ബംഗളൂരു: ഇന്ത്യൻ നാഷനൽ ലീഗിന്റെ സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ ജീവിതത്തെയും രാഷ്ട്രീയ സംഭാവനകളെയും അനുസ്മരിക്കാൻ നവംബർ മൂന്നിന് ബംഗളൂരുവിൽ ദേശീയ കൺവെൻഷൻ സംഘടിപ്പിക്കുമെന്ന് ഐ.എൻ.എൽ, ഐ.എം.സി.സി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആറു പതിറ്റാണ്ട് ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന സുലൈമാൻ സേട്ട് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കംനിന്ന ദുർബല വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും വേണ്ടിയാണ് ജീവിതത്തെ രാഷ്ട്രീയ പോരാട്ടമാക്കി മാറ്റിയതെന്നും അദ്ദേഹത്തിന്റെ ജീവിതസംഭാവനകളെ അനുസ്മരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഭാരവാഹികൾ വിശദീകരിച്ചു.
കാമരാജ് റോഡിലെ കച്ചി മേമൻ ഹാളിൽ വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയിൽ ഐ.എൻ.എൽ ദേശീയ അധ്യക്ഷൻ പ്രഫ. മുഹമ്മദ് സുലൈമാൻ, മുസ്ലിം ലീഗ് ഓർഗനൈസിങ് സെക്രട്ടറിയും എം.പിയുമായ ഇ.ടി. മുഹമ്മദ് ബഷീർ, ജോൺ ബ്രിട്ടാസ് എം.പി, കർണാടക സ്പീക്കർ യു.ടി. ഖാദർ, കർണാടക വഖഫ് -ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ, മുൻ കേന്ദ്രമന്ത്രിമാരായ സി.എം. ഇബ്രാഹിം, റഹ്മാൻ ഖാൻ, എം.എൽ.എമാരായ ഡോ. കെ.ടി. ജലീൽ, ഖനീസ് ഫാത്തിമ, റിസ്വാൻ അർഷദ്, ഐ.എൻ.എൽ ദേശീയ ജനറൽ സെക്രട്ടറി മുസമ്മിൽ ഹുസൈൻ, വൈസ് പ്രസിഡന്റ് അഡ്വ. ഇഖ്ബാൽ സഫർ, കേരള അധ്യക്ഷനും എം.എൽ.എയുമായ അഹ്മദ് ദേവർകോവിൽ, കേരള ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, സുലൈമാൻ സേട്ടിന്റെ മകളും വനിതാ വിഭാഗം ദേശീയ അധ്യക്ഷയുമായ തസ്നീം ഇബ്രാഹിം, സുലൈമാൻ സേട്ടിന്റെ മകനും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയുമായ സിറാജ് സേട്ട്, സുപ്രഭാതം മാനേജിങ് എഡിറ്റർ ടി.പി. ചെറൂപ്പ തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിൽനിന്നുള്ള 600 പ്രതിനിധികളടക്കം 1500 ഓളം പേർ കൺവെൻഷനിൽ പങ്കെടുക്കും. രാവിലെ ശിവാജി നഗർ ഗുലിസ്ഥാൻ കൺവെൻഷൻ സെന്ററിൽ ദേശീയ കൗൺസിൽ യോഗം ചേരും. നാഷനൽ വുമൺസ് ലീഗിന്റെ പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും ഇതോടനുബന്ധിച്ച് നടക്കും.
വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, വനിതാ വിഭാഗം ദേശീയ അധ്യക്ഷ തസ്നീം ഇബ്രാഹിം, സെക്രട്ടേറിയറ്റംഗം ശോഭ അബൂബക്കർ, സ്വാഗതസംഘം ചെയർമാൻ എ.എം. ഷാജഹാൻ സേട്ട്, ജനറൽ കൺവീനർ സാലിഹ്, ഐ.എം.സി.സി സെക്രട്ടറി നസീർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.