ബംഗളൂരു: സ്തനാർബുദം നേരത്തേ തിരിച്ചറിയുന്നതിന്റെയും പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കുന്നതിന്റെയും ഭാഗമായി എ.ഐ.കെ.എം.സി.സി ബംഗളൂരു ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റി സ്തനാർബുദ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും.
തിങ്കളാഴ്ച ഉച്ചക്ക് 2.30ന് സോമേശ്വര നഗർ ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്ലാസ് വനിത ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ ഉദ്ഘാടനം ചെയ്യും. ഡോ. മൂന മുഹമ്മദ്, ഡോ. അനീന പി.വി. എന്നിവർ ക്ലാസിന് നേതൃത്വം നൽകും. എസ്.ടി.സി.എച്ചിന്റെയും, പി.ടി.എച്ചിന്റെയും പാലിയേറ്റിവ് ഹോം കെയർ യൂനിറ്റുകൾ കഴിഞ്ഞ നാലു വർഷക്കാലം പരിചരണം നൽകിയ അർബുദ രോഗികളിൽ പകുതിയോളം ആളുകൾ സ്തനാർബുദ ബാധിതരായിരുന്നു. കൃത്യമായ അവബോധത്തിന്റെ അഭാവംകൊണ്ട് കൂടുതൽ പേർ രോഗം തിരിച്ചറിഞ്ഞത് ഏറെ വൈകിയായിരുന്നു എന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ബ്രെസ്റ്റ് കാൻസർ ഫ്രീ സോണുകൾ നിർമിച്ചെടുക്കാൻ പദ്ധതികൾ ആവിഷ്കരിച്ചതായും ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ വിദ്യാസമ്പന്നരായ വനിത വളന്റിയർമാർക്ക് പരിശീലനം നൽകുകയും അതുവഴി തെരഞ്ഞെടുക്കപ്പെട്ട മേഖലകളിലെ 25നും 65നും ഇടയിൽ പ്രായമുള്ള മുഴുവൻ സ്ത്രീകളെയും നേരിട്ട് കണ്ട് സർവേ പൂർത്തിയാക്കും. രണ്ടാം ഘട്ടത്തിൽ പരിശീലനം നേടിയ നഴ്സുമാരുടെ നേതൃത്വത്തിൽ സ്ക്രീനിങ് നടക്കും.
തുടർപരിശോധനകൾക്കു ശേഷം വിദഗ്ധരുടെ പരിശോധനയും മറ്റു കാര്യങ്ങൾക്കുള്ള മാർഗനിർദേശങ്ങളും നൽകും. ഓരോ വീടും സ്തനാർബുദരഹിതമാവണമെന്നതാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.