1.
‘‘പുഞ്ചിരി പൂത്തിരി പുളകം വിതറി നിത്യ യൗവനങ്ങളെ നിദ്രാവിഹീനരാക്കിയ മാദകറാണി ഈഗിൾ ജെന്നിയുടെ സ്വർഗീയ വിരുന്ന് കൊച്ചിയിൽ. വരൂ... വന്ന് ആസ്വദിക്കൂ’’...
* * *
- 1980ലെ ഒരു രാത്രി. ഹൈറേഞ്ച് ക്ലബിലെ മൂന്നാം നമ്പർ മേശക്ക് മുന്നിൽനിന്ന് ക്ലബിലെ എടുത്ത് കൊടുപ്പുകാരൻ ജോസൂട്ടി, പ്രമാണിയും താന്തോന്നിയുമായ ആമോസിനെ ഒരു കാബറേ നോട്ടീസ് വായിച്ചു കേൾപ്പിച്ചു. ക്ലബിലുള്ള സകലരും കേൾക്കുന്ന തരത്തിലായിരുന്നു അവന്റെ വായന. ആമോസിന്റെ മുന്നിലേക്ക് ജോസൂട്ടി ഭവ്യതയോടെ നോട്ടീസ് വിടർത്തിവെച്ചു. അരണ്ട മഞ്ഞവെളിച്ചത്തിൽ ഈഗിൾ ജെന്നിയുടെ മേനി അയാൾ കൺനിറയെ കണ്ടു.
‘‘ഇവള് കൊള്ളാല്ലോടാ ജോസൂട്ടി.’’
പിരിയൻ മീശയുടെ തുമ്പ് ആവർത്തിച്ച് തെറുത്തുകൊണ്ട് ആമോസ് പറഞ്ഞു.
‘‘മുതലാളിയെ പോലത്തെ വലിയ മനുഷ്യര്‍ കാണുന്ന ഡാൻസാ ഇത്, കാബറേന്ന് പറയും. ഹൈറേഞ്ചിൽ ഒരുത്തനും ഈ ജന്മത്ത് കാബറേ കാണാൻ പോകുന്നില്ല. മുതലാളി കണ്ടാ അത് റെക്കോഡാരിക്കും.’’
കുറച്ചുനേരം ആലോചിച്ചിരുന്നിട്ട് അയാൾ മെല്ലെ എഴുന്നേറ്റു.
‘‘കൊച്ചീല് പോയി ഈഗിളിന്റെ കാബറേ കണ്ട റെക്കോഡല്ല, ഈ ഹൈറേഞ്ച് ക്ലബിൽ അവളുടെ കാബറേ നടത്തിയ റെക്കോഡാ ആമോസിന് വേണ്ടത്.’’
ഉറക്കെ പ്രഖ്യാപിച്ചിട്ട് നോട്ടീസ് ചുരുട്ടിയെറിഞ്ഞ് ആമോസ് പുറത്തേക്ക് നടന്നു. അയാൾ പോയ പിന്നാലെ, ഇതെല്ലാം കണ്ടുംകേട്ടും നാലാം നമ്പർ മേശയിൽ അതുവരെ നിശ്ശബ്ദനായിരുന്ന മറ്റൊരു പിരിയൻ മീശക്കാരൻ എഴുന്നേറ്റു. മോഴ തമ്പാൻ എന്നായിരുന്നു അയാളുടെ പേര്.
‘‘അവനൊലത്തും.’’ ആമോസ് ചുരുട്ടിയെറിഞ്ഞ നോട്ടീസ് നിവർത്തിനോക്കിയിട്ട് അയാളും ഒരു പ്രഖ്യാപനം നടത്തി.
‘‘ഹൈറേഞ്ച് ക്ലബിൽ ഈഗിള്‍ കാബറേ ആടുവെങ്കി അതിന്റെ റെക്കോഡ് എനിക്കുള്ളതാ.’’
അയാളും പുറത്തേക്ക് നടന്നു. ആജന്മശത്രുക്കളായിരുന്നു ആമോസും തമ്പാനും. നല്ലകാലം മുഴുക്കെ പരസ്പരം വെട്ടിയും കുത്തിയും ഹൈറേഞ്ച് മല വിറപ്പിച്ചവരാണ് അവരെങ്കിലും ഇപ്പോൾ ഏതാണ്ട് അടങ്ങിയ നിലയിലാണ് ജീവിതം. എന്നാലും ആഴ്ചയവസാനം പള്ളിയിലും, ബാക്കി ദിവസങ്ങൾ ക്ലബിലുമായി ഇരുവരും മുഖാമുഖം വരും. ഞായറാഴ്ചകളിൽ പള്ളിയിലെ പിൻബെഞ്ചിൽ ഇരിക്കും മുമ്പ് പകയോടെ കുറച്ച് നേരം രണ്ടാളും പരസ്പരം നോക്കും. പിന്നെ അരയിൽനിന്നും തോക്കെടുത്ത് ബെഞ്ചിന്റെ മധ്യത്തിൽവെക്കും. എന്നിട്ട് രണ്ടറ്റത്തായി കുർബാന തീരുംവരെ അൾത്താര നോക്കി നിശ്ശബ്ദരായിരിക്കും. ക്ലബിൽ വന്നാലും ഇതുപോലെതന്നെ. മൂന്നാംനമ്പർ മേശ ആമോസിനും നാലാം നമ്പർ മേശ തമ്പാനുമുള്ളതാണ്.
പരസ്പരം കാണാവുന്ന തരത്തിൽ ഇരുന്നുകൊണ്ട് വാശിക്ക് തിന്നുകയും കുടിക്കുകയും ചെയ്യലാണ് അവരുടെ ഹോബി. തമ്പാൻ ഒരു ഗ്ലാസ് കുടിച്ചാൽ ആമോസ് രണ്ട് ഗ്ലാസ് കുടിക്കും. ആമോസ് ഒരു പ്ലേറ്റ് ഇറച്ചി തിന്നാൽ തമ്പാൻ രണ്ട് പ്ലേറ്റ് തിന്നും. ഒപ്പം മറ്റുള്ളവരുടെ ചീട്ടുകളിയും കാണും. തോൽക്കുന്നവന് പണം കൊടുത്ത് പിന്നെ അവൻ ജയിക്കുന്നത് വരെ പക്ഷം ചേർന്ന് കളിപ്പിക്കും. ഇതൊക്കെ ചെയ്യുമ്പോഴും അവരിൽനിന്ന് ഒരു മൂളലോ ചിരിയോ അമിതാഹ്ലാദമോ ഒന്നും ഉയരാറില്ല. മരപ്പാവ കണക്ക് വെറുതെ ഇരുന്നിടത്ത് ഇരിക്കും. ക്ലബ് പൂട്ടിയ പിന്നാലെ രണ്ടാളും എഴുന്നേറ്റ് വീട്ടിൽ പോകും. ഇപ്രകാരമെല്ലാം സ്വയം തടവിലിട്ട മൃഗങ്ങളെപ്പോലെ ജീവിതം ആസ്വദിക്കുന്ന ആമോസിന്റെയും തമ്പാന്റെയും ഉള്ളിലാണ് ഈഗിൾ ജെന്നിയെന്ന തീപ്പൊരി ഇപ്പോൾ ഒരുമിച്ച് വീണിരിക്കുന്നത്. ആദ്യം ആമോസും പിന്നാലെ തമ്പാനും കൊച്ചിക്ക് വണ്ടിയെടുത്തു.
2
മടി നിറയെ കാശും, മനസ്സ് നിറയെ വാശിയുമായി ആമോസും തമ്പാനും പുലർച്ചയോടെ കൊച്ചിയിലെത്തി. തിരക്കിയും ചോദിച്ചും കായൽതീരത്തുള്ള അംബാല റെസിഡെൻസിയെന്ന ചില്ല് ബാറിൽ അവരെത്തി. അകവും പുറവും പൂർണമായും ചില്ല് പൊതിഞ്ഞ അത്ഭുതകരമായ ഒരു കെട്ടിടമായിരുന്നു അത്. ബാറിനോട് ചേർന്ന് ചെറിയൊരു ബോട്ട് ജെട്ടിയുണ്ട്. നോട്ടീസിൽ കണ്ടതുപോലെ ഈഗിൾ ജെന്നിയുടെ പോസ്റ്റർ പതിച്ച ഒരു ബോട്ടും കടവിൽ കിടപ്പുണ്ട്. കായലിന് നടുവിലായി ചെറിയൊരു ദ്വീപും കാണാം. അടഞ്ഞ ഗേറ്റിൽ ചാരി ആമോസും തമ്പാനും ചില്ല് ബാറിന്റെ ഉള്ളിലേക്ക് എത്തിനോക്കുന്നത് കണ്ട് ബോട്ടിനുള്ളിൽനിന്ന് ഒരു തടിയൻ ഇറങ്ങിവന്നു.
‘‘കാബറേ വൈകിട്ടാ, അച്ചായന്മാര് ആറ് കഴിഞ്ഞ് വന്നാ മതി.’’
‘‘അതായിക്കോട്ടെ, അതുവരെ താമസിക്കാൻ ഇവിടെ മുറി കിട്ടത്തില്ലേ?’’
തമ്പാൻ ചോദിക്കാൻ തുടങ്ങിയ ചോദ്യം അയാൾക്ക് മുന്നേ ആമോസ് ചോദിച്ചു.
‘‘നേരത്തെ മുറി കൊടുക്കുവാരുന്ന്, പക്ഷേ ഈഗിളിനെ കടത്താൻ നോക്കിയെപ്പിന്നെ ആ പരിപാടി അങ്ങ് നിർത്തി.’’
അവർക്ക് കാര്യം മനസ്സിലായില്ലെന്ന് കണ്ട് തടിയൻ വിശദീകരിച്ചു.
‘‘ഒരിക്കെ മുറിയെടുക്കാനാന്നും പറഞ്ഞ് നിങ്ങളെപ്പോലെ രണ്ടവന്മാര് മുതലാളിവേഷം കെട്ടിവന്നു. ഒരുത്തൻ തൃശൂർ, മറ്റവൻ കൊല്ലം. ജെന്നിയെ റാഞ്ചലാർന്ന് രണ്ടിന്റേം ഉദ്ദേശം. പക്ഷേ നടന്നില്ല. തൃശൂക്കാരൻ കുത്ത് മേടിച്ചപ്പ, കൊല്ലം മൊതല് കായല്‍ നീന്തി. ഞങ്ങടെ മുതലാളി ഈഗിളിനെ കളത്തിലിറക്കിയപ്പോ മറ്റ് ബാറുകളിലെ കാബറേ മൂഞ്ചിപ്പോയാർന്ന്. അങ്ങനെ ഈച്ചയാട്ട് തൊടങ്ങിയ ഏതോ കഴുവേറിമക്കള്‍ ഒപ്പിച്ച പണിയാർന്ന് അത്. അതീപ്പിന്നെ ദൂരേന്ന് വരുന്നവനൊക്കെ ദോ ആ ലോഡ്ജിലാ താമസം.’’ തടിയൻ റോഡിന് എതിർവശത്തേക്ക് കൈചൂണ്ടി.
‘‘നിങ്ങ അങ്ങോട്ട് വിട്ടോ, ആറ് മണിയാകുമ്പോ കുളിച്ചൊരുങ്ങി വരിവരിയായി മുതലാളിമാരുടെ ഒരു ജാഥ അവിടുന്നെറങ്ങും. ആ കൂടെ വന്നാ മതി.’’
ആമോസും തമ്പാനും അയാൾ കാട്ടിയ ലോഡ്ജിലേക്ക് നോക്കി. റോസ് കോട്ടേജ് എന്നെഴുതിയ പഴയൊരു രണ്ടുനില കെട്ടിടം. മുറ്റം നിറയെ പലതരം കാറുകൾ കിടപ്പുണ്ട്. മുകളിലും താഴെയുമായുള്ള എല്ലാ മുറികളുടെയും ജനാലകളിൽ ആളുകളുണ്ട്. ചില്ല് ബാറിലേക്ക് നോക്കിനിൽക്കുകയാണ് അവരെല്ലാം.
‘‘പിന്നേ, പോലീസിന്റെ ശല്യമൊള്ളകൊണ്ട് ആദ്യം വരുന്ന അമ്പത് പേർക്കെ പ്രവേശനമൊള്ള്, ഈഗിളിനെ കാണണോന്നുണ്ടെ ഇടിച്ച് കുത്തി കേറിക്കോണം.’’
വണ്ടിയെടുത്ത് പോകാൻ നേരം തടിയൻ അവരോട് വിളിച്ച് പറഞ്ഞു.
3
‘‘പൊന്ന് സാറന്മാരെ ഇവിടെ മുറിയൊന്നും കാലിയില്ല, നിങ്ങ ടൌണില്‍ വല്ലോം നോക്ക്.’’
റിസപ്ഷനിലിരുന്ന പൊക്കംകുറഞ്ഞയാൾ പറഞ്ഞു. അവനിരിക്കുന്ന കസേരയുടെ പിന്നിലും ജെന്നിയുടെ പോസ്റ്റർ ഒട്ടിച്ചിട്ടുണ്ട്.
‘‘അങ്ങനെ പറഞ്ഞാ ഒക്കുകേല. എനിക്ക് മുറി കിട്ടിയെ പറ്റൂ. ഞാനങ്ങ് ഹൈറേഞ്ചീന്ന് വരുവാ.’’
മുണ്ടഴിച്ചുടുക്കാനെന്ന വ്യാജേന അരയിലിരുന്ന തോക്ക് ഭീഷണിപോലെ ആമോസ് മേശപ്പുറത്ത് വെച്ചു.
‘‘എനിക്ക് സിംഗിള്‍ റൂമാണേലും മതി, വാടക ഇഷ്ടമുള്ളത് എഴുതിക്കോ.’’
തോക്കിന് പകരം തമ്പാൻ ഒരു കെട്ട് നോട്ട് മേശപ്പുറത്തിട്ടു. യാതൊരു ഭാവഭേദവുമില്ലാതെ മാറിമാറി അവരെ നോക്കിയിട്ട് കാശും തോക്കും റിസപ്ഷനിലിരുനന്നവർ അവർക്ക് നേരെ തള്ളി.
‘‘ഇത്തരം ക്ലാസ്സൊക്കെ അങ്ങ് ഹൈറേഞ്ചില്‍ മതി, ഇവിടെ ഇതൊന്നും ചെലവാകത്തില്ല, അച്ചായന്മാര് വിട്ട് പിടി.’’
അവനെ എടുത്ത് റോഡിലെറിയാൻ ആമോസും തമ്പാനും ഒരുമിച്ചോങ്ങിയ നിമിഷം, സെറ്റിയിൽ പത്രം വായിച്ചുകൊണ്ടിരുന്ന കാഴ്ചക്ക് യോഗ്യനായ ഒരു ചെറുപ്പക്കാരൻ അവർക്കിടയിലേക്ക് കയറി.
‘‘ആ പാവത്തിനെ ഒന്നും ചെയ്യണ്ട. കാസറോഡ് തൊട്ട് കന്യാകുമാരി വരെയുള്ള തെണ്ടികള് ആഴ്ചകളായിട്ട് ഇവിടെ കെട്ടിക്കെടപ്പുണ്ട്. പിന്നെവിടുന്ന് മുറി ഒഴിവുണ്ടാകാനാ. കണ്ടിട്ട് മാന്യരാന്ന് തോന്നുന്നകൊണ്ട് ഞാനൊരു ഓഫറ് പറയാം. എന്റെ മുറി സ്യൂട്ടാ, ഒത്തൊരുമിച്ച് പോകാന്നുണ്ടെ അച്ചായന്മാർക്ക് അവിടെ കൂടാം...’’
ഒരു നിമിഷംപോലും ആലോചിക്കാതെ ആമോസും പിന്നാലെ തമ്പാനും ചെറുപ്പക്കാരന്റെ പിന്നാലെ കോണി കയറി.
4
പ്രാഞ്ചി എന്നായിരുന്നു ചെറുപ്പക്കാരന്റെ പേര്. തൃശൂരാണ് വീട്. വലിയ കട്ടിൽ കൂടാതെ മുറിയിൽ ഒരു സോഫകൂടി ഉണ്ടായിരുന്നു. കട്ടിൽ അവർക്ക് വിട്ടുകൊടുത്തിട്ട് തന്റെ പുതപ്പെടുത്ത് പ്രാഞ്ചി സോഫയിലേക്ക് ഇട്ടു. എന്ത് ചെയ്യണമെന്നറിയാതെ ആമോസും തമ്പാനും ഒന്നമാന്തിച്ചു. ശേഷം തോക്കുകളെടുത്ത് കട്ടിലിന്റെ മധ്യത്തിൽ വെച്ചു. പിന്നെ ഇരുപുറത്തായി ഇരുന്നു. അവരുടെ പ്രവൃത്തി കണ്ടപ്പോ പ്രാഞ്ചിക്ക് എന്തോ വശപ്പിശക് തോന്നി. എങ്കിലും അവൻ കുളിക്കാൻ പറഞ്ഞു.
‘‘കുളിയൊക്കെ ഓരോന്ന് അടിച്ചിട്ട്, ഇത്രേം വണ്ടി ഓടിച്ചതല്ലേ.’’ തമ്പാൻ ബാഗിൽനിന്ന് ഒരു കുപ്പിയെടുത്തു. അതുകണ്ടതും ആമോസും ഒരു കുപ്പി പുറത്തെടുത്തു.
‘‘രണ്ടുംകൂടെ എന്തിനാ പൊട്ടിക്കുന്നേ? ഒാരോന്ന് തീർത്താ പോരേ,’’ പ്രാഞ്ചി ചോദിച്ചു.
‘‘എനിക്ക് എന്റത് തിന്നും കുടിച്ചുവാ ശീലം.’’
വാഴയിലയിൽ പൊതിഞ്ഞ പോത്ത് വരട്ട് അഴിച്ചുകൊണ്ട് തമ്പാൻ പറഞ്ഞു.
‘‘കണ്ടവന്റത് ഞാനും മൂഞ്ചിയിട്ടില്ല.’’ തിരിച്ചടിച്ചുകൊണ്ട് ബാഗിൽനിന്ന് തന്റെ ഇറച്ചിപ്പൊതി ആമോസുമെടുത്തു. ‘‘വെടിയിറച്ചിയാ മ്ലാവിന്റെ, നീ തിന്നിട്ടുണ്ടോ?’’ അയാൾ ചോദിച്ചു. പ്രാഞ്ചി ഇല്ലെന്ന് തലയാട്ടി. തുടർന്ന് രണ്ടാളും അവരവരുടെ കുപ്പിയിൽനിന്ന് മാറിമാറി പ്രാഞ്ചിക്ക് ഒഴിച്ചു. ഇറച്ചിയും തീറ്റിച്ചു. കൂടെ അവരും.
‘‘ആ കാണുന്ന ദ്വീപിൽ ഈഗിളിനെ താമസിപ്പിച്ചേക്കണ കൊണ്ടാ ഇവിടുള്ള താമസക്കാര്‍ മുഴുവനും എപ്പഴും ജനലുങ്കെ വന്ന് നിക്കണത്.’’ സിഗരറ്റ് കത്തിച്ച് പ്രാഞ്ചി ജനാലക്കലേക്ക് ചെന്നു. ‘‘അച്ചായന്മാര് പോർക്ക് ഷാജീന്ന് കേട്ടിട്ടുണ്ടോ? അവനും പിള്ളേരുവാ അവൾക്ക് കാവല്‍ നിക്കുന്നേ.’’
‘‘ഇങ്ങനെ കെട്ടിപൂട്ടി പരിചരിക്കാൻ മാത്രം അവളുടേത് എന്നാ?’’ ആമോസിന് ദേഷ്യം വന്നു. ‘‘നീയൊക്കെ എന്നാ പറഞ്ഞ് പൊലിപ്പിച്ചാലും തുണിയുരിഞ്ഞ് തുള്ളുന്ന ഒരു തേവിടിശ്ശി. അതിലുംവിട്ട് എനിക്ക് അവളൊരു കോപ്പുവല്ല.’’
പ്രാഞ്ചി അൽപനേരം പൊട്ടിച്ചിരിച്ചു. എന്നിട്ട് ഇട്ടിരുന്ന സിൽക്ക് ജൂബ്ബ വലിച്ചൂരി. അടിവയറിന് താഴെ അരമുഴം നീളത്തിൽ ഒരു തുന്നൽപ്പാട്.
‘‘അച്ചായാ ഈഗിളിനെ ഞാൻ രണ്ടേരണ്ട് തവണയെ കണ്ടിട്ടൊള്ള്. ആദ്യംകണ്ടത് എട്ട് മാസം മുമ്പാ, തൃശൂര്‍ വെച്ച്.’’ പ്രാഞ്ചി പറഞ്ഞു. ‘‘എനിക്കൊരു പേരപ്പനുണ്ടാർന്ന്, മുതിരക്കാട്ടിൽ ഈനാശു. ബോംബെല് കച്ചോടോക്കെ ആയിട്ട് നല്ല നെലേൽ കഴിഞ്ഞ ഗഡിയാർന്ന് കക്ഷി. പള്ളീം കുർബാനേം അല്ലാതെ വേറൊരലമ്പും അങ്ങേർക്കില്ലാർന്ന്. പറഞ്ഞ് വന്നാ പുണ്യാളന്മാരേക്കാൾ പരിശുദ്ധൻ. പക്ഷേ, ബോംബെ മാതാവിന്റെ പള്ളീല് വെച്ച് ഈനാശു പേരപ്പൻ ഒരു മാത്തുക്കുട്ടിയെ പരിചയപ്പെടുന്നവരെയേ ആ പരിശുദ്ധി അങ്ങോരിൽ നിലനിന്നൊള്ള്. ബോംബേലെ സിൽക്കോൺ ബാറിൽ കാബറേക്ക് ബ്യൂഗിൾ വായിക്കലാർന്ന് മാത്തുക്കുട്ടീടെ പണി. ആ ക്ടാവിനെ പരിചയപ്പെട്ട പിറ്റേദിവസം പള്ളിക്ക് പകരം സിൽക്കോൺ ബാറിലേക്കാണ് പേരപ്പൻ പോയത്. അങ്ങോര് ചെല്ലുമ്പോ മണ്ണ് വാരിയിട്ടാ താഴെ വീഴാത്ത ജനം ബാറിനകത്തൊണ്ട്.
പക്ഷേ, മാത്തുക്കുട്ടി മൂപ്പരെ മുൻനിരേ കൊണ്ടിരുത്തി. അങ്ങനെ നല്ല അസ്സലായിട്ട് പേരപ്പൻ കാബറേ കണ്ടു. ഡാൻസ് കഴിഞ്ഞ് അണ്ടർഗ്രൗണ്ടിലേക്ക് പോകുംമുമ്പ് ഗുണ്ടകളുടെ കണ്ണുവെട്ടിച്ച് ഈഗിളിനെ പരിചയപ്പെടുക കൂടി ചെയ്തതോടെ പേരപ്പൻ സിൽക്കോൺ ബാറിലെ സ്ഥിരം കസ്റ്റമറായി മാറി. അതോടെ, തീർന്നു അതിയാന്റെ വെടി. ഒരുവഴിക്ക് നയനസുഖം കിട്ടിയപ്പോ മറുവഴിക്ക് കച്ചോടം പൊട്ടണത് പേരപ്പനറിഞ്ഞില്ല. അറിഞ്ഞ് വന്നപ്പ എല്ലാം മാർവാഡി കൊണ്ടുപോയി. പോയതൊക്കെ തിരിച്ച് പിടിക്കാൻ പിന്നൊരു വഴിയേ മൂപ്പര് കണ്ടുള്ളൂ. പൂരത്തിന് ഈഗിൾ ജെന്നിയെ തൃശൂര്‍ കൊണ്ടുവരുക. അന്ന് ഈ കൊച്ചീല് മാത്രവേ കാബറേ ഉള്ളൂ. പക്ഷേ, ബോംബേലെ ഗുണ്ടകളെ വെട്ടിച്ച് അവളെ അവിടന്ന് ചാടിക്കാൻ ഒരു രക്ഷയുമില്ല.
അവിടെയും മാത്തുക്കുട്ടി പേരപ്പനെ സഹായിച്ചു. ബന്ധുവാന്ന് പറഞ്ഞ് സിൽക്കോൺ ബാറിന്റെ മുതലാളിയുടെ അടുത്ത് അവൻ പേരപ്പനെ എത്തിച്ചു. പൂരത്തിന്റന്ന് ഈഗിള്‍ ഇറങ്ങിയാൽ ബോംബേന്ന് ഒരു കൊല്ലം കിട്ടുന്നത് തൃശ്ശൂരുന്ന് ഒറ്റദിവസം കൊണ്ട് വാരാന്ന് കണക്ക് സഹിതം സിൽക്കോൺ മുതലാളിയെ പേരപ്പൻ ബോധ്യപ്പെടുത്തി. അങ്ങനെ ഫിഫ്റ്റി ഫിഫ്റ്റി ഷെയറിൽ ഈഗിൾ ജെന്നിയും ബ്യൂഗിൾ മാത്തുക്കുട്ടിയും, നാലഞ്ച് ഹിന്ദി ഗുണ്ടകളും പേരപ്പന്റെ കൂടെ തൃശൂരെത്തി. ഞങ്ങടെ കുടുംബത്തിന് റൗണ്ടില്‍ ഒരുനിര കെട്ടിടമുണ്ട്. അതിന്റെ മുകളിൽ കാബറേ നിശ്ചയിച്ച പേരപ്പൻ പൂരത്തിന് ഒരാഴ്ച മുന്നേ ജെന്നീടെ പടംവെച്ച് പരസ്യം തൊടങ്ങി. കവലയായ കവല മുഴുക്കെ പോസ്റ്റർ ഒട്ടിച്ചു. ജീപ്പുകാരെ വിട്ട് നാടൊട്ടുക്ക് നോട്ടീസ് എറിഞ്ഞ് വിളംബരം ചെയ്തു. ഒടുക്കം എന്നാ ഉണ്ടായേന്ന് വെച്ചാ കാബറേ ദിവസം ജെന്നിയെ കാണാൻ പൂരത്തിനേക്കാൾ ജനം കെട്ടിടത്തിലേക്ക് ഇടിച്ചുകേറി. പൊലീസും പട്ടാളവും ഇളകി. അവർ ലാത്തി വീശി.
ആകെ ബഹളമയം. ഇതിനെടെ അടച്ചിട്ട മുറിയിൽ ഹിന്ദി ഗുണ്ടകളുടെ നടുക്ക് പേടിച്ച് വിറച്ചിരിക്കുന്ന ഈഗിളിനെ ഒരു മിന്നായംപോലെ ഞാൻ കണ്ടു. പൊന്ന് അച്ചായന്മാരെ എന്റെ ഉടല് മുഴുക്കെ, ദെ ഇതുപോലങ്ങ് പൂത്തുകേറി.’’ കൈത്തണ്ടയിൽ എഴുന്ന് വന്ന രോമങ്ങൾ കാട്ടി പ്രാഞ്ചി തുടർന്നു. ‘‘ഈ ബഹളമൊന്നും പോരാഞ്ഞിട്ട്, വേറെകുറെ അവന്മാര് ചോപ്പ് കൊടിയും തോളത്ത് വെച്ച് കാബറേ നടത്താൻ പറ്റുകേലെന്നും പറഞ്ഞ് മുദ്രാവാക്യം മുഴക്കി വന്നു. അതുംകൂടെ ആയപ്പ കളം മാറി. ജെന്നിയെ കാണാൻ കൊതിച്ചുനിന്ന ആളുകൾ അവന്മാരെ എടുത്തിട്ട് അങ്ങ് അലക്കി. കൊടിയും വടിയുമൊക്കെ വലിച്ചെറിഞ്ഞ് അവന്മാര് നാലുപാടും ചിതറിയോടി. ആളുകള്‍ വിടുവോ. അവരും പിന്നാലെ ഓടി. അങ്ങനെ അടി റൗണ്ടിലേക്കും പൂരപ്പറമ്പിലേക്കും വളർന്നു.
ആളുകളുടെ പരാക്രമം കണ്ട് ആനകൾപോലും വിരണ്ട്. ഈ സമയം മുതലെടുത്ത് പോർക്ക് ഷാജിയും കൂട്ടരും ഈഗിളിന്റെ മുറിയിലേക്ക് ഇടിച്ചുകേറി. സത്യം പറഞ്ഞാ അവന്മാര് എവിടന്ന് വന്നെന്നുപോലും ആർക്കും മനസ്സിലായില്ല. ഓർക്കാപ്പുറത്തുള്ള അറ്റാക്കായതുകൊണ്ട് ഹിന്ദി ഗുണ്ടകൾക്ക് പിടിച്ച് നിൽക്കാനും പറ്റിയില്ല. ഒക്കത്തിനേം അടിച്ച് നിലംപരിശാക്കിയിട്ട് ഈഗിളിനേം മാത്തുക്കുട്ടിനേം നിമിഷത്തിന് നിമിഷം വെച്ച് പോർക്കും കൂട്ടരും പിടിച്ചോണ്ട് പോയി. കാബറെ നടന്നുമില്ല, ജെന്നി മോഷണം പോവുകയും ചെയ്തു. പെട്ടുപോയത് പാവം ഈനാശു പേരപ്പനാ. ബോംബെക്കാര് അതിയാനെ വിട്ടില്ല.
രാത്രിക്ക് രാത്രി അങ്ങോരുടെ ആപ്പീസ് അവന്മാര് പൂട്ടിക്കളഞ്ഞു. പിന്നെ കേൾക്കുന്നത് ഈഗിൾ ജെന്നി ചില്ല് ബാറിലൊണ്ടെന്നാ. അങ്ങനെ കാബറേ കാണാനുള്ള കൊതികൊണ്ട് ഞാൻ ഇവിടെ വന്നു. പക്ഷേ പറഞ്ഞിട്ടെന്നാ മുടിയാൻ അന്ന് തന്നെ എനിക്ക് കുത്ത് കിട്ടി. കുടല് മുഴുക്കെ പുറത്താരുന്ന്. കാശ് മിടുക്കിൽ കേറി പോന്നതാ. തുള്ളി തുള്ളി ഈഗിള്‍ വന്ന് മടീലിരുന്നപ്പ അപ്പഴത്തെ ആവേശത്തിൽ തൃശ്ശൂർക്ക് പോരുന്നോന്ന് ചോദിച്ച് പോയി, അതിനാ പോർക്ക് ഷാജി എന്നെ കുത്തിയത്.’’
‘‘അതൊരാഗ്രഹം പറഞ്ഞതല്ലേ, അതിനെന്നാത്തിനാ കുത്തുന്നേ. ഇതെന്നാ വെള്ളരിക്കാ പട്ടണവോ?’’
തമ്പാൻ ചോദിച്ചു.
‘‘തൃശ്ശൂരെന്ന് പറഞ്ഞതാടാ നിനക്ക് പറ്റിയ അബദ്ധം. നീ ഈനാശു പേരപ്പന്റെ ആളാന്ന് അവന്മാര് കരുതിക്കാണും.’’ ആമോസ് ഇടയ്ക്ക് കയറി. ‘‘നിനക്ക് വല്ല കോട്ടയവും പറഞ്ഞാ പോരാർന്നോ.’’
‘‘ഓ, അതൊന്നുവല്ല കാര്യം, ഈഗിളിനോട് മിണ്ടാൻ പാടില്ലെന്ന് വെണ്ടക്കാ മുഴുപ്പിൽ നിയമം എഴുതി വെച്ചിട്ടുണ്ട്. അത് തെറ്റിച്ചാ അവന്മാര് അടിക്കും, എന്നെ കുത്തിയത് കൂടാതെ വേറൊരുത്തനെ തല്ലി പതംവരുത്തി ആ നാറികള് അന്ന് കായലിൽ എറിഞ്ഞാരുന്ന്, സിഗരറ്റ് കൂടിൽ ഫോൺ നമ്പർ എഴുതി ഈഗിളിന്റെ ദേഹത്ത് തിരുകിയതാ അവൻ ചെയ്ത കുറ്റം. അന്നത്തെ പിന്നെ പോർക്ക് ഷാജി എന്നെ കണ്ണാടി ബാറില്‍ കേറ്റീട്ടില്ല. പിന്നെന്തിനാ ഇവിടിങ്ങനെ പെറ്റ് കെടക്കണേന്ന് ചോദിച്ചാ അതിന്റർഥം ഈഗിളിനെ കാണുമ്പോ അച്ചായന്മാർക്ക് മനസ്സിലാകും.’’
സിഗരറ്റ് ദൂരേക്കെറിഞ്ഞിട്ട് വിഷാദഭാവത്തിൽ പ്രാഞ്ചി സോഫയിലിരുന്നു.
‘‘എന്നാലും ഒരു കാര്യം ഞാൻ ഒറപ്പിച്ചിട്ടുണ്ട്. ഈഗിളിന്റെ കാബറേ കാണാതെ കുടുമ്മത്ത് ഞാൻ കേറൂല്ല. അതെന്റെ വാശിയാ.’’
‘‘വീറും വാശിയും വെച്ച് നീ കൊള്ളാവുന്ന വിത്താന്ന് തോന്നണ്. അങ്ങനെയുള്ളവരെ ആമോസിന് ഭയങ്കര ഇഷ്ടവാ, അതോണ്ട് നിനക്ക് ഞാൻ ഒരോഫറ് തരാം. ഇന്ന് വൈകിട്ട് ഈഗിളിന്റെ കാബറേ നിന്നെ ഞാൻ കാണിക്കും. കാണുക മാത്രമല്ല അവളെ അടുത്തിരുത്തി നീ കുശലവും ചോദിക്കും. അത് പോരേ.’’
പ്രാഞ്ചിയുടെ തോളിൽ തട്ടി ആമോസ് കുപ്പി വായിലേക്ക് കമത്തി. ഒറ്റയിറക്കിന് കാലിയാക്കിയ കുപ്പി കായലിലേക്ക് വലിച്ചെറിഞ്ഞ ശേഷം ചിറി തുടച്ചുകൊണ്ട് അയാൾ കുളിക്കാൻ കയറി.
‘‘പോർക്ക് ഷാജിയെപ്പറ്റി എന്തറിഞ്ഞോണ്ടാ ഇങ്ങേര് ഈ വിടല്‍ വിടുന്നേ. ലൂസിഫറിനൊരു കുഞ്ഞുണ്ടാകുവാർന്നേ അതായിട്ട് ആ കഴുവേറിയെ പിറക്കത്തൊള്ളാർന്ന്.’’് ഭീതിയോടെ പ്രാഞ്ചി തമ്പാനോട് പറഞ്ഞു.
ഒരു മറു തെറിപറഞ്ഞ്, അത് നിസ്സാരവത്കരിച്ചുകൊണ്ട് തന്റെ കുപ്പി തമ്പാനും വായിലേക്ക് കമത്തി. ‘‘എന്തായാലും എന്റെ വക ഒരോഫർ ഞാനും നിനക്ക് തരാം, ഇന്ന് വൈകിട്ട് ഈഗിളിന്റെ കാബറേ നീ കണ്ടിരിക്കും.’’
‘‘ഇത് തന്നെയല്ലേ ഇപ്പ അതിയാനും പറഞ്ഞിട്ട് പോയേ.’’ അമ്പരപ്പോടെ പ്രാഞ്ചി ചോദിച്ചു. ‘‘അല്ല വന്നപ്പ തൊട്ട് ഞാൻ ശ്രദ്ധിക്കുവാ, ഒരാള്‍ ചെയ്താ അത് തന്നെ മറ്റേ ആളും ചെയ്യും, നിങ്ങള്‍ തമ്മിലെന്നാ അങ്ങനത്തെ വല്ല മത്സരവുമുണ്ടോ?’’
തമ്പാൻ പൊട്ടിച്ചിരിച്ചു.
‘‘ഞങ്ങള്‍ ശത്രുക്കളാടാ, സമാസമം നിൽക്കുന്ന ശത്രുക്കൾ.’’
പ്രാഞ്ചിക്ക് ഒന്നും മനസ്സിലായില്ല. കുറച്ച് നേരം മിണ്ടാതെയിരുന്ന് കുടിച്ചിട്ട് തമ്പാൻ അവരുടെ കഥ പ്രാഞ്ചിയോട് പറഞ്ഞു.
‘‘എനിക്കും അവനും പത്ത് വയസ്സൊള്ളപ്പ ഒരുമിച്ച് മലകേറിയതാ ഞങ്ങടപ്പന്മാര്. മണുക്കൂസ് കുടിയേറ്റക്കാര്‍ വെള്ളോം, വഴിയുമൊള്ള സ്ഥലത്തിന് പാഞ്ഞപ്പ തലേക്കല്ലന്മാരായ ഞങ്ങട തന്തമാര് ഉൾക്കാട് കേറി കഞ്ചാവ് നട്ടു. ഒരുത്തനേം കൂസാത്ത മൊതലുകളായ കൊണ്ട് ആ കളിയിൽ അവര്‍ പുഷ്പംപോലങ്ങ് ജയിച്ചു. ഒപ്പം മലകേറിയവനൊക്കെ പട്ടിണിയും പരിവട്ടവുമായി കപ്പക്കും കാച്ചിലിനും ഇടകുത്തി തൂറി മെഴുകുമ്പ ഞങ്ങടപ്പന്മാര് ഹൈറേഞ്ചില്‍ രാജാപാർട്ടുകളായി. കുറെ നാള് കഴിഞ്ഞപ്പ എന്റമ്മച്ചി മലമ്പനി വന്ന് ചത്തു. പിന്നെ എന്റെ കെടപ്പും കുടിയുമെല്ലാം ആമോസിന്റെ വീട്ടിലായി.
അവന്റമ്മച്ചി അവനെപ്പോലെ തന്നെ എന്നേം നോക്കി വളർത്തി. കാലം മുന്നോട്ട് പോയപ്പോ തിന്നും കുടിച്ചും നെയ്ക്കനം തൂങ്ങിയ എന്റപ്പൻ നാറിക്ക് അവന്റമ്മേട് കമ്പം കേറി. പക്ഷേ കൂട്ടുകാരൻ നിക്കെ തന്റെ പൂതി നടക്കുകേലെന്ന് അതിയാന് മനസ്സിലായി. അങ്ങനെ ഒരു രാത്രി കഞ്ചാവ് തോട്ടത്തിലിട്ട് അവന്റപ്പനെ, എന്റപ്പൻ സൂത്രത്തിലങ്ങ് കാച്ചി. എന്നിട്ട് ആ കൊല തമിഴ് ഫോറസ്റ്റിലെ ഒരു നാടാരുടെ തലേകൊടുത്തു. കാലം കുറച്ചൂടെ മുന്നോട്ട് പോയപ്പോ ആമോസിന്റെ അമ്മേടെ മനസ്സ് തണുത്തു. ആ നേരം നോക്കി അവരുടെ കഴുത്തിൽ എന്റപ്പൻ മിന്ന് വെച്ചു. പിറ്റേക്കൊല്ലം ഞങ്ങക്കൊര് പെങ്ങളുണ്ടായി, ട്രീസാമ്മ. താഴത്തും തലേലും വെക്കാതെ ഞാനും അമ്മച്ചിയും അവളെ വളർത്തുമ്പോ ആമോസ് അവന്റപ്പനെ കൊന്ന നാടാരെ തപ്പി തമിഴ് കാടുകളിൽ അലയുകയായിരുന്നു.
അതിന്റെ പേരിൽ ഇല്ലാത്ത വള്ളികളിലൊക്കെ അവൻ ചെന്ന് ചാടി. കാടും കാട്ടുമക്കളും കൂട്ട് നിന്നതുകൊണ്ട് ഒന്നിലുമവൻ കുടുങ്ങിയില്ല. തമിഴൻ നാടാരാണേല് പലപ്പഴായിട്ട് തലനാരിഴക്ക് അവന്റെ കൈയിൽ നിന്ന് രക്ഷപ്പെട്ടുകൊണ്ടിരുന്നു. തങ്ങളിലൊരുത്തനെ തീർക്കാൻ നോക്കിയാ ഫോറസ്റ്റുകാര് വെറുതെ ഇരിക്കുവോ? അവരും ഇളകി. തലയ്ക്ക് വിലയുള്ള കാട്ട് കള്ളനാക്കി റെക്കോഡിൽ മാറ്റിയിട്ട് ആമോസിനെ കൊല്ലാൻ അവരും നടന്നു. പിന്നെ ഒളിച്ചും പാത്തുമായി അവന്റെ ജീവിതം. നേരെ ചൊവ്വെ വീട്ടിൽപോലും അവന് വരാൻ പറ്റാണ്ടായി. കാലമല്ലേ, അത് ഉരുളുന്നതിന് ഒപ്പം മനുഷ്യനെ ഉരുട്ടുകേം ചെയ്യും.
ട്രീസാമ്മ വളരുന്നതിനൊപ്പം എന്റപ്പന്റെ മനസ്സിൽ കുറ്റബോധം വളർന്നു. ഒളിച്ചും പാത്തുമുള്ള ആമോസിന്റെ ജീവിതം അങ്ങോരെ വല്ലാണ്ട് വെഷമിപ്പിച്ച് കളഞ്ഞു. മനഃസ്താപം പിടിച്ചാ കിട്ടാത്ത പരുവത്തിലായപ്പോ ആമോസിനെ തപ്പി അപ്പൻ ഒരുദിവസം കാട് കേറി. ഞങ്ങടെ ട്രീസാമ്മക്ക് പതിനാറ് തികയുന്ന രാത്രിയാരുന്നത്. ആമോസിനേം കൂട്ടി വരാമെന്ന് പറഞ്ഞാണ് അപ്പൻ വീട്ടീന്ന് പോയത്. കഞ്ചാവ് തോട്ടത്തിൽ ചെന്ന് ആമോസിനെ കണ്ട അപ്പൻ തനിക്ക് പറ്റിയ അബദ്ധം അവന്റെ മുന്നിൽ കുമ്പസാരിച്ചു. വീട്ടിലാണെങ്കി അപ്പനും ആമോസും വരാതെ പിറന്നാൾ വാറ്റ് പൊട്ടിക്കുകേലന്ന വാശിയിൽ ട്രീസാമ്മ നിൽക്കുന്നു.
ഏതാണ്ട് പാതിരാ കഴിഞ്ഞ നേരം മുറ്റത്ത് നെഴലനക്കം കേട്ടു. നോക്കുമ്പ ഞങ്ങടപ്പന്റെ തലയും തൂക്കി ആമോസ് മുറ്റത്ത് നിൽക്കുന്നു. ന്യായം അവന്റെ ഭാഗത്താന്നറിഞ്ഞപ്പ ഞാനത് വിട്ടു. പക്ഷേ, ട്രീസാമ്മക്ക് അത് പൊറുക്കാൻ കഴിഞ്ഞില്ല. അപ്പനെന്ന് വെച്ചാ അവക്കത്ര ജീവനാർന്ന്. എന്റെ ചോരയല്ലേ ട്രീസ. അവളെ ഒറ്റയ്ക്കാക്കാൻ തോന്നിയില്ല. ഞാൻ അവളുടെ കൂടെ പോയി. അമ്മച്ചിയാണെങ്കി ആമോസിന്റെ കൂടെ നിന്നു. അവർക്കും അതല്ലേ പറ്റൂ. അങ്ങനെ തുടങ്ങിയ യുദ്ധമാ ഞങ്ങള്‍ തമ്മില്‍. രണ്ട് പെണ്ണുങ്ങള് തുടങ്ങി വെച്ച യുദ്ധം! കൊല്ലും, കൊലയുമടക്കം ഒന്നിന് ഒമ്പത് വെച്ച് പിന്നീടങ്ങോട്ട് പലതും ഞങ്ങൾക്കിടയിൽ നടന്നു. പക്ഷേ ഇതുവരെ അവന് എന്നെയോ, എനിക്ക് അവനെയോ ഒന്നിലും മറികടക്കാൻ പറ്റിയിട്ടില്ല. പറ്റുന്ന ദിവസം രണ്ടിലൊരാള്‍ തീർന്നിരിക്കും.’’ കഥ അത്രയുമായപ്പോൾ ആമോസ് കുളി കഴിഞ്ഞിറങ്ങുകയും തമ്പാൻ കുളിക്കാൻ കയറുകയും ചെയ്തു. പ്രാഞ്ചി കണ്ണ് മിഴിച്ചിരുന്നു.
5
ഇരുട്ട് നിറഞ്ഞ ഇടുങ്ങിയ മുറിയിൽ ഈഗിൾ ജെന്നി ചുരുണ്ട് കൂടിയിരുന്നു. പുറത്തെ ഇടനാഴിയിൽ ആളനക്കം. ഭക്ഷണം കൊണ്ടുവരുന്നതാവാം. അവൾ കണ്ണുംകാതും ഒരുപോലെ കൂർപ്പിച്ചു. കഴിഞ്ഞ രാത്രി ആരുംകാണാതെ ബാറിൽ നിന്നെടുത്ത സ്റ്റീൽ കത്തിയുമായി ഇരുട്ടിലൂടെ നീന്തി അവൾ വാതിൽക്കലേക്ക് ചെന്നു. ആരെ കൊന്നിട്ടായാലും വേണ്ടില്ല ഇന്ന് ഇവിടന്ന് രക്ഷപ്പെടണം. ജെന്നി തയാറായി നിന്നു. പക്ഷേ വാതിൽ തുറന്നതും അവളുടെ കണക്ക് കൂട്ടലുകൾ അപ്പാടെ തെറ്റിപ്പോയി. ഇടനാഴിയിൽ ശ്വാസം മുട്ടിനിന്ന വെളിച്ചം, ഇരമണത്ത പാമ്പിനെപ്പോലെ ആർത്തിപിടിച്ച് ഇരുണ്ട് കിടന്ന മുറിയിലേക്ക് തള്ളിക്കയറി.
പെട്ടെന്നുണ്ടായ വെളിച്ചക്കുത്തിൽ കണ്ണ് മിഞ്ചിയത് കൊണ്ട് വാതിൽ തുറന്ന ആളെ കുത്താൻ ജെന്നിക്ക് കഴിഞ്ഞില്ല. ആ സമയംകൊണ്ട് പോർക്ക് ഷാജിയുടെ ചവിട്ട് അവളുടെ അടിവയറ്റിൽ വീണു. കത്തിക്കൊപ്പം അവളും തെറിച്ച് പോയി. തെറിവിളിച്ചുകൊണ്ട് മുടിക്കുത്തിൽ പിടിച്ചുയർത്തിയ ഷാജി അവളുടെ ഇരുകരണത്തും മാറിമാറി അടിക്കുന്നത് കണ്ട് ചില്ല് ബാറിന്റെ മുതലാളി അംബാല കമ്മത്തും അയാളുടെ മകൻ ബിട്ടു കമ്മത്തും മുറിയിലേക്ക് വന്നു. അവരെ കണ്ട് ഷാജി അടി നിർത്തി. പ്രായം മുപ്പതുണ്ടെങ്കിലും അതിന് തക്കബുദ്ധിയില്ലാത്ത അരകിറുക്കനായ ഒരുത്തനാണ് ബിട്ടു കമ്മത്ത്. സംസാരത്തിൽ അൽപം കൊഞ്ഞയുമുണ്ട്. എങ്കിലും എവിടെ പോയാലും അംബാല കമ്മത്ത് മകനെ ഒപ്പംകൂട്ടും. അവൻ തന്റെ ഭാഗ്യമാണെന്ന് അയാൾ വിശ്വസിക്കുന്നു. ബിട്ടു ജനിച്ചശേഷമാണ് ഈ കാണുന്നതെല്ലാം കമ്മത്തിനുണ്ടായത്.
‘‘ഇങ്ങനെ പിണങ്ങി ഇരിക്കാതെ മോള് മേക്കപ്പ് റൂമിലേക്ക് ചെല്ല്. ഇന്നത്തെ കാബറേ സ്പെഷ്യൽ ഗസ്റ്റിനുള്ളതാ.’’ സിൽക്ക് ജൂബ്ബയുടെ പോക്കറ്റിൽനിന്ന് ചെറിയൊരു കുപ്പിയെടുത്ത് കമ്മത്ത് നീട്ടി. ‘‘മ്മടെ ഫാക്ടറില്‍ വാറ്റാ, പക്കാ മറയൂര്‍. മേല്‍ മുഴുക്കെ പൂശണം. പുലരും വരെ ആടാനുള്ളതാ.’’
‘‘എനിക്ക് മാത്തുക്കുട്ടിയെ കാണണം. എട്ട് മാസമായി ഞാനവനെ കണ്ടിട്ട്. അവനെ കാണിക്കാതെ ഞാനിനി കാബറേ ചെയ്യൂല്ല.’’ കുപ്പി വാങ്ങി ജെന്നി അരിശത്തോടെ തറയിലെറിഞ്ഞു. മുറിയിൽ ചന്ദനമണം നിറഞ്ഞു. ‘‘നിങ്ങളവനെ കൊന്നോ, ഇല്ലയോ എന്നെങ്കിലും എനിക്കറിയണ്ടെ?’’
കുനിഞ്ഞ്, തറയിൽ പരന്ന ചന്ദനതൈലത്തിൽ കൈകൾ മുക്കിയെടുത്ത അംബാല കമ്മത്ത് ജെന്നിയുടെ കവിളുകളിൽ മെല്ലെ മെല്ലെ തൈലം പുരട്ടി.
‘‘മാത്തുക്കുട്ടി ഇതുവരെ ചത്തിട്ടില്ല, പക്ഷേ, നീ ഇങ്ങനെ തുടങ്ങിയാ അവൻ ചാകും.’’ കഴുത്ത് ഞെരിച്ച് കമ്മത്ത് അവളെ ഭിത്തിയിൽ വെച്ചമർത്തി. ‘‘എന്നും പറയുന്നതെ ഇപ്പഴുമെനിക്ക് പറയാനുള്ളൂ. നീ കാബറേ മുടക്കുന്ന ദിവസംവരെ നിന്റെ മാത്തുക്കുട്ടി ജീവനോടെ ഉണ്ടാവും.’’
ജെന്നിയുടെ കണ്ണുകൾ തുറിച്ചുവരുന്നത് കണ്ട് ബിട്ടു കമ്മത്തിന് സങ്കടം തോന്നി. അവൻ അച്ഛനെ തടഞ്ഞു.
‘‘ബേണ്ടപ്പാ, പാബം സത്തു പോകും.’’
പോർക്ക് ഷാജിയുമായി അംബാല കമ്മത്ത് പുറത്തേക്കിറങ്ങി. അൽപനേരം ജെന്നിയെ നോക്കിനിന്നശേഷം വളരെ അപ്രതീക്ഷിതമായി ബിട്ടു അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു. എന്നിട്ട് നാണംകലർന്ന മുഖവുമായി അവൻ അംബാല കമ്മത്തിന്റെ പിന്നാലെ ഓടിപ്പോയി. ജെന്നി അമ്പരന്നു. വന്ന നാൾതൊട്ട് ഈ അരപ്പൊട്ടനെ കാണുന്നുണ്ടെങ്കിലും ഇതുപോലൊരു പെരുമാറ്റം ആദ്യമായാണ്. വെളിപാട് കിട്ടിയപോലെ അതുവരെ ഇല്ലാതിരുന്ന ഒരു വെളിച്ചം ഈഗിൾ ജെന്നിയുടെ കണ്ണുകളിൽ ആ നിമിഷം കണ്ടു. അവൾ മേക്കപ്പ് റൂമിലേക്ക് തിരക്കിട്ടു നീങ്ങി.
6
പ്രാഞ്ചിയുടെ മുറിയിലെ വീതിയുള്ള ജനൽക്കൽ ചുരുട്ട് വലിച്ച് ചില്ല് ബാറിലേക്ക് നോക്കിനിൽക്കുകയാണ് ആമോസും തമ്പാനും. സമയം ആറ് മണിയോട് അടുക്കുന്നു. പോക്കുവെയിലിൽ തിളങ്ങിയ ബാറിന്റെ കണ്ണാടി ചുമരുകളിൽ ഒരിക്കലും ലഹരി വറ്റാത്ത മദ്യംപോലെ മഞ്ഞയിലും ചുവപ്പിലും കുതിർന്ന് കായലോളങ്ങൾ പ്രതിബിംബിച്ച് കിടന്നു. റോസ് കോട്ടേജിൽ താമസമാക്കിയിരുന്ന മനുഷ്യരത്രയും ഇപ്പോൾ ബാറിന്റെ മുന്നിലുണ്ട്. പണമടങ്ങിയ ബാഗും കക്ഷത്തിൽ വെച്ച് കാബറേ കാണാൻ അനുവദിക്കപ്പെട്ട അമ്പതിലൊന്നാകാൻ തിക്കിത്തിരക്കുകയാണ് അവർ. ആദ്യമാദ്യം കൈയിൽ തടയുന്നവരെ എണ്ണം പറഞ്ഞ് ഗുണ്ടകൾ ബാറിന്റെ അകത്തേക്ക് തള്ളിവിടുന്നുണ്ട്. രാവിലെ ബോട്ടിൽ കണ്ട തടിയൻ ഒരു പ്രധാന ഗുണ്ടയാണെന്ന് അവർക്ക് മനസ്സിലായി. കാര്യങ്ങൾ അവനാണ് നിയന്ത്രിക്കുന്നത്.
കുറച്ച് മാറി ജീപ്പിലിരുന്ന് പൊലീസുകാർ ഇതൊക്കെ നിരീക്ഷിക്കുന്നുണ്ട്. പൊലീസ് ജീപ്പിനെ കൂടാതെ, പലതരം കാബറേ നർത്തകിമാരുടെ പോസ്റ്ററുകൾ പതിച്ച നാലഞ്ച് അനൗൺസ്മെന്റ് ജീപ്പുകൾ വേറെയും കിടപ്പുണ്ട്. കാബറേ നടത്തുന്ന നഗരത്തിലെ മറ്റ് ബാറുകാരുടെ പരസ്യവാഹനങ്ങൾ ആണത്. എല്ലാ വണ്ടിയുടെയും മുൻ സീറ്റിൽ സ്ത്രീശരീര വർണനകളടങ്ങിയ വഷളൻ വാക്കുകൾ വിളിച്ച് പറഞ്ഞുകൊണ്ട് ഓരോരുത്തർ ഇരിക്കുന്നു. ജീപ്പ് ഡ്രൈവർമാർ കാബറേ നോട്ടീസുമായി ആളുകൾക്കിടയിൽ പാഞ്ഞ് നടക്കുന്നു. പക്ഷേ, അവരെ ആരുമൊന്ന് ശ്രദ്ധിച്ചത് പോലുമില്ല. എല്ലാവർക്കും ജെന്നിയുടെ കാബറേ മതി. എണ്ണമെടുക്കുന്ന ഗുണ്ടകളുടെ കണക്കിൽ അമ്പതുപേർ തികഞ്ഞതും ചില്ല് ബാറിന്റെ പ്രധാന വാതിലടഞ്ഞു.
മാനേജറെന്ന് തോന്നിക്കുന്ന ഒരാൾ ജീപ്പിലേക്ക് നീട്ടിയ പണവും വാങ്ങി പൊലീസുകാർ പോയി. പുറത്താക്കപ്പെട്ട മുതലാളിമാരിൽ കടുത്ത നിരാശ ബാധിച്ച ചിലരൊഴിച്ച് ബാക്കിയുള്ളവർ കാബറേയുള്ള മറ്റ് ബാറുകളിലെ വണ്ടികളിൽ കയറിപ്പോയി. ബഹളം ശമിച്ചതും പ്രാഞ്ചിയെയും കൂട്ടി ആമോസും തമ്പാനും ചില്ല് ബാറിലേക്ക് ചെന്നു. ‘‘ഇനി എന്തൂട്ട് മൂഞ്ചാൻ പോകുവാ, അവന്മാര് ബാറടച്ചു.’’ പ്രാഞ്ചിയുടെ ചോദ്യം അവർ കേട്ടതായി ഭാവിച്ചില്ല. ഗുണ്ടകൾ തടയാൻ നോക്കിയെങ്കിലും ആമോസും തമ്പാനും അവരെ അടിച്ച് കശക്കി കളഞ്ഞു. രണ്ടാളുടെയും സ്വതഃസിദ്ധമായ വാശി അടിയിലും കണ്ടു.
തമ്പാൻ ഒരുത്തനെ മലർത്തി അടിച്ചാൽ ആമോസ് രണ്ടെണ്ണത്തിനെ മലർത്തി അടിക്കും. ആമോസ് ഒരു കൈ പിരിച്ച് ഒടിച്ചാൽ തമ്പാൻ രണ്ട് കൈ പിരിച്ച് ഒടിക്കും. പ്രധാന ഗുണ്ടയെന്ന് തോന്നിച്ചവനെ ഒഴിച്ച് ബാക്കിവന്ന മുഴുവൻ ഗുണ്ടകളെയും നിമിഷനേരംകൊണ്ട് ഒടിച്ചും ചതച്ചും അവർ കായലിലെറിഞ്ഞു. കൈകാലുകൾ അനക്കാനുള്ള സാവകാശംപോലും ഒരുത്തനും കിട്ടിയില്ല. പൂച്ചക്കുഞ്ഞിനെ എടുത്തെറിയുന്ന ലാഘവത്തോടെ മനുഷ്യരെ പെറുക്കി വെള്ളത്തിലിടുന്ന കാഴ്ച കണ്ട് പ്രാഞ്ചിക്ക് ശ്വാസം വിലങ്ങി. അടിയുടെ അവസാനം ഇരുകാലിലും പിടിച്ച് പ്രധാന ഗുണ്ടയായ തടിയനെ വലിച്ചിഴച്ച് ആമോസും തമ്പാനും ബാറിനകത്തേക്ക് നടന്നു. പ്രാഞ്ചി അവർക്ക് പിന്നാലെ ഓടി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.