ബംഗളൂരു: കേന്ദ്ര മന്ത്രി ശോഭ കരന്ത്ലാജെ നടത്തുന്ന വിദ്വേഷ പ്രചാരണം കോൺഗ്രസിന് വോട്ടായി മാറുമെന്ന് ബംഗളൂരു നോർത്തിലെ കോൺഗ്രസ് സ്ഥാനാർഥി പ്രഫ. എം.വി. രാജീവ് ഗൗഡ അഭിപ്രായപ്പെട്ടു. കരന്ത് ലാജെ നിരന്തരം നടത്തുന്ന അനഭിലഷണീയ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു ഗൗഡ. ശോഭയെ ഏത് സാഹചര്യത്തിലായാലും ബംഗളൂരു നോർത്ത് ലോക്സഭ മണ്ഡലത്തിന് ആവശ്യമില്ലെന്ന് അദ്ദേഹം തുടർന്നു. നല്ല നിലവാരമുള്ള ജീവിത രീതി, പുരോഗതിയിലേക്കുള്ള ചിന്ത, സഹാനുഭൂതി, സഹിഷ്ണുത തുടങ്ങി പ്രൗഢമായ സാമൂഹിക, സാംസ്കാരിക അന്തരീക്ഷമാണ് ഇവിടെ നിലനിന്നുപോരുന്നത്. ഭിന്ന രാഷ്ട്രീയ ആശയങ്ങൾ അതിന്റേതായ തലത്തിൽ നിലകൊള്ളുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ സാമ്പത്തിക ശാസ്ത്രം വിഭാഗം പ്രഫസറായിരുന്നു രാജീവ് ഗൗഡ. ബംഗളൂരു ലോക്സഭ മണ്ഡലം ബി.ജെ.പിയുടെ ശക്തികേന്ദ്രമായിരുന്നിരിക്കാം. ഈ തെരഞ്ഞെടുപ്പോടെ അത് പഴങ്കഥയാവും. ബി.ജെ.പി എന്താണ്, എന്തല്ല എന്ന് ആ പാർട്ടിയുടെ അണികൾക്കും മനസ്സിലായി. കർണാടകയിൽ എവിടെയും മോദി തരംഗം ഇല്ല. മോദിയുടെ ഗ്യാരന്റി ഫലിതമായാണ് ആളുകൾ ആസ്വദിക്കുന്നതെന്നും കർണാടകയിലെ കോൺഗ്രസ് സർക്കാറിന്റെ സാമൂഹിക ക്ഷേമ പദ്ധതികൾ ജനങ്ങളുടെ വിശ്വാസം ആർജിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.