വല്ലാത്തൊരു പണിതന്നെയാണ് ഒരു പുല്ലുവെട്ടുകാരന്റേതെന്ന് അധികമാർക്കും നിശ്ചയമില്ല. മുനിസിപ്പാലിറ്റിയിലെ രണ്ടു വാർഡുകൾ അതിർത്തി തിരിക്കുന്നത് ഒരു പഞ്ചായത്തുമായിട്ടാണ്. റോഡിന് കിഴക്കുവശമാണ് മുനിസിപ്പാലിറ്റി. തെക്കുപടിഞ്ഞാറുള്ള പഞ്ചായത്തിൽ വെട്ടുന്ന സമയത്തല്ല മുനിസിപ്പാലിറ്റിയിലെ വെട്ട്. അതുകൊണ്ടുതന്നെ പുൽവിത്തുകളുടെ പരാഗണത്തിന് യാതൊരു തടയുമില്ല. രാമേശ്വരത്തെ ക്ഷൗരംപോലെയാണ് കാര്യങ്ങൾ. വെട്ടുന്നതും എഴുതി ശീട്ടാക്കുന്നതും തമ്മിൽ ബന്ധമുള്ളത് കമീഷനിൽ മാത്രമാണ്.
വെട്ടുന്നപുല്ല് അടിച്ചുകൂട്ടി അവിടെത്തന്നെ ഇടുവാൻ കൈയാളായി ബാബുവിനോടൊപ്പം മനീഷയുമുണ്ട്. രണ്ടുപേരും പി.എസ്.സി ടെസ്റ്റ് എഴുതി സർക്കാർ സർവീസിൽ കയറാൻ തക്കം പാർത്തിരിക്കുന്നവരാണ്. അതാണ് ഇക്കാലത്ത് സുരക്ഷിതമായ ജോലി. ഉടനെ വരുന്ന റിസൽറ്റിൽ കയറിക്കൂടുമെന്ന് പ്രതീക്ഷയില്ല, ഇരുവർക്കും.
അപ്പൻ മരിച്ചതുകൊണ്ട് താൽക്കാലികമായി ബാബുവിന് മുനിസിപ്പാലിറ്റിയിൽ കയറിപ്പറ്റാനായി. ആശ്രിതനാണെങ്കിലും പുല്ലുവെട്ട് ബുദ്ധിമുട്ടില്ലാത്ത പണിയാണെന്ന് കൗൺസിലർ പറഞ്ഞു ബോധ്യപ്പെടുത്തിയതുകൊണ്ടാണ് കട്ടിങ്മെഷീനും ഒരു കുപ്പി വെള്ളവുമായി വെയിൽ മൂക്കുംമുന്നേ ബൈക്കിൽ പുറപ്പെടുന്നത്. തോടിനോടുചേർന്ന വിജനമായ പ്രദേശത്താണ് പെരുകുന്ന പുല്ലിനോട് പൊരുതേണ്ടത്. റെയിൽപ്പാത വരും മുമ്പ് ആളുകൾ മൂന്നുപൂ കൃഷിചെയ്ത ഭൂതലമാണിത്. തെങ്ങിൻതോപ്പുകളാൽ സമ്പന്നമായിരുന്നു കരഭൂമി. വാഹനങ്ങൾ കടന്നുപോകാൻ ഒരു ഗേറ്റുള്ളത് വല്ലപ്പോഴും മാത്രം തുറക്കുന്നതുകൊണ്ട് ആളുകൾ ഒഴിഞ്ഞുപോയ ഇടമാണത്. പാലം വരുമെന്ന് പറഞ്ഞുതുടങ്ങിയിട്ടും ജനങ്ങൾ കാത്തിരിക്കാൻ തുടങ്ങിയിട്ടും അരനൂറ്റാണ്ടായി.
ഹെൽമെറ്റും മാസ്ക്കും വെച്ചതുകൊണ്ട് ആർക്കും ബാബുവിനെ തിരിച്ചറിയാനൊക്കില്ല. മിക്കവാറും ദിവസം പിന്നിലെ സീറ്റിലുണ്ടാവും മനീഷ. വളവും തിരിവും ഗട്ടറും വരുമ്പോൾ അവൾ വട്ടം ചുറ്റിയ ഇടംകൈ ഉണ്ണിക്കുടവയറും കടന്ന് പൊക്കിളിന് താഴെവരെ പിടിമുറുക്കും. അതിരാവിലെ അവനെ ചന്ദ്രികാ സോപ്പ് മണക്കും. തിരിച്ചുപോരുമ്പോൾ വിയർപ്പിന് പുതുവെണ്ണയുടെ മണമാണെന്ന് മനീഷക്കറിയാം. ഉതപ്പ് ഏറിവരുമ്പോൾ പകലത്തെ ചൂടിൽ വെന്തുപൊരിയുന്ന ഉടൽ എന്തിനോവേണ്ടി കൊതിക്കുകയാണെന്ന് ബാബു തിരിച്ചറിയുന്നു.
വെയിലുദിക്കുംമുമ്പേ പണി തുടങ്ങണം. ഉച്ചക്ക് ഒരു മണിവരെ മതി വെട്ട്. പുല്ലിന്റെ ഇളംനാമ്പുകളാണ് കൊലവിളിയോടെ ചുറ്റിക്കറങ്ങുന്ന കാർബൈഡ് ബ്ലേഡിനൊപ്പം നിലത്തുവീഴുന്നത്. ഗ്രാസ് കട്ടർ എടുത്തു പൊക്കിപ്പൊക്കി കൈയുടെ കുഴ കഴക്കുന്നുണ്ട്. കസർത്തുനടത്തുന്ന വലംകൈയുടെ മസ്സിൽ നാരങ്ങാപ്പരുവത്തിലായി. ഇടംകൈയെ തോൽപിക്കുന്ന പെരുക്കമാണ് വലംകൈക്ക്.
മസിൽ വേദന മാറ്റാൻ മൂവന്തിക്ക് ബാറിൽ നിന്ന് രണ്ട് പൂശിയാൽ മതിയെന്ന് മുൻസിപ്പാലിറ്റിയിലെ വർക്കേഴ്സ് പറയുന്നതിനോട് ബാബുവിന് യോജിപ്പില്ല. മദ്യം കഴിച്ച് കുടുംബം നശിപ്പിക്കാനും പ്രായമെത്തും മുമ്പേ ആയുസ്സൊടുങ്ങാനും കാട്ടിയ ചൂട്ടായിരുന്നു അപ്പന്റെ പെടുമരണം. വയറ്റിൽ കാൻസർ, കിടന്നകിടപ്പ് ആറുമാസം. ഒടുവിൽ പഴുപ്പിന്റെ വേര് കരളിലേക്ക് പടർന്നു. പുൽനാമ്പുകൾ വെട്ടുംപോലെയാണ് കാൻസർ ചികിത്സ. വേരോടെ പിഴുത്പോകാത്തതെന്തും വീണ്ടും കിളിർക്കും. ഭേദമാകില്ലെന്ന് വന്നപ്പോൾ എലി വിഷത്തിലൊടുങ്ങിയ ആയുസ്സ്.
‘‘ടെസ്റ്റ് പാസ്സായാൽ പണികിട്ടി നമ്മൾ പിരിയും. അതിനുമുമ്പ് എന്തെങ്കിലും വേണ്ടെടി മനീഷേ?’’
ബാബു ചോദിക്കുന്നതിൽ പകുതിയും ഗ്രാസ് കട്ടറിന്റെ ഒച്ച ഒളിപ്പിച്ചുവെക്കും.
‘‘കെട്ടുന്നവനെ വഞ്ചിക്കാൻ ഞാനില്ലേ...’’
‘‘ഞാൻ കെട്ടിയാലോ നിന്നേ.’’
‘‘നീയോ... ടെസ്റ്റ് പാസ്സായാൽ നിനക്ക്.’’
‘‘അപ്പോ നീ ടെസ്റ്റ് പാസ്സായില്ലെങ്കിലോ.’’
‘‘ടെസ്റ്റ് വീണ്ടും വരും. നീ വായിച്ച് എന്നെ പഠിപ്പിച്ചാൽ മതി.’’
പുല്ലുവെട്ടിയുടെ ശബ്ദം ബാബുവിന്റെ കിന്നാരത്തെ വിഴുങ്ങി. മനീഷയുടെ ശബ്ദം സംഗീതംപോലെ താൻ ആസ്വദിക്കുന്നുണ്ടെന്ന് ബാബു തിരിച്ചറിയുന്നു.
റിട്ടയർചെയ്ത പൊലീസുകാരൻ വിൻസന്റാണ് ഗേറ്റിനു പുറത്തിറങ്ങി നിൽക്കുന്നത്. ഗ്രാസ്കട്ടർ ഓഫാക്കിയില്ലെങ്കിൽ കല്ല്തെളിച്ചുകൊള്ളും. ഗേറ്റിനു പുറത്ത് വളർന്ന ചെടിപ്പടർപ്പിൽ നിറയെ വെള്ള നിറമുള്ള കാക്കപ്പൂ. നഴ്സറിയിൽ കവറിലാക്കി വിൽക്കുന്ന ഇനമാണത്. അവയൊന്നും വെട്ടല്ലേ എന്നാണ് വിൻസന്റ് സാറിന്റെ അപേക്ഷ. അങ്ങനെയാവട്ടെ എന്ന് മനീഷയും കിന്നരിച്ചു. അതുകൊണ്ട് വരുന്നതു വരട്ടെയെന്ന് നിനച്ച് അത്രയിടം ഒഴിവാക്കി. മുമ്പ് പുല്ലുകൾക്കിടയിൽ വളരുന്ന അരയാലിൻ തൈ രക്ഷപ്പെടുത്തിയത് വിൻസന്റ് സാറാണ്. അന്നൊരു കമന്റ് പറഞ്ഞത് ബാബു ഓർെത്തടുത്തു.
‘‘അരയാലാണ്. ബുദ്ധന് ബോധമുണ്ടാക്കിയ ബോധിവൃക്ഷം. വലുതാവുമ്പോ ഇതിന്റെ ചോട്ടിലൊരു കല്ലുവരും. പിന്നെ കോഴിവെട്ടും പൂജയും കാവടിയും വന്നാ സാറിവിടന്ന് ഒഴിഞ്ഞ് കൊടുക്കേണ്ടി വരും.’’
‘‘ആൾപ്പൊക്കമായാൽ ഞാനിതിനെ ക്രിസ്മസ് ട്രീയാക്കും.’’
വിൻസന്റ് സർ തന്റെ ആശ പറഞ്ഞു. വളരെ പതുക്കെ വളരുന്ന വൃക്ഷമാണ് അരയാൽ. പത്തടിയാവാൻ പത്തുവർഷമെങ്കിലുമെടുക്കും. അപ്പോേഴക്കും സാറിനെ പള്ളിയിലേക്ക് എടുത്തുകാണും. മനസ്സിൽ വന്നതല്ല പുറത്തുപറഞ്ഞത്.
‘‘എത്രയും പെട്ടെന്ന് ആലിലൊരു വാൽനക്ഷത്രം തൂങ്ങാൻ ഇടവരട്ടെ.’’
സുഖിപ്പിച്ച് പറഞ്ഞത് വിൻസന്റ് സാറിന് ബോധിച്ചു.
‘‘മക്കൾക്ക് മോരുംവെള്ളം കുടിക്കണോ?’’ മനീഷയോടാണയാൾ ചോദിച്ചത്.
‘‘വേണ്ട സാറേ.’’
അവർ തമ്മിൽ പറഞ്ഞത് പുൽവെട്ടിയുടെ അലർച്ചയിൽ ഒടുങ്ങിയതുകൊണ്ട് ബാബു കേട്ടില്ല.
മൂന്നടിയോളം വളർന്ന ആലിൻതൈക്കു ചുറ്റുമുള്ള തുരുത്തുകളിൽ പൂക്കളമിട്ട കാക്കപ്പൂ രസകരമാണ്. മെഷീൻ ഓഫാക്കി ഒറ്റ ഇനം പൂമാത്രം വിരിഞ്ഞുനിൽക്കുന്ന കൊച്ചു തോട്ടത്തിൽ നോക്കി ബാബു നിന്നു.
വൻ മരമാകേണ്ട എത്രയെത്ര ചെടികളാണ് പുല്ലുവെട്ടലിൽ നാമാവശേഷമാകുന്നത്. ചിലത് തണൽമരങ്ങളാവേണ്ടതാണ്. ലില്ലി വർഗത്തിൽപെട്ട ചെടികൾ വെട്ടിയാലും പോളപോലെ വളരും. ടുളിപ്പു പോെലയാണ് അവയുടെ പൂക്കൾ. ഉള്ളിപോലുള്ള അതിന്റെ വിത്തുകൾ മണ്ണിനോട് ചങ്ങാത്തംകൂടി ഒളിച്ചുകിടക്കും. പുതുമഴയിൽ കിളിർക്കും. വേനലിൽ കാവിയും ചുമപ്പും വെള്ളയും നിറമുള്ള മണമുള്ള പൂക്കൾ വിരിയും. തേനീച്ചകൾ അതിനുചുറ്റും വട്ടമിട്ടു പറക്കും. വെട്ടുമ്പോൾ ചെടികൾ കരയുന്നുെണ്ടന്ന് മനീഷ പറയുന്നതിൽ പതിരുകാണില്ലെന്ന് ബാബുവിനറിയാമെങ്കിലും അവനത് സമ്മതിച്ചു കൊടുക്കില്ല.
പഞ്ചായത്തിനു ചേർന്ന ഇടത്ത് പുല്ലുവെട്ടാൻ പ്രയാസമായ ഒരു കൊച്ചു തുരുത്തുണ്ട്. നിറയെ കാലിക്കുപ്പികളും ചെരുപ്പുകളുമാണെമ്പാടും. ചില്ലുകുപ്പിയും ചെരുപ്പും ആക്രിക്കാർ ഉപേക്ഷിക്കുന്നതുകൊണ്ട് അവയുടെ ശ്മശാനമാണ് കുറ്റിക്കാടുകൾ. ചില്ലുകുപ്പികൾ പൊടിയാക്കി വിടാതെ സൂക്ഷിക്കണം. ബ്ലേഡിനോട് പൊരുതുന്ന അവ ചിതറി ദേഹത്ത് തറച്ചാൽ പിന്നെ, സെബസ്ത്യാനോസിനെ മരത്തിൽ കെട്ടിയിട്ട് അമ്പെയ്ത പ്രതിമ കണക്കെയാവും.
തുടക്കത്തിലൊരുനാൾ കണ്ണിൽ തറച്ച ഒരു വെള്ളാരം കല്ലിന്റെ ചീള് പൊല്ലാപ്പുണ്ടാക്കിയതാണ്. ഭാഗ്യത്തിന് കൃഷ്ണമണിയിൽ കൊള്ളേണ്ടത് പുരികത്തിൽ തട്ടി പോയി. മുറിഞ്ഞിടത്ത് പിന്നെ രോമം കിളിർത്തില്ല. മുറിക്കൂടിയിടത്ത് തൊലി വരമ്പ് തീർത്തു.
അമ്പലത്തിനപ്പുറം പുൽക്കൂട്ടത്തിൽ നിറയെ തുരിശു നിറമുള്ള മാസ്ക്കുകളാണ്. കൊറോണ ലോകത്തുനിന്നും മാറിപ്പോയിട്ടും മാസ്ക്കുവെച്ചു നടക്കുന്ന പൊയ്മുഖങ്ങളുണ്ട്. ചില ശീലങ്ങൾ മാറില്ല ചിലർക്ക്. അക്കാലത്ത് മേടിച്ചുെവച്ച മാസ്ക്കിന്റെ പെട്ടി തീർക്കണമെന്ന വാശിയിലാണ് ചിലർ.
വല്ലപ്പോഴും പുറത്തിറങ്ങുമ്പോൾ വെക്കുന്ന മാസ്ക്കുകൾ വഴിയിലേക്ക് വലിച്ചെറിയുന്നു. അടിച്ചുകൂട്ടുന്ന പുൽനാമ്പുകൾക്കിടയിൽ ഉപയോഗം കഴിഞ്ഞ ഗർഭനിരോധന ഉറകൾ ഏട്ടക്കൂരിയുടെ മുട്ട കണക്കെ ചിതറിക്കിടപ്പുണ്ടാവും. ഗർഭമല്ല ഇക്കാലത്തെ പ്രശ്നം. എയ്ഡ്സാണ്. എയർപോർട്ടിനോട് ചേർന്ന പഞ്ചായത്തിലെ ബായി മേഖലയിലെ വെച്ചുകെട്ടു പുരകളിൽ മുഴുവൻ സെക്സ് വർക്കേഴ്സാണ്.
അമ്പലത്തിന്റെ അതിർത്തിയിൽ ഒരു നാടൻ മാവുണ്ട്. അതിൽനിന്നു വീഴുന്ന സ്വർണവർണമാർന്ന മാങ്ങ ചെറുതാണെങ്കിലും വെറുതെ ചപ്പിക്കുടിക്കുവാനും മാമ്പഴപ്പുളിശ്ശേരിക്കും ബഹുകേമനാണ്. നാടൻ മാങ്ങക്ക് സുഗന്ധമുണ്ട്. തൊണ്ടോടെ തിന്നാവുന്ന അതിന്റെ അണ്ടി ചെറുതാണ്. അതുകൊണ്ട് മനീഷയത് വായിലിട്ട് ഓടിച്ചു കളിപ്പിക്കും. രണ്ടുപേരും വാശിയോടെ അവിടെ വീണുകിടക്കുന്ന മാങ്ങ മുഴുവൻ അകത്താക്കും.
വിശപ്പും ക്ഷീണവും മാറുന്ന മാങ്ങാക്കാലം പെട്ടെന്ന് അവസാനിക്കും. തൊട്ടപ്പുറത്തെ പറമ്പിലെ മാവിൽനിന്ന് മള്ളുശ്ശേരി മാങ്ങ കിട്ടുമ്പോൾ മനീഷക്ക് അങ്കമാലി മാങ്ങാക്കറി ഓർമ വരും. ഉണക്കവാഴയിലയിൽ പൊതിഞ്ഞ് അവളത് വീട്ടിലേക്കെടുക്കും. അണ്ടി നട്ട് മാവു മുളപ്പിക്കുന്ന കാലത്തിനറുതിയായി, എങ്ങും ഒട്ടുമാവിൻ തൈയാണ്. കൂട്ടമായ് വളർന്നു നിൽക്കുന്ന കറിവേപ്പിൻ തൈകൾ വെട്ടിയിടുമ്പോൾ മനീഷയുടെ മനസ്സ് നോവും.
കല്ലിലിരുന്ന് വെള്ളം ആഞ്ഞുകുടിക്കുന്ന ബാബു അകലെയുള്ള പാടത്തുകൂടി ടേക്കോഫ് ചെയ്ത് പറക്കുന്ന വിമാനത്തിന്റെ പള്ളയിലെ ചിഹ്നം നോക്കിയിരിക്കും.
‘‘വിയറ്റ് എയറിന്റേതാ. ചാർജ്ജ് കുറവാ. ടെസ്റ്റ് പാസ്സായാൽ നമുക്ക് വിയറ്റ്നാമിലെ ഹനോയിയിൽ മധുവിധു.’’ ബാബു പറഞ്ഞു.
‘‘പോടാ. ആരറിഞ്ഞു ടെസ്റ്റ് പാസ്സാവുമെന്നും വിയറ്റ്നാമിൽ പോവുമെന്നും.’’ മനീഷ ചൊടിച്ചു.
‘‘നീയൊന്ന് പൊക്കിവച്ചാൽ...’’ മനീഷ ചൊടിക്കുന്നതും ദേഷ്യപ്പെടുന്നതും കാണാൻ ബാബു പറഞ്ഞു.
‘‘നിന്റെ പൂതി മനസ്സീക്കിടന്ന് മുളയ്ക്കുകേയുള്ളൂ.’’
‘‘പൂതി ഞാൻ ബാത്ത് റൂമിൽ സ്വയം തീർക്കുന്നുണ്ട്, തിരിച്ചുപോകുംമുമ്പ് ഈ മാവുംചോട്ടീ കിടന്നാൽ നമുക്ക് പകൽ നക്ഷത്രമെണ്ണാം.’’ ബാബു ആഗ്രഹമറിയിച്ചു.
‘‘പോടാ തെമ്മാടി. പ്ലെയിനിൽ ഇരിക്കുന്ന ആളുകൾ നമ്മുടെ എടപാട് കാണും. മൊബൈലിൽ പകർത്തും. എല്ലായിടത്തും ക്യാമറക്കണ്ണാണ്. ’’ മനീഷ ചൊടിച്ചു.
‘‘കണ്ടോട്ടേ. അവർക്ക് കാണാനേ ഒക്കൂ. കല്ലെറിയാനാവില്ലല്ലോ.’’ ബാബു പറഞ്ഞു.
‘‘ടെസ്റ്റ് തോറ്റാൽ ഞാൻ ഇറ്റാലിയൻ ഭാഷ പഠിക്കും. കൊരട്ടീലൊരു ട്യൂഷൻ സെന്ററുണ്ട്. എന്നിട്ട് ഇറ്റലിയിലോട്ട് കടക്കും. അവിടെക്കൂടും.’’
പോപ്പിനെ കാണാമെന്ന മെച്ചമേ നിനക്കുള്ളൂ. മൈനസ് ഡിഗ്രിയിൽ നീയൊരു ഐസ്ഫ്രൂട്ടാവും. അതിനുമുമ്പ് ഇവിടെക്കിടന്ന് വെയിൽകൊണ്ട് നീയൊരു നീേഗ്രായാവും. ഇറ്റലിയിൽ നിന്നെ കടത്തില്ല.’’
‘‘പോടാ. നീയെന്റെ ആശ കെടുത്തണ്ട.’’
ഇഞ്ചക്കാടിന്റെ മറപറ്റിയുള്ള പുല്ലിനിടയിലെ പൊത്തിലേക്ക് കയറിപ്പോകാൻ വെമ്പുന്ന പാമ്പിനെ ചൂണ്ടിക്കാണിച്ചത് മനീഷയാണ്. തകർന്നൊരു എലിമടയിൽനിന്നും പുറത്തുചാടിയ എലിയുടെ പിന്നാലെ പായുകയായിരുന്ന പാമ്പ് ബാബുവിന്റെ മുന്നിലെത്തി അത് േബ്രക്കിട്ടു. ഇടംവലം നോക്കി പത്തിവിടർത്തിയ പാമ്പ് പിന്നിലേക്കിഴഞ്ഞ് മനീഷയുടെ നേർക്ക് ചീറ്റി പത്തിവിടർത്തി ആടി.
ഓൺചെയ്ത ഗ്രാസ്കട്ടർ പാമ്പിന്റെ പത്തിക്കുതാഴെ അമർത്തി കണ്ണടച്ച് ബാബു നിന്നു. പാമ്പിന്റെ പൊക്കിളിനു താഴെ വട്ടം മുറിഞ്ഞു. പാമ്പിന്റെ തലഭാഗം ചാടിച്ചാടി ഇഞ്ചക്കാട്ടിലേക്ക് കടന്നു. വേദനകൊണ്ടുള്ള അതിന്റെ സീൽക്കാരം ഗ്രാസ്കട്ടറിന്റെ അലർച്ചയിലൊടുങ്ങി. അപ്പോഴും പറക്കുന്ന പാമ്പിന്റെ പത്തിവിരിഞ്ഞു നിന്നു. കരിമൂർഖനാണതെന്നു ബാബു പറഞ്ഞപ്പോൾ മനീഷക്ക് വിറയൽ തോന്നി.
കറുത്ത ഉറുമ്പിൻപട വേർപെട്ട വാൽഭാഗത്തേക്കു നിരയിട്ടു. ആ പ്രദേശമാകെ കരിയുറുമ്പുകൾ നിറഞ്ഞു. ബ്രഷുകൊണ്ട് പുല്ല് തടുത്തുമാറ്റി പാമ്പിന്റെ അധോഭാഗം മൂടിയിട്ടു മനീഷ. ഉറുമ്പുകളുടെ നിര തോടിന്റെ ബണ്ടിൽനിന്ന് ഇഞ്ചക്കാടിനെ ലക്ഷ്യമാക്കിപ്പോകുന്നത് ബാബു നോക്കിനിന്നു.
‘‘പാമ്പിന് മുറിവുപറ്റിയാൽ വെറുതെ വിടില്ല ഉറുമ്പുകൾ.’’ കട്ടർ ഓഫ്ചെയ്ത് മാഞ്ചോട്ടിലിരുന്ന് ബാബു പറഞ്ഞു.
‘‘പാമ്പിനെ കൊന്നാൽ കേസുണ്ടെന്ന് അറിയാലോ...’’ കിതപ്പാറ്റി മനീഷ ചോദിച്ചു.
‘‘പാമ്പ് നിന്നെ കൊന്നെങ്കിലോ?’’
‘‘വിധിപോെല നടക്കും. പാമ്പ് ചാവാനും എലി രക്ഷപ്പെടാനുമാവും വിധി.’’ കട്ടുറുമ്പുകൾ പൊതിഞ്ഞു കിടക്കുന്ന കരിെപ്പട്ടിച്ചക്കരയിൽ മുക്കിയ ഒരു തുണ്ടുകയർ പോലെകിടക്കുന്ന പാമ്പിനെ നോക്കി ബൈക്ക് സ്റ്റാർട്ടുചെയ്യുമ്പോൾ ബാബു പറഞ്ഞു.
‘‘കയറൂ. ഇനി രണ്ടാഴ്ചത്തേയ്ക്ക് ഇങ്ങോട്ടില്ല.’’
തോടിനു കിഴക്കുഭാഗത്തെ ചതുപ്പിനോടു ചേർന്നുള്ള വഴിത്താരയിലാണ് അന്ന് എത്തിപ്പെട്ടത്. അപൂർവയിനം പച്ചമരുന്നുകൾ വളരുന്ന ഇടമാണത്. പടർന്നുകിടക്കുന്ന ചങ്ങലംപരണ്ട വള്ളികൾ പറിച്ചുകൊണ്ടുപോകുന്നവരുണ്ട്. എണ്ണകാച്ചിയാൽ ചതവിനും നീർക്കെട്ടിനും കേമമാണെന്ന് മനീഷക്കറിയാം. അവിടെയൊരു ഡ്രാഗൺഫ്രൂട്ട് തോട്ടമുണ്ട്. യക്ഷികൾ വിഹരിക്കുന്ന ഇടമെന്നാണ് തോട്ടം അറിയപ്പെടുന്നത്.
പച്ച റിബണുകൾ ഞാത്തിയിട്ടപോലെ മുള്ളുകളുള്ള നാടയിൽ താമരമൊട്ടുകൾപോലെ കൂമ്പിയ ഡ്രാഗൺഫ്രൂട്ട്. അവ കളവുപോകാതിരിക്കാൻ ഒരു തമിഴനെ കാവൽ ഏൽപിച്ചിട്ടുണ്ട്. കളവുപോകാതിരിക്കാനാണ് യക്ഷിക്കഥ.
ആ ദശാസന്ധിയിലെ കുളത്തിനോടു ചേർന്ന പൊന്ത നീലക്കോഴികളുടെ താവളമാണ്. റോഡ് കടന്നുപോകുന്നിടത്ത് ഇഞ്ചിപ്പുല്ല് വളർന്ന് തിടംെവച്ചിട്ടുണ്ട്. ജോടിയായിട്ടേ നീലക്കോഴികളെ കാണാറുള്ളൂ. ഏറെ ഉയരത്തിൽ പറക്കാത്ത അവറ്റകളെ കെണിവെച്ച് പിടിക്കുന്നവരുണ്ട്. പണ്ടിവിടം നീർപ്പക്ഷികളുടേയും വേട്ടക്കാരുടെയും താവളമായിരുന്നു.
പുല്ലിനിടയിൽ ഉണക്കപ്പുല്ലുകൊണ്ട് തീർത്ത കൂട്ടിൽ അടയിരിക്കുന്ന പക്ഷിയെ ശ്രദ്ധിക്കാതെയാണ് കട്ടർ ചലിപ്പിച്ചത്. മയിൽവർണത്തിലുള്ള പക്ഷി ചിലച്ചുകൊണ്ട് പറന്ന് പാടത്തിരിക്കുന്ന അതിന്റെ ഇണയോടു ചേർന്നു. കൂടിരിക്കുന്നയിടത്തേക്കു നോക്കിയാണ് അവറ്റകളുടെ കരച്ചിൽ. പുല്ല് വകഞ്ഞുണ്ടാക്കിയ കൂട് അലങ്കോലമായി. കറുത്തിരുണ്ട, പപ്പും പൂടയുംവെക്കാത്ത രണ്ട് കുഞ്ഞുപക്ഷികൾ ഒച്ചവെച്ചുകൊണ്ടിരുന്നു. ചെമന്നവായ് മുഴുവൻ തുറന്നുള്ള കുഞ്ഞുങ്ങളുടെ കരച്ചിൽ തള്ളപ്പക്ഷി പക്ഷേ, തീരെ ഗൗനിക്കുന്നില്ലയെന്ന് മനീഷ തിരിച്ചറിഞ്ഞു.
അതിന്റെ ചെമന്ന ചുണ്ടും ചുട്ടിയും മയൂരവർണവും നോക്കി നിന്ന മനീഷ പറഞ്ഞു.
‘‘നീർപ്പറവകളാണവ. വംശനാശം വന്നവ. ഒരിക്കൽ കൂട് അലങ്കോലമാക്കിയാൽ കുഞ്ഞുങ്ങളെപ്പോലും ഉപേക്ഷിക്കും അവറ്റകൾ. പുതിയ കൂടുകെട്ടി വീണ്ടും മുട്ടയിടും.’’
‘‘അപ്പോൾ ഈ കുഞ്ഞുങ്ങളോ?’’ ബാബു ചോദിച്ചു.
‘‘അവറ്റകൾക്ക് പടച്ചവൻ തുണ.’’
ഏതോ പുസ്തകത്തിൽനിന്നാണ് ആ വാചകം മനീഷ പറഞ്ഞതെന്നു ബാബുവിനു തോന്നി.
പുല്ലുവെട്ടിയ വിടവിലൂടെ നൂണ്ട് കടന്ന് പക്ഷിക്കുഞ്ഞുങ്ങളെ മനീഷ കൈയിലെടുത്തു. ചെമന്നവായ് തുറന്ന് കരഞ്ഞുകൊണ്ടിരുന്നു അവറ്റകൾ. തുണികൊണ്ടുവന്ന ഒരു കിറ്റിൽ കുഞ്ഞുങ്ങളെ സൂക്ഷിക്കാൻ മുതിർന്നപ്പോൾ ബാബു തടഞ്ഞു. തള്ളപ്പക്ഷി കാണുമെന്ന് കരുതി മനീഷ അവറ്റകളെ വരമ്പിലെ പുല്ലിൽ വെച്ചു. ശരവേഗത്തിൽ പറന്നുവന്ന കാക്ക ഒന്നിനെ റാഞ്ചിയെടുത്ത് പറന്നു. തടയാനായി ഓടിയെത്തിയപ്പോൾ മറ്റൊരു കാക്ക രണ്ടാമത്തേതിനെയും കൊത്തിയെടുത്തു പറന്നകന്നു.
ബാബു കാരണമാണ് അവറ്റകളുടെ ജീവൻ പൊലിഞ്ഞതെന്ന് മനീഷ കുറ്റപ്പെടുത്തിയപ്പോൾ അതിന് മറുപടി പറഞ്ഞില്ല ബാബു. പിറ്റേന്ന് കുളത്തിനോട് ചേർന്ന റോഡുവക്കിലെ പുല്ലാണ് വെട്ടേണ്ടത്. കുടുംബശ്രീക്കാരെ ഏൽപിച്ച പണിയാണത്. പുല്ലറുത്ത് ഒരു ഡയറിഫാംകാരെ ഏൽപിച്ച് അവർ പൈസ എഴുതിയെടുത്തു. ചാരായം വാറ്റുകാരുടെ താവളമാണത്.
ഇഞ്ചക്കാടിന്റെ മറപറ്റിയാണ് പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ ഒരു കെട്ടു കണ്ടത്. ഗ്രാസ്കട്ടർ കൊണ്ട് കെട്ട് തട്ടിനോക്കി അതിനെ ഉരുട്ടി ഒരു വശത്തേക്കു കയറ്റി. കട്ടർ ഓൺ ചെയ്ത സ്പാർക്കിൽ കെട്ടിൽനിന്ന് സ്ഫോടനമുണ്ടായി. എന്താണ് സംഭവിച്ചതെന്ന് മനീഷക്കു നിശ്ചയമുണ്ടായില്ല. അവൾ കണ്ണുകളടച്ചു.
ചതുപ്പിൽ കൊത്തിപ്പെറുക്കി നിന്ന നീലക്കോഴികൾ തൊള്ളയിട്ടു കരഞ്ഞ് തോടിനു സമീപത്തെ പൊന്തയിലേക്കു പറന്നു. നായ്ക്കളുടെ കുരയും കാക്കകളുടെ കൂട്ടക്കരച്ചിലും ഒപ്പമുയർന്നു. ബാബുവിന്റെ വലതുകൈപ്പത്തിയാണ് ചതഞ്ഞു തൂങ്ങിയതെന്ന് അറിഞ്ഞപ്പോൾ മനീഷ വാവിട്ടു കരഞ്ഞു. ബൈ ഇലക്ഷൻ നടക്കുന്നിടത്തേക്ക് കൊണ്ടുപോകാൻ കെട്ടിവെച്ച ബോംബുകളാണ് പൊട്ടിയതെന്ന് ആശുപത്രിയിലെത്തിയ കൗൺസിലർ സൂചിപ്പിച്ചു.
മൂന്നു ദിവസം ബൈക്ക് അമ്പലപ്പറമ്പിൽ നാഥനെ കാത്തിരുന്നു. ഗ്രാസ് കട്ടറുമായി മറ്റൊരാളെത്തി മനീഷയെ വിളിച്ചെങ്കിലും പിന്നെയവൾ പുല്ലുവെട്ടാനോ സഹായിക്കാനോ പോയില്ല. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയപ്പോൾ മനീഷയുണ്ടായിരുന്നു.
സ്വപ്നങ്ങൾ തകർന്നുവെന്ന് ബാബു പറഞ്ഞപ്പോൾ മനീഷ വിലക്കി.
‘‘കഷ്ടകാലമാണെനിക്ക് എത്രനാൾ പിടിക്കുമെന്നറിയില്ല കൈ നേരെയാവാൻ. ഏതായാലും തള്ളവിരലിന്റെ കാര്യം പോക്കാ.’’
പിന്നീട് പറയുന്നതിന് തടയിട്ട് ബാബുവിന്റെ വാ പൊത്തി മനീഷ. അവനവളുടെ കൈപ്പടത്തിൽ തെരുതെരെ ചുംബിച്ചു. അവളെ അടക്കംപൂണ്ട് ചുണ്ടുകളിൽ ചുണ്ടുചേർത്തു.
‘‘നീയാ പരീക്ഷ ജയിച്ചുവല്ലോ. അതുമതി എനിക്ക്, ഞാൻ ഇറ്റലിയിലും നീ കേരളത്തിലുമായി കഴിഞ്ഞാ മതി.’’ മനീഷ ചിരിച്ചുകൊണ്ട് പറഞ്ഞു.
‘‘ഇറ്റലീന്ന് വരുമ്പോ നീലക്കോഴികളുടെ താഴ്വരയിൽ പോണം നമുക്ക്.’’
‘‘ഒന്നും കണക്കുകൂട്ടാനൊക്കില്ല. എങ്കിലും അതൊക്കെ ആശിക്കാം നമുക്ക്.’’ മനീഷ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.