ബംഗളൂരു: നഗരത്തിന്റെ വടക്ക് രജനകുണ്ഡെ മേഖലയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ അഗ്നിബാധ പ്രദേശത്താകെ ഭീതി പരത്തി. മൂന്നുനില കെട്ടിടത്തിൽനിന്ന് 16 രോഗികളെ പരിസരത്തെ മറ്റു ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ ഐ.സി.യുവിൽ കിടക്കുകയായിരുന്ന രണ്ടുപേരും ഉൾപ്പെടും.
ആളപായമില്ലെന്ന് അഗ്നിശമനസേന അറിയിച്ചു. രാവിലെ 9.15 ഓടെയാണ് കെട്ടിടത്തിന്റെ അടിഭാഗത്തുനിന്ന് തീയും പുകയും ഉയർന്നത്. കെട്ടിടവും പരിസരവും പുകയിൽ മുങ്ങുന്നതിനിടെ ശ്വസിക്കാൻ വിഷമം നേരിട്ട രോഗികളെയും കൂട്ടിരിപ്പുകാരെയും ഉടൻ മാറ്റുകയായിരുന്നു. 11 മണിയോടെയാണ് തീയണച്ചത്. ഇത്രയും സമയം വാഹനഗതാഗതം വഴിതിരിച്ചുവിട്ടു. യഥാർഥ കാരണം അറിവായിട്ടില്ലെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.സെൻട്രൽ ബംഗളൂരു എം.ജി റോഡിലെ വാണിജ്യ സമുച്ചയത്തിലും കഴിഞ്ഞ ദിവസം സമാനരീതിയിൽ അഗ്നിബാധയുണ്ടായിരുന്നു.
ജി.കെ.ബി ഓപ്ടിക്കൽ എന്ന സ്ഥാപനം പ്രവർത്തിക്കുന്ന ഭാഗത്ത് കെട്ടിടത്തിന്റെ അടിയിൽനിന്നാണ് തീ പുറപ്പെട്ടത്. നിമിഷങ്ങൾക്കുള്ളിൽ വ്യാപിച്ച കട്ടപ്പുക കാരണം രക്ഷാപ്രവർത്തനം നടത്താൻപോലും പ്രയാസപ്പെട്ടിരുന്നു. തീപടർന്നാൽ നഗരം ചാമ്പലാവുംവിധം ഫർണിച്ചർ ഷോറൂമുകൾവരെ പരിസരത്തുള്ള മേഖലയാണിത്.അഗ്നിശമനസേനയുടെ ടാങ്കിലെ വെള്ളം മതിയാവാതെ വന്നതിനാൽ മെട്രോ റെയിൽവേ സ്റ്റേഷനിൽനിന്ന് വെള്ളം പമ്പ് ചെയ്താണ് അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.