ഓഖി ദുരന്തം: മുന്നറിയിപ്പ് -സുരക്ഷാ സംവിധാനം വിപുലമാക്കണം -ശാസ്ത്രസാങ്കേതിക വിദഗ്ധർ തിരുവനന്തപുരം: ഓഖി ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ കേരളതീരത്തെ ദുരന്തസാധ്യതമേഖലയായി കണ്ട് സുരക്ഷാ സംവിധാനങ്ങൾ വിപുലവും ശക്തവുമായി നടപ്പാക്കണമെന്ന് ശാസ്ത്രസാങ്കേതിക വിദഗ്ധരുടെ സമ്മേളനം കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികൾക്ക് ദുരന്തമുന്നറിയിപ്പ് നൽകാൻ ഐ.എസ്.ആർ.ഒ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത 'നാവിക്' സാങ്കേതികവിദ്യ (നാഷനൽ റിമോട്ട് സെൻസിങ്) പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുകൂടി ലഭ്യമാകുന്നവിധത്തിൽ നവീകരിച്ച് നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഉപഗ്രഹാധിഷ്ഠിത ഫോൺ, വയർലെസ്, റേഡിയോ സംവിധാനങ്ങളും അന്തർദേശീയ നിലവാരത്തിൽ പരിഷ്കരിച്ച് മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കണം. പരമ്പരാഗത മത്സ്യത്തൊളിലാളികളുടെ കടലറിവുകളും ശാസ്ത്ര അറിവുകളും തമ്മിൽ സംയോജിപ്പിക്കണം. മത്സ്യത്തൊഴിലാളി ഗ്രാമങ്ങളെ കേന്ദ്രീകരിച്ച് കമ്യൂണിറ്റി റേഡിയോ അടക്കമുള്ള ആശയവിനിമയശൃംഖല സ്ഥാപിക്കണമെന്നും യോഗം നിർദേശിച്ചു. ശാസ്ത്രസാങ്കേതികവിദഗ്ധരുടെ യോഗത്തിൽ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര അധ്യക്ഷതവഹിച്ചു. സമ്മേളനത്തിൽ ദേശീയ റിമോട്ട് സെൻസിങ് സെൻറർ മുൻ ഡയറക്ടർ ഡോ. വി.കെ. ദത്വാൾ, ഡോ. രാജീവൻ, ഡോ. താര, ഡോ. ലീല എഡ്വിൻ, ഡോ. സോമൻ, ഡോ. സ്വാതിലക്ഷ്മി, ഷാജി ജോർജ്, ഫാ. തിയോഡേഷ്യസ് ഡിക്രൂസ്, ഫാ. മുത്തപ്പൻ അപ്പോലി, ടി. പീറ്റർ, ജൂഡ് ജോസഫ്, റോബർട്ട് പനിപ്പിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.