അളവിൽ കൂടുതൽ ഇരുട്ട് വിരിക്കാനിരുന്ന രാവിന്റെ ആരംഭത്തിൽ, വിഷമുള്ളതും വിഷമില്ലാത്തതും ഒരു കെട്ടുവരമ്പിന്റെ അരികിലൂടെ പതിയെ നീങ്ങി. കാലങ്ങളായി പരിചയമുള്ളവരായതുകൊണ്ട് ഒരേ താളത്തിലും, വേഗത്തിലുമായിരുന്നു യാത്ര.
കൂടെ പിറന്നവരും പിറപ്പിച്ചവരും ഉദ്ദേശം, കൊല്ലൻപ്പറമ്പില് പാറ മറിഞ്ഞ് തോട് കീറുന്നേനും, ചാത്തപ്പൻ തെയ്യം ഇല്ലത്തുനിന്ന് ഇടന്തിരിഞ്ഞ് ഇറങ്ങുന്നേനും, ഇരുപതേക്കറില്‍ ഉരുള്‍ പൊട്ടുന്നേനും മുമ്പേ മാനവരാൽ മരണപ്പെട്ടവരായിരുന്നു.
പണ്ടൊരു ദൈർഘ്യം കുറഞ്ഞ പകലിന്റെ അവസാനം, പ്രദേശവാസികളുടെ മധ്യേ വിഷമില്ലാത്തതിന്റെ അമ്മയെ ഒതുക്കത്തിൽ കിട്ടുകയുണ്ടായി. പീത നിറത്തിൽ മുണ്ട് ചുറ്റിയ ഒരു സ്വാമി അതേ ദിശയിൽ ആ സമയം വന്നെത്തുകയും പ്രവൃത്തി തടയുകയുംചെയ്തു. വിഷമില്ലാത്തതിന്റെ അമ്മ മറ്റാരും കേൾക്കാത്ത തരത്തിൽ സ്വാമിയോട് സങ്കടം പറഞ്ഞു. ആദ്യ കാഴ്ചയിൽതന്നെ ഉരഗത്തിന് വിഷമില്ലെന്ന കാര്യം അദ്ദേഹം മനസ്സിലാക്കിയിരുന്നു.
മുമ്പ് പല പ്രതിഷ്ഠകളും നടത്തിയിട്ടുള്ള വഴക്കത്തിൽ ശിരസ്സ് പതിഞ്ഞൊരു കൽരൂപം കണ്ടെത്തി സമീപത്തു സ്ഥാപിച്ചു. നാഗശാപമെന്ന ഭയം പിന്നീട് വന്ന കാലത്ത് ഏവരെയും ഭയഭക്തിയുള്ളവരാക്കി മാറ്റി. ആ ദിവസം ജീവിതത്തിൽ ആദ്യമായി തീണ്ടാരിയായി, വീടിന്റെ പുറകുവശത്ത് ആലസ്യത്തോടെ ഇരുന്നിരുന്ന രാധാമണി, ഒരൊറ്റ വയലാണെന്നു തോന്നുന്ന തരത്തിൽ പരന്നുകിടന്നിരുന്ന കണ്ടവരമ്പിലൂടെ പീതനിറമാർന്നൊരു രൂപം നീങ്ങുന്നത് നോക്കിക്കണ്ടു.
തുടക്കം
‘‘നിന്റതിരക്കളി പാമ്പുംവളപ്പില് ബേണ്ടാന്ന് ഞാൻ കൊറേ പറഞ്ഞിന്. ഓന്റൊരു തീയിടല്‍. കുടുംബം വെച്ചക്കൂലാ അയിറ്റിങ്ങ.’’
അടിക്കാല് പൊള്ളി നിട്ടപ്രാണനെടുത്ത് തുള്ളുന്ന ജിഗേഷിനെയും, കോൾഗേറ്റ് കയ്യിലേക്ക് ഇറ്റിച്ച് ജിഗേഷിന്റെ കാലില്‍ പെരട്ടുന്ന ഓന്റോളെയും നോക്കി രാധാമണി കലമ്പി. ഉള്ളിലിരുണ്ടുകൂടിയ പേടിയില്‍ അവരുടെ കണ്ണ് നിറഞ്ഞു. ജിഗേഷിന്റോള് കോൾഗേറ്റ് പുരട്ടുന്നതിനോടൊപ്പം ‘‘എന്റേട്ടന് ഒന്നും വരുത്തല്ലേ മുത്തപ്പാ’’ എന്ന് പിറുപിറുത്തപ്പോൾ രാധാമണി ആന്തലോടെ മുറ്റത്തേക്ക് നോക്കി. ഇരുട്ടിയിട്ടില്ല. നിലാവുണ്ട്.
‘‘നല്ല ന് ലാവുണ്ട്. നീ വാ നമ്മക്ക് നാരായണൻ മൂസോറട്ത്ത് പോയിറ്റ് വരാ.’’
‘‘എന്റെ പൊന്ന് പെണ്ണുങ്ങളേ. നിങ്ങളൊന്ന് വായി പൂട്ട്. ഒരു മൂസ്സോറ്. ഞാൻ വണ്ടിയെടുത്തിറ്റ് ഗവണ്മെന്റാശൂത്രീല് പോയ്ക്കോളും. അവരെന്തെങ്കിലും ഓയിൽമെന്റ് തെരും.’’ പുകച്ചില്‍ സഹിക്കാതെ ഹൂശ് ഹൂശ് എന്നൊച്ചയുണ്ടാക്കിയിട്ട് ജിഗേഷ് പറഞ്ഞു.
‘‘ഈ കാലും കൊണ്ടാടാ നീ ബൈക്കെടുത്ത് പോന്നത്. ഈ പൊള്ളലും ബെച്ചിറ്റ് എനി അയിന്റെ കൂടെ കൊറവേയില്ലൂ. മൂസ്സോറ് തൊട്ടാ മതി പൊള്ളല്‍ ഒണങ്ങാൻ. ഗോയിന്നേട്ടന്റെ വളപ്പിലേക്കൂടെ കെള കീഞ്ഞ് പോവാ.’’ മുറ്റത്തെ അയലിലിട്ട വെള്ളമുണ്ട് നിർദാക്ഷിണ്യം കീറി രാധാമണി ജിഗേഷിന്റെ അടുത്ത് കുത്തിയിരുന്നു. കസേരക്ക് മുകളിൽ നീട്ടിെവച്ച കാല് ജിഗേഷ് മെല്ലെ താഴേക്ക് നീട്ടി. പൊള്ളിയതിനു ചുറ്റും തുണി വലിച്ചു കെട്ടുമ്പോൾ പുളയുന്ന ജിഗേഷിനെ കണ്ട് ഓന്റോള് കണ്ണ് തുടച്ചു.
‘‘വേം വാ. എന്റെ കൈമ്മ പിടിച്ചോ’’, രാധാമണി ജിഗേഷിനെ മുറ്റത്തേക്കിറങ്ങാൻ സഹായിച്ചു. ഞാനും കൂടി വരട്ടെ അമ്മേന്ന് ചോദിച്ച മരുമോളെ അവർ തടഞ്ഞു.
‘‘ബേണ്ടാ, നീ പൊറത്തായിറ്റ് ഇരിക്കുവല്ലേ. അച്ഛനോടിപ്പം ഒന്നും മിണ്ടണ്ട. ആടെ കെടന്നോട്ട്.’’
വീടിന്റെ പടിഞ്ഞാറെ മുറ്റത്തൂടെ ഇറങ്ങുമ്പോ രാധാമണി ജിഗേഷ് ചപ്പ് കൂട്ടി തീയിട്ടയിടത്തേക്ക് നോക്കി. സംശയിക്കാനൊന്നൂല്ലാ, അതിന്റെ വഴിതന്നെ. രാത്രിയും പകലും നോക്കാതെ അത് ഇഴയാറുള്ള വഴി.
‘‘അടുത്ത ആയില്യത്തിന് കയ്യത്തും പെരളശ്ശേരിയിലും മുട്ട തന്നേക്കാം. ഇത് പഴുത്ത് പോവാണ്ട് മാറ്റിത്തരണേ.’’ രാധാമണി ജിഗേഷിന്റെ കാല് നോക്കി.
‘‘ഞാനെന്റെ ഫോൺ എടുക്കാൻ മറന്നിറ്റൂ. ഈ നേർച്ച കൂട്ടുന്ന സമയത്ത് ഒന്നെന്റെ ഫോണെടുത്ത് തന്നാട്ടെ.’’ ജിഗേഷ് അമ്മയെ നോക്കി.
‘‘മിണ്ടാണ്ട് നടന്നോണം. ഓന്റൊരു ഫോണ്‍. ആ മൂസോറ് ആടെ ഉണ്ടാവണേന്നാ ബാക്കില്ലോള് ഉരുകുന്ന്.’’ രാധാമണി കണ്ണുരുട്ടി.
വേനലായതോണ്ട് വറ്റിവരണ്ട, മഴക്കാലമായാൽ ചളിപൂണ്ട് നടക്കാനാകാത്ത കെള കടന്ന് ഇനിയും ആർത്തവം നിലച്ചിട്ടില്ലാത്ത രാധാമണി ഏക മകൻ ഇരുപത്തിയെട്ടുകാരൻ ജിഗേഷിന്റെ കയ്യും പിടിച്ച് മൂസോറുടെ വീട്ടിലേക്ക് കേറുന്നത് കണ്ട് ജിഗേഷ് തീയിട്ട സ്ഥലത്ത് അന്നേ ദിവസം പോയിട്ടേ ഇല്ലാത്ത വിഷമുള്ളത് തന്റെ വിഷമില്ലാത്ത ചങ്ങാതിയെ നോക്കി ചിരിച്ചു.
‘‘ശരിക്കും അത് നമ്മള് പോന്ന പെരിയയാന്നോ ചങ്ങാതീ..?’’ വിഷമുള്ളത് ആരാഞ്ഞു.
‘‘എവിടന്ന്..?’’ വഴുവഴുപ്പുള്ള ചങ്ങാതിയുടെ പുറത്ത് കേറി കിടക്കുകയായിരുന്ന വിഷമില്ലാത്തത് നാക്ക് നീട്ടി.
‘‘ആ പെരിയക്ക് പോകാഞ്ഞിട്ട് നാള് കൊറേയായി. അല്ലെങ്കി തന്നെ വെയില് മൂത്ത് നിക്കുന്ന കാലത്ത് ഈ കെളച്ചോട്ട് വിട്ട് പോയാ ചൂടുകൊണ്ട് ചാവൂലേ..?’’
‘‘പിന്നെന്തിനാ രാധാമണി നമ്മള് കോപിച്ചതാന്നൊക്കെ പറയ്ന്നെ..?’’ വിഷമുള്ളത് കഴുത്ത് പൊന്തിച്ചു.
‘‘അത് രാധാമണീടെ വിശ്വാസം. ആർക്കെന്താ വിശ്വസിച്ചൂടാത്തത്. രാധാമണിക്ക് കോട്ടത്തമ്മേനെ വിശ്വാസൂലാ... പേടീം ഇല്ല. പക്ഷെങ്കി നമ്മളെ പേടിയാന്ന്.’’
‘‘ഈ പേടി പണ്ടേയുണ്ടാ..?’’
‘‘രാധാമണിക്ക് തീണ്ടാരിയായപ്പോ തൊട്ട് പേടീണ്ട്. ഓളെ അമ്മ സൂക്കേട് വന്ന് ചത്തേരും അച്ഛൻ തെങ്ങുമ്മന്ന് വീണ് ചത്തേരും, ഒടുക്കം പുരുവൻ സുകുമാരൻ തളർച്ച വന്ന് കെടപ്പിലായപ്പൂം ഓള് വിചാരിച്ചത് നമ്മളെ ശാപാന്നാ...’’
‘‘അതിനെന്താ ചങ്ങാതി കാരണം...’’ വിഷമുള്ളത് ഒച്ച കുറച്ചു.
‘‘കാരണമുണ്ട്. പണ്ട് ഓള് തീണ്ടാരിയായപ്പോ അടീലുടുത്ത തുണി അലക്കാണ്ട് വളപ്പിലേക്ക് വലിച്ചെറിഞ്ഞിറ്റു. അതിന്റെ പിറ്റേന്ന് തൊട്ട് ആടെ ചൊറിച്ചില്‍ തൊടങ്ങി. ചൊറിഞ്ഞ് പുണ്ണായേരം ഓളമ്മ പറഞ്ഞു. തുണീന്റെ മീതേക്കൂടി പാമ്പ് പോയെന്റെ ശാപാന്ന്...’’
ഇരുട്ടത്തും വിഷമുള്ളതിന്റെ മുഖം തിളങ്ങി. എന്തൊക്കെ തരം വിശ്വാസങ്ങളാ മണ്ണില്‍ എന്ന് ചോദിക്കാൻ വാ വഴങ്ങിയെങ്കിലും വേണ്ടാന്ന് െവച്ചുകൊണ്ട് താൻ ചോദിക്കാൻ വന്നത് മുഴുവനാക്കി.
‘‘അല്ല ചങ്ങാതീ, ഈ സന്ധ്യയ്ക്ക് ആ ചെക്കന്റെ കാല് പൊള്ളിയത് എന്തിനാരിക്കും..?’’
വിഷമില്ലാത്തത് മൂസ്സോറുടെ വീടിന്റെ കുറ്റ്യേരത്ത് ഇരിക്കുന്ന രാധാമണിയെയും മോനെയും നോക്കി ചിരിച്ചു. മൂസ്സോറ് മരുന്ന് എടുക്കുന്നതും കാലിൽ പുരട്ടുമ്പോൾ ജിഗേഷ് അമ്മയുടെ കയ്യിൽ മുറുക്കെ പിടിച്ച് വേദന കടിച്ചമർത്തുന്നതും മൂസ്സോറുടെ അത്രയും വയസ്സായിട്ടില്ലാത്ത രണ്ടാം ഭാര്യ തൊഴുത് പിടിച്ച് നിൽക്കുന്നതുമൊക്കെ കണ്ടു.
‘‘ഓരോ വിത്ത് മൊളക്കുന്നേനും ഓരോ കാരണമില്ലേ ചങ്ങാതീ...’’ തല തിരിച്ച് വിഷമുള്ളതിനെ നോക്കിക്കൊണ്ട് അത് പറഞ്ഞു. ചങ്ങാതി പറഞ്ഞതിന്റെ പൊരുളറിയാതെ വിഷമുള്ളത് അന്തിച്ചു പോയി.
‘‘ജിഗേഷിന്റെ കാല് പൊള്ളിയതും, മൂസ്സോറ കാണാൻ വന്നതും, ഇനി ഒരിക്കല്‍ കൂടി വെരാൻ പോവുന്നതുമൊക്കെ പണ്ടേ മണ്ണില്‍ എഴുതി വെച്ച കാര്യല്ലേ ചങ്ങാതി...’’
‘‘ഇനീം വെരാനോ? എന്തിന്..?’’ വിഷമുള്ളത് സംശയിച്ചു.
‘‘മൂസ്സോറും ഓന്റെ അച്ഛനും തമ്മില്‍ ഒരു കണക്കുണ്ട്. അത് തീർക്കാൻ.’’
പറഞ്ഞു തീരും മുമ്പ് തന്റെ ചങ്ങാതി ഇനിയും സംശയങ്ങൾ ഉന്നയിക്കാൻ സാധ്യതയുണ്ടെന്ന് അറിയുന്നതുകൊണ്ട് വിഷമില്ലാത്തത് പതിയെ മാളത്തിലേക്ക് നീങ്ങി. അമ്മയും മകനും പോയിട്ടേ ഞാൻ മാളത്തിലേക്ക് വരൂ എന്ന് ചങ്ങാതിയോട് പറഞ്ഞെങ്കിലും വിഷമുള്ളതിന് ജിഗേഷിന്റെ ഭാര്യയുടെ അവസ്ഥ അറിയാൻ കൗതുകം തോന്നി. ചങ്ങാതിയെയും രാധാമണിയെയും മോനെയും വിട്ട് വിഷമുള്ളത് മിന്നൽവേഗത്തിൽ കെള കേറി രാധാമണീടെ വീട്ടിലേക്ക് നീങ്ങി.
പോവുന്ന വഴിക്ക് പണി കഴിഞ്ഞ് വരുന്ന രണ്ടുമൂന്ന് ആണുങ്ങളുടെ കണ്ണിൽപെടാതെ മാച്ചിപ്പട്ടക്ക് ഉള്ളിലേക്ക് ഒളിച്ചു. അവര്‍ പോയെന്നുറപ്പിച്ചപ്പോൾ വീണ്ടും ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു.
സംഭാഷണം
വിഷമുള്ളത് രാധാമണിയുടെ വീടിന്റെ ചേതിയിലൂടെ ഇഴഞ്ഞു. തൽക്കാലം സുകുമാരന്റെ ജനൽക്കീഴിൽ പതിയിരിക്കാമെന്ന് കരുതി. ഇരുപത് കൊല്ലത്തോളമായി സുകുമാരന്‍ തളർച്ച തുടങ്ങിയിട്ടെന്ന് അതിനറിയാം. കിടപ്പിലല്ല, പക്ഷേ ദേഹമനങ്ങി പണിയെടുക്കാൻ പറ്റില്ല. അര മണിക്കൂറിൽ കൂടുതൽ ഇരിക്കാൻ പറ്റില്ല. കയ്യും കാലും തളർന്ന് തുടങ്ങും. കിടക്കും. ഇക്കണ്ട കാലമത്രയും സകലയിടത്തും കാണിച്ചു. ഒരു ഫലവുമില്ല.
കാരണം കണ്ടുപിടിക്കാൻപോലും ആർക്കും കഴിഞ്ഞിട്ടില്ല. അത്യാവശ്യം പറമ്പും വയലും പിന്നെ രാധാമണീടെ അംഗനവാടി ജോലിയുമുള്ളതുകൊണ്ട് ജീവിതം വഴിമുട്ടിയില്ല. ഒരേയൊരു മകൻ പഠിച്ച് എവിടെയെങ്കിലും എത്തുമെന്ന് കരുതിയെങ്കിലും അവനൊരു ബസ് ഡ്രൈവറായി ഒതുങ്ങി. സുകുമാരന്‍ മരപ്പണിയായിരുന്നു. ഇപ്പോൾ മരംപോലെ അനങ്ങാനാകാത്ത തന്റെ ശരീരത്തെ ചൊല്ലി വേവലാതിപ്പെടലാണ് ഓരോ നിമിഷവും.
സുകുമാരനും മരുമോളും തമ്മിലുള്ള വർത്തമാനത്തിലേക്ക് വിഷമുള്ളത് ചെവിയോർത്തു.
‘‘ഓന്റെ കാല് നല്ലോണം പൊള്ളീനാ മോളേ..?’’
‘‘ഇല്ലച്ചാ, അടിക്കാല് മാത്രം. പേടിക്കാനൊന്നൂല്ല.’’
‘‘എന്നാലും ഈ സന്ധ്യയ്ക്ക് ഓനെന്തിനാ കാട് കത്തിക്കാൻ കീഞ്ഞിന്.’’
‘‘.....’’
അതിന് മറുപടി കേൾക്കാഞ്ഞപ്പോൾ ജിഗേഷിന്റെ ഭാര്യ എന്തോ ഒളിപ്പിക്കുന്നുണ്ടെന്ന് വിഷമുള്ളതിന് തോന്നി. അതെന്താണെന്ന് തല പുകക്കും മുന്നേ വർത്താനം തുടർന്നു.
‘‘ആശുപത്രീല് പോയിറ്റ് വെരാൻ ഇത്രേം നേരം വേണാ മോളേ...’’
‘‘ആശുപത്രീലല്ല അച്ചാ. മൂസ്സോറെ അടുത്തേക്കാ പോയിന്.’’
‘‘അതെന്തിനാ ഓന്റട്ത്ത് പോയിന്..?’’
‘‘അമ്മ പറഞ്ഞിറ്റ്.’’
‘‘നായിന്റെ മോള്. എന്റെ ചെക്കന ഓള് കൊല്ലിക്കും. ഓൻ കള്ള വൈദ്യനാന്ന്. ഒരു മൂസ്സോറ്. ഓനെ വിളിക്ക് മോളേ. ഓന്റെ മരുന്ന് വാങ്ങാണ്ട് വെരാൻ പറ.’’
‘‘ഏട്ടൻ ഫോൺ എടുത്തിറ്റ.’’
‘‘നരകം... ഓൻ വന്നാ മരുന്ന് ഒന്നും തിന്നാൻ ബിടണ്ട. ഓൻ ചതിക്കും, ആ നാരാണൻ. ബിശ്വസിക്കറ് കൈസാടിന.’’
‘‘അച്ഛനും അയാളും ബെല്ല്യ കൂട്ടുകാരാരുന്നൂന്ന് കേട്ടിനല്ല... ഏട്ടനേം അനിയനേം പോലെയാന്ന്. എന്നിറ്റാ ഇങ്ങന പറയ്ന്ന്..?’’
അതിന് മറുപടി എന്തായിരിക്കുമെന്ന് കാത്തിരുന്ന വിഷമുള്ളതിനെ നിരാശപ്പെടുത്തി ജിഗേഷിന്റെ ഭാര്യക്ക് ഫോൺ വരികയും ഫോണുമെടുത്ത് അവൾ പുറത്തേക്കിറങ്ങുകയും സംഭാഷണം മുറിയുകയുംചെയ്തു. സുകുമാരൻ ചുമക്കുന്നതിന്റെയും കട്ടിലിന്റെ താഴെ കോളാമ്പി നിരങ്ങുന്നതിന്റെയും കാർക്കിച്ചു തുപ്പുന്നതിന്റെയും ഒച്ച കേട്ടപ്പോൾ ഇനിയിവിടെ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായി അത് വന്ന വേഗത്തിൽ തിരിച്ചുനീങ്ങി.
ഇതേസമയം വിഷമില്ലാത്തത് തന്റെ മാളത്തിൽ മണ്ണിലൊട്ടി കിടന്ന് സുകുമാരന്റെയും നാരായണന്റെയും കൂട്ടുകെട്ടും, അമ്പലപ്പറമ്പിൽ കൊടുങ്ങല്ലൂര്‍ നിന്നുള്ള നാടകക്കാര് കളിച്ച നാടകവും, അതേതുടർന്ന് സുകുമാരന്റെയും നാരായണന്റെയും ജീവിതത്തിലുണ്ടായ സംഭവങ്ങളെയും സർവതിനും മീതേ നാരായണന്റെ മോള് സീതയെയും കുറിച്ച് ഓർക്കുകയായിരുന്നു.
ഭൂതകാലം
ഇരുപത്തിയൊന്ന് കൊല്ലം മുമ്പാണ്. അന്ന് സുകുമാരൻ രാധാമണിയെ കല്യാണം കഴിച്ചിട്ടുണ്ട്. ജിഗേഷ് ജനിച്ചിട്ടുമുണ്ട്. നാരായണനും സുകുമാരനും തമ്മിൽ പതിനാറ് വയസ്സിന്റെ വ്യത്യാസമുണ്ട്. സുകുമാരന്‍ നാരായണൻ ഏട്ടന്റെ സ്ഥാനത്താണ്. നാരായണനാണെങ്കിൽ വൈദ്യരായിരുന്ന അച്ഛന്റെ മരണശേഷം ആ സ്ഥാനം ഏറ്റെടുത്ത് നാട്ടിലെ കൈപ്പുണ്യമുള്ള വൈദ്യരായി മാറിയിരുന്നു.
ഏതസുഖത്തിനും നാരായണനെ കണ്ടാൽ മതിയെന്നായിരുന്നു അവസ്ഥ. അസുഖം മാറ്റാൻ മാത്രമല്ല, സുഖം കൊടുക്കാനും നാരായണന് കൈപ്പുണ്യം കൂടുതലാണെന്ന് സന്തതസഹചാരിയായ സുകുമാരന്‍ അറിയാമായിരുന്നു. ഒരുദിവസംതന്നെ പലതവണ താനും ഭാര്യയും ബന്ധപ്പെടാറുണ്ടെന്നും, ദിവസം മുഴുവൻ ബന്ധപ്പെട്ടാലും തനിക്ക് തളർച്ച തോന്നില്ലെന്നും നാരായണൻ പറയുമ്പോഴൊക്കെ കിടപ്പറയിൽ നിന്നും നിരാശയോടെ എഴുന്നേറ്റ് പോകുന്ന രാധാമണിയെ ഓർത്ത് സുകുമാരന്‍ ജാള്യത തോന്നും.
നാരായണന്റെ സുന്ദരിയായ ഭാര്യയെയും അതിനേക്കാൾ സുന്ദരിയായ മോളെയും ഓർത്ത് അസൂയ തോന്നും. എന്തിന്, തന്റെ കണ്ണേറിന്റെ ഫലമായാണ് അത്രയും ചെറുപ്പത്തിൽ തന്നെ ഒരൊറ്റ രാത്രിയിലെ നെഞ്ചുവേദനയിൽ നാരായണന്റെ ഭാര്യ മരിച്ചതെന്നു പോലും സുകുമാരൻ സംശയിച്ചിട്ടുണ്ട്.
ഭാര്യയുടെ മരണശേഷം നാരായണൻ വാടിയതിന്റെ കാരണവും സുകുമാരന്‍ വ്യക്തമായിരുന്നു. ആ വാട്ടം മാറ്റാനാണ് അക്കൊല്ലം അമ്പലപ്പറമ്പില്‍ കൊടുങ്ങല്ലൂരുകാരുടെ നാടകം ഉണ്ടെന്നറിഞ്ഞപ്പോൾ നാരായണനെയും കൂട്ടി മനോഹരന്റെ വാറ്റ്പുരയിലോട്ട് പോയതും കണക്കില്ലാതെ ചാരായം കുടിപ്പിച്ചതും അമ്പലവളപ്പിലോട്ട് കൊണ്ടുപോയതും. നാടകം കാണാൻ ഇരിക്കുമ്പോഴും അവർക്കറിയില്ലായിരുന്നു ആ നാടകമാണ് പിന്നീടങ്ങോട്ടുള്ള കഥയുടെ ഗതി മാറ്റാൻ പോകുന്നതെന്ന്.
ശവമൂർച്ഛ
അമ്പലത്തിന്റെ താഴെ ഭാഗത്ത് മൂർച്ചയില്ലാത്ത കണ്ടത്തിലായിരുന്നു നാടകത്തിന്റെ സ്റ്റേജ്. ഉത്സവം തുടങ്ങാൻ പുലർച്ചെയാകും. അന്നദാനം പത്തുമണിയോടെ തീരുമെന്നും പതിനൊന്ന് മണിക്കു ശേഷം നാടകം തുടങ്ങുമെന്നും കമ്മിറ്റിക്കാർ അറിയിച്ചപ്പോൾ ലുങ്കിയും പായയും പത്രവുമായി പെണ്ണുങ്ങൾ കണ്ടത്തിലേക്കോടി. പതിനൊന്ന് മണിയായപ്പോഴേക്കും കണ്ടത്തിൽ കെട്ടിയ ട്യൂബുകളിൽ പകുതി അണയുകയും സ്റ്റേജിൽ നാടകത്തിന്റെ വെളിച്ചം തെളിയുകയുംചെയ്തു.
‘‘വേദിയിൽ കൊടുങ്ങല്ലൂർ രംഗകല അവതരിപ്പിക്കുന്നു, നാടകം -ശവമൂർച്ഛ’’ എന്ന അനൗൺസ്മെന്റ് ഒച്ചത്തിൽ മുഴങ്ങുമ്പോൾ കയ്യടിച്ചവരുടെ കൂട്ടത്തിൽ നാരായണന്റെ മകൾ സീതയും ഉണ്ടായിരുന്നു. അമ്മ മരിച്ചതിൽ പിന്നെ വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടിയ സീതയെ കൂട്ടിയിട്ട് വന്നത് കൂട്ടുകാരി ദീപയാണ്. നാടകം തുടങ്ങിയപ്പോൾ പക്ഷേ ദീപയെക്കാൾ ആകാംക്ഷയോടെ സീത ഇരുന്നു.
ജന്മിവ്യവസ്ഥയിൽ തുടങ്ങിയ നാടകത്തിന്റെ അവസാനരംഗം ഒരു സ്ത്രീയുടെ ശവം അടക്കംചെയ്യാൻ കൊണ്ടുപോകുന്നതും, ശവം അടക്കം ചെയ്യുന്നതിന് മുമ്പ് ചുടുകാട്ടിൽ െവച്ച് ഒരാൾ ശവത്തിനെ ഭോഗിക്കുന്നതുമായിരുന്നു. ആണുങ്ങളും പെണ്ണുങ്ങളും ഒരേപോലെ ശ്വാസമടക്കിപ്പിടിച്ചപ്പോൾ സീത മാത്രം വിതുമ്പി.
‘‘നാടകം കണ്ടിറ്റാ കരീന്ന്..?’’ ദീപ ചോദിച്ചു.
‘‘അല്ല.’’ സീത പറഞ്ഞു.
‘‘പിന്നെ..?’’
‘‘എന്റെ... എന്റെ അച്ഛനും ഇങ്ങനാരുന്നു...’’ നാടകം അവസാന മണി മുഴങ്ങിയതോടൊപ്പം സീത പറഞ്ഞു.
‘‘എങ്ങനെ..?’’ ദീപക്ക് മനസ്സിലായില്ല.
‘‘അമ്മ മരിച്ചുകിടന്നപ്പോ, ഞാൻ കണ്ടതാ. അച്ഛനിതുപോലെ അമ്മേടെ മുണ്ട് അഴിച്ചിറ്റ് ഇങ്ങനെ ചെയ്യുന്നത്...’’ സീത മുഖം പൊത്തി കരഞ്ഞു.
നാടകത്തിന് കർട്ടൻ വീണു. അമ്പലത്തിൽ ചെണ്ട കൊട്ടി. ഉത്സവം തിടമ്പേറ്റി. പന്ത്രണ്ട് വയസ്സുകാരി സീതയും പതിനേഴു വയസ്സുകാരി ദീപയും ഒന്നിച്ച് അമ്പലത്തിലേക്ക് നടന്നു. സീത കരയുകയും ദീപ ആ രംഗം കണ്മുന്നിൽ കാണാൻ ശ്രമിക്കുകയുംചെയ്തു.
പിറ്റേന്ന്, വളരെപ്പെട്ടെന്ന് സീത പറഞ്ഞ രഹസ്യം നാടറിഞ്ഞു. നാരായണൻ വൈദ്യർ ഇത്തരക്കാരനായിരുന്നോ എന്ന് നാട്ടുകാർ അതിശയിച്ചു. നാണമില്ലാത്തോൻ എന്ന് തുപ്പിയാട്ടി. മരിച്ചുപോയ അയാളുടെ ഭാര്യയെ ഓർത്ത് പെണ്ണുങ്ങളിൽ ചിലർ കരഞ്ഞു.
ഒരൊറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ നാരായണൻ വൈദ്യർ നാട്ടിൽ മോശക്കാരനായി. അത് തീർക്കാൻ മനോഹരന്റടുത്തു പോയി ചാരായം ചങ്ക് കലങ്ങുന്നത് വരെ കുടിച്ച് വീട്ടിലെത്തിയ നാരായണൻ കണ്ടത് പേടിച്ച് വിറച്ച് ഇരിക്കുന്ന സീതയെയാണ്. കണ്ണ് ചോപ്പിച്ച് നാരായണൻ ഇറയത്തൊട്ടാകെ പരതി. കണ്ണിലൊരു കയറ് തടഞ്ഞു.
ഒരൊറ്റ വലി, ഒരൊറ്റ കെട്ട്. വീടിന്റെ മുറ്റത്തെ തൂണില്‍ പറ്റിച്ചേർന്ന് സീത നിന്നു. അനങ്ങാൻപോലും പറ്റാത്ത രീതിയില്‍ നാരായണൻ കയറ് മുറുക്കിയിരുന്നു. മരുന്ന് കാച്ചുന്ന വലിയ ഉരുളിയിൽ നാരായണൻ ഓല തിരുകി. വിറകും ചേരിത്തുണ്ടും തിരുകി തീ കൂട്ടി. തീ ആളുന്നതിന് മുമ്പേ സീതയുടെ കാലിന്റെ ചോട്ടില് ഉരുളി കൊണ്ട് വച്ചു. മരങ്ങളും പക്ഷികളും വരെ രംഗം കാണാനാകാതെ കണ്ണ് പൊത്തി. കൃത്യം പാദസരം വരെ സീതയുടെ രണ്ട് കാൽപാദവും തീയില്‍ വെന്തു.
ഭൂമി വിറപ്പിച്ച ഒച്ചയില്‍ അലറിയ സീത ഒടുക്കം ബോധം കെട്ട് ചാഞ്ഞു. അപ്പോഴാണ് നാരായണൻ ഉരുളി മാറ്റിയത്. മൂന്നു ദിവസം സീത നരകിച്ചു. നാലാം ദിവസം രാത്രിയില്‍ വേദന സഹിക്കാനാകാതെ സീത കിണറ്റിലേക്ക് തുള്ളിയതിനുശേഷമാണ് സുകുമാരൻ നാരായണനുമായുള്ള ബന്ധം ഉപേക്ഷിച്ചത്. നാരായണനാവട്ടെ എല്ലാ കുറ്റവാളികളെയുംപോലെ കുറച്ചുകാലം വീട്ടിൽ അടച്ച് പൂട്ടിയിരുന്നു.
സീതയുടെ കാല് പൊള്ളിയതെങ്ങനെയാണെന്ന് സുകുമാരനൊഴികെ മറ്റാർക്കും അറിയാത്തതുകൊണ്ട് നാരായണന്റെ പഴയ കഥ നാട്ടുകാർ മനഃപൂർവം മറക്കുകയും, മകളും ഭാര്യയും ഇല്ലാതായതിൽ നാരായണനെയോർത്ത് വിഷമിക്കുകയും, രണ്ട് വർഷം കഴിഞ്ഞപ്പോൾ മറ്റൊരു സുന്ദരിയായ ഭാര്യയെ നാരായണന് കിട്ടുകയുംചെയ്തു.
സുകുമാരനാവട്ടെ നാരായണന്റെ ആണത്തത്തിൽ അസൂയ കൊള്ളുകയും തന്റെ കഴിവില്ലായ്മയിൽ ലജ്ജ തോന്നുകയും ചെയ്തു. അധിക കാലം കഴിയും മുന്നേ ശരീരം തളരുകയും ഒരുതരത്തിലും ശരീരസുഖം അനുഭവിക്കാൻ കഴിയാതെ വരുകയുംചെയ്തു.
ആവർത്തനം
വിഷമില്ലാത്തത് പഴയ കഥകൾ ഓർത്തെടുക്കുമ്പോഴേക്കും വിഷമുള്ളത് മാളത്തിലേക്ക് കയറിയിരുന്നു.
‘‘അമ്മയും മോനും തിരിച്ചുപോയി.’’ ചങ്ങാതിക്ക് അറിയിപ്പ് നൽകി.
‘‘മോൻ തിരിച്ചു വരും.’’ വിഷമില്ലാത്തത് മണ്ണിലേക്ക് ഉരുണ്ടുകൊണ്ട് പറഞ്ഞു.
‘‘എപ്പോൾ..?’’
‘‘രണ്ട് ദിവസം കഴിഞ്ഞ്.’’
‘‘എന്തിന്..?’’
‘‘ആവർത്തനം...’’
‘‘എന്ത്..?’’ വിഷമുള്ളത് കുഴങ്ങി.
വിഷമില്ലാത്തത് തലകുടഞ്ഞ് വിഷമുള്ളതിനെ നോക്കി.
‘‘ജിഗേഷിന്റെ കല്യാണം കയിഞ്ഞിറ്റ് രണ്ട് മാസായി.’’
അതെനിക്കറിയാമെന്ന് വിഷമുള്ളത് തലയാട്ടി.
‘‘അവരിന്നേ വരെ ഇണ കൂടീട്ടില്ല.’’
‘‘അതെന്തേ..?’’ വിഷമില്ലാത്തത് തല പൊന്തിച്ചു.
‘‘ഓന്റച്ഛന്റെ അതേ സൂക്കേട് തന്നെ... തളർച്ച.’’ വിഷമില്ലാത്തത് ഉറക്കെ ചിരിച്ചു. വിഷമുള്ളതിന് ചിരി വന്നില്ല.
കളവ്
പിറ്റേദിവസം ചങ്ങാതിമാർ കെളക്ക് താഴെ ചപ്പിന്റുള്ളില് പതുങ്ങിയിരുന്ന് തിന്നാൻ വല്ലതും കിട്ടുമോന്ന് നോക്കുമ്പോൾ, ജിഗേഷ് നാരായണൻ മൂസ്സോറുടെ വീട്ടിലേക്ക് നടക്കുന്നത് വിഷമുള്ളത് കണ്ടു.
‘‘ഓനെങ്ങോട്ടാ..?’’
‘‘അങ്ങോട്ട്...’’ വിഷമില്ലാത്തത് മൂസ്സോറുടെ വീടിന് നേരെ നോക്കി.
‘‘എന്തിന്..?’’
‘‘ഒരാഗ്രഹം നടത്തിക്കാൻ...’’
‘‘ഓനെന്ത് ആഗ്രഹാ..?’’
‘‘ഓന്റെയല്ല.’’
‘‘പിന്നെ..?’’
‘‘ആ കെരണ്ടിന്റാത്ത് ഒരാള്‍ ഇല്ലേ, അയാടെ ആഗ്രഹം.’’ വിഷമില്ലാത്തത് മൂസ്സോറുടെ വീട്ടിലെ കപ്പിയും കയറുമില്ലാത്ത കിണറ്റിലേക്ക് നോക്കി. പാതി ഇടിഞ്ഞുതാഴ്ന്ന കിണറിന് നേരെ വിഷമുള്ളതും തല ഉയർത്തി.
ജിഗേഷ് മൂസ്സോറുടെ വീടിന്റെ ബെല്ലടിക്കുന്നതും വാതിൽ തുറക്കാതെയായപ്പോൾ കാത്തുനിൽക്കുന്നതും കുറച്ചുകഴിഞ്ഞ് അടുക്കളപ്പുറത്തേക്ക് നടക്കുന്നതും, തിരിച്ചുവന്ന് വേഗത്തിൽ കെള ഇറങ്ങി വീട്ടിലേക്ക് ഓടുന്നതും ചങ്ങാതിമാർ നോക്കിനിന്നു.
‘‘ഇനി കഥേടെ തിരി രാധാമണി കൊളുത്തും.’’ വിഷമില്ലാത്തത് പറഞ്ഞു. വിഷമുള്ളതിന് ഒന്നും പിടികിട്ടിയില്ല. മനസ്സിലായില്ലെന്ന് തല തിരിച്ചപ്പോൾ അത് ഗൗനിക്കാതെ വിഷമില്ലാത്തത് മാളത്തിലേക്ക് ഇഴഞ്ഞു.
രാധാമണി
ജിഗേഷിന്റെ മുറിയുടെ മുന്നിലൂടെ നടന്നപ്പോൾ മൂസ്സോറുടെ പേര് കേട്ട് നിന്ന് പോയതാണ് രാധാമണി.
‘‘മൂസ്സോറ് അറിഞ്ഞാ നിങ്ങള ബെച്ചക്കോ..?’’
‘‘അയിന് അയാള്‍ എങ്ങന അറിയാനാ... അയാള്ടെ അടുക്കളക്ക് പൂട്ടില്ലാന്ന് മുന്നേ ആശാരി പറഞ്ഞ ഓർമ്മേലാ ഞാൻ നോക്കിയേ.’’
‘‘അതിന് ഈ മരുന്ന് അയിന്റെ തന്നെയാന്ന് നിങ്ങക്ക് എങ്ങനാ ഒറപ്പ്?’’
‘‘എന്റെ സൗമ്യേ... അയാക്ക് വയസ്സ് എത്രയായീന്ന് അറിയോ..? എന്നിറ്റും ഇപ്പോം കുതിരയാന്നാ നാട്ടാര് പറയ്ന്ന്. മരുന്ന് ഇതെന്ന്യാന്ന്. അതോണ്ടല്ലേ പൂജാമുറീല് അയാളിത് ഒളിപ്പിച്ചുവച്ചിന്. ഇതെന്തോ നെയ്യാന്ന്. ഏത് ഒച്ചിനെയും കുതിരയാക്കുന്ന നെയ്യ്. വേണ്ടും വിധം സേവിച്ചാ മതി. നമ്മക്കും ആ സുഖം അറിയണ്ടേ മോളേ..?’’
മരുന്നിന്റെ രഹസ്യം രാധാമണിയുടെ ഉറക്കം കെടുത്തി. രാത്രി മുഴുവൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുമ്പോ സ്വന്തം ശരീരത്തിനോടും, ഇഷ്ടാനുസരണം അനങ്ങാൻ കഴിയാത്ത ഭർത്താവിനോടും അവർക്കൊരേപോലെ കൊതി തോന്നി. പിറ്റേന്ന് രാവിലെ മോനും മരുമോളും പുറത്തുപോയ നേരം നോക്കി മരുന്നിൽനിന്ന് അൽപം എടുത്ത് മറ്റൊരു കുപ്പിയിലേക്ക് മാറ്റുമ്പോൾ അവർ മണത്തു നോക്കി.
‘‘നല്ല അസ്സല് നെയ്യാന്ന്...’’ അവർ പ്രതീക്ഷയോടെ അതുമെടുത്ത് മുറിയിലേക്ക് പോയി.
ഒടുക്കം
വിഷമുള്ളതും വിഷമില്ലാത്തതും രാധാമണിയുടെ മുറിയുടെ ജനാലക്ക് താഴെ കിടന്നു. അകത്ത്, കുപ്പി തുറക്കുന്നതിന്റെയും ഇത് കഴിച്ചുനോക്കെന്ന് രാധാമണി നിർബന്ധിക്കുന്നതിന്റെയും പിന്നാലെ സുകുമാരൻ മരുന്ന് കഴിച്ചു എന്ന് ബോധ്യപ്പെട്ടപ്പോൾ വിഷമില്ലാത്തത് വാലുകൊണ്ട് നിലത്ത് രണ്ടുതവണ തല്ലി മാളത്തിലേക്ക് മടങ്ങിപ്പോകാൻ ഒരുങ്ങി.
‘‘എനിക്കൊന്നും മനസ്സിലായില്ല.’’ വിഷമുള്ളത് തടഞ്ഞുനിർത്തി.
‘‘എന്ത്..?’’
‘‘അതെന്ത് നെയ്യാരുന്നു..?’’
‘‘അത് നെയ്യല്ല.’’ വിഷമില്ലാത്തത് ശാന്തതയോടെ പറഞ്ഞു.
‘‘പിന്നെ..?’’
‘‘അന്ന് സീതയുടെ കാല് പൊള്ളിച്ചില്ലേ, കാല് പൊള്ളി ഒഴുകിയ പഴുപ്പും ചലവുമാ അത്.’’
വിഷമുള്ളതിന് ഓക്കാനിക്കാൻ വന്നു. വിഷമില്ലാത്തത് നിർവികാരമായി മുഖത്തേക്ക് നോക്കി. കഥ തീർന്നിട്ടില്ലെന്ന് വിഷമുള്ളതിന് മനസ്സിലായി.
‘‘സീതേടെ കാല് പൊള്ളിച്ചത് വരെ നേരാ. ആ പൊള്ളലിന് മൂസ്സോറ് തന്നെ മരുന്ന് പുരട്ടി. അത് ഒണങ്ങാനും തൊടങ്ങി. പക്ഷേ, മൂസ്സോറ് പോലും അറിയാണ്ട് ആടെ വേറെ ചെലത് നടന്നു.’’
‘‘എന്ത്..?’’ വിഷമുള്ളത് നാക്ക് നീട്ടി.
‘‘സീതേനേ അയിന് മുന്നേ സുകുമാരന്‍ നോട്ടമുണ്ടാരുന്നു. കാല് പൊള്ളി നടക്കാൻ വയ്യാണ്ടായപ്പോ മൂസോറെ ചാരായം കുടിപ്പിച്ച് ബോധം കെടുത്തിച്ച് സുകുമാരൻ സീതേന്റടുത്തേക്ക് പോയി. ഓനക്കൊണ്ടാവുന്നതെല്ലം ചെയ്തു. സീത മൂസ്സോറോട് ഇതെല്ലം പറയുംന്ന് തോന്നിയേരം ഒരു കുഞ്ഞിയറിയാണ്ട് കെരണ്ടിലേക്ക് താഴ്ത്തി.’’
വിഷമില്ലാത്തത് തലതാഴ്ത്തി. സുകുമാരന്റെ മുറിയിൽനിന്ന് ഛർദിക്കുന്ന ഒച്ച കേട്ടു. ചങ്ങാതിമാർ ഒന്നും മിണ്ടാതെ മാളത്തിലേക്ക് ഇഴഞ്ഞു. പാതിവഴിയെത്തിയപ്പോൾ വിഷമുള്ളതിന് വായ കനച്ചു. ഇഴഞ്ഞിഴഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്ന കാല് പൊള്ളിയ പെണ്ണിനെ നിനച്ചപ്പോൾ അതിന്റെ ഉടൽ പുളഞ്ഞു. വഴിതിരിഞ്ഞ് അത് സുകുമാരന്റെ വീട്ടിലേക്ക് കുതിച്ചു. വിഷമില്ലാത്തത് ചങ്ങാതിയെ തിരിച്ചു വിളിച്ചില്ല. കഥയുടെ അവസാനം എന്തായിരിക്കുമെന്ന് അത് നേരത്തേ മനസ്സിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.