ബംഗളൂരു: 39.15 ലക്ഷത്തിന്റെ 132 കി.ഗ്രാം കഞ്ചാവുമായി മലയാളിയടക്കം രണ്ടുപേർ പിടിയിലായി. കാസർകോട് മഞ്ചേശ്വരം മിയാപടവ് മാടങ്കൽ കട്ട സ്വദേശി അബ്ദുൽ ഖാദർ ഹാരിസ് (31), ദക്ഷിണ കർണാടക ബന്ത്വാൾ സ്വദേശി റമീസ് എന്ന റാസ് എന്നിവരാണ് പിടിയിലായതെന്ന് മംഗളൂരു പൊലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു. കർണാടക മുടിപ് കുർനാട് പഞ്ചായത്തിന്റെ പരിധിയിലുള്ള കയർഗോളി ഗ്രാമത്തിൽനിന്നാണ് ഇൻസ്പെക്ടർ മഹേഷ് പ്രസാദിന്റെ നേതൃത്വത്തിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) പൊലീസ് സംഘം ഇവരെ പിടികൂടിയത്.
രണ്ട് മൊബൈൽ ഫോണുകൾ, 2180 രൂപ എന്നിവയും ഇവരിൽനിന്ന് പിടിച്ചെടുത്തു. കഞ്ചാവ് കടത്ത് തടയാൻ എത്തുന്നവരെ നേരിടാനുള്ള തയാറെടുപ്പുകളും ഇവർ നടത്തിയിരുന്നു. മംഗളൂരു, ബംഗളൂരു, കേരളം എന്നിവിടങ്ങളിൽ വിതരണം ചെയ്യാനായി എത്തിച്ച കഞ്ചാവാണിത്. വിശാഖപട്ടണത്തുനിന്നാണ് ചരക്ക് എത്തിയത്. ബന്ത്വാൾ താലൂക്കിലെ നരിങ്കന തൗഡ്ഗോളി സ്വദേശിയായ റമീസ് നിലവിൽതന്നെ ആറ് കേസുകളിൽ പ്രതിയാണ്. മംഗളൂരു നോർത്ത് പൊലീസ്, ഉള്ളാൾ, കൊനാജെ പൊലീസ് സ്റ്റേഷനുകളിലായാണ് കഞ്ചാവ് ഉപയോഗം, മയക്കുമരുന്ന് വിൽപന, കൊലപാതകശ്രമം, ആക്രമണം തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെയുള്ളത്. ഹാരിസിനെതിരെ ഉള്ളാൾ, മഞ്ചേശ്വരം സ്റ്റേഷനുകളിൽ സമാന കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.