മംഗളൂരു: ദക്ഷിണ കന്നട ലോക്സഭ മണ്ഡലം നിയുക്ത ബി.ജെ.പി സ്ഥാനാർഥി ക്യാപ്റ്റൻ ബ്രിജേഷ് ഛൗട്ടക്ക് മംഗളൂരുവിൽ പാർട്ടി ഓഫിസിൽ സ്വീകരണം നൽകി. സിറ്റിങ് എം.പിയും ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷനുമായ നളിൻ കുമാർ കട്ടീൽ ഛൗട്ടക്ക് മധുരം നൽകി ഷാൾ അണിയിച്ചു. ദക്ഷിണ കന്നട മണ്ഡലത്തിൽ ഛൗട്ടയുടെ വിജയത്തിന് പ്രവത്തിക്കാനും നേതൃത്വം ഏൽപിക്കുന്ന എന്ത് കാര്യവും ചെയ്യാനും താൻ സന്നദ്ധനാണെന്ന് നളിൻ കുമാർ കട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു.
സ്വന്തം അണികളിൽ നിന്നുണ്ടായ അനുഭവങ്ങളുടെ കൈപ്പും നേതൃത്വം കൈക്കൊണ്ട സമീപനങ്ങളുടെ നോവും പേറുന്ന കട്ടീലിന് സീറ്റ് നിഷേധം മറ്റൊരു ആഘാതമാണ്. മൂന്നുതവണ എം.പിയായ അദ്ദേഹത്തിന്റെ പേര് ഒന്നും രണ്ടും മോദി മന്ത്രിസഭ രൂപവത്കരണ വേളയിൽ അന്തരീക്ഷത്തിൽ ഉണ്ടായിരുന്നു. മന്ത്രിസൗഭാഗ്യം പക്ഷേ ശോഭ കരന്ത്ലാജെക്കാണുണ്ടായത്. പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതിന് പകരം പദവികളൊന്നും നൽകിയില്ല.
ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരിക്കെ ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ ബസ് സ്റ്റാൻഡ് പരിസരത്ത് കട്ടീലിന്റെ പോസ്റ്ററിൽ ചെരിപ്പുമാല ചാർത്തിയായിരുന്നു അണികൾ പ്രതിഷേധിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പുത്തൂർ മണ്ഡലത്തിൽ
ബി.ജെ.പി സ്ഥാനാർഥി ആശ തിമ്മപ്പ മൂന്നാം സ്ഥാനത്താവുകയും ബി.ജെ.പി റെബൽ അരുൺ കുമാർ പുത്തില രണ്ടാമനായി കോൺഗ്രസിന്റെ അശോക് കുമാർ റൈക്ക് വിജയപാതയൊരുക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു അത്.
പുത്തൂരിലെ റെബൽ അരുൺ കുമാർ പുത്തിലയുടെ നേതൃത്വത്തിൽ പാർട്ടിയിലെ ഒരു വിഭാഗം ‘പുത്തില പരിവാർ’എന്ന പുതിയ സംഘടന രൂപവത്കരിക്കുകയും ചെയ്തു.
യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധത്തിൽ ക്ഷുഭിതരായ പ്രവർത്തകർ നളിൻ കുമാർ കട്ടീൽ സഞ്ചരിച്ച കാർ നടുറോഡിൽ തടഞ്ഞ് നടത്തിയ പ്രതിഷേധം കർണാടകയിൽ അപൂർവ സംഭവമായിരുന്നു. നളിൻ കുമാർ വീണ്ടും സ്ഥാനാർഥിയാവുന്നതിനെതിരെയും ദക്ഷിണ കന്നട മണ്ഡലത്തിൽ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചും അനിൽകുമാർ പുത്തിലയും ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറിയും സംഘ്പരിവാർ നേതാവുമായ സത്യജിത്ത് സൂറത്കലും രംഗത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.