പുല്‍പള്ളി: ഓര്‍മ മരം പദ്ധതിയുടെ ഭാഗമായി കബനി തീരം പച്ചപ്പാക്കാന്‍ വിഭാവനചെയ്ത പദ്ധതി മുളയിലേ കരിയുന്നു. ലോക പരിസ്ഥിതിദിനത്തില്‍ 1500ത്തോളം തൈകള്‍ കബനിയുടെ കൊളവള്ളി തീരത്ത് നട്ടതല്ലാതെ മറ്റു പ്രവര്‍ത്തികളൊന്നും നടത്തിയിട്ടില്ല. കൊളവള്ളി മുതല്‍ പെരിക്കല്ലൂര്‍ വരെ 20,000 വൃക്ഷത്തൈകള്‍ നടുമെന്നായിരുന്നു പറഞ്ഞിരുന്നത്. പത്ത് കി.മീറ്ററോളം ദൂരത്തില്‍ നടുന്നതിനാവശ്യമായ 20,000ത്തോളം മരത്തൈകളും ഇറക്കിയിരുന്നു. ഇറക്കിവെച്ച വൃക്ഷത്തൈകള്‍ 90 ശതമാനവും പലയിടത്തായി ഉണങ്ങിനശിക്കുകയാണ് ഇപ്പോള്‍. മരത്തൈകള്‍ നടാത്തതിനെതിരെ പരാതികളുയര്‍ന്നപ്പോള്‍ കഴിഞ്ഞദിവസങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കുറെ മരത്തൈകള്‍ കബനി തീരത്തുനിന്നും സമീപത്തെ പാതയോരങ്ങളില്‍ നട്ടു. ജില്ലാ കലക്ടര്‍ മുന്‍കൈയെടുത്ത് നടപ്പാക്കിയ പദ്ധതിയാണ് ആസൂത്രണത്തിലെ പിഴവുകളാല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റാത്ത നിലയിലുള്ളത്. ഗ്രാമപഞ്ചായത്തിനെയായിരുന്നു പ്രവൃത്തി ഏല്‍പിച്ചിരുന്നത്. പരിസ്ഥിതിദിനത്തില്‍ ധനമന്ത്രി പ്രഫ. തോമസ് ഐസക്കായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഏറെ കൊട്ടിഘോഷിച്ചായിരുന്നു പരിപാടി. തൈ നടുന്നതിന് വിവിധ സംഘടനകളും പിന്തുണയറിയിച്ചിരുന്നു. ഈ സംഘടനകള്‍ സജീവമായി പ്രവൃത്തിയില്‍ പങ്കാളികളാകുമെന്നും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, പരിസിഥിതിദിനത്തില്‍ മാത്രം പല സംഘടനകളുടെയും ആളുകള്‍ തലകാണിച്ച് മുങ്ങുകയായിരുന്നു. വരള്‍ച്ചക്ക് പരിഹാരമെന്ന രീതിയിലായിരുന്നു മരത്തൈകള്‍ പുഴയോരത്ത് നട്ടുപിടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.