ബംഗളൂരു: മുൻ പ്രധാനമന്ത്രിയും ജെ.ഡി-എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ 91ാം വയസ്സിലും വോട്ടുചെയ്യാൻ ബൂത്തിലെത്തി. ഹാസൻ മണ്ഡലത്തിലെ ഹൊളെനരസിപുർ പടുവലഹിപ്പെ ഗ്രാമത്തിൽ ഭാര്യ ചന്നമ്മക്കും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പമെത്തിയാണ് ദേവഗൗഡ വോട്ടുരേഖപ്പെടുത്തിയത്. സഹായികളുടെ തോളിൽപിടിച്ച് നടന്നെത്തിയ അദ്ദേഹം വോട്ടുചെയ്ത ശേഷം മാധ്യമപ്രവർത്തകരുടെ കാമറക്കുമുന്നിൽ വിരലിലെ വോട്ടടയാളം ഉയർത്തിക്കാണിച്ചു. ജെ.ഡി-എസ്- ബി.ജെ.പി സഖ്യം 14 സീറ്റിലും വിജയം നേടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കർണാടകയിലെ കോൺഗ്രസ് വിതരണം ചെയ്ത ഗാരന്റി കാർഡിനെ തള്ളിപ്പറഞ്ഞ ദേവഗൗഡ, അത്തരം കാർഡ് പുറത്തിറക്കാൻ രാഹുൽ ഗാന്ധി വല്ല മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആണോ എന്ന് അദ്ദേഹം ചോദിച്ചു. അത് പാർട്ടി നോട്ടീസാണ്. അതിനെ ഗാരന്റി കാർഡ് എന്ന് വിളിക്കാനാവില്ല. ഗാരന്റി കാർഡ് കാണിച്ച് ഖാർഗെയും രാഹുലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഗൗഡ ആരോപിച്ചു. ഇത്തവണ ബി.ജെ.പിക്കൊപ്പം സഖ്യമായാണ് ജെ.ഡി-എസ് മത്സരിച്ചത്. ജെ.ഡി-എസ് മത്സരിച്ച മൂന്നു സീറ്റുകളിലും വെള്ളിയാഴ്ചയായിരുന്നു വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.