാമഗ്രികളും ബാഗിലേക്കു വെക്കുമ്പോൾ മുരളി അവനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. അസാമാന്യമായ കിളരമുണ്ട്. പന്ത് തട്ടാൻ പാങ്ങുള്ള കാലുകൾ കാണുമ്പോളെല്ലാം അയാൾ ശ്രദ്ധിക്കാറുണ്ട്.

‘‘ഇക്കാലത്ത് കാൽപ്പന്തുകളിയുടെ നിയമങ്ങളൊക്കെ അറിഞ്ഞിട്ട് ആൾക്കാർക്ക് എന്തോ കിട്ടാനാണ്?’’

വീഡിയോ എടുക്കാനെന്നും പറഞ്ഞുകൊണ്ടവൻ ഫോണിൽ ആദ്യമായി വിളിച്ചപ്പോളും മുരളി ഇതുതന്നെ ചോദിച്ചതാണ്.

‘‘ഏത് കളി ആയാലും മനുഷ്യർക്ക് നിയമം തെറ്റിക്കാതെ ജീവിക്കാനൊക്കെ പാടാണ്... മനുഷ്യര് തെറ്റിക്കും ന്ന് അറിയുന്നോണ്ടല്ലേ നിയമങ്ങളൊക്കെ ഉണ്ടാക്കുന്നത് തന്നെ...’’

ചെറുപ്പക്കാരൻ മറുപടിയൊന്നും പറയാതെ അയാളുടെ കൈ പിടിച്ചെഴുന്നേൽപിച്ചു. മരങ്ങൾക്കു മീതെ അസ്തമിച്ച സൂര്യന്റെ കാവിനിറം പരന്നു.

‘‘വണ്ടി ഞാനോടിക്കാം...’’

മുരളിയുടെ കൈയിൽനിന്നും ഓട്ടോയുടെ ചാവി വാങ്ങിക്കൊണ്ട് അവൻ പറഞ്ഞു.

ഇടവഴിയിലൂടെ കനാലിന്റെ വരമ്പിലേക്ക് കയറുന്നിടത്ത് എത്തിയപ്പോൾ അവൻ വണ്ടി നിർത്തി. കാമറയിൽ ഇരുണ്ട ആകാശത്തെ പകർത്തി. വവ്വാലുകൾ ഉയരമില്ലാത്ത പറക്കങ്ങൾ നടത്തി രാത്രിയുടെ വരവ് ആഘോഷിക്കുന്നു.

ആദ്യമായി ചോരക്കളി കണ്ട വർഷങ്ങൾക്കു മുമ്പുള്ള ആ രാത്രി അവനോർമ വന്നു.

കനാലിനെ ചുറ്റിയുള്ള വഴിയിലൂടെ അവൻ വീട്ടിലേക്കു പറക്കുകയായിരുന്നു.

റസിയ പിറകിലെ വാതിൽ അടച്ചിരുന്നില്ല.

അവൻ കാലെടുത്തുവെച്ചതും അവൾ ചാടിവീണു. അടുപ്പത്ത് വല്ലിമ്മക്കു പുലരും മുമ്പേയുള്ള പതിവു കാപ്പി തിളക്കുന്നു.

‘‘അത്ത...’’

അവൻ കിതച്ചു.

‘‘പോയി ചാവ് ശെയ്ത്താനേ... തന്തേനെ ഒറ്റിക്കൊടുത്തിട്ട്...’’

ചായക്കലം തിളച്ച വെള്ളത്തോടെ അവന്റെ ദേഹത്ത് വന്നു വീണു.

ലോലോലിക്കാന്റിയുടെ കിടപ്പുമുറിയിൽനിന്നും പൊങ്ങിയ തീയുടെ ഓർമയിൽ അവന്റെ ഉള്ളും കത്തി. അവിടെ കണ്ടതെല്ലാം ഉമ്മച്ചിയോട് പറയണമെന്നവനുണ്ടായിരുന്നു. അത്രയും നേരം പ്രതിമയായിരുന്ന പാണ്ടിച്ചായനാണ് മുരളിയുടെ കൈയിൽനിന്നും മണ്ണെണ്ണക്കുപ്പി വാങ്ങി സ്വന്തം വീടിനു നേരെ ഉന്നംപിടിച്ചത്. കീഴാനേറിനൊരുങ്ങുംപോലെ അയാൾ കുനിഞ്ഞുനിന്നിരുന്നു. കരയുന്ന മനുഷ്യരുടെ നിൽപ്.

 

ഇടതുകൈ പുറകിൽ പിടിച്ച്, വലതുകൈകൊണ്ട് കുപ്പി കാലിനടിയിലൂടെയെടുത്ത് *ചക്കരവെച്ച് കീഴാൻ ഒന്ന്... ചക്കര വെച്ച് കീഴാൻ രണ്ട്... ചക്കര വെച്ച് കീഴാൻ മൂന്ന്...

അത് കണ്ടതും നടക്കാൻ തകരാറുള്ള മടക്കുമുരളിയെ മരത്തിലേക്ക് ചാരിവെച്ച് കൂടെയുള്ളവർ അവസാന വെടിക്കെട്ടിനോടി.

ഒരുത്തൻ വണ്ടിയെടുക്കാനും കുതിച്ചു.

മടക്കുമുരളി പലവട്ടം മൂത്രമൊഴിക്കാൻ പോച്ചക്കിടയിലേക്ക് ഇഴഞ്ഞുനീങ്ങുകയും അവിടെത്തന്നെ കിടന്ന് മോങ്ങുകയും ചെയ്തു.

മരക്കൊമ്പിൽനിന്നും മുന്ന താഴെയിറങ്ങി.

മടക്കുമുരളി കിടക്കുന്നതിനടുത്ത് വീണുപോയ ഇരുമ്പിൽ അവൻ പിടിമുറുക്കി.

വെട്ട് ഒന്ന്... വെട്ട് രണ്ട്... വെട്ട് മൂന്ന്...

മടക്കുമുരളിയുടെ രണ്ടു കാലുകളിലും അവൻ ആഞ്ഞുവെട്ടി. അയാളുടെ ചോരപ്പിടിത്തത്തിൽനിന്നും ചേറുമീൻപോലെ വഴുതിയിട്ട്, മുന്ന താഹ കൊടുത്ത തോൽപ്പന്ത് ഉന്നംപിടിച്ചു. അമ്പലത്തിലെ വെടിക്കെട്ടിന്റെ ഒച്ചക്കൊപ്പം മത്സരിച്ചുകത്തുന്ന ലോലോലിക്കാന്റിയുടെ ചെടിപ്പന്തലിന് നേരെ അവനത് നീട്ടിയെറിഞ്ഞു. കുറ്റമറ്റൊരു പെട്ടയടിയായിരുന്നു അത്. റസിയ ഒരക്ഷരം മിണ്ടാതെ, കരയാതെ നിന്നു.

കുറെനേരം അവൻ ഉമ്മച്ചിയുടെ കാലിന്റെ ചുവട്ടിലിരുന്ന് കരഞ്ഞു. വെന്ത തൊലിയുടെ വേവ് സഹിക്കാൻ പറ്റാതെ വന്നപ്പോൾ ഓടിപ്പോയി വാഴക്കണ്ടത്തിലെ വെള്ളത്തിലേക്കിറങ്ങി. മഴവക്കിൽ അള്ളിപ്പിടിച്ചിരുന്ന ആകാശമപ്പോൾ അവന്റെ മീതെ വന്നുവീണു. ആകാശത്തെ മഴയൊരുക്കം കണ്ടാണ് മുരളി പൊയ്ക്കാൽ കുത്തി ഓട്ടോയിൽ നിന്നിറങ്ങിയത്. മുന്ന തിരിഞ്ഞുനിന്നു. അവർക്കിടയിൽ കത്തിമൂർച്ചയുള്ള ഒരു മിന്നൽപ്പാളി വീണു.

========

* ഉരുട്ട്, ഒറ്റ, പെട്ട, ചൊരു, താളം, കീഴാൻ, ഇട്ടാൻ, ചേന: തോൽപ്പന്തുകളിയിലെ ഓരോ സെറ്റ് ഏറുകൾ. ചില പ്രദേശങ്ങളിൽ കളിനിയമത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്.

* ചക്കരവെച്ച് കീഴാൻ ഒന്ന്, രണ്ട്... പന്ത് വെട്ടുമ്പോൾ പറയുന്ന ആവേശവാക്കുകൾ.

* ചൊറിയൻ ചേന: തോറ്റ ടീമിന് എതിരാളികൾ കൊടുക്കുന്ന അവസാന പ്രഹരം.

* അത്ത: ബാപ്പ.

* പെരിയത്ത: ബാപ്പയുടെ അമ്മ.

* ഇരുമ്പ്: കത്തി.

* പൊത: ചതുപ്പ്.

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 03:15 GMT
access_time 2024-12-02 03:00 GMT
access_time 2024-11-25 05:15 GMT
access_time 2024-11-25 05:15 GMT
access_time 2024-11-18 05:30 GMT
access_time 2024-11-11 05:45 GMT