ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സീറ്റ് വാഗ്ദാനം ചെയ്ത് അഞ്ചു കോടി തട്ടിയെടുത്ത കേസിൽ എ.ബി.വി.പി മുൻ നേതാവും ഹിന്ദുത്വ വനിത പ്രവർത്തകയുമായ ചൈത്ര കുന്താപുര അറസ്റ്റിൽ. ബംഗളൂരുവിൽ ഹോട്ടൽ ബിസിനസും ഷെഫ് ടോക്ക് ന്യൂട്രി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കാറ്ററിങ് ബിസിനസും നടത്തുന്ന ഉഡുപ്പി ബൈന്തൂർ സ്വദേശി ഗോവിന്ദ ബാബു പൂജാരി ബംഗളൂരു ബന്ദെപാളയ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസാണ് (സി.സി.ബി) ചൈത്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റിലായ ചൈത്ര, ശ്രീകാന്ത്, ഗഗൻ, രമേശ്, പ്രജ്വൽ, ധൻരാജ് എന്നിവരെ ബുധനാഴ്ച ബംഗളൂരു ഫസ്റ്റ് ക്ലാസ് അഡീഷനൽ പബ്ലിക് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതികളെ റിമാൻഡ് ചെയ്ത കോടതി, സെപ്തംബർ 23 വരെ 10 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ബൈന്തൂർ മണ്ഡലത്തിൽനിന്ന് ബി.ജെ.പി ടിക്കറ്റ് തരപ്പെടുത്താമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കേസിൽ ഒന്നാം പ്രതിയായ ചൈത്രയെ കൂടാതെ മറ്റു ഏഴു പേർക്കെതിരെയും കേസുണ്ട്. ചൊവ്വാഴ്ച രാത്രി ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിന്റെ പരിസരത്തുനിന്നാണ് ചൈത്രയെ പിടികൂടിയത്. മുൻ ടി.വി അവതാരക കൂടിയായ ചൈത്ര കുന്താപുര ബജ്റങ്ദൾ, വി.എച്ച്.പി പരിപാടികളിൽ മുസ്ലിം വിദ്വേഷ പ്രസംഗങ്ങൾക്ക് കുപ്രസിദ്ധി നേടിയ ആളാണ്. ഇതുമായി ബന്ധപ്പെട്ട് 2021 ഒക്ടോബറിൽ ചൈത്രക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
രണ്ടാം പ്രതി യുവമോർച്ച ജനറൽ സെക്രട്ടറി ഗഗൻ കാടൂർ, മൂന്നാം പ്രതി ഹൊസപേട്ട് ഹിരെ ഹദഗളി സമസ്താന മഠത്തിലെ അഭിനവ ഹാലശ്രീ സ്വാമി, നാലാം പ്രതി ചിക്കമകളൂരു സ്വദേശി രമേശ്, അഞ്ചാം പ്രതി ബംഗളൂരു കെ.ആർ. പുരം സ്വദേശി നായ്ക്, ആറും എഴും പ്രതികളായ ചിക്കമകളൂരു സ്വദേശി ധനരാജ്, ഉഡുപ്പി സ്വദേശി ശ്രീകാന്ത്, എട്ടാം പ്രതി ബി.ജെ.പി പ്രവർത്തകൻ പ്രസാദ് ബൈന്തൂർ എന്നിവരാണ് കേസിലുൾപ്പെട്ട മറ്റുള്ളവർ. ആറുപേരെ കൂടി കസ്റ്റഡിയിലെടുത്തതായി ബംഗളൂരു ക്രൈം വിഭാഗം ഡി.സി.പി അബ്ദുൽ അഹദ് അറിയിച്ചു. പ്രതികൾക്കെതിരെ വിശ്വാസ വഞ്ചന, ആൾമാറാട്ടം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
സെപ്റ്റംബർ എട്ടിനാണ് ഗോവിന്ദ ബാബു പൂജാരി ബന്ദേപാളയ പൊലീസിൽ പരാതി നൽകുന്നത്. വരലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് വഴി താൻ ഏഴു വർഷമായി ബൈന്തൂർ മണ്ഡലത്തിൽ സാമൂഹിക സേവനം നടത്തുന്നതായി ഗോവിന്ദ ബാബു പരാതിയിൽ പറഞ്ഞു. 2022ൽ പ്രസാദ് ബൈന്തൂരാണ് ഹിന്ദുത്വ സേവകയെന്ന് അവകാശപ്പെടുന്ന ചൈത്രയെ പരിചയപ്പെടുത്തിയത്. 2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബൈന്തൂരിൽനിന്ന് ബി.ജെ.പി ടിക്കറ്റ് വാഗ്ദാനം നൽകുക മാത്രമല്ല വിജയിപ്പിക്കുമെന്നും ചൈത്ര ഉറപ്പുനൽകി. തനിക്ക് ഡൽഹിയിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചു. യുവമോർച്ച ജനറൽ സെക്രട്ടറി ഗഗൻ കാടൂരിനെ പരിചയപ്പെടുത്തി നൽകി.
2022 ജൂലൈ നാലിന് ഇരുവരും ചിക്കമകളൂരുവിൽ ചെന്ന് ഗഗനെ കണ്ടു. ഗഗൻ 45 വർഷം വടക്കേ ഇന്ത്യയിൽ ആർ.എസ്.എസ് പ്രചാരകനായി പ്രവർത്തിച്ചിരുന്നതായി അവകാശപ്പെടുന്ന ‘വിശ്വനാഥ്ജി’ എന്നയാളെ പരിചയപ്പെടുത്തി നൽകി. 2022 ജൂലൈ ഏഴിന് പ്രസാദ് ബൈന്തൂർ മുഖേന ഗോവിന്ദ ബാബു പൂജാരി 50 ലക്ഷം രൂപ ‘വിശ്വനാഥ്ജി’ക്ക് നൽകി.
പിന്നീട് ചൈത്രയും കൂടെയുള്ളവരും ഗോവിന്ദ ബാബുവിന് അഭിനവ ഹാലശ്രീ സ്വാമിയെ പരിചയപ്പെടുത്തി. ഇദ്ദേഹത്തിന് ഒന്നരക്കോടി രൂപ നൽകി. ഒക്ടോബർ 23ന് ബംഗളൂരുവിൽവെച്ച് ‘നായ്ക്’ എന്നയാളെ പരാതിക്കാരൻ കണ്ടു. ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയംഗം എന്ന് പരിചയപ്പെടുത്തിയ നായ്ക് ടിക്കറ്റ് നൽകാമെന്ന് ഉറപ്പുനൽകി. ഒക്ടോബർ 29ന് ഇയാൾക്ക് ബാക്കി മൂന്നു കോടി രൂപയും നൽകി. എന്നാൽ, മാർച്ച് എട്ടിന് ‘വിശ്വനാഥ്ജി’ ശ്വാസതടസ്സത്തെ തുടർന്ന് മരിച്ചതായി ചൈത്ര കുന്താപുര ഗോവിന്ദബാബു പൂജാരിയെ അറിയിച്ചു. ഇതിൽ സംശയം തോന്നിയ പൂജാരി ചില ആർ.എസ്.എസ് നേതാക്കളുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ സംഘടനയിൽ ‘വിശ്വനാഥ്ജി’ എന്നൊരാൾ ഇല്ലെന്ന് മനസ്സിലായി. ചിക്കമകളൂരു സ്വദേശിയായ രമേശ് എന്നയാളെ ‘വിശ്വനാഥ്ജി’ എന്ന പേരിൽ അവതരിപ്പിക്കുകയായിരുന്നെന്നും കണ്ടെത്തി. ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയംഗമായി പരിചയപ്പെടുത്തിയ ‘നായ്ക്’ ബംഗളൂരു കെ.ആർ. പുരത്തെ തെരുവ് കച്ചവടക്കാരനായിരുന്നു. കള്ളം പൊളിഞ്ഞതോടെ ചൈത്ര കുന്താപുരയും മറ്റു കൂട്ടാളികളും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ഗോവിന്ദ ബാബു പരാതിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.