ബംഗളൂരു: അത്തപ്പൂവിളിയോടെ നഗരം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് ചുവടുവെച്ചു. ഇനി ആഴ്ചകളോളം മലയാളികൾക്കിടയിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടക്കും. കേരളത്തിൽനിന്നുള്ള കലാസംഘങ്ങളും സാംസ്കാരിക പ്രവർത്തകരും സാഹിത്യകാരന്മാരും വേദികളിൽ അതിഥികളായെത്തും.
നഗരത്തിരക്കിലെ ജോലിക്കിടയിൽനിന്ന് മലയാളി കുടുംബങ്ങൾക്ക് ഒത്തുകൂടാനും ആഹ്ലാദം പങ്കുവെക്കാനുമുള്ള വേളകൾ കുടിയാണ് ഇത്തരം കൂട്ടായ്മയുടെ ആഘോഷങ്ങൾ. കോവിഡ് സാഹചര്യത്തിലെ നിയന്ത്രണങ്ങൾക്കുശേഷം വീണ്ടുമൊരോണം വന്നെത്തുന്ന വേളയാണിത്. എന്നാൽ, കഴിഞ്ഞദിവസം പൊതുയിടങ്ങളിലും കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കണമെന്ന ഉത്തരവ് സർക്കാർ ഇറക്കിയിരുന്നു. അതിനാൽ ഇനിയുള്ള ആഘോഷവേദികളിൽ ഈ നിബന്ധനകൾ പാലിക്കേണ്ടിവരും.
ബാംഗ്ലൂർ കേരള സമാജം സിറ്റി സോൺ
മലയാളികളുടെ കൂട്ടായ്മയും ആഘോഷങ്ങളും കർണാടകത്തിന് മാതൃകയാണെന്ന് കർണാടക മുൻ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്‌ഡി അഭിപ്രായപ്പെട്ടു. ബാംഗ്ലൂർ കേരള സമാജത്തിന്റെ ഓണാഘോഷപരമ്പരയുടെ തുടക്കം കുറിച്ച് സിറ്റി സോണിൽ സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിറ്റി സോൺ ചെയർമാൻ ലിന്റോ കുര്യൻ അധ്യക്ഷത വഹിച്ചു.
പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ മുഖ്യാതിഥിയായി. കുണ്ടറ എം.എൽ.എ പി.സി വിഷ്ണു നാഥ് ആഘോഷത്തിന് ആശംസകൾ നേർന്നു. കസ്റ്റംസ് അഡിഷണൽ കമ്മീഷണർ പി. ഗോപകുമാ, കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജികുമാർ , ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി വിനേഷ് കെ. , കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, സോൺ കൺവീനർ ശ്രീജിത്ത്, ആഘോഷകമ്മറ്റി ചെയർമാൻ പ്രസീദ് കുമാർ, മനു കെ.വി., വനിതാ വിഭാഗം ചെയർപേഴ്സൺ മേഴ്സി ഇമ്മാനുവൽ, കൺവീനർ സനിജ ശ്രീജിത്ത്, യൂത്ത് വിങ് ചെയർമാൻ ഡോ. നകുൽ , കൺവീനർ ഷൈനോ ഉമ്മൻ തുടങ്ങിയവർ സംബന്ധിച്ചു. തൃശൂരിൽ നിന്നുള്ള പുലിക്കളി പരിപാടികൾക്ക് മാറ്റ് കൂട്ടി. കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ, ഓണസദ്യ, ആട്ടം കലാസമിതി- ചെമ്മീൻ ബാൻഡ് അവതരിപ്പിച്ച സംഗീത വിരുന്ന് എന്നിവ നടന്നു.
ബന്നാർഘട്ടറോഡ് സൗത്ത് സിറ്റി അപാർട്ട്മെന്റിലെ സൗത്ത് സിറ്റി കേരളൈറ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച 'പൂവിളി 22' ആഘോഷപൂർവം കൊണ്ടാടി. രണ്ടു ദിവസങ്ങളിലായി നടന്ന ആഘോഷത്തിൽ പൂക്കള മത്സരം, പായസം പാചക മൽസരം, വടംവലി, കുട്ടികളുടെ പാട്ട്, നൃത്തം, മുതിർന്ന അംഗങ്ങളുടെ തിരുവാതിരകളി, ഒപ്പന എന്നിവയും നടന്നു. ഓണസദ്യ വിളമ്പി.
കോഴിക്കോട് പേരാമ്പ്ര സ്വദേശി അശോ സമം എന്ന അശോക് കുമാർ നയിച്ച കുരുത്തോല ശിൽപശാല, എടപ്പാൾ ശുകപുരം രഞ്ജിത്തും സംഘവും നയിച്ച തായമ്പക, പഞ്ചാരിമേളം, മേള പ്രദക്ഷിണം, ബന്നാർഘട്ട റോഡിലെ ആയോധന കളരി അക്കാദമി അംഗങ്ങൾ അവതരിപ്പിച്ച കളരിപ്പയറ്റ് പ്രദർശനം, ശിവാലയ നൃത്തവിദ്യാലയത്തിലെ കലാക്ഷേത്ര പ്രീജയും സംഘവും അവതരിപ്പിച്ച ഡാൻസ്ഡ്രാമ, കേരളത്തിൽനിന്നുള്ള ട്രൈറ്റൻസ് ബാൻഡിന്റെ ഫ്യൂഷൻ സംഗീതം, കരോക്കെ നൈറ്റ്സ് എന്നിവ അരങ്ങേറി. 40 ഓളം സ്റ്റാളുകളും സജ്ജീകരിച്ചു.
മാറത്തഹള്ളി സെന്റ് ബസേലിയോസ് ഓർത്തഡോക്സ് പള്ളിയുടെ ഓണാഘോഷം 'ആർപ്പോ 2022' വിപുലമായി സംഘടിപ്പിച്ചു. പൂക്കളമിടൽ, ഓണസദ്യ, തിരുവാതിര കളി, വടം വലി, മറ്റു കലാകായിക മത്സരങ്ങൾ, ഗായകൻ വിധു പ്രതാപും സംഘവും അണിനിരന്ന ഗാനമേള, സ്റ്റാൻഡ് അപ് കൊമേഡിയനും നടനുമായ രമേഷ് പിഷാരടിയുടെ കോമഡി മേള തുടങ്ങിയവ അരങ്ങേറി. ഓർത്തഡോക്സ് സഭ ബംഗളൂരു ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം ഉദ്ഘാടനം നിർവഹിച്ചു. വികാരി ഫാ. ജയിംസ് ഈപ്പൻ കുറ്റിക്കണ്ടത്തിൽ, സെക്രട്ടറി സജി കെ.എസ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
ബംഗളൂരു ഉദയനഗർ ശ്രീ അയ്യപ്പ ക്ഷേത്രവും അത്തപ്പൂക്കളമിട്ട് ആഘോഷത്തിനൊരുങ്ങി. അത്തം മുതൽ പത്തു ദിവസം ശ്രീ അയ്യപ്പ ക്ഷേത്രം പൂക്കളം ഇടുമെന്ന് ഭാരവാഹികൾ അറിയിച്ചു. തിരുവോണം നാളിൽ ക്ഷേത്രത്തിൽ ഓണസന്ധ്യ ഒരുക്കും. വിനായക ചതുർഥി ദിവസത്തിൽ മേൽശാന്തി വജിൽ നമ്പൂതിരിയുടെ നേതൃത്വത്തിൽ രാവിലെ എട്ടിന് മഹാഗണപതി ഹോമം നടക്കും.
കൈരളി സമാജത്തിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്ത സെപ്റ്റംബർ നാലുമുതൽ ഏഴുവരെ ഹൊസൂർ ബസ് സ്റ്റാന്റിന് എതിർവശമുള്ള ജെ.എം.സി ഗോൾഡൻ കോംപ്ലക്സിൽ നടത്തും. കേരളത്തിൽ നിന്നുള്ള നാടൻ വിഭവങ്ങൾ മിതമായ വിലയ്ക്ക് ഓണച്ചന്തയിൽ എത്തിക്കും. രാവിലെ 10 മുതൽ രാത്രി 8.30 വരെ ഓണച്ചന്ത തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് ഓണച്ചന്ത കമ്മിറ്റി ചെയർമാൻ പി.കെ അബൂ അറിയിച്ചു. ഓണത്തോടനുബന്ധിച്ച് നിർധനരായ 25 ളം കുടുംബങ്ങൾക്ക് സൗജന്യ ഓണകിറ്റ് പ്രസിഡണ്ട് ജി. മണി സംഭാവനയായി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.