ബംഗളൂരു: കർണാടക-കേരള അന്തർസംസ്ഥാന പാതയായ വിരാജ്പേട്ട മാക്കൂട്ടം റോഡിൽ ബിട്ടൻകല മുതൽ മാക്കൂട്ടം വരെയുള്ള 25 കിലോമീറ്റർ ദൈർഘ്യമുള്ള ചുരം റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലബാർ മുസ്ലിം അസോസിയേഷൻ എൻ.എ. ഹാരിസ് എം.എൽ.എ മുഖേന കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കഹോളിക്ക് നിവേദനം നൽകി.
സമാനമായ പരാതി കഴിഞ്ഞ വർഷം നൽകിയെങ്കിലും അറ്റകുറ്റപ്പണി നടത്തിയാണ് താൽക്കാലിക പരിഹാരം കണ്ടത്. പഴയതിനെക്കാൾ ശോച്യമാണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ. പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ട് യാത്ര വളരെ ദുഷ്കരമാണ്.
ശാശ്വതപരിഹാരം വേണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കർണാടക സംസ്ഥാന അതിർത്തിയിൽ കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ, കാഞ്ഞങ്ങാട്-കാസർകോട് ഭാഗങ്ങളിലെ വ്യാപാര കേന്ദ്രങ്ങളിൽനിന്ന് കുടകിലേക്കും തിരിച്ചും ദിനേന നൂറു കണക്കിന് യാത്രക്കാരാണ് ഇതുവഴി സഞ്ചരിക്കുന്നത്. വിനോദസഞ്ചാരത്തിനായി എത്തുന്നവരും നിരവധിയാണെന്ന് മാത്രമല്ല, ശബരിമല തീർഥാടകർക്കും നിലവിൽ റോഡ് തകർന്നിരിക്കുന്നത് കനത്തപ്രയാസമാണ് സൃഷ്ടിക്കുന്നത്. കൂടാതെ, പ്രദേശത്തുനിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ദൂരം കുറഞ്ഞ റൂട്ടാണിത്. ഈ റോഡ് പൂർണമായും തകർന്നത് ചെറുകിട മോട്ടോർ വാഹനങ്ങൾക്കും ഇരുചക്രവാഹനങ്ങൾക്കും അപകട ഭീഷണി ഉയർത്തുന്നുണ്ട്. കാൽനടയാത്രക്കാർക്ക് പോലും യാത്ര ദുഷ്കരമായ റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ ശരിയാക്കണമെന്നാണ് യാത്രക്കാർ പറയുന്നത്. വിഷയം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും പരിശോധിച്ച് ഉടൻ നടപടിയെടുക്കുമെന്നും എൻ.എ. ഹാരിസ് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.