മുള്‍ഹൃദയം

അപ്പോള്‍ ഞാന്‍ കണ്ടു; ഒരു പുതിയ ആകാശവും പുതിയ ഭൂമിയും.ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. കടലും അപ്രത്യക്ഷമായി.വെളിപാട് 21:1 കൊമ്പന്‍ തിരണ്ടിയെപ്പോലെ പരപ്പാര്‍ന്നങ്ങനെ, കുതിച്ചും കിതച്ചും ഉയര്‍ന്നും താഴ്ന്നുമങ്ങനെ കിടക്കുകയാണ് അഞ്ചുതെങ്ങിലെ കടല്‍. കടലലകള്‍മുറിച്ച് തന്റെ ചെറുവഞ്ചിയുമായി പുറങ്കടലിലേക്ക് തുഴയുകയാണ് എസ്തപ്പാന്‍.രാവിലെ ഭാര്യ എല്‍സിയെ ഉണര്‍ത്താതെ എന്നാല്‍, ‘നീ നോക്കിക്കോ, ഞാനിന്നൊരു വന്മീനുമായ് മടങ്ങിവരും’ എന്ന് ഗൂഢമായ ഒരു മന്ദസ്മിതത്തോടെ ഉള്ളിലുരുവിട്ട് വീട്ടില്‍നിന്നും ഇറങ്ങി, വീട്ടുമുറ്റത്ത് കരുതി​െവച്ചിരുന്ന ചൂണ്ടക്കയറും അനുബന്ധ സാമഗ്രികളും...

അപ്പോള്‍ ഞാന്‍ കണ്ടു; ഒരു പുതിയ ആകാശവും പുതിയ ഭൂമിയും.ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. കടലും അപ്രത്യക്ഷമായി.

വെളിപാട് 21:1

കൊമ്പന്‍ തിരണ്ടിയെപ്പോലെ പരപ്പാര്‍ന്നങ്ങനെ, കുതിച്ചും കിതച്ചും ഉയര്‍ന്നും താഴ്ന്നുമങ്ങനെ കിടക്കുകയാണ് അഞ്ചുതെങ്ങിലെ കടല്‍. കടലലകള്‍മുറിച്ച് തന്റെ ചെറുവഞ്ചിയുമായി പുറങ്കടലിലേക്ക് തുഴയുകയാണ് എസ്തപ്പാന്‍.

രാവിലെ ഭാര്യ എല്‍സിയെ ഉണര്‍ത്താതെ എന്നാല്‍, ‘നീ നോക്കിക്കോ, ഞാനിന്നൊരു വന്മീനുമായ് മടങ്ങിവരും’ എന്ന് ഗൂഢമായ ഒരു മന്ദസ്മിതത്തോടെ ഉള്ളിലുരുവിട്ട് വീട്ടില്‍നിന്നും ഇറങ്ങി, വീട്ടുമുറ്റത്ത് കരുതി​െവച്ചിരുന്ന ചൂണ്ടക്കയറും അനുബന്ധ സാമഗ്രികളും പങ്കായവുമെടുത്ത്, മണല്‍ത്തിട്ടയില്‍ കയറ്റി​െവച്ചിരുന്ന വഞ്ചിയെ കടലിന്റെ വിളുമ്പിലേക്ക് തള്ളിക്കൊണ്ടുവന്ന്, കടലിനെ നോക്കി ‘‘കടലമ്മാ...’’ എന്ന് ജപിച്ച്, വഞ്ചിയിലേറി തുഴഞ്ഞ് കടലിലേക്കു പോവുകയായിരുന്നു.

നേരം നന്നേ വെളുത്തുകഴിഞ്ഞിരുന്നു. ആകാശത്ത് അണയാന്‍ വിസമ്മതിച്ചുകൊണ്ടൊരു നക്ഷത്രം അപ്പോഴും നിലനിന്നു. സ്ത്രീധനമായി കിട്ടിയ വഞ്ചിയിലാണ് എസ്തപ്പാന്റെ കടലിലേക്കുള്ള പുറപ്പാട്. വിവാഹം കഴിഞ്ഞിട്ട് രണ്ടു ദിവസമേ ആയുള്ളൂ. അവന്റെ മുറപ്പെണ്ണാണ് എല്‍സി. അപ്പന്റെ സഹോദരിയുടെ മകള്‍. മുറപ്പെണ്ണിനെ കെട്ടിയതിന്റെ പാരിതോഷികമായി എല്‍സിയുടെ അപ്പന്‍ വാങ്ങിക്കൊടുത്തതാണ് കേവഞ്ചി.

പയ്യപയ്യെയാണ് തുഴയുക. കാരണം മനസ്സുനിറയെ വിചാരങ്ങളാണ്. അവന്റെയും അവന്റെ ജീവിതത്തിന്റെയും ഭാവിവിചാരങ്ങള്‍. അതില്‍ മുഖ്യമായും എല്‍സിയാണ്. ആദ്യരാത്രി മണവറയില്‍വച്ച് പലഹാരപ്പൊതിയില്‍നിന്നും ഇലയപ്പമെടുത്ത് പാതി കടിച്ചുകൊണ്ട് മറുപാതി അവള്‍ക്കു കൊടുത്തു. അവന്‍ പറഞ്ഞു: ‘‘ഉം, കഴിക്ക്.’’

‘‘വേണ്ട.’’ അവള്‍ നിരസിച്ചു.

‘‘എന്ത്?’’ അവന്‍ ചോദിച്ചു. അതിനു മറുപടിയായി അവള്‍ ഒരു പ്രത്യേക ഭാവത്തില്‍ ചിണുങ്ങി.

‘‘നീ എന്ത് ഒരുമാതിരി ചിണുങ്ങണ്?’’

‘‘ഞാനും ഒരാളും തമ്മില് പ്രണയമാണ്.’’ അവള്‍ പറഞ്ഞു.

ഉള്ളിലൊരു ആന്തലുണ്ടായി എങ്കിലും ചോദിച്ചു: ‘‘അതിനിപ്പൊ എന്ത്? കെട്ടുന്നതിനു മുന്നേ ആരിക്കാണ് ഇപ്പൊ ഈ തൊറേല് പ്രേമമില്ലാത്തെ?’’

‘‘ഇത് അതുപോലല്ല.’’

‘‘പിന്നെ?’’

‘‘ഡീപ് ലവ്.’’ അവള്‍ പറഞ്ഞു; ‘‘അത്രത്തോളം ആഴം.’’

‘‘എനക്കും നിന്നോട് പ്രണയമാണ്. ഒരു കടലാഴം.’’

‘‘അതിന് നമ്മള് തമ്മില് പ്രണയിച്ചില്ലല്ല്.’’

‘‘കെട്ടീം പ്രണയിക്കാമല്ല്.’’

അതിനവള്‍ മറുപടി പറഞ്ഞില്ല. പകരം മറ്റൊരു കാര്യം പറഞ്ഞു:

‘‘അവനെന്നെ ഒരിക്കലും മറക്കാന്‍ കഴിയൂല്ല. എന്നോട് അങ്ങനെ പറഞ്ഞ്.’’

‘‘ഞാമ്പോയി അവന് രണ്ടടീംകൊടുത്ത് നിന്നെ മറക്കാമ്പറയാം, മതിയോ?’’

‘‘അയ്യോ! വേണ്ടാ...’’ കനത്ത സങ്കടത്തോടെ അവള്‍.

‘‘പിന്നെ ഞാനെന്തു ചെയ്യാന്, നീ തന്നെ പറയ്?’’ അവനും സങ്കടം വന്നു.

ആദ്യരാത്രി തറയില്‍ പായ വിരിച്ച് തനിയെ കിടന്നു എസ്തപ്പാന്‍. ഉറക്കംവരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. അവനൊപ്പം ഒരു സന്ദിഗ്ധതയും ചുറ്റിവരിഞ്ഞു കിടന്നു. പിറ്റേന്നു പകല്‍ എന്താണൊരു വഴി എന്നു ചിന്തിച്ച് വേളാ കടപ്പുറം ചുറ്റിനടന്നു. മലയോളം മനഃപ്രയാസവും കൂട്ടുനടന്നു. വിശുദ്ധ പത്രോസിന്റെ കുരിശടി മുറ്റത്തു ചെന്നിരുന്നു. ഉള്ളുരച്ചു; പത്രോസുപുണ്യാളാ എനക്കൊരു വഴികാട്ടിത്തായേ...

അന്നു രാത്രി എല്‍സിയോട് വീണ്ടും ചോദിച്ചു:

‘‘നിനക്കവനെ മറക്കാന്‍ പറ്റൂല്ലേ, എല്‍സി?’’

‘‘ഇല്ല, എന്റെ ഹൃദയത്തില് കേറിയിരിക്കണ്.’’

‘‘നീയും എന്നേ എന്റെ ചങ്കില് കുടിയിരിക്കണ്.’’

‘‘അതെനിക്കറിയില്ല.’’

‘‘നിന്റെ അമ്മ നിന്നോടൊന്നും പറഞ്ഞില്ലേ?’’

‘‘ഇല്ല.’’

‘‘ഞാന് നിന്റെ മുറപ്പയ്യനാണ്.’’

അവളൊന്നും മിണ്ടിയില്ല. അവന്‍ തുടര്‍ന്നു:

‘‘നിന്റെ അമ്മ എന്റെ അപ്പനോട് പറേണത് ഞാന്‍ കേട്ടു.’’

‘‘എന്ത്?’’

‘‘എന്റെ മോള്‍ക്ക് നിന്റെ മോന്‍ തൊണ.’’

‘‘അത് ഞാന്‍ കേട്ടില്ല.’’

‘‘നീ കേക്കാത്തേന് ഞാനെന്തു ചെയ്യാന്?’’ അവന് ദേഷ്യം വന്നു. അവന്‍ ചോദിച്ചു:

‘‘അവനുമായുള്ള നിന്റെ പ്രേമം നിന്റപ്പനുമമ്മക്കും അറിയാമോ?’’

‘‘അറിയാം.’’

‘‘പിന്നെ നിനക്കവനെ കെട്ടിച്ചുതരാത്തതെന്ത്?’’

‘‘അവന്‍ മറുജാതിയാണ്.’’

എസ്തപ്പാന്‍ ശരിക്കും ഞെട്ടിപ്പോയി. കുറേനേരം ഒന്നും മിണ്ടിയില്ല. എല്‍സിയും അവനും വലക്കണ്ണികളില്‍കൊരുത്ത മീനുകളെപ്പോലെ വല്ലാത്തൊരവസ്ഥയില്‍പ്പെട്ടിരിക്കുന്നു എന്ന വിചാരത്താല്‍ ശിരസ്സില്‍ കൈ​െവച്ച് കുന്തിച്ചിരുന്നു. കുറേക്കഴിഞ്ഞ് എന്തോ തീരുമാനവുമായി എഴുന്നേറ്റു. ‘‘ഞാനൊരു കാരിയം പറയാം’’, അവന്‍ പറഞ്ഞു; ‘‘ഞാന്‍ നിന്റെ കഴുത്തില് താലി കെട്ടിക്കഴിഞ്ഞ്. നീ അവനെ വിട്ടുകള. അതല്ലേ അതിന്റെ ശരി. ഇനിത്തൊട്ട് നീയെന്റെ നല്ല പങ്ക്. ഞാന്‍ പാതി നീ പാതി.’’ ഒരു പ്രതികരണവുമില്ലാതെ എല്‍സി. ഒടുവില്‍ അവളുടെ അടുത്തുചെന്ന് കാതില്‍ പറഞ്ഞു: ‘‘എന്റെ പൊന്നേ, ഞാന്‍ നിന്നെ അരുമയോടെ നോക്കിക്കോളാം.’’

‘‘അവനും ഇങ്ങനെത്തന്നെ എന്നോടു പറഞ്ഞു.’’ അവള്‍ക്ക് കരച്ചില്‍വന്നു.

ഞാന്തോറ്റുപോയല്ലാ ദൈവമേ എന്നപോല്‍ നെഞ്ചത്തിടിച്ചു എസ്തപ്പാന്‍. കണ്ണുനിറഞ്ഞ് എല്‍സിയും. നിമിഷങ്ങള്‍... എല്‍സിയെ നോക്കി. അവളുടെ നിറഞ്ഞ കണ്ണ് തിരസ്‌കാരത്തിന്റെയോ സ്വീകാരത്തിന്റെയോ അവനു മനസ്സിലാവുന്നില്ല. പക്ഷേ, ഒന്നറിയാം അവള്‍ വലിയൊരു പ്രതിസന്ധിയിലാണ്. തള്ളാനും വയ്യ. കൊള്ളാനും വയ്യ. അന്നു രാത്രിയും ഉറക്കംവരാതെ എസ്തപ്പാന്‍ കിടന്നു. എന്താണൊരു പോംവഴി? ചിന്തിച്ചുചിന്തിച്ചു കിടന്നു.

പാതിരാത്രിയിലെപ്പോഴോ ഒരു വഴി തെളിഞ്ഞുവന്നു. അഥവാ അവന്റെ അപ്പന്‍ വഴികാട്ടിയായി വന്നു. അപ്പനെപ്പോലെ ഒരു വന്മീനിനെ പിടിക്കണം. അങ്ങനെ അവള്‍ക്ക് എന്നിലൊരു ഇമ്പ്രസ്സ് ഉണ്ടാക്കണം. പതിയെപ്പതിയെ അവള് അവനെ മറന്നോളും. അങ്ങനെയാണ് വിവാഹം കഴിഞ്ഞതിന്റെ മൂന്നാംദിനത്തിലെ കടലിലേക്കുള്ള ഈ പ്രത്യേക പുറപ്പാട്.

ആര്‍ക്കറിയാം പുരുഷന്റെ ഓരോരോ നിശ്ചയദാര്‍ഢ്യങ്ങള്‍...

പുറങ്കടലിലേക്കു തുഴഞ്ഞു എസ്തപ്പാന്‍. തുഴയുന്തോറും ആലോചനതന്നെയാണ് മുഖ്യം. രാവിലെ എഴുന്നേറ്റ് അവളെന്നെ അന്വേഷിച്ചു കാണും. കാണാത്തതുകൊണ്ട് മുറ്റത്തിറങ്ങി ആരോടെങ്കിലും ചോദിച്ചിട്ടുണ്ടാവും. തിട്ടേല് വള്ളമില്ലാത്തതുകൊണ്ട് അവന്‍ കടലില്‍ പൊയ്ക്കാണും എന്ന് ആളുകള്‍ പറഞ്ഞവളറിയും. പൊടുന്നനെ ഒരു മോശം ചിന്ത അവനെ പിടികൂടി.

ഒരു സന്ദേഹച്ചിന്ത. ഒരുവേള ഞാനില്ലാത്ത തക്കംനോക്കി കാമുകന്റെ കൂടെ പോയോ? അവള് പോയ്ക്കളഞ്ഞെങ്കില് ഞാന് കൂട്ടക്കാരുടെ മുഖത്ത് എങ്ങനെ നോക്കും? അവ്വിധമൊരവസ്ഥ അവനില്‍ ഉള്‍ക്കിടിലം ഉണ്ടാക്കി. ഛെ! എന്തോരം മണ്ടത്തരങ്ങളാണ് ആലോചിച്ചുകൂട്ടുന്നത്. അങ്ങനെയൊന്നും സംഭവിക്കൂല്ല. വേണ്ടാത്ത വിചാരങ്ങള്‍കൊണ്ട് മനസ്സ് പുണ്ണാക്കണ്ട. സന്ദേഹമനസ്സിനെ സമാധാനിപ്പിച്ചു.

തുഴഞ്ഞുതുഴഞ്ഞ് പുറങ്കടലിലെത്തി. എത്തിയപാടെ തുഴച്ചില്‍ നിർത്തി. തുഴച്ചിലില്‍നിന്നും ഒരു അയവ് കിട്ടാനും പിന്നെ പ്രാർഥിക്കാനും. എഴുന്നേറ്റു. ദൂരെ, കടല്‍ക്കരയില്‍ ആകാശംമുട്ടെ ഉയര്‍ന്നുനിൽക്കുന്ന വിശുദ്ധ പത്രോസിന്റെ പള്ളിയെ നോക്കി നെറ്റിയില്‍ വിരല്‍കുരിശുവരച്ച് കുമ്പിട്ടു. ശേഷം കണ്ണടച്ചു.

നിമിഷങ്ങള്‍... കണ്ണുതുറന്നു. കണ്ടു. അങ്ങുദൂരെ പ്രകൃതിയാല്‍ അനുഗൃഹീതമായ അഞ്ചുതെങ്ങിന്റെ കടല്‍ത്തീരം, അതിനുമപ്പുറം തെങ്ങിന്‍തലപ്പുകള്‍, നീളന്‍ മരങ്ങള്‍, വട്ടമിട്ടു പറക്കുന്ന പക്ഷികള്‍, പറങ്കിക്കോട്ട, ആകാശത്തേക്ക് നിവര്‍ന്നുനിൽക്കുന്ന അഞ്ചുതെങ്ങ് വിളക്കുമാടം, കടലിലേക്ക് കനിവോടെ നിൽക്കുന്ന സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച്, മുതലപ്പൊഴി, വളരെ വളരെ ദൂരെയായി സഹ്യപര്‍വതം, അടുക്കടുക്കായ മലനിരകള്‍...

അഞ്ചുതെങ്ങിന്റെ പുറങ്കടലില്‍നിന്നു മാത്രം കാണാവുന്ന അതിശയക്കാഴ്ചകള്‍. കണ്ട കാഴ്ചയും ഇന്നലെ മുഖതാവില്‍ എല്‍സി പറഞ്ഞതും ഒരേ ബിന്ദുവില്‍ വന്നു. എല്‍സി പറഞ്ഞു: ‘‘ഞങ്ങള് കോവളം ഹവ്വാബീച്ചില് പോയി. വര്‍ക്കല ക്ലിഫ്ഫില് പോയി. ഹാ! അവിടെ നിന്നൊക്കേം കടല് കാണാന്‍ എന്തോരം ഭംഗ്യാണ്.’’

എല്‍സിയേ, കരയില്‍നിന്നും കടലിലേക്കു നോക്കുമ്പം കടല് മാത്രേ കാണൂ. അറ്റംകാണാത്ത കടല്‍പ്പരപ്പ്. അത്രന്നെ. എന്നാല്, കടലില്‍നിന്നും കരയിലേക്കു നോക്കിയാല് എന്തൊക്കെ കാണാം. അതിന് കരയില്‌നിന്നാപ്പോരാ കടലീത്തന്നെ വരണം. കപ്പല്‍പാര് ലക്ഷ്യമാക്കി എസ്തപ്പാന്‍ തുഴഞ്ഞു.

അഞ്ചുതെങ്ങിന്റെ വടക്ക്-പടിഞ്ഞാറ് പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ നാല്പത്തിമൂന്ന് മീറ്റര്‍ ആഴത്തിലാണ് കപ്പല്‍പാര്. പണ്ട് ഇരുനൂറോ മുന്നൂറോ വര്‍ഷങ്ങള്‍ക്കു മുമ്പ് വിമ്മേനും എന്ന ഡച്ച് കപ്പല്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തില്‍ മുങ്ങിത്താഴ്ന്നു. കടലിനടിയിലെ ആ കപ്പല്‍ ഇപ്പോള്‍ മീനുകളുടെ വീടായിരിക്കുന്നു.

സുക്കൂറച്ചനെന്ന് വിളിപ്പേരുള്ള സെബാസ്ത്യനപ്പാപ്പനാണ് കപ്പല്‍പാര് കണ്ടെത്തിയത്. ‘‘സുക്കൂറച്ചന്‍ കണ്ടുപിടിച്ച കപ്പല്‍പാര്... അതില്‍ ഇരയില്ലാതെ മീമ്പിടിച്ചു തെക്കന്മാര്...’’ തുറയില്‍ അങ്ങനെയൊരു പാട്ടും ഉണ്ട്. ‘‘സുക്കൂറച്ചന്റെ പരമ്പരയാ നമ്മളും...’’ അപ്പനെപ്പോഴും അഭിമാനത്തോടെ പറയുന്നത് ഒരുനിമിഷം അവനോര്‍ത്തു.

കപ്പല്‍പാരിലേക്കു തുഴഞ്ഞുകൊണ്ടേയിരുന്നു എസ്തപ്പാന്‍.

എസ്തപ്പാന്‍ പ്ലസ്ടു ജയിച്ചു. നല്ല മാര്‍ക്കും ഉണ്ട്. ഒപ്പം പഠിച്ചവരൊക്കെയും കോളേജിലേക്കു പോയി. അപ്പനവനെ അടുത്തേക്കുവിളിച്ചു. അപ്പന്‍ പറഞ്ഞു: ‘‘ഇനി നീ പൊത്തകംനോക്കി പടിച്ചത് മതി. വാ എന്റ കൂടെ. നിന്നെ ഞാന് മീമ്പിടിക്കാന്‍ പടിപ്പിക്കാം.’’ കടലില്‍വച്ച് അപ്പനുമൊത്ത് മീമ്പിടിക്കാന്നേരം അപ്പന്‍ പറയും; ‘‘എത്തറ മീനിനെ വേണേലും പിടിച്ചോ, എന്നാല് സ്രാവോ തെരണ്ടിയോപോലെ ഒര് വന്മീനിനെ എപ്പ പിടിക്കുവൊ അപ്പ നീ യീ തൊറേലെ വല്യമുക്കുവനാവും.’’ അപ്പന് പറയാന്‍ ഒരു നല്ല കഥയുമുണ്ട്.

പണ്ട്, വലിയൊരു തിരണ്ടിയെ പിടിച്ചുകൊണ്ടുവന്ന കഥ. അമ്മക്ക് അപ്പനോട് മുഴുത്ത പ്രേമം. അപ്പന് അമ്മയോടും. എന്നാല്‍ അപ്പന് അമ്മയെ കെട്ടിച്ചുകൊടുക്കില്ല എന്ന് അമ്മയുടെ അപ്പന് ഒരേ വാശി. അപ്പന് തന്റെ മകളെ കെട്ടാനുള്ള യോഗ്യത ഇല്ല എന്നാണ് അമ്മേടപ്പന്റെ ന്യായം. അമ്മയോ അപ്പനെത്തന്നെ കെട്ടുമെന്ന് ഒരേ പിടിവാശി. അങ്ങനെയിരിക്കെ കടലില്‍നിന്നും ഒരു ഊക്കന്‍ തിരണ്ടിയേയും പിടിച്ചുകൊണ്ട് അപ്പന്‍ വന്നു. തിരണ്ടിയുടെ വലുപ്പംകണ്ട് തൊറയിലെ എല്ലാരും അന്തിച്ചും അതിശയിച്ചും നിന്നു.

അഭിമാനത്തോടെ ദൂരെ മാറിനിന്ന അമ്മയെ അമ്മേടപ്പന്‍ ഒരൊറ്റ തള്ള്; ഇനി നീ പൊയ്‌ക്കോ അവന്റെ കൂടെ. അക്കഥ പറഞ്ഞ് അപ്പന്‍ ഉറക്കെച്ചിരിക്കും. അപ്പന്റെയും അമ്മയുടെയും പ്രണയസ്മാരകമായി തിരണ്ടിയുടെ വാല്‍ നല്ലോണം ഉണക്കി വീട്ടിലെ ചുവരില്‍ തൂക്കിയിട്ടിട്ടുണ്ട്. അമ്മയും അപ്പനും ഇടയ്ക്കിടെ അതു നോക്കി പണ്ടത്തെ പ്രണയോർമയിലേക്കു പോകുന്നത് അവന്‍ കണ്ടിട്ടുണ്ട്. രസത്തോടെ നോക്കിനിന്നിട്ടുമുണ്ട്. തുഴഞ്ഞുതുഴഞ്ഞ് ഉച്ചയോടെ കപ്പൽപാരിനു മീതെ എത്തി.

ചൂണ്ടക്കയറും കയറില്‍ ചേര്‍ത്തുകെട്ടിയ ഇരുമ്പുകട്ടിയും എടുത്തു. എല്ലാം തലേദിവസംതന്നെ ഒരുക്കി​െവച്ചിട്ടുണ്ടായിരുന്നു. ഒന്നാംനമ്പര്‍ ചൂണ്ടയില്‍ പതിച്ച നാൽപത് മീറ്ററോളം നീളമുള്ള തടിച്ച കയര്‍. കയറിനൊപ്പം മൂന്നുമുഴംവരെ കമ്പി പതിച്ചിട്ടുണ്ട്. മീന് കയറ് മുറിച്ചുകളഞ്ഞാലും കമ്പി ഉണ്ടാവും, അതുകൊണ്ടാണ്. കയറില്‍ പലയിടത്തായി മീനിനെ ആകര്‍ഷിക്കാന്‍പോന്ന ബഹുവര്‍ണത്തിലുള്ള നൈലോണ്‍ നൂലുകള്‍. ചൂണ്ടക്കയറും കയറിനൊപ്പമുള്ള ഇരുമ്പുകട്ടിയും ആഴക്കടലിലേക്ക് നീട്ടിയെറിഞ്ഞ് കടവള്ളത്തില്‍ അവനിരുന്നു. ഉച്ചവെയിലും കുടിച്ചിരുന്നു.

ഒരർഥത്തില്‍ അവളോട് ഒന്നും പറയാതെ വന്നത് നന്നായി. പിന്നെയും വിചാരത്തിലേര്‍പ്പെട്ടു. കഥാന്ത്യത്തിലേക്ക് അതായത് വന്മീനുംകൊണ്ടു ചെല്ലുംമുമ്പൊരു സസ്‌പെന്‍സ് നല്ലതല്ലേ? സിനിമയിലെപ്പോലെ. അതല്ലേ അതിന്റെയൊരു ഗുമ്മ്. ‘‘എല്‍സിയേ’’, ഉടനെ എല്‍സിയോടെന്നപോലെ അവന്‍ പറഞ്ഞു: ‘‘നീ കോളേജിലേക്കു പോകാനായി പള്ളിമുറ്റത്ത് ബസ് കാത്തുനിക്കുമ്പോ, എത്രയോ തവണ രാവിലെ കട്ടമരം അണച്ച ഉടനെ നിന്നെക്കാണാന്‍ ഓടിക്കെതച്ചു വന്നിരിക്കണ്, ഇടവഴിയില്‍ നിന്നെയും നോക്കി നിന്നിരിക്കണ്, നീയെന്റെ നല്ലപെണ്ണ് എന്ന് ഉള്ളംനിറഞ്ഞ് പറഞ്ഞിരിക്കണ്.

നിനക്കറിയുമോ, കലവാമീനിന്റേതുപോലത്തെ നിന്റെയാ കണ്ണ് എന്റെ ഉള്‍ക്കടലില്‍ എന്നേ ഞാന്‍ പ്രതിബിംബിച്ചുവച്ചിരിക്കണ്. നോക്ക്, ഇപ്പളും അത് നിഴലിക്കണത്.’’ എല്‍സിയോർമയില്‍ രമിച്ചും പുളകമണിഞ്ഞും എസ്തപ്പാനിരുന്നു. എപ്പോഴോ സ്വാഭാവികമായ ഒരു ചോദ്യം അവനിലുയര്‍ന്നു. അല്ല, ഇവള്‍ക്കിങ്ങനെയൊരു പ്രണയം ഉണ്ടെന്ന കാര്യം എന്തുകൊണ്ട് അറിയാതെ പോയി? ഉത്തരമായി, എതോ പ്രണയപുസ്തകത്തില്‍ വായിച്ചത് മനസ്സില്‍വന്നു; പ്രണയം അത് അതിന്റെ പരിസമാപ്തിയിലെത്തുന്നതുവരെയും ഒളിപ്പിച്ചുവെക്കും. അതാണ് അതിന്റെ സൗന്ദര്യവും.

വെയില് മങ്ങിത്തുടങ്ങി. ചൂണ്ടക്ക് അനക്കമൊന്നുമുണ്ടായില്ല. സമയം തോനെയായിരിക്കുന്നു എന്ന് അപ്പോഴാണ് ബോധ്യമായത്. നന്നായി വിശന്നു. കല്യാണപ്പലഹാരം; ഒരപ്പം, അച്ചപ്പം, നെയ്യപ്പം, അലുവ, കേക്ക് എന്തെങ്കിലും കുറച്ച് എടുക്കാമായിരുന്നു, അകമേ പറഞ്ഞു; ഓ, ഒരുദിവസം ഒന്നും കഴിച്ചില്ലെങ്കിലെന്ത്? ഇന്നേദിവസം വിശപ്പല്ല മുഖ്യം മതിപ്പാണ്.

 

അവളുടെ കാമുകന്‍ എങ്ങനെയാവും? എന്താവും എല്‍സി അവനില്‍കണ്ട മതിപ്പ്? വഴിമാറി ചിന്തിക്കാന്‍ തുടങ്ങി. സിമ്പ്ളൻ! കോമളന്‍! എന്ത്യെന്നെ അയിക്കോട്ട്. ഉടനെത്തന്നെ കാമുകനോടെന്നോണം സംവദിക്കുകയായി; എടാ കള്ളക്കാമുകാ, കടലിനോടും വമ്പന്‍ കടല്‍ത്തിരകളോടും പൊരുതിപ്പൊരുതി ഉരുക്കായ എന്റെ ഉടലിനോളം വരില്ലടാ നിന്റെ കോമളം.

സ്വയം ഊറ്റംകൊണ്ടിരുന്നു. പക്ഷേ, ഉടലല്ലല്ലോ ഉള്ളല്ലേ പ്രധാനം. മറുത്തൊരു ചിന്തയും വന്നു. ആര്‍ക്കറിയാം എല്‍സിയുടെ ഉള്ളിലിരിപ്പ്. ലോകത്ത് ഇനിയും ഒരുപാട് കണ്ടുപിടിത്തങ്ങളുണ്ടാവും പക്ഷേ, പെണ്ണിന്റെ ഉള്ള് അത് കണ്ടുപിടിക്കാന്‍ ഒരു ശാസ്ത്രത്തിനും കഴിയില്ല എന്ന് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞതായി പത്രത്തില്‍ വായിച്ചതും അന്നേരം അവന്റെ ചിന്തയില്‍ വന്നു.

മനസ്സിനെ ശാന്തമാക്കി സ്വസ്ഥതയോടെ കടവള്ളത്തില്‍ ഇരുന്നു. ചൂണ്ടയില്‍ കൊളുത്തുന്ന ഒരു വന്മീനിനെയും കാത്തിരുന്നു. കാത്തിരിപ്പിന് പ്രചോദനമായി പണ്ട്, കാറ്റക്കിസം ക്ലാസില്‍ പഠിച്ച, ‘‘പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുക’’ എന്ന ബൈബിള്‍ വാക്യം ഓര്‍ത്തെടുക്കുകയുംചെയ്തു.

അങ്ങനെയങ്ങനെ പലവിധ ചിന്തകളില്‍ ഓർമകളില്‍ മുങ്ങിപ്പൊങ്ങിയിരിക്കെ സാവകാശം സന്ധ്യ വന്നു. സൂര്യന്‍ പടിഞ്ഞാറേ കടലില്‍ ചായുകയായ്. അസ്തമനസൂര്യനെ നോക്കി സ്വയം ഉരുവിട്ടു: സൂരിയാ, നീ ഉറങ്ങാന്‍ പൊയ്‌ക്കോ പക്ഷേ, കട്ടായം ഞാനൊറങ്ങൂല്ല. ഒരു വന്മീനിനെ പിടിക്കുംവരേം.

ചൂണ്ട ചെറുതായി അനങ്ങുന്നതിന്റെ സൂചനകള്‍ വിരലുകളിലെത്തി. കയര്‍ വലിച്ചുനോക്കി. കയറ് എളുപ്പത്തില്‍ വലിക്കാന്‍ കഴിയുന്നുണ്ട്. അവനു മനസ്സിലായി, ചൂണ്ടയില്‍ ചെറിയതരം ഏതോ മീനാണ് കൊളുത്തിയിരിക്കുന്നത്. വേണ്ട, ആ ചെറുമീനവിടെ കെടക്കട്ട്. ലക്ഷ്യം ഒരു വന്മീനാണ്. തിരണ്ടിയോ സ്രാവോ... ചെലപ്പോ ഈ ചെറുമീനാവും വന്മീന്‍ കുടുങ്ങാനുള്ള കാരണം.

പതിയെപ്പതിയെ രാത്രിയും വന്നു. രാത്രിയുടെ ആകാശത്തേക്കു നോക്കി. നല്ല നെലവ്. കടലിലേക്കു നോക്കി. ജലാശയത്തില്‍ വീണുകിടക്കുകയാണ് പൂര്‍ണചന്ദ്രന്‍. അതിന്റെ വെട്ടം കടലിന്റെ അടിത്തട്ടുവരെ പ്രതിഫലിച്ചു. വൊ! എന്തൊരു ചന്തം. ഉടനെ എല്‍സിയോട് പറയണമെന്നുതോന്നി. പറയുകയാണ്; എന്റെല്‍സിയെ ഇതും ഒരു കാണേണ്ട കാഴ്ചതന്നെ. കരയിലിരുന്ന് നോക്കിയാ ഇതൊക്കേം എങ്ങനെ കാണാനാണ്. ഞാമ്പറയും, ഇതുപോലൊരു കാഴ്ച; നീലക്കടലും നിലാവും മുത്തമിട്ടു കിടക്കണ മോഹക്കാഴ്ച ഭൂമിയിലൊരെടത്തും കാണാമ്പറ്റൂല്ല, ഉറപ്പ്. നീ നോക്കിക്കോ, ഒര് ദെവസം നിന്നെ ഞാനീ കടലീ കൊണ്ടുവരും ഇതൊക്കേം കാട്ടിത്തരും.

വീണ്ടും ആകാശത്തേക്കു നോക്കി. നിലാവിനെ പിന്നെയും കണ്ടു. അത് ഒന്നുകൂടി പൂത്തിരിക്കുന്നു. വെളുത്തവാവിന്‍നാളിലാണ് ഇണകളായ തിരണ്ടികള്‍ കടലിന്റെ മുകള്‍പ്പരപ്പിലേക്കു വരിക. നിലാവിനെ കണ്‍കുളിര്‍ക്കെ കാണാനാണ്. അപ്പന്‍ പറഞ്ഞുതന്നതാണ്. അതേനിമിഷം എസ്തപ്പാന്‍ അപ്പനെ ഓര്‍ത്തു. മീന്‍പിടിക്കാന്‍ വിരുതനായിരുന്ന അപ്പന്‍ ഒരിക്കല്‍ കപ്പലിന്റെ കിടപ്പുകാണാന്‍ അടിത്തട്ടിലേക്ക് ഊളിയിട്ടിറങ്ങിയതും കപ്പലിന്റെ ഉള്ളില്‍ തിരണ്ടിയുടെ ഒരുപാട് ഇണകള്‍ വസിക്കുന്നുണ്ടെന്നു കണ്ടെത്തിയതും അവ ഇണചേരുമ്പോള്‍ ഒരു ശബ്ദം പുറപ്പെടുവിക്കുമെന്നതും.

അപ്പന്‍ പറഞ്ഞു; വള്ളം തൊഴയാനായി നമ്മള് പങ്കായം വെള്ളത്തിലിടുമ്പം ഒരു ചെത്തം കേക്കുമല്ല്, ബ്ളും ... തുഴഞ്ഞിട്ട് അടുത്ത തുഴയലിനായി പങ്കായം എടുക്കുമ്പോ അപ്പളും ഒരു ചെത്തം കേക്കുമല്ല് ബ്‌ളോം... എന്നിട്ട് അപ്പന്‍ ശബ്ദം അനുകരിച്ചു; ബ്ളും... ബ്‌ളോം... ബ്ളും... ബ്‌ളോം... അപ്പന്‍ ചിരിച്ചു. ഞാനും ചിരിച്ചു.

എസ്തപ്പാന്‍ കാത്തിരിപ്പ് തുടര്‍ന്നു. അനിശ്ചിതത്വത്തിന്റെ കടലിലേക്കു നോക്കി അവനിരുന്നു. എത്ര കാത്തിരിക്കണം എന്നൊരു ശങ്ക അവനിലുണ്ടായി. ഇനി ജീവപര്യന്തംവരെ ഇരിക്കേണ്ടി വരുമോ? അങ്ങനെയും ഒരു ചിന്തയുണ്ടായി. ഇല്ല, നിരാശ പാടില്ല. ഉടനെ തിരുത്തുകയുംചെയ്തു. പെട്ടെന്ന് ഒരു ഉപായം തോന്നി. തിരണ്ടികള്‍ ഇണചേരുമ്പോളത്തെ ശബ്ദം ഇട്ടാലോ? സൊന്തം ശബ്ദം കേട്ടാല്‍ ആരാണ് ശ്രദ്ധവക്കാത്തത്! എങ്കില്‍ ആരെങ്കിലുമൊരാള്‍ ചൂണ്ടയില്‍ കൊളുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ജലോപരിതലത്തില്‍ മുഖം അടുപ്പിച്ച് ഒച്ചവച്ചു: ‘‘ബ്ളും... ബ്‌ളോം... ബ്ളും... ബ്‌ളോം...’’ കുറെനേരം അങ്ങനെ തുടര്‍ന്നു.

പെട്ടെന്ന് വഞ്ചി ഒന്നുലഞ്ഞു. ചൂണ്ടക്കയര്‍ വലിഞ്ഞു. കയറില്‍ പിടിമുറുക്കി. നല്ല മുറുക്കം. ഏതോ വമ്പനാണ് ചൂണ്ടയില്‍ കൊളുത്തിയിരിക്കുന്നത്. കയറിന്റെ വലിവിലൂടെ മനസ്സിലായി. എസ്തപ്പാനില്‍ കുളിര്‍കാറ്റു വീശി. ഉള്ളില്‍ ഒരു ഹര്‍ഷത്തിര തുള്ളി. അതെ, പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല എന്ന് സ്വയമേ മൊഴിയുകയും ചെയ്തു. അടുത്ത പണി കയര്‍ അയച്ചിട്ട് മീനിനെ പോകാന്‍ അനുവദിക്കലാണ്.

വഞ്ചിയുമായി കൂടെ പോകേണ്ടിവരും. വലിയ മീനിനെ മെരുക്കാന്‍ കഴിവ് മാത്രം പോരാ, ക്ഷമയും വേണം. കയര്‍ അയച്ചുകൊടുത്തു. ചൂണ്ടയുമായി മീന്‍ വേഗത്തില്‍ ഓടാന്‍ തുടങ്ങി. മീന്‍ അതിന്റെ എല്ലാ കഴിവും പുറത്തെടുത്ത് എസ്തപ്പാനേയുംവലിച്ചുകൊണ്ട് ആഴങ്ങളിലേക്ക് പോവുകയാണ്. അത്രക്ക് കരുത്തനാണെന്നു തോന്നുന്നു, അവന്‍ നിരൂപിച്ചു.

ബലം പ്രയോഗിച്ചാല്‍ കയര്‍ പൊട്ടിപ്പോകാനും മീന്‍ രക്ഷപ്പെടാനും സാധ്യതയുണ്ട്. വേണ്ട, പോകാവുന്നിടത്തോളം പോകട്ട്. നോക്കാം. കടലാഴവും പിളര്‍ന്ന് മീന്‍ കുതിച്ചു പായുകയാണ്. മീനിനൊപ്പം കടലിനെ ഉഴുതുമറിച്ച് വഞ്ചിയും അതിന്റെ പ്രാണനുംകൊണ്ട് കുതിച്ചും കിതച്ചും ഓളച്ചുഴികള്‍തീര്‍ത്ത് പായുകയാണ്. കൂടുതല്‍ ബലംപ്രയോഗിക്കാതെ മീനിനെ ഓടിച്ചുകൊണ്ടിരുന്നു എസ്തപ്പാന്‍.

 

മീന്‍ തളര്‍ന്നെന്നു തോന്നുന്നു. ഇപ്പോള്‍ പാച്ചിലില്ല. അത് ഓട്ടം നിര്‍ത്തിയിരിക്കുന്നു. എസ്തപ്പാനും തളര്‍ന്നുപോയിരുന്നു. ഇനിയൊന്ന് നടുനിവര്‍ക്കാം. ചൂണ്ടക്കയര്‍ വള്ളക്കള്ളിയില്‍ കെട്ടിയിട്ട് എഴുന്നേറ്റുനിന്നു. ചന്ദ്രന്‍ ഇപ്പോള്‍ ദൂരെ കിഴക്ക് സഹ്യപര്‍വതത്തിനു മുകളിലാണ്. മലനിരകളിലേക്കു പെയ്യുകയാണ് നിലാവ്. അവനു പാടാന്‍ തോന്നി. പാടുകയും ചെയ്തു; ‘‘കിഴക്കേമലയിലെ വെണ്ണിലാവൊരു ക്രിസ്ത്യാനിപ്പെണ്ണ്... കഴുത്തില്‍ മിന്നും പൊന്നും ചാര്‍ത്തിയ...’’

പാട്ടിനെ മുറിച്ചുകൊണ്ട് ആഴത്തില്‍നിന്നും വലുതായ ഒന്ന് പൊങ്ങിയുയര്‍ന്ന് ഉടലിലെ വെള്ളം എസ്തപ്പാനു നേരേ ചീറ്റി അവനെ അഭിവാദ്യം ചെയ്യുന്നപോലെ നിലകൊണ്ടു. നിമിഷങ്ങള്‍... പിന്നെയത് തിരികെ ജലപ്പരപ്പിലേക്ക്. ആഴ്ന്നും ഉയര്‍ന്നും... ‘‘ന്റപ്പാ!’’ എസ്തപ്പാന്‍ അത്ഭുതംകൂറി. ഒരു ഭീമന്‍ തിരണ്ടി. ആണ്‍തിരണ്ടിയാണ്. അതും അവന്‍ തിരിച്ചറിഞ്ഞു.

അപ്പാ, തിരണ്ടികളില് ആണിനേം പെണ്ണിനേം എങ്ങനെ അറിയും. മുമ്പൊരിക്കല്‍ ഇതേ ഇടത്തുവച്ച് അപ്പനോടു ചോദിച്ചു. അപ്പന്‍ പറഞ്ഞു: ആണ്‍തെരണ്ടീടെ വാല് തൊടങ്ങുന്നെടത്തുനിന്ന് രണ്ട് വശത്തും നടുവിരല് നീളത്തില് വളര്‍ന്നുനിൽക്കണ രണ്ട് കൈപ്പിടികള് ഉണ്ട്. പെണ്ണിനതില്ല.

വാല്‍ വെള്ളത്തിലിട്ടടിച്ച് പരവേശംകൊള്ളുകയാണ് തിരണ്ടി. അതിവേഗത്തില്‍ ചരട് പൊട്ടിച്ചെടുക്കുവാനുള്ള ശ്രമം. എങ്ങനെയും രക്ഷപ്പെടാനുള്ള പരാക്രമം. എസ്തപ്പാന്‍ കണ്ടു, ചൂണ്ട അവന്റെ വായില്‍ത്തന്നെ കൊരുത്തുകേറിയിരിക്കുകയാണ്. പൊടുന്നനെ, നല്ല ശക്തിയില്‍ ചൂണ്ടക്കയര്‍ താഴേക്കു വലിഞ്ഞു. നോക്കുമ്പോള്‍ ജലോപരിതലത്തില്‍ തിരണ്ടിയില്ല. സകല ഊക്കുമെടുത്ത് കുതിച്ചുപായുകയാണ്. ‘‘കാട്ടിത്തരാം...’’ അതേ ശക്തിയില്‍ കയര്‍ മുകളിലേക്കു വലിച്ചു. വിട്ടുകൊടുക്കാതെ തിരണ്ടിയും.

ബലാബലം. തിരണ്ടിക്കു കേള്‍ക്കാനായി ഉറക്കെപ്പറഞ്ഞു: ‘‘കയറിന്റെ ഒരറ്റത്ത് ഞാനും മറ്റേയറ്റത്ത് നീയും. നീ മത്സ്യം ഞാന്‍ മനുഷ്യന്‍. വേറിട്ട രണ്ടു ജന്മങ്ങള്‍...’’ മീനുകള്‍ക്ക് മനുഷ്യരോട് സംവദിക്കാന്‍ ഇഷ്ടമാണെന്ന് അവന്‍ മനസ്സിലാക്കിയിരുന്നു. അവന്‍ തുടര്‍ന്നു; ‘‘എനിക്കായി ഹെമിങ്‌വേ എന്ന കാഥികന്‍ കിഴവനും കടലും നോവലില്‍ എഴുതിവച്ചിട്ടുണ്ട്; ഒരു മനുഷ്യനെ പരാജയപ്പെടുത്താം. പക്ഷേ, തോൽപിക്കാനാവില്ല.

ഞാനാ വരികള്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. അതുപോലെ നിങ്ങടെ കൂട്ടത്തിലെ കവിയോ കാഥികനോ ഇവ്വിധമൊരു വചനം മൊഴിഞ്ഞിട്ടുണ്ടാവും. നീയും അതോര്‍ക്ക്. എങ്കിലേ നമ്മുടെ ഈ പോരാട്ടത്തിന് ഒരു ഉശിര് വരൂ...’’ കൂടാതെ കടലില്‍പോകാത്ത ദിവസങ്ങളിലെ കടപ്പുറത്തെ അവന്റെ പന്തുകളിയും നിനവില്‍വന്നു. പന്ത് കൈക്കലാക്കാനുള്ള, പാഴാവുന്തോറും വീറും വാശിയും കൂടുന്ന...

ചൂണ്ടക്കയര്‍ അയഞ്ഞു. തിരണ്ടി തിരികെ വരികയാണെന്നു തോന്നുന്നു. ‘‘നിന്നെ ഞാന്‍ പിടിക്കും മോനേ, എല്‍സിയുടെ മുമ്പില് കൊണ്ടുചെല്ലുകേം ചെയ്യും.’’ ഉറക്കെയുരുവിട്ട് എസ്തപ്പാന്‍ കയര്‍ വേഗത്തില്‍ വലിച്ചു. അതേസമയം തിരണ്ടിയെ അതിസാഹസികമായി പിടിച്ചതായും പെരുംതിരണ്ടിയേയുംകൊണ്ട് കടല്‍ക്കരയിലേക്കു പോകുന്നതുമായ ദൃശ്യം ഭാവനചെയ്തു:

തിരണ്ടിയുമായി കരയിലേക്ക് ആയത്തില്‍ തുഴയുകയാണ് എസ്തപ്പാന്‍. കടല്‍പക്ഷിയെപ്പോലെ പറക്കുകയാണ്. അവന്റെ മനതാരില്‍ അനേകം ആനന്ദത്തിരകളടിക്കുകയാണ്. കരയിലേക്കു കൊണ്ടുവന്ന തിരണ്ടിയെക്കണ്ട് തൊറേക്കാര്‍ ഓടിക്കൂടി. തുറയാകെയും ജനക്കൂട്ടത്താല്‍ നിറഞ്ഞു. ആളുകളും ആരവങ്ങളും കടലിന്റെ ഒച്ചയേക്കാളും ഉയര്‍ന്നുകേട്ടു. ഒരു ചെമ്പരുന്ത് തിരണ്ടിക്കും ആളുകള്‍ക്കും മുകളില്‍ വട്ടംചുറ്റിപ്പറന്നു.

ചിലര്‍ അടക്കം പറഞ്ഞു: ഇവന്‍ അപ്പന്റെ മോന്‍തന്നെ. ഒച്ചേം ബഹളോം കേട്ട് വീട്ടില്‍നിന്നും എല്‍സിയും ഇറങ്ങിയോടി വന്നു. കരയില്‍ വഞ്ചിയേക്കാള്‍ വലിയൊരു മീനുമായി എസ്തപ്പാന്‍ നിൽക്കുന്നു. അവനെ പൊതിയുകയും അഭിനന്ദനങ്ങള്‍ ചൊരിയുകയും ചെയ്യുന്ന കൂട്ടക്കാര്‍. അത്ഭുതംതുടിക്കുന്ന കണ്ണുകളോടെ എല്‍സി. അവളുടെ മുഖം നിറനിലാവുപോലെ തിളങ്ങുന്നുണ്ട്. അവള്‍ ഓടി എസ്തപ്പാനടുത്തെത്തി. കെട്ടിപ്പിടിച്ച് അവനൊരുമ്മ കൊടുത്തു. അവള്‍ പറഞ്ഞു: ഇതിനായിരുന്നോ നിങ്ങള് എന്നേം ഉണര്‍ത്താതെ പോയത്. ഞാന്‍ നിങ്ങളെ സങ്കടപ്പെടുത്തി. എനിക്കു നിങ്ങളു മതി. സന്തോഷംകൊണ്ട് അവന്റെ കണ്ണ് നിറഞ്ഞുപോയി.

അവ്വിധം ഭാവനയുടെ ഓളങ്ങളില്‍ നീന്തിത്തുടിക്കെ, കടല്‍ക്കാറ്റ് വീശി. കടലോളങ്ങള്‍ ഉമ്മ​െവച്ച കാറ്റുവന്ന് അവനെ തൊട്ടു. ഉള്ളം കുളുര്‍ന്നു അവളുടെ ഉമ്മ, കെട്ടിപ്പിടിത്തം... ഓര്‍ക്കുമ്പോളെന്തൊരു കുളുര്‍മ. നടുക്കടലില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ പലപ്പോഴും എല്‍സിയെക്കുറിച്ചുള്ള കനവാണ് എസ്തപ്പാനൊരു കൂട്ട്. കനവിന്റെയും കൂട്ടിന്റെയും പൊരുള്‍ എന്തെന്നറിയണമെങ്കില്‍ കരകാണാക്കടലില്‍ത്തന്നെ ആയിരിക്കണം എന്നവന്റെ ഇംഗിതം.

കൈകള്‍ പ്രാർഥനപോലെ വിടര്‍ത്തി; ‘‘ഇണയെ സൃഷ്ടിച്ച ദൈവമേ നിനക്കു സ്തുതി. മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല, അവന് ഞാനൊരു ഇണയെ നൽകും എന്നുപറഞ്ഞ് നീ പുരുഷന്റെ ഒരു വാരിയെല്ലൂരിയെടുത്ത് സ്ത്രീയെ സൃഷ്ടിച്ചു. എന്റെ നല്ല ദൈവമേ നിന്റെയൊരു ഉള്‍ക്കാഴ്ചണ്ട’’, അവന് ദൈവത്തോട് എന്തെന്നില്ലാത്ത സ്‌നേഹം തോന്നി.

വഞ്ചിക്കു സമീപം വന്ന് മുക്രയിടുകയാണ് തിരണ്ടി. ശ്രദ്ധിച്ചു, നല്ല നീണ്ട മൂക്കാണ്. ‘‘എടാ മൂക്കാ’’, എസ്തപ്പാന്‍ ചോദിച്ചു: ‘‘പറയ്, നിന്റെ ഇണയെവിടെ? ആരെങ്കിലും പിടിച്ചോണ്ടുപോയോ? എന്റെ തൊറേന്ന് ആരും പിടിച്ചതായി എനക്കറിവില്ല. ഇനി തെക്കന്മാര് വല്ലോരും...’’ അപ്പോള്‍ മറ്റൊരു വിചാരം അവനിലുണ്ടായി. ഇനിയിപ്പൊ എങ്ങനേലും ഇവനെ പിടിച്ചാല് ഇവന്റെ ഇണ തനിച്ചാവില്ലേ? അതിന് സങ്കടമാവില്ലേ? അതൊരു വലിയ ചോദ്യമാണ്. പക്ഷേ, ആ ചോദ്യത്തിന് അവന്റെ കയ്യില്‍ ഉത്തരമില്ല.

ആകെയൊരു കുഴമറിയലിൽപെട്ടു. വീണ്ടുവിചാരത്തില്‍, എന്തോ ആവട്ട്. എനിക്ക് ഇവനേംകൊണ്ട് എല്‍സീടെ മുമ്പില് ചെല്ലണം. അതെന്റെ നിലനിൽപാണ്. ഉറക്കെപ്പറഞ്ഞു: ‘‘മൂക്കാ, നിന്നേം കൊണ്ടുചെന്നിട്ടുവേണം എനിക്കെന്റെ എല്‍സിയെ വീണ്ടെടുക്കാന്.’’ നോക്കുമ്പോള്‍ തിരണ്ടി സമീപത്തൊന്നുമില്ല. പരിഭ്രമത്തോടെ നാലുപാടും വീക്ഷിച്ചു. തിരണ്ടിയെ കാണാനില്ല. ചൂണ്ടക്കയറിന് മുറുക്കവുമില്ല. കയര്‍ അയഞ്ഞുകിടക്കുന്നു. പെട്ടെന്നൊരു ചിന്ത അന്തഃരംഗത്തിലൂടെ പാഞ്ഞു.

ഇനി തിരണ്ടി ചൂണ്ടയുംപൊട്ടിച്ച് അവന്റെ ഇണയോടൊപ്പം പോയിചേര്‍ന്നോ? ആലോചിക്കാനേ വയ്യ. കടുത്ത നിരാശ കറുത്തമേഘംപോലെ അവനെ പൊതിഞ്ഞു. അവന് പെരുത്തും സങ്കടംവന്നു. അവന്റെ നെഞ്ചകം വിങ്ങി; ‘‘അയ്യോ!’’ തൊണ്ടയില്‍ ചൂണ്ട കൊരുത്തുകേറിയപോലെ അവന്‍ നിലവിളിച്ചു. ആ നിലവിളി അങ്ങ് അഞ്ചുതെങ്ങുവരെയും കേട്ടിരിക്കണം. തത്സമയം കറുത്തനിറമുള്ള ഒരു കടല്‍ക്കാക്ക ‘‘ക്രോഹ്... ക്രോഹ്...’’ എന്ന് ഒച്ചയിട്ടുകൊണ്ട് അവനെ തൊട്ടുതൊട്ടില്ല എന്നമട്ടില്‍ പറന്നു.

എസ്തപ്പാന്റെ ഉറക്കെയുള്ള നിലവിളിയോ കാക്കക്കരച്ചിലോ എന്താന്നറിയില്ല, തിരണ്ടി വല്ലാത്തൊരു ശബ്ദത്തോടെ പൊങ്ങി ഉയര്‍ന്ന് വഞ്ചിയുടെ ഇടത്തുനിന്നും വലത്തുഭാഗത്തേക്ക് മറുകണ്ടംചാടി. അവന്‍ ശരിക്കും ഭയന്നുപോയി. അപ്രതീക്ഷിതം. തിരണ്ടി ഇപ്പോള്‍ വഞ്ചിയെ വട്ടംചുറ്റുകയാണ്. അവന്‍ കുതറുന്നുണ്ട്. എസ്തപ്പാന്‍ ഉച്ചത്തില്‍ പുലമ്പി; കണ്ണുതുറന്നുവച്ചിരിക്കണം. കണ്ണുചിമ്മുന്ന നേരംകൊണ്ട് ആക്രമിച്ചേക്കാം. കരുതലോടെ ഇരുന്നു.

എസ്തപ്പാന്റെ പുലമ്പല്‍ കേട്ടോ എന്തോ തിരണ്ടി പൊങ്ങി ഉയര്‍ന്നു. വാലുയര്‍ത്തി. കണ്ടു, അവന്റെ വാലില്‍ വലിയ മൂന്ന് മുള്ള്. അപ്പന്റെ വാക്കുകള്‍ കാതില്‍ മുഴങ്ങി; ‘‘വലിയതൊറേലെ കടലീവച്ച് നമ്മളപ്പോലെ ഒരാളടെ നെഞ്ചില് തെരണ്ടി കുത്തി. ചോരവാര്‍ന്ന് അയാള് മരിച്ച്. അതോണ്ട് എപ്പളും കരുതലോടിരിക്കണും. തെരണ്ടീടെ മുള്ള് വെഷമാണ്.’’ ഇമയനക്കാതെ ശ്രദ്ധയോടെ തിരണ്ടിയേയും വീക്ഷിച്ചുകൊണ്ടിരുന്നു, തിരണ്ടി പൊങ്ങിവരുന്ന മുഹൂര്‍ത്തവും കാത്ത്. അഥവാ ഒരു പ്രത്യാക്രമണം പ്രതീക്ഷിച്ച്.

വഞ്ചിയില്‍നിന്നും അൽപദൂരം മാറിയാണ് ഇപ്പോള്‍ തിരണ്ടിയുടെ കിടപ്പ്. വെള്ളത്തില്‍ അമര്‍ന്നു കിടക്കുകയാണ്. നിശ്ചലനാണ്. നോട്ടം പക്ഷേ, എസ്തപ്പാനിലേക്കാണ്. തിരണ്ടിയെ നോക്കി പിറുപിറുത്തു; ‘‘ഡാവില് നീ അങ്ങനെ കിടക്ക്യാണ് അല്ലേ, എന്തോ നീ ഒപ്പിച്ചിട്ടുണ്ട്.

നിന്റെയാ നോട്ടംകണ്ടാലറിയാം. നിന്നെയങ്ങനെ വിശ്വാസത്തിലെടുക്കാന്‍ പറ്റൂല്ല. എന്റെ നോട്ടം അൽപം മാറിയാല് നിന്റെ വിഷമുള്ളുകൊണ്ട് എന്റെ കൂമ്പില് കുത്താനല്ലേ. കാഞ്ഞബുദ്ധിയാണ് നിനക്ക്. എന്റെ തോറേല് പറേണമാതിരി തൂറിത്തോപ്പിക്കണ പുത്തി.’’

പെട്ടെന്ന് കടലിനു മീതെ ഇരുള്‍ പടര്‍ന്നു. എസ്തപ്പാന്‍ മുകളിലേക്കു കണ്ണുകളുയര്‍ത്തി. ആകാശച്ചെരിവിലൂടെ മേഘങ്ങള്‍ ചന്ദ്രനെ മറച്ചും മറയ്ക്കാതെയും എങ്ങോട്ടോ ധൃതി​െവച്ച് പോകുന്നു. ഇപ്പോള്‍ ആകാശത്ത് ഒറ്റ നക്ഷത്രമേയുള്ളൂ. രാവിലെകണ്ട അതേ നക്ഷത്രം.

വിചാരിച്ചപോലെ, ഒരു കീറ് മേഘം നിലാവിനെ മറച്ച തക്കംനോക്കി രണ്ടാമതും തിരണ്ടി ഉയര്‍ന്നുപൊങ്ങി. ഇക്കുറി അവന്റെ നേര്‍ക്കുവന്നു. അതിവേഗത്തിലായിരുന്നു വരവ്. എസ്തപ്പാന്‍ കൊളുത്തോട്ടിയെടുത്തു. തയാറായി നിന്നു. തിരണ്ടി പക്ഷേ, വഞ്ചിയുടെ അണിയത്തുവന്ന് വാലു കൊണ്ട് ഒരൊറ്റയടി. വഞ്ചി നന്നായി ഉലഞ്ഞു, അവനും. വീഴാതെ കാത്തു. ഒരു തുഴപ്പാടകലെ അവനേയും തുറിച്ചുനോക്കി കിടക്കുകയാണ് തിരണ്ടി.

എസ്തപ്പാന് ശരിക്കും ദേഷ്യം വന്നു. ദൃഢനിശ്ചയംപോലെ പറഞ്ഞു: ‘‘വാടാ, ഇങ്ങടുത്തുവാ, നിന്റെ മുള്ളിന്റെ മുന ഇന്നു ഞാനൊടിക്കുന്നുണ്ട്.’’ ശേഷം തിരണ്ടിയുടെ നേര്‍ക്ക് വിരല്‍ചൂണ്ടി; ‘‘ഞാന്‍ ജയിച്ചാല്‍ നിന്റെ മരണം. നീ ജയിച്ചാല്‍ എന്റെ മരണം.’’ പെട്ടെന്നൊരു വീണ്ടുവിചാരമുണ്ടായി. അയ്യോ! വേണ്ട, നീ ജയിക്കണ്ട. ഞാന്‍ ജയിച്ചാമതി. നീ ജയിക്കുകേം ഞാന്‍ മരിക്കുകേം ചെയ്താപ്പിന്നെ എന്റെ എല്‍സി... നേരിയ ഒരൊച്ച കേട്ടു. ചുറ്റുപാടും നോക്കി. ആരുമില്ല. അവന്റെ ഉള്ളുലാവിയ ഒച്ചയായിരുന്നു.

എസ്തപ്പാന്‍ ചൂണ്ടക്കയര്‍ വലതു കയ്യില്‍നിന്നും ഇടതു കയ്യിലേക്കു മാറ്റി. ഉള്ളങ്കയ്യ് നന്നായി വേദനിക്കുന്നുണ്ട്. കയര്‍ മുറുക്കിപ്പിടിച്ചതിന്റെയും ഊക്കോടെ വലിച്ചതിന്റെയും കനത്ത പാടുകള്‍. വലതുകൈ കടലിലേക്കു താഴ്ത്തി ഉപ്പുവെള്ളംകൊണ്ടു. കടല്‍വെള്ളം കോരി മുഖത്തൊഴിച്ച് ക്ഷീണം മാറ്റി. അവന്‍ അറിഞ്ഞു, കടലിന് നല്ല ഒഴുക്കാണ്. ഒഴുക്ക് കരയിലേക്കാണ്.

‘‘നിന്റെകൂടെ മല്ലിട്ട് മല്ലിട്ട് എന്റെ ഊപ്പാടും പതക്കേടും വന്ന്. കട്ടായം ഇനി നിന്നെ ഞാന്‍ വിടൂല്ല.’’ തിരണ്ടിയെ തലയാട്ടി വിളിച്ചു: ‘‘വാടാ മൂക്കാ...’’ ഒപ്പം ഇരുകൈകളും കൂട്ടിപ്പിടിച്ച് ചൂണ്ടക്കയറും ആഞ്ഞുവലിച്ചു. വാശിയോടെ പറഞ്ഞു; ‘‘നിന്റെ മൂക്കിന്നു ഞാന്‍ കശക്കും.’’

തിരണ്ടി വരികയാണ്. ചിറകടിച്ചും വാല്‍ചുഴറ്റിയും പരാക്രമം കാട്ടിയുമാണ് വരിക.

‘‘വാടാ, ഇങ്ങടുത്തുവാടാ, നിന്നെ പിടിക്കാനുള്ള സൂത്രം എന്റെ അപ്പന്‍ എനിക്കു പറഞ്ഞുതന്നിട്ടുണ്ട്.’’ തിരണ്ടി ഇനി വഞ്ചിയോടടുക്കാന്‍ വലിയ ദൂരമില്ല. ചുണ്ടക്കയറിനും അധികം നീളമില്ല. എസ്തപ്പാന്‍ ഒരു തയാറെടുപ്പോടെ ഉടലിനെ ഒരുക്കിനിര്‍ത്തി. തിരണ്ടി വഞ്ചിയോടടുത്തതും പൊങ്ങിയുയര്‍ന്നതും എസ്തപ്പാന്‍ ഒരൊറ്റ പിടിത്തം. അവന്റെ മൂക്കിനിട്ടുതന്നെ. കണ്ടു, ഇപ്പോള്‍ തിരണ്ടിയുടെ വായില്‍ ചൂണ്ടയില്ല. കടിച്ചുപൊട്ടിച്ചതോ അതോ ഊര്‍ന്നുപോയതോ? അറിയില്ല. ഒരുനിമിഷം അമ്പരന്നുവെങ്കിലും വേഗത്തില്‍ തിരണ്ടിയുടെ നാസാദ്വാരത്തിലൂടെ ചൂണ്ടുവിരല്‍ കടത്തി തള്ളവിരല്‍കൊണ്ട് കൂട്ടിപ്പിടിച്ചു. ‘‘ഇങ്ങനെ ചെയ്താല്‍ നിനക്കു ശ്വാസം മുട്ടും.

നീ വെരളും. അതോടെ നിന്റെ വീറ് തീരും. ഒക്കേം അപ്പന്‍ പറഞ്ഞുതന്നതാണ്.’’ ഞെരിപിരികൊള്ളുന്ന തിരണ്ടിയെ നോക്കി, ‘‘നിന്നെയെനിക്കു കിട്ടിയെടീ എന്റെ എല്‍സിയേ..’’ എന്ന് അത്യധികമായ ആഹ്ലാദത്തോടെ ഉരുവിട്ട് തിരണ്ടിയെ വള്ളത്തിലേക്ക് വലിച്ചുകയറ്റാന്‍ ശ്രമിക്കവെ പൊങ്ങിവന്നതു പക്ഷേ, മൂക്കന്‍ തിരണ്ടിയുടെ ഇണ. ആഴത്തില്‍നിന്നും പൊങ്ങി ഉയര്‍ന്ന് ശരവേഗത്തില്‍ എസ്തപ്പാന്റെ വിരിഞ്ഞ മാറിനുനേര്‍ക്കുതന്നെ വന്നു. പിന്നെ, മുറിച്ചെടുത്ത മുള്ളുംകൊണ്ട് തിരികെ ആഴക്കടലിലേക്ക് ഒറ്റപ്പോക്ക്. ഒരപ്രതീക്ഷിത നിമിഷം. സ്തംഭിച്ചങ്ങനെ കടലും കാലവും.

‘‘ദൈവമേ!’’ എസ്തപ്പാന്റെ നെഞ്ചില്‍നിന്നും കാലവര്‍ഷത്തിലെ കടലിരമ്പംപോ​െല ഒരു നിലവിളി ഉയര്‍ന്നു. ശേഷം, ഇരുകൈകള്‍കൊണ്ടും നെഞ്ചു പൊത്തിപ്പിടിച്ചു. ഒരു പിടച്ചിലോടെ വള്ളപ്പടിമേല്‍ മലര്‍ന്നുവീണു. ഉയരെ, മാനത്ത് അവനെ നോക്കി ഉരുകിയൊലിച്ച ഒറ്റനക്ഷത്രത്തെ കാണാന്‍കഴിയാതെ എസ്തപ്പാന്‍ കിടന്നു. ചിന്ത വാര്‍ന്നു കിടന്നു. ആ മുള്‍ഹൃദയവും വഹിച്ച കേവഞ്ചി രാക്കടലിലൂടെ അഞ്ചുതെങ്ങിന്റെ തീരത്തേക്കു തുഴഞ്ഞു.

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.